മത്സ്യവിഭവങ്ങളിലെ രാജാവാണ് ആലപ്പുഴ മീന്‍കറി. തേങ്ങാപ്പാലും കറിവേപ്പിലയും കടുകുമൊക്കെ പകരുന്ന രുചിയുടെ ബലത്തില്‍ ഏത് ഭക്ഷണപ്രേമിയെയും ഇത് കീഴടക്കും. അത് ഉറപ്പാണ്. എന്നാലിനി ഒട്ടും വൈകണ്ട ആലപ്പുഴ മീന്‍ കറി ഉണ്ടാക്കി നോക്കിയാലോ?
ചേരുവകള്‍
- മത്സ്യം (ഏതുമാകാം)- അരക്കിലോ
- കടുക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്
- പച്ചമുളക് - 4 എണ്ണം
- ചെറിയ ഉള്ളി - 20 എണ്ണം
- ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
- പച്ചമാങ്ങ (ചെറുത്) - ഒന്ന്
- മുളക് പൊടി - 2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍
- തേങ്ങ (പാലിന്) - ഒന്ന്
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കി വഴന്നു വരുമ്പോള്‍ മാങ്ങ ചെറുതായി മുറിച്ചത്, മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കണം.
അഞ്ച് മിനിറ്റ് ചെറുതീയില്‍ വെച്ച് രണ്ടാം പാല്‍ (ഒരു കപ്പ്) ചേര്‍ത്ത് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ട് അടച്ചു വെച്ച് വേവിക്കണം. കുറുകി വരുമ്പോള്‍ ഉലുവപ്പൊടി ചേര്‍ത്ത് നല്ലപോലെ ഇളക്കി ഒന്നാം പാല്‍ (അര കപ്പ്) ചേര്‍ത്ത് തീയണക്കാം. (മാങ്ങ ലഭ്യമല്ലെങ്കില്‍ പകരം രണ്ട് കഷണം കുടംപുളി ഉപയോഗിക്കാവുന്നതാണ്.)
Content Highlights: Alappuzha fish curry