ചിക്കന്‍ വാങ്ങിയാല്‍ എങ്ങനെയൊക്കെ സ്പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് ആലോചിക്കുന്നവരാണ് അധികവും. എങ്കില്‍ ഈ ചിക്കന്‍ ചുക്ക കൂടി ഒന്നു പരീക്ഷിച്ചു നോക്കൂ. പേര് കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും സംഭവം കിടിലനാണ്. ചിക്കന്‍ ചുക്ക ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ചിക്കന്‍ - 900 ഗ്രാം
സവാള - 3 എണ്ണം
കാശ്മീരി മുളക് പൊടി - രണ്ടര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - മുക്കാല്‍ ടീസ്പൂണ്‍
ഗരം മസാല പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നാരങ്ങ നീര് - 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു നന്നായി കഴുകി വെള്ളം തോരാന്‍ വെക്കുക. ഒരു പാത്രത്തില്‍ ചിക്കന്‍, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, കുരുമുളക് പൊടി, നാരങ്ങ നീര്, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മാരിനെറ്റ് ചെയ്തു 2 മണിക്കൂര്‍ മാറ്റി വെക്കുക. എണ്ണയൊഴിച്ച് സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തു ചിക്കന്‍ ചേര്‍ത്ത് ചെറിയ തീയില്‍ മൂടി വെക്കാതെ വേവിച്ചെടുക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.
content highlight: chicken chukka recipe