തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് ഹരിതചട്ടം പാലിക്കാന്‍ നിര്‍ദേശം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്ന സേവന ദാതാക്കളുടെയും ഹോട്ടല്‍ ഉടമകളുടെയും യോഗം കോര്‍പ്പറേഷനില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ നിരവധി പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.
സ്റ്റീല്‍ പാത്രങ്ങളില്‍ കൊണ്ടുപോയി വിളമ്പി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് കോര്‍പ്പറേഷന്‍ പ്രധാനമായും മുന്നോട്ട് വച്ച നിര്‍ദേശം. ഇത് പ്രോത്സാഹിപ്പിക്കുന്നതിന് സാധാരണ നിരക്ക് മാത്രം ഈടാക്കണം. പൊതിഞ്ഞ് വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ആരോഗ്യപരവും പരിസ്ഥിതി സൗഹാര്‍ദപരവുമായ പാത്രങ്ങളും സാധനങ്ങളും ഉപയോഗിക്കണം. പാള, കരിമ്പിന്‍ ചണ്ടി തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ലഭിക്കുന്നതിനുള്ള സൗകര്യം നഗരസഭ ഏര്‍പ്പാടാക്കും. വാഴയിലയില്‍ പൊതിഞ്ഞു നല്‍കുന്നവര്‍ക്ക് അത് തുടരാം. പ്ലാസ്റ്റിക്കും പുനരുപയോഗിക്കാനാവാത്തതുമായ പാത്രങ്ങള്‍ ഒഴിവാക്കണം. പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി തുണി സഞ്ചിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണം. ഈ രീതി ആവശ്യപ്പെടുന്നവരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ദ്രവരൂപത്തിലുള്ള കറികള്‍ പൊതിഞ്ഞു നല്‍കാന്‍ ഈ പാത്രങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇപ്പോഴത്തെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സേവനം നല്‍കുന്ന കമ്പനികളുമായി കോര്‍പ്പറേഷന്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തണമെന്നും ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു.
മൊബൈല്‍ ആപ്പ് വഴി ബുക്കിങ് നടത്തുമ്പോള്‍തന്നെ പൊതിയുന്നത് സംബന്ധിച്ച് ഗുണഭോക്താവിന് അഭിപ്രായം രേഖപ്പെടുത്താവുന്ന സൗകര്യം നല്‍കണമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദേശിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ സബ്സിഡി നിരക്കില്‍ തുണി ബാഗുകള്‍ നിര്‍മിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും. ഈ സൗകര്യം ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കും പ്രയോജനപ്പെടുത്താം. പ്ലാസ്റ്റിക് ബദല്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിപുലമായ പ്രചാരണ പരിപാടിയും നഗരസഭ സംഘടിപ്പിക്കും. കരിമ്പിന്‍ ചണ്ടി, പാള തുടങ്ങിയവയില്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുമെന്നും മേയര്‍ അറിയിച്ചു.
ContentHighlights: Online food shopping, online food, swiggy, uber eats, green tribunal