ആഹാ... ബിരിയാണി


7 min read
Read later
Print
Share

കോഴിബിരിയാണീം പൊറോട്ടയും മലബാറിന്റെ 'ദേശീയഭക്ഷണ'മാണ്. മലയാളികളുടെ നാവിനെ കൊതിപ്പിക്കുന്ന തീന്‍മേശയിലെ ബിരിയാണിയെന്ന ഇഷ്ടവിഭവത്തിന്റെ വൈവിധ്യത്തിലൂടെ

കോഴി ബിരിയാണി

ചേരുവകള്‍

 • അരി ഒരു കിലോ
 • കോഴിയിറച്ചി ഒരു കിലോ
 • സവാള 500 ഗ്രാം
 • ഡാല്‍ഡ 250 ഗ്രാം
 • ഇഞ്ചി ചതച്ചത് 1 ടേബിള്‍ സ്പൂണ്‍
 • വെളുത്തുള്ളി ചതച്ചത് 2 ടേബിള്‍ സ്പൂണ്‍
 • പച്ചമുളക് ചതച്ചത് 2 ടേബിള്‍ സ്പൂണ്‍
 • മഞ്ഞള്‍പ്പൊടി 1 നുള്ള്
 • കസ്‌കസ് അര ടീസ്പൂണ്‍
 • കറാമ്പട്ട 4 കഷ്ണം
 • ഏലക്കായ 6 എണ്ണം
 • ജാതിക്ക 1 എണ്ണം
 • അണ്ടിപ്പരിപ്പ് 20 എണ്ണം
 • ഉണക്കമുന്തിരി 50 ഗ്രാം
 • പെരിഞ്ചീരകം 1 ടീസ്പൂണ്‍
 • പനിനീര്‍ 2 ടീസ്പൂണ്‍
 • ചെറുനാരങ്ങ നീര് ഒരു നാരങ്ങയുടേത്
 • തൈര് ഒന്നര കപ്പ്
 • തക്കാളി 3 എണ്ണം
 • മല്ലിയിലെ അരിഞ്ഞത് കാല്‍ കപ്പ്
 • പൊതിനയില അരിഞ്ഞത് കാല്‍ കപ്പ്
 • കറിവേപ്പില, ഉപ്പ് പാകത്തിന്
 • പശുനെയ്യ് 50 ഗ്രാം
 • ഖരംമസാലപ്പൊടി അര ടീസ്പൂണ്‍
 • ജാതിപത്രി 3 എണ്ണം
 • മല്ലിപ്പൊടി 1 ടീസ്പൂണ്‍
 • സുര്‍ക്ക 1 ടീസ്പൂണ്‍
 • മൈദ 3 കപ്പ്
തയ്യാറാക്കുന്നവിധം

കോഴിയിറച്ചി വൃത്തിയാക്കി കഴുകി പാകത്തിന് കഷ്ണങ്ങളാക്കുക. അരി നന്നായി കഴുകി കറാമ്പട്ട കഷ്ണങ്ങള്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും വെള്ളവും ചെറുനാരങ്ങനീരും ചേര്‍ത്ത് വേവിച്ച് പകുതി വേവാകുമ്പോള്‍ വാങ്ങി കുട്ടയില്‍ ഊറ്റിവെക്കുക. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, സവാള ചെറുതായി അരിഞ്ഞതിന്റെ പകുതിഭാഗം എന്നിവ ചീനച്ചട്ടിയില്‍ പശുനെയ്യും കുറച്ച് ഡാല്‍ഡയും ഒഴിച്ച് ചൂടാക്കി വറുത്തുകോരുക. ഈ നെയ്യില്‍ ബാക്കിവന്ന സവാള വഴറ്റിയെടുക്കുക. അതില്‍ മല്ലിച്ചെപ്പ്, പൊതിനയരിഞ്ഞത് എന്നിവ ചേര്‍ക്കുക.

പാകത്തിന് മുറിച്ചെടുത്ത കോഴിക്കഷ്ണങ്ങള്‍ തൈര്, അല്പം ഉപ്പ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സുര്‍ക്ക എന്നിവയും തക്കാളി ചെറുതായി മുറിച്ചതും ചേര്‍ത്ത് കുഴച്ച് മാറ്റിവെക്കണം.വഴന്നുവന്ന സവാളയില്‍ ഇങ്ങനെ മാറ്റിവെച്ച കോഴിയിറച്ചി ചേര്‍ത്ത് നന്നായിളക്കി വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, കസ്‌കസ്, ജാതിക്കായ, പെരുഞ്ചീരകം, ഏലക്കായ എന്നിവ പൊടിച്ചത് എന്നിവ ചേര്‍ക്കുക. പാകമായിവന്നാല്‍ അടിപരന്ന പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് ഇറച്ചി അടിയില്‍ നിരത്തുക. മസാലക്കൂട്ട് കൂട്ടത്തില്‍ നിരത്താന്‍ മറന്നുപോവരുത്. വേവിച്ചുവെച്ച പകുതി ചോറെടുത്ത് കോഴിമസാലയ്ക്ക് മുകളില്‍ നിരത്തുക ആദ്യം വറുത്ത് മാറ്റിവെച്ച സവാള ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് മുകളില്‍ നിരത്തണം. അതിന് മുകളില്‍ വീണ്ടും ബാക്കി ചോറ് നിരത്തിയശേഷം പനിനീര്, നെയ്യ് എന്നിവ ചോറിനുമീതെ ഒഴിക്കണം. പാത്രം ഒരു പരന്ന മൂടികൊണ്ട് അടച്ചശേഷം പാത്രവും മൂടിയും വരുന്നഭാഗം മൈദ കുഴച്ച മാവ് ചേര്‍ത്ത് അടയ്ക്കണം. ഏകദേശം ഒരു മണിക്കൂറോളം കനലില്‍ നന്നായി വേവിച്ച് മൈദ മാവിന്റെ പഌസ്റ്ററിന് മുകളിലൂടെ ബിരിയാണി മണം പരന്നാല്‍ നല്ല ദം ബിരിയാണി റെഡി. റൈസ് കട്ടര്‍കൊണ്ട് കട്ട്‌ചെയ്ത അടിയിലെ മസാല കൂട്ടി നിറച്ച് പ്ലേറ്റുകളിലേക്ക് വിളമ്പാം

വെജിറ്റബിള്‍ ബിരിയാണി
ചേരുവകള്‍
 • ബിരിയാണി അരി - ഒരുകിലോ
 • ഗ്രീന്‍പീസ് - 200 ഗ്രാം
 • ഉരുളക്കിഴങ്ങ് - 250 ഗ്രാം
 • തക്കാളി - 300 ഗ്രാം
 • കാരറ്റ് - 200 ഗ്രാം
 • ഇഞ്ചി അരിഞ്ഞത് - ഒരുടേബിള്‍ സ്പൂണ്‍
 • പച്ചമുളക് ചതച്ചത് - 2 ടീ സ്പൂണ്‍
 • കോളിഫ്ലൂര്‍ - ഒരുകപ്പ്
 • റൊട്ടി കഷ്ണങ്ങള്‍ - 2 കപ്പ്
 • കറാമ്പട്ട - 3 കഷ്ണം
 • കറാമ്പു - 7 എണ്ണം
 • അണ്ടിപ്പരിപ്പ് - 20 എണ്ണം
 • മുന്തിരി - 20 എണ്ണം
 • നെയ്യ് - 250 ഗ്രാം
 • പശുനെയ്യ് - 50 ഗ്രാം
 • മല്ലിയില, പുതിനയില അരിഞ്ഞത് - അരക്കപ്പ്
 • സവാള - 200 ഗ്രാം
 • കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
 • കുരുമുളക് പൊടി - 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരി കഴുകി പാകത്തിന് ഉപ്പും അല്പം നെയ്യും മഞ്ഞള്‍പ്പൊടി ഒരു നുള്ളും ചേര്‍ത്ത് പകുതി വേവാക്കി മാറ്റിവെക്കുക. അല്പം നെയ്യും പശുനെയ്യും ചേര്‍ത്ത് ചെറിയതാക്കി അരിഞ്ഞ സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, റൊട്ടിക്കഷ്ണങ്ങള്‍ എന്നിവ വറുത്തെടുക്കുക. ഗ്രീന്‍പീസ്, കോളിഫ്ലവര്‍, തക്കാളി, കാരറ്റ് എന്നിവ വേവിച്ചെടുത്ത് അതില്‍ അല്പം കുരുമുളക് പൊടി കൂട്ടി അല്പം നെയ്യൊഴിച്ച് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക് ചതച്ചത്, മല്ലിയില, പൊതിനയില, കറിവേപ്പില എന്നിവ ചേര്‍ത്തതിനുശേഷം പരന്ന പാത്രത്തില്‍ അടിയില്‍ നെയ്യൊഴിച്ച് നിരത്തുക. അതിന് മുകളില്‍ പകുതി വെന്ത ചോറ് കുറച്ച് നിരത്തിയതിനുശേഷം വറുത്ത് മാറ്റിവെച്ച റൊട്ടി കഷ്ണങ്ങള്‍, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ക്കാം. പൈനാപ്പിള്‍, ആപ്പിള്‍ എന്നിവ ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്തതിനുശേഷം ബാക്കിവെച്ച ചോറ് മുകളില്‍ നിരത്തിയതിനുശേഷം അല്പനേരം കനലില്‍ വേവിക്കുക. വാങ്ങിയതിന് ശേഷം പശുനെയ്യ് മുകളിലൊഴിച്ച് നന്നായി മിക്‌സാക്കി റൈസ് കട്ടര്‍കൊണ്ട് കട്ടുചെയ്ത് വിളമ്പാം, സോയാബീന്‍ ചെറിയ പീസാക്കി വേവിച്ചതും ചില സ്ഥലങ്ങളില്‍ ഇതില്‍ ചേര്‍ക്കാറുണ്ട്
മട്ടണ്‍ ബിരിയാണി

ചേരുവകള്‍

 • ആട്ടിറച്ചി ഒരു കിലോ
 • അരി ഒരു കിലോ
 • ഡാല്‍ഡ 300 ഗ്രാം
 • പശുനെയ്യ് 50 ഗ്രാം
 • സവാള 500 ഗ്രാം
 • ഇഞ്ചി (ചതച്ചത്) ഒരു ടേബിള്‍ സ്പൂണ്‍
 • വെളുത്തുള്ളി (ചതച്ചത്) ഒന്നര ടേബിള്‍ സ്പൂണ്‍
 • കറാമ്പട്ട 5 കഷ്ണം
 • അണ്ടിപ്പരിപ്പ് 20 എണ്ണം
 • ഉണക്കമുന്തിരി 20 എണ്ണംഏലക്കായ 5 എണ്ണം
 • ജാതിക്കായ ഒന്ന്
 • പെരുഞ്ചീരകം ഒരു ടീസ്പൂണ്‍
 • മഞ്ഞള്‍പ്പൊടി ഒരു നുള്ള്
 • ചെറുനാരങ്ങനീര് ഒന്നര ടേബിള്‍ സ്പൂണ്‍
 • പച്ചമല്ലിപ്പൊടി 2 ടീസ്പൂണ്‍
 • കസ്‌കസ് അര ടീസ്പൂണ്‍
 • കറിവേപ്പില, ഉപ്പ് പാകത്തിന്
 • തൈര് ഒന്നരകപ്പ്
 • മല്ലിയില അരിഞ്ഞത് കാല്‍ കപ്പ്
 • പൊതിനയില അരിഞ്ഞത് കാല്‍ കപ്പ്
 • ഖരം മസാലപ്പൊടി അര ടീസ്പൂണ്‍
 • കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
 • പച്ചമുളക് ചതച്ചത് 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

അരി നന്നായി കഴുകി കറാമ്പൂ, കറാമ്പട്ട എന്നിവ ചേര്‍ത്ത് പകുതി വേവിച്ചെടുത്ത് കുട്ടയില്‍ ഊറ്റിവെക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാക്കി, ഉണക്കമുന്തിരി, ചെറുതായി അരിഞ്ഞ്, സവാളയില്‍ കുറച്ച് അണ്ടിപ്പരിപ്പ് എന്നിവ വറുത്തുകോരി മാറ്റിവെക്കുക. ബാക്കിവന്ന നെയ്യില്‍ ബാക്കിയുള്ള സവാള വഴറ്റുക. തക്കാളി അരിഞ്ഞത് വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, പച്ചമുളക് ചതച്ചത് എന്നിവയും ചേര്‍ക്കുക. ആട്ടിറച്ചി മുന്നേതന്നെ തൈര്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് മാറ്റിവെച്ചിരിക്കണം.

പെരുഞ്ചീരകം, ഏലക്കായ, കസ്‌കസ്, ജാതിക്ക, ജാതിപത്രി എന്നിവ ചതച്ച് സവാള വഴറ്റിയതില്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് തൈരില്‍ കുഴച്ചത് മാറ്റിവെച്ച ആട്ടിന്‍കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. ഏകദേശം വെന്താല്‍ മല്ലിയില, പൊതിനയില അരിഞ്ഞത്, കറിവേപ്പില, കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ച് വാങ്ങുക. ആവശ്യത്തിന് ഉപ്പുചേര്‍ക്കാന്‍ മറക്കരുത്. വാങ്ങുന്നതിനുമുമ്പ് ഗരം മസാലപ്പൊടി തൂവണം.

അടിപരന്ന പാത്രത്തില്‍ നെയ്യൊഴിച്ച് വെന്തുകഴിഞ്ഞ മസാലക്കൂട്ട് അടിയില്‍ നിരത്തുക. ഇതിന് മുകളില്‍ പാതിചോറ് നിരത്തിയശേഷം വറുത്ത് മാറ്റിവെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവയില്‍ പകുതി വിതറിയശേഷം ബാക്കി ചോറ് നിരത്തുക. അതിന് മുകളില്‍ ബാക്കിയായ വറവ് വിതറിയശേഷം മൈദ കുഴച്ച് അടപ്പിന്റെയും പാത്രത്തിന്റെയും ഇടയില്‍ നന്നായി ഒട്ടിച്ചുചേര്‍ക്കണം. ചിരട്ടക്കനലില്‍ ഒരു മണിക്കൂര്‍ കുറഞ്ഞത് വേവിച്ചശേഷം ഇറക്കിവെച്ച് പശുനെയ്യ് മുകളില്‍ തൂവി റൈസ്‌കട്ടര്‍കൊണ്ട് കട്ടുചെയ്ത് നന്നായി മിക്‌സ്‌ചെയ്ത് വിളമ്പാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram