മലപ്പുറം: ഫോണ്‍വിളിച്ചപ്പോള്‍ ഷൗക്കത്ത് ഓടിവന്നത് മൊടപ്പിലാപ്പള്ളി മനയിലെ ദേവീഭാഗവത നവാഹയജ്ഞത്തിരക്കില് നിന്നാണ്. പടിഞ്ഞാറ്റുമുറിയിലെ ആഘോഷമായ യജ്ഞക്കമ്മിറ്റിയുടെ ജനറല്‍ കണ്വീനറാണിദ്ദേഹം.
മലപ്പുറം കാട്ടുങ്ങല്‍ പുളിയേങ്ങലിലെ ഷൗക്കത്ത് എന്ന നാണിയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഏറെയുണ്ട്. നാലുദിവസം മുമ്പ് വീടിനുസമീപം പ്രധാന റോഡരികില്‍ യാത്രക്കാര്‍ക്കായി ചായയും പലഹാരവും വിതരണം തുടങ്ങിയതാണ് ഏറ്റവും പുതിയ വിശേഷം. അതിനായി പ്രത്യേകം സ്റ്റാന്‍ഡൊരുക്കി. നല്ല ചൂടുള്ള കട്ടന്‍ചായ രാവിലെ ആറുമണി മുതല്‍ സ്റ്റീല്പാത്രത്തിലുണ്ടാവും. ആവശ്യമുള്ളവര്‍ക്ക് എടുത്തു കുടിക്കാം. എന്തെങ്കിലും പലഹാരവും കൂടെയുണ്ടാവും. ഇരുന്നുകഴിക്കാന്‍ ബദാംമരത്തണലില് സ്റ്റീല്‍ ബെഞ്ചും ഒരുക്കിയിട്ടുണ്ട്. അടുത്തദിവസം മുതല്‍ ഇവിടെ ഒരു പത്രവും ഇടും. ദിവസം നൂറുചായയെങ്കിലും വഴിയാത്രക്കാര്‍ കുടിക്കാറുണ്ടെന്ന് ഷൗക്കത്ത് പറയുന്നു. .
മൂന്നുവര്‍ഷം മുന്‍പ് യാത്രക്കാര്‍ക്കായി ഇവിടെ കുടിവെള്ളം ഒരുക്കിയിരുന്നു ഷൗക്കത്ത്. അത് ഇപ്പോഴും തുടരുന്നു. എല്ലാവര്‍ഷവും കടുത്ത വേനലില്‍ ഒരു പഞ്ചായത്ത് പരിധിയില്‍ മുഴുവന്‍ സൗജന്യമായി അദ്ദേഹം കുടിവെള്ളവിതരണം നടത്താറുണ്ട്. ഒരു കരാറുകാരനായ ഈ 45കാരന്റെ മൂത്ത മകളുടെ കല്യാണമായിരുന്നു മൂന്നുമാസം മുന്‍പ്. അന്ന് ക്ഷണം സ്വീകരിച്ചെത്തിയ നാലായിരംപേര്‍ക്ക് സദ്യ കൂടാതെ നല്‍കിയത് വിവിധ വൃക്ഷത്തൈകള്‍. ഷൗക്കത്തിനെ കല്യാണത്തിനോ മറ്റു വിശേഷങ്ങള്‍ക്കോ ക്ഷണിക്കുന്നുണ്ടെങ്കില്‍ ആദ്യം വീട്ടില്‍ ചെടിക്കായി ഒരു കുഴിയെടുക്കണം. ഉപഹാരമായി ചെടികളാവും ലഭിക്കുക.
ഷൗക്കത്തിന്റെ വീട്ടിലേക്ക് കയറുമ്പോള്‍ 'നിലാവ്' എന്ന പേരാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. എന്താണിങ്ങനെയൊരു പേര് എന്നുചോദിച്ചാല്‍ 'ജാതിയും മതവുമൊന്നുമില്ലാത്ത പേര്' എന്നാണ് മറുപടി. അതാണ് ഷൗക്കത്ത്, മനുഷ്യന് എന്നതിലപ്പുറം മറ്റൊരു വേര്‍തിരിവില്‍ വിശ്വാസമില്ലാത്തയാള്‍. നാട്ടുകാരും അത് തലകുലുക്കി സമ്മതിക്കും.
അദ്ദേഹം പലര്‍ക്കുമായി ചെയ്ത സഹായങ്ങള്‍ ഏറെയുണ്ട്. അതൊന്നും മറ്റുള്ളവരെ അറിയിക്കാന്‍ താത്പര്യവുമില്ല. വെള്ളിയാഴ്ചയാണ്, ഷൗക്കത്തിന് ജുമുഅക്ക് സമയമായി. അതുകഴിഞ്ഞാല്‍ വീണ്ടും ദേവീഭാഗവത നവാഹയജ്ഞത്തിന്റെ തിരക്കിലേക്ക്. സജ്നയാണ് ഭാര്യ. നാലുപെണ്‍കുട്ടികളാണ് ഷൗക്കത്തിന്.
Content Highlights: shoukath selling tea and snacks for free