ചക്കയും ചക്കമാഷും താരമായിട്ട് ഇന്നേക്ക് ഒരു വര്‍ഷം


ഈ വിളിപ്പേര് തേന്‍വരിക്കപോലെ ആസ്വദിക്കുന്നുവെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്

ആലത്തൂര്‍: തലവര മാറ്റിവരച്ച് ചക്ക ഔദ്യോഗികഫലമായിട്ട് മാര്‍ച്ച് 21-ന് ഒരുവര്‍ഷം. മലയാളി ഭക്ഷണശീലത്തില്‍നിന്ന് പടിയിറക്കിയ ചക്ക, തീന്‍മേശയിലേക്ക് തിരിച്ചുകയറുകയാണിപ്പോള്‍.

അങ്കമാലിയില്‍ നാലരയേക്കറിലും ചേലക്കരയില്‍ അഞ്ചേക്കറിലും പ്ലാവ് കൃഷിക്ക് തുടക്കമായി. മിക്കവീടുകളിലും പുതുതായി പ്ലാവിന്‍തൈ നടുന്നത് ശീലമായി. സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ടയില്‍ ചക്കഗവേഷണകേന്ദ്രത്തിന് ബജറ്റില്‍ അഞ്ചുകോടി വകയിരുത്തി. ഒരുവര്‍ഷത്തിനിടെ ഒരുലക്ഷം ഒട്ടുപ്ലാവിന്‍തൈകള്‍ സ്വകാര്യ നഴ്സറികള്‍ വിറ്റഴിച്ചു. സാമൂഹിക വനവത്കരണവിഭാഗം വിതരണംചെയ്യുന്ന വൃക്ഷത്തൈകളില്‍ പ്ലാവും ഇടംപിടിച്ചു.

നാട്ടിലെ പറമ്പുകളില്‍ പഴുത്തുവീണ് നശിച്ചിരുന്ന ചക്കയ്ക്ക് കിലോഗ്രാമിന് 20 രൂപവരെ വിലയായി.

ചക്കയെ താരമാക്കിയതാര്

ചക്കയ്ക്ക് ഔദ്യോഗികഫലം എന്ന പദവി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിവേദനം നല്‍കിയ കാവശ്ശേരി ഗവ. എല്‍പി.എസ്. പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ തൃക്കങ്ങോടിന് 'ചക്ക മാഷെ'ന്ന വിളിപ്പേര് വീണിട്ടും ഒരുവര്‍ഷമാകുന്നു. ഈ വിളിപ്പേര് തേന്‍വരിക്കപോലെ ആസ്വദിക്കുന്നുവെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. എല്ലാ പഞ്ചായത്തുകളിലും ചക്ക സംഭരിക്കാനും സംസ്‌കരിക്കാനും വിപണനംചെയ്യാനും സംവിധാനമുണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ സ്വപ്നം.

ചക്ക വിളംബരയാത്രയും ചക്കമഹോത്സവങ്ങളും ചക്കയുടെ നല്ലകാലത്തിന് വഴിതെളിച്ചതായി ചക്ക വിളംബരയാത്ര കോ-ഓര്‍ഡിനേറ്ററായിരുന്ന ആന്റണി മാത്യു കോട്ടായി പറഞ്ഞു. ചക്കമട്ടണ്‍, ചക്കചിക്കന്‍ എന്നിവയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം.

സംസ്ഥാനത്ത് ചക്ക ഐസ്‌ക്രീമും വിദേശവിപണിയില്‍ മാംസത്തിനുപകരം സംസ്‌കരിച്ച ഇടിച്ചക്ക ഉപയോഗിച്ചുള്ള ബര്‍ഗര്‍, സാന്‍ഡ് വിച്ച്, പഫ്‌സ് എന്നിവയും അടുത്തകാലത്ത് വിപണി പിടിച്ചിരുന്നു. പാലക്കാട് കല്ലേക്കാട് ഒരു സീസണില്‍ 20 ടണ്‍വരെ ചക്ക സംസ്‌കരിച്ച് വ്യത്യസ്തവിഭവങ്ങള്‍ തയ്യാറാക്കുന്ന യൂണിറ്റ് നടത്തുന്ന ഗായത്രി രമേഷിന്റെ അനുഭവമാണിത്.

ആറുമാസംവരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ചക്കപ്പുഴുക്ക് തയ്യാറാക്കി കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍വരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തൃശ്ശൂര്‍ ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ടി.എസ്. ചന്ദ്രന്‍ പറഞ്ഞു.

Content Highlights: jackfruit, official fruit, food news ,food updates, food ,fruits

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram