പാവങ്ങള്‍ക്കു മുന്നില്‍ അന്നവും ആശ്വാസവുമായി തിരുവനന്തപുരം കാഞ്ഞാംപാറ സര്‍ഗകൈരളി ക്ലബ്ബിന്റെ കാരുണ്യഭോജനം പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്. 22 വര്‍ഷമായി കോലിയക്കോട് കാഞ്ഞാംപാറ ഗ്രാമത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് സര്‍ഗകൈരളി. ഒട്ടേറെ മാതൃകാ പ്രവര്‍ത്തനം നടത്തുന്ന കബ് 2014-ല്‍ ആരംഭിച്ച പുതിയസേവന പരിപാടിയാണ് കാരുണ്യഭോജനം.
ഒരു മാസത്തില്‍ ഒരു ദിവസം ജില്ലയിലെ ഏന്തെങ്കിലും അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ ആശുപത്രികളിലോ സുഭിക്ഷമായി ആഹാരം നല്‍കുന്ന മാതൃകാ പദ്ധതിയാണിത്.
ആ ദിവസം ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങളും ഈ സേവനത്തിനായി മുന്നിട്ടിറങ്ങും. ക്ലബ്ബില്‍ വച്ചു തന്നെ ആഹാരം തയ്യാറാക്കുകയാണ് ചെയ്യുന്നത്. വിഭവസമൃദ്ധമായ സദ്യയോ ബിരിയാണിയോ ആണ് കൊടുക്കുന്നത്. ഇതിനാവശ്യമായ തുക ആദ്യം ക്ലബ്ബ് അംഗങ്ങള്‍ മാത്രമാണ് വഹിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുനിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.
2014-ല്‍ കന്യാകുളങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നം വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊതിച്ചോറ് കൊടുക്കുന്ന പ്രവര്‍ത്തനവും നടക്കുന്നു.
ഈ കൂട്ടായ്മയുടെ കീഴില്‍ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. പെണ്‍കുട്ടികളെ മുഴുവന്‍ ചെലവും വഹിച്ച് വിവാഹം കഴിപ്പിച്ചുകൊടുക്കുന്ന മംഗല്യ പദ്ധതി എല്ലാ വര്‍ഷവും ഡിസംബറിലെ വാര്‍ഷികത്തിനാണ് നടക്കുന്നത്.
സുധീപ് സെക്രട്ടറിയും മധു കെ. പ്രസിഡന്റും ബിജുലാല്‍ മുഖ്യരക്ഷാധികാരിയുമായ കമ്മിറ്റിയാണ് ക്ലബ്ബിനെ നയിക്കുന്നത്. കാരുണ്യഭോജനത്തിനായി അരുണ്‍ കാഞ്ഞാംപാറയുടെ നേത്രത്വത്തില്‍ സബ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.