തലശ്ശേരി കോഴി ബിരിയാണി


2 min read
Read later
Print
Share

അരി ആദ്യം നെയ്യില്‍ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് ദം ചെയ്തെടുക്കുന്നു എന്നതാണ് തലശ്ശേരി ബിരിയാണിയുടെ പ്രത്യേകത.

സ്വാദിന്റെ കാര്യത്തില്‍ ഏതു നാട്ടിലെ ബിരിയാണിയോടും കിടപിടിക്കാന്‍ പോന്നതാണ് തലശ്ശേരി ബിരിയാണി. എന്നാപ്പിന്നെ ആ രുചി സ്വന്തം കൈയിലൊതുക്കാന്‍ പഠിച്ചാലോ! തലശ്ശേരി ബിരിയാണി ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിക്കളയാം, എന്താ!

ചേരുവകള്‍
1 കിലോ ഇളം കോഴിയിറച്ചി കഷണങ്ങളാക്കിയത്
1 കിലോ ബിരിയാണി അരി
1 വലിയ സ്പൂണ്‍ ജാതിപത്രി
1 കപ്പ് തൈര്
2 വലിയ സ്പൂണ്‍ കറിവേപ്പില അരിഞ്ഞത്
2 വലിയ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്
2 വലിയ സ്പൂണ്‍ ചെറുനാരങ്ങാനീര്
2 വലിയ സ്പൂണ്‍ ഇഞ്ചി ചതച്ചത്
2 വലിയ സ്പൂണ്‍ മല്ലി അരച്ചത്
2 വലിയ സ്പൂണ്‍ അണ്ടിപ്പരിപ്പ്
2 വലിയ സ്പൂണ്‍ പുതിനയില
2 വലിയ സ്പൂണ്‍ കിസ്മിസ്
2 വലിയ സ്പൂണ്‍ കസ്‌കസ്
2 വലിയ സ്പൂണ്‍ മല്ലിയില
2 കപ്പ് മൈദ
4 ചെറിയ കഷണം കറുവാപ്പട്ട
4 ഗ്രാമ്പൂ
6 പച്ചമുളക്
6 ഏലയ്ക്ക
250 ഗ്രാം സവാള കനം കുറച്ച അരിഞ്ഞത്
250 ഗ്രാം നെയ്യ്
കാല്‍ കഷണം ജാതിക്ക
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ബിരിയാണി അരി നെയ്യില്‍ വറുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കറുവാപ്പട്ടയും ഉപ്പും ആവശ്യത്തിന് വെള്ളവും അരിയും ഇട്ട് പകുതി വേവില്‍ വറ്റിച്ചെടുക്കുക.

അരിഞ്ഞു വച്ചിരിക്കുന്ന സവാളയില്‍ നിന്നും പകുതിയും കിസ്മിസും അണ്ടിപ്പരിപ്പും കൂടി എടുത്ത് നെയ്യില്‍ വറുത്തു കോരുക. അതേ നെയ്യില്‍ ബാക്കി സവാള വഴറ്റി കോരുക. ഏലയ്ക്ക, ജാതിക്കാ, ജാതി പത്രി, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ പൊടിച്ചെടുക്കുക. ഇതാണ് ബിരിയാണിക്ക് ഉപയോഗിക്കുന്ന മസാലപ്പൊടി.

ഒരു ചെമ്പുപാത്രത്തില്‍ സവാള വഴറ്റിയത്, കോഴിയിറച്ചി, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങാ നീര്, തൈര് എന്നിവയോടൊപ്പം മല്ലിയില, പുതിനയില, കറിവേപ്പില ഇവ അരിഞ്ഞതും നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന ബിരിയാണി മസാലപ്പൊടിയില്‍ പകുതിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിച്ച് നിരത്തുക.

ഇതിനു മുകളിലായി വറുത്തുകോരിയ സവാള, കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയും ബാക്കി ബിരിയാണി മസാലപ്പൊടിയും നിരത്തുക. ഇതിനു മുകളിലായി ബാക്കി ചോറു നിരത്തുക. സവാള ഊറ്റിക്കോരിയ നെയ്യ് ഇതിനു മുകളിലായി ഒഴിക്കുക.

ബിരിയാണി ചെമ്പ് പാകത്തിനുള്ള അടപ്പുകൊണ്ടു മൂടുക. ഇനിയാണ് ദം ഇടുന്നത്. അടപ്പും പാത്രവും ചേരുന്ന ഭാഗത്തെ വിടവില്‍ കൂടി ആവി പുറത്ത് പോകാതിരിക്കാനായി ദം ഒട്ടിക്കണം. മൈദാ മാവ് പൊറോട്ട പരുവത്തില്‍ കുഴച്ചെടുത്താണ് ദം ഒട്ടിക്കുന്നത്.

ബിരിയാണി ചെമ്പിന്റെ അടപ്പിനു മുകളിലായി പത്തോ പന്ത്രണ്ടോ ചിരട്ടയിട്ട് കത്തിച്ച് ബിരിയാണിച്ചെമ്പു വെച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക. പിന്നീട് ഈ കനലില്‍ ചെമ്പ് മുക്കാല്‍ മണിക്കൂര്‍ വെക്കണം. എല്ലാം കൂടി ഒരു മണിക്കൂര്‍ ദം ചെയ്യുന്നതോടെ തലശ്ശേരി ബിരിയാണി തയ്യാര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram