കോഴിയിറച്ചി കൊണ്ടുള്ള ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ. സംഭവം സിമ്പിളാണ് പക്ഷേ പവര്‍ഫുള്ളാണ്. അപ്പൊ പിന്നെ ഉണ്ടാക്കി നോക്കിയാലോ...
ചേരുവകള്‍
കോഴി - 1 കിലോ
സവാള - 4 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - മൂന്നര ടീസ്പൂണ്‍
പെരും ജീരകപ്പൊടി - അര ടീസ്പൂണ്‍
തക്കാളി - 1 എണ്ണം
ഗരം മസാല - അര ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി - ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ - 5 ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ചിക്കന്‍ മസാല - മുക്കാല്‍ ടീസ്പൂണ്‍
വെള്ളം - അര ഗ്ലാസ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കോഴിയിറച്ചി കഴുകി വൃത്തിയാക്കുക. ശേഷം ഇറച്ചിയിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, മൂന്ന് സ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, പെരും ജീരകം, വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. മൂന്ന് വിസില്‍ വന്നു കഴിഞ്ഞാല്‍ തീ അണച്ച് കുക്കര്‍ അടുപ്പില്‍ നിന്നും മാറ്റാം.
ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം. അടുപ്പത്ത് ഒരു ചട്ടി വച്ച് ചൂടാക്കുക. ചട്ടി ചൂടായിക്കഴിഞ്ഞാല്‍ അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായാല്‍ അതിലേക്ക് വലിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ബാക്കിയുള്ള അര ടീസ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കൂടി ചേര്‍ത്ത് വഴറ്റാം.
ഈ ചേരുവകള്‍ നന്നായി വഴന്നുവരുമ്പോഴേക്കും അതിലേക്ക് മല്ലിപ്പൊടി, ഗരംമസാല, ചിക്കന്‍ മസാല, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം മാറിവരുമ്പോളേക്കും നേരത്തേ വേവിച്ചു വച്ചിരിക്കുന്ന കോഴിയിറച്ചി കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി അരപ്പുമായി ഇളക്കി യോജിപ്പിക്കുക.
അരപ്പ് നന്നായി ചിക്കനിലേക്ക് പിടിക്കുന്നതിനായി രണ്ടോ മൂന്നോ മിനിറ്റ് അടുപ്പില്‍ ചെറിയ തീയില്‍ അടച്ചുവച്ച് വേവിക്കുക. അതിനു ശേഷം അടപ്പു തുറന്ന് ഒന്നു കൂടി നന്നായി ഇളക്കിക്കൊടുക്കുക. ഇതിനു മുകളിലായി മല്ലിയില വിതറി അടുപ്പില്‍ നിന്നും വാങ്ങാം. ചൂടോടെ വിളമ്പാം. ചപ്പാത്തിയുടെയും ഫ്രൈഡ്‌റൈസിന്റെയും ഒക്കെക്കൂടെ കഴിക്കാന്‍ പറ്റിയ വിഭവമാണ് സ്‌പൈസി ഒനിയന്‍ ചിക്കന്‍.