കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ്?


രേഷ്മ ഭാസ്‌കരന്‍

2 min read
Read later
Print
Share

വിവിധ നിറത്തിലും ഡിസൈനിലുമുള്ള കേക്കുകള്‍ ഇതിനോടകം ബേക്കറിയിലെ ചില്ലുകൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ക്രിസ്മസ് ആയാല്‍ കേക്ക് ഇല്ലാതെ ആഘോഷമില്ല... 'പ്ലം കേക്കു'കളാണ് ക്രിസ്മസ് വിപണിയിലെ താരങ്ങള്‍. 'ക്രീം കേക്കു'കളും ഇത്തവണ വിപണിയില്‍ സജീവമായിട്ടുണ്ട്.

ഡിസംബര്‍ രണ്ടാം വാരത്തോടെ ആരംഭിച്ച കേക്ക് വിപണി ജനുവരി വരെ നീണ്ടുനില്‍ക്കും. ക്രിസ്മസും പുതുവര്‍ഷവും മുന്നില്‍ക്കണ്ടാണിത്. വിവിധ നിറത്തിലും ഡിസൈനിലുമുള്ള കേക്കുകള്‍ ഇതിനോടകം ബേക്കറിയിലെ ചില്ലുകൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രധാന ബേക്കറികളിലെ കേക്കുകള്‍ മാത്രമല്ല, ഹോം മെയ്ഡ് മുതല്‍ കുടുംബശ്രീ കേക്കുകള്‍ വരെ വിപണിയിലുണ്ട്.

100 കോടിയുടെ വില്‍പ്പന

കേരളത്തില്‍ സീസണില്‍ 100 കോടി രൂപയുടെ കേക്ക് ബിസിനസാണ് നടക്കുന്നത്. ഇതില്‍ 35 ശതമാനത്തോളം എറണാകുളം ജില്ലയിലാണ്. അതിനാല്‍ ക്രിസ്മസ് അടുക്കുന്നതോടെ മിക്കവരും കേക്കുമായി വിപണിയിലെത്തും. വ്യത്യസ്തമായ കേക്കുകള്‍ കൊണ്ടുവരാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

പ്രമേഹരോഗികള്‍ക്കായി 'ഷുഗര്‍ ഫ്രീ' കേക്കുകളും ക്രിസ്മസിനായി ലഭ്യമാക്കിയിട്ടുണ്ട്. പ്ലം വിത്ത് കോംപേസ്റ്റ്, റിച്ച് പ്ലം ചോക്കോനട്ട്, റിച്ച് ഫ്രൂട്ട് കേക്ക് തുടങ്ങി പത്തില്‍ കൂടുതല്‍ രുചികളിലാണ് പ്ലം കേക്ക് വിപണിയില്‍ എത്തുന്നത്. ഇതില്‍ ഉപയോഗിക്കുന്ന ഫ്രൂട്ട്‌സ്, തയ്യാറാക്കുന്ന വിധം എന്നിവ നോക്കി വിലയില്‍ വ്യത്യാസം വരും. ശരാശരി 140 രൂപ മുതലുള്ള പ്ലം കേക്കുകള്‍ വിപണിയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

ക്രീം കേക്കുകള്‍ 300 രൂപ മുതല്‍ ലഭ്യമാണ്. അര കിലോ മുതല്‍ അഞ്ച് കിലോ വരെയുള്ള ക്രീം കേക്കുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഉപഭോക്താവിന്റെ ആവശ്യാനുസരണം വലിപ്പത്തിലും നിറത്തിലും തൂക്കത്തിലും വ്യത്യസ്തമായി കേക്കുകള്‍ നിര്‍മിച്ചുനല്‍കുന്നുമുണ്ട്.

ഗിഫ്റ്റ് നല്‍കുന്നതിനായി പ്ലം കേക്കുകളാണ് കൂടുതലായി വിറ്റുപോകുന്നത്. എന്നാല്‍, വീടുകളിലേക്ക് പ്ലം കേക്കുകളെക്കാള്‍ കൂടുതല്‍ ഫ്രഷ് ക്രീം കേക്കുകളാണ് വാങ്ങുന്നത്. കൂടാതെ ഐസ്‌ക്രീം കേക്കുകള്‍ക്കും വിപണിയില്‍ ആവശ്യക്കാരുണ്ട്.

പ്ലം കേക്കുകള്‍ 16 ദിവസത്തോളം കേടാകാതിരിക്കും. ഫ്രൂട്ട് കേക്കുകള്‍ 10 ദിവസം വരെയും ഫ്രഷ് ക്രീം കേക്കുകള്‍ മൂന്ന് ദിവസം വരെയും കേടാകാതിരിക്കും. എന്നാല്‍, ഇവയ്ക്ക് റഫ്രിജറേഷന്‍ ആവശ്യമാണ്.

പ്രീമിയം കേക്ക്, ബിസ്‌കറ്റ്, ജ്യൂസ്, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവ അടങ്ങിയ കോംബോ ബോക്‌സും വിപണിയിലെ താരമാണ്.

750 രൂപ മുതല്‍ 2,500 രൂപ വരെ ഇവയ്ക്ക് വിലയുണ്ട്. ക്രിസ്മസ് വില്‍പ്പന ആരംഭിച്ചെങ്കിലും ഏറ്റവും കൂടുതല്‍ വില്‍പ്പന 24ാം തീയതിയാണ്. ന്യൂ ഇയറിനും കേക്ക് വാങ്ങുന്നവരുണ്ട്. ക്രിസ്മസ് കഴിഞ്ഞാല്‍ ന്യൂ ഇയര്‍ തലേന്നാണ് മികച്ച വില്‍പ്പന ഉണ്ടാകുക.

Conten Highlights: cakes for christmas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram