ചിക്കന്‍ കൊണ്ട് ഒരുപാട് വിഭവങ്ങളുണ്ട്. ആ കൂട്ടത്തിലേക്ക് ഇതാ ചിക്കന്‍ കൊണ്ട് മറ്റൊരു സ്‌പെഷ്യല്‍ വിഭവം, ചിക്കന്‍ ബര്‍ത്ത. പെരുന്നാളിന് ബിരിയാണിയോടൊപ്പം ഈ ചിക്കന്‍ ബര്‍ത്തയും ഒന്നു കഴിച്ചു നോക്കൂ. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍:
1. എല്ലില്ലാത്ത ചിക്കന്‍ (ചെറിയ കഷണങ്ങളായി മുറിച്ചത്)- ഒരു കിലോ
2. സവാള വലുത് (ചെറുതായി അരിഞ്ഞത്) - 4 എണ്ണം
3. പച്ചമുളക് - 3 എണ്ണം
4. എണ്ണ - ഒന്നര ടേബിള്‍ സ്പൂണ്‍
5. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
6. ജീരകപ്പൊടി- മുക്കാല്‍ ടേബിള്‍ സ്പൂണ്‍
7. ഗരം മസാലപ്പൊടി-മുക്കാല്‍ ടേബിള്‍ സ്പൂണ്‍
8. കസൂരിമത്തേി പൊടി - മുക്കാല്‍ ടേബിള്‍ സ്പൂണ്‍
9. ടൊമാറ്റോ സോസ്-3 ടേബിള്‍ സ്പൂണ്‍
10. വെള്ളം - കാല്‍ക്കപ്പ്
11. അണ്ടിപ്പരിപ്പ് (വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചത്)- 50 ഗ്രാം
12. മല്ലിയില, ഉപ്പ് - ആവശ്യത്തിന്
മസാലയ്ക്ക് വേണ്ട ചേരുവകള്‍:
1. സവാള രണ്ട് വലുത് (നീളത്തില്‍ അരിഞ്ഞത്)
2. ഇഞ്ചി അരിഞ്ഞത് - ഒന്നര ടേബിള്‍സ്പൂണ്‍
3. വെളുത്തുള്ളി അരിഞ്ഞത് - ഒന്നര ടേബ്ള്‍സ്പൂണ്‍
4. തക്കാളി ഒന്ന് (നീളത്തില്‍ അരിഞ്ഞത്)
5. മുളകുപൊടി - അര ടീസ്പൂണ്‍
6. മല്ലിപൊടി - അര ടീസ്പൂണ്‍
7. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
8. എണ്ണ ഒരു ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
മസാല തയ്യാറാക്കുന്നത്: പാന്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് വഴറ്റുക. സവാള വഴറ്റിക്കഴിഞ്ഞാൽ മഞ്ഞള്‍പൊടിയും, മുളക്‌പൊടിയും, മല്ലിപ്പൊടിയും തക്കാളി അരിഞ്ഞതും ചേര്‍ക്കുക. ഇവയെല്ലാം കൂടി നന്നായി വഴന്നു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. കൂട്ട് നന്നായി തണുത്തതിന് ശേഷം മഷി പോലെ അരച്ചെടുക്കുക.
ചിക്കന്‍ ബര്‍ത്ത തയ്യാറാക്കുന്നത്: ചുവട് കട്ടിയുള്ള പാത്രം വെച്ച് എണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ ഇട്ടുകൊടുക്കുക. ഒന്ന് ഇളക്കിയതിന് ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി വേവിക്കുക. ചിക്കന്‍ നന്നായി വെന്ത് വെള്ളമൊക്കെ വറ്റി ചെറുതായി നിറം മാറി തുടങ്ങുമ്പോള്‍ മുളകുപൊടി, ഗരം മസാലപൊടി, ജീരകപ്പൊടി, കസൂരിമേത്തിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ടൊമാറ്റോ സോസ് ചേര്‍ക്കുക. ഇതിലേക്ക് കാല്‍ കപ്പ് വെള്ളവും അരച്ചുവെച്ച മസാലയും ചേര്‍ത്തുകൊടുക്കാം ഒരല്‍പം ഉപ്പും കൂടി ഇട്ടുകൊടുക്കാം. അവസാനം അണ്ടിപ്പരിപ്പ് അരച്ചത് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ചെറിയ തിള വന്നുതുടങ്ങുമ്പോള്‍ വാങ്ങിവെക്കാം. മല്ലിയില തൂവി ചൂടോടെ വിളമ്പാം.
Content Highlight: chicken bertha recipe