''ലോകമെമ്പാടുമുള്ള മലയാളി ഷെഫുകളേ, പ്രളയത്തില്‍പ്പെട്ടവര്‍ക്കൊരു കൈത്താങ്ങിനായി 'കുക്ക് ഫോര്‍ കേരള' എന്നപേരില്‍ നിങ്ങള്‍ ജോലിചെയ്യുന്ന റെസ്റ്റോറന്റിലോ കമ്യൂണിറ്റിയിലോ അത്താഴവിരുന്ന് നടത്തി അതിന്റെ ലാഭം നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് അപേക്ഷിക്കുന്നു...'' കേരളത്തെ പ്രളയം വിഴുങ്ങിയ ഓഗസ്റ്റ് 18-ന് അര്‍ധരാത്രി ഫെയ്‌സ്ബുക്കിലൂടെ ഈ അഭ്യര്‍ഥന നടത്തുമ്പോള്‍ അതിത്ര വികാരവായ്‌പോടെ ലോകം സ്വീകരിക്കുമെന്ന് റാവീസ് ഹോട്ടല്‍ ശൃംഖലയുടെ കോര്‍പ്പറേറ്റ് ഷെഫ് സുരേഷ് പിള്ള കരുതിയില്ല. ഇത്തരത്തില്‍ സമാഹരിച്ചത് അരക്കോടിയോളം രൂപ. അതിപ്പോഴും തുടരുകയുമാണ്.
ആദ്യം ഈ അഭ്യര്‍ഥനയോട് പ്രതികരിച്ചത് ദുബായിലെ 'മലബാര്‍ എക്‌സ്പ്രസ്' റെസ്റ്റോറന്റായിരുന്നു. അവിടെ ഓണസദ്യയൊരുക്കി ഒരുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ സ്വരൂപിച്ചു. സിഡ്‌നിയില്‍ മലയാളിയായ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഒരു പള്ളിയില്‍ എണ്ണൂറുപേര്‍ക്ക് സദ്യയൊരുക്കി നേടിയത് ഏഴരലക്ഷം രൂപ. കോട്ടയം ചെങ്ങളം സ്വദേശി ലിജു മൊറോക്കോവില്‍ സദ്യയൊരുക്കി രണ്ടരലക്ഷംരൂപ നല്‍കി.
ലണ്ടനിലെ ഹോട്ടല്‍ ഗ്രൂപ്പുകളായ ജിംഖാന, തൃഷ്ണ, ഹോം പ്ലയേഴ്സ് എന്നിവര്‍ ഓരോ ബില്ലിലും ഒരു പൗണ്ട് (നൂറുരൂപയോളം) അധികം വാങ്ങി ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ചു. ലണ്ടനിലെ 'ക്രിക്കറ്റ്' റെസ്റ്റോറന്റിലെ ബ്രിട്ടീഷുകാരനായ ഷെഫ് മുന്‍കൈയെടുത്തും പണം സ്വരൂപിച്ചു. വെയില്‍സില്‍ എറണാകുളത്തുകാരനായ ഡോ. അജിത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഭക്ഷണമൊരുക്കി രണ്ടരലക്ഷത്തോളം ശേഖരിച്ചു. ഇംഗ്ലണ്ടിലെ മലയാളിവീട്ടമ്മമാരായ പ്രിയാ കിരണ്‍, വാണി വര്‍മ എന്നിവരുടെ നേതൃത്വത്തിലും ഭക്ഷണം വിളമ്പി പണം സ്വരൂപിച്ചു.
സിറിയയില്‍ യുദ്ധക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആരംഭിച്ച 'കുക്ക് ഫോര്‍ സിറിയ' പദ്ധതിയുമായി സഹകരിച്ചതില്‍നിന്നാണ് ഈയൊരു ആശയം തോന്നിയതെന്ന് സുരേഷ് പിള്ള പറഞ്ഞു. കൊല്ലം റാവീസ് ഹോട്ടലില്‍ അടുത്തമാസം ഭക്ഷ്യമേള നടത്തി ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു. ബി.ബി.സി.യുടെ മാസ്റ്റര്‍ ഷെഫില്‍ പങ്കെടുത്തതുള്‍പ്പെടെ പാചകകലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടിയ സുരേഷ് പിള്ള കൊല്ലം ചവറ സ്വദേശിയാണ്
Content Highlights: suresh pillai cook for kerala campaign