എല്ലാ ദിവസവും വീട്ടില്‍ ഏറ്റവുമധികം വേസ്റ്റുകള്‍ നിറയുന്ന സ്ഥലമാണ് അടുക്കള. അടുക്കളയിലെ വേസ്റ്റാക്കുന്ന പല സാധനങ്ങളും മറ്റു പല രീതിയിലും ഉപയോഗിക്കാവുന്നതാണ്. ചിലത് അലങ്കരിക്കാനും മറ്റു ചിലത് പുനരുപയോഗത്തിനും സാധ്യമാണ്. അടുക്കളയില്‍ ഉപകാരപ്രദമാകുന്ന ചില വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഇലകള്‍:അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഇലച്ചെടികളാണ് മല്ലിയില, പാര്‍സ്ലി, അയമോദകത്തിന്റെ ഇല, തുളസി എന്നിവ. ഇതിന്റെയെല്ലാം ഇലകള്‍ മാത്രം കറികളിലേക്ക് എടുത്ത് തണ്ട് കളയുകയാണ് പതിവ്. ഈ തണ്ടുകള്‍ കളയുന്നതിന് പകരം എണ്ണയില്‍ ഇട്ടുവെക്കാം. ഈ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താല്‍ വിഭവങ്ങൾക്ക് പ്രത്യേക സുഗന്ധം ലഭിക്കുന്നതാണ്.
2. മുട്ടത്തോട്: ഉപയോഗശേഷം മുട്ടയുടെ തോട് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. ചെടികള്‍ക്ക് കാല്‍ഷ്യം മുട്ടയുടെ തോടിൽ നിന്നും ലഭിക്കും. മണ്ണിലേക്ക് ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങളും നല്‍കി ചെടികള്‍ വളരാന്‍ സഹായിക്കും.
3. ഉരുളക്കിഴങ്ങിന്റെ തൊലി: ഉരുളക്കിഴങ്ങിന്റെ തൊലി കണ്ണാടി, പാത്രം കഴുകുന്ന സിങ്ക് എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
4. ഉപ്പുവെള്ളം: മാങ്ങ്, നെല്ലിക്ക തുടങ്ങിയ സാധനങ്ങള്‍ ഉപ്പിലിട്ടത് കളിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ്. അതോടൊപ്പം തന്നെ അതിന്റെ ഉപ്പുവെള്ളവും. ഉപ്പുവെള്ളം അധികം കുടിക്കുന്നത് അത്ര നല്ലതല്ലെങ്കിലും കളയുന്നതിന് പകരം കുടിക്കുന്നവരുമുണ്ട്. എന്നാല്‍ ഇനി കളയുകയും കുടിക്കുകയും വേണ്ട. ഉപ്പുവെള്ളം അടുക്കളയിലെ സിങ്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. സിങ്കിലെ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ എളുപ്പം നീക്കം ചെയ്യാം. അതേസമയം, അച്ചാര്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം.
5. പഴത്തൊലി: പഴത്തൊലി കൊണ്ട് മുഖം മിനുക്കാന്‍ മാത്രമല്ല, ഷൂവും മിനുക്കാവുന്നതാണ്. ഷൂ മാത്രമല്ല എല്ലാ ലെതര്‍ വസ്തുക്കളും പഴത്തൊലി കൊണ്ട് മിനുക്കിയെടുക്കാം.
Content Highlight: interesting uses of foods you consider waste