തൃശ്ശൂര്‍: ന്യൂഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലെ സദ്യ കെങ്കേമമാക്കാനുള്ള അന്വേഷണമെത്തിയത് തൃശ്ശൂര്‍ വേലൂരിലെ കുറുമാല്‍ക്കുന്നില്‍. ഒന്നാംതരം ചക്കയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. വര്‍ഷം മുഴുവന്‍ ചക്ക വിളയിക്കുന്ന ഫാമിന്റെ ഉടമയായ വര്‍ഗീസ് തരകനെ ബ്രസീലുകാര്‍ കണ്ടെത്തിയത് ഇന്റര്‍നെറ്റിലൂടെയാണ്.
ബ്രസീലിന്റെ റിപ്പബ്ലിക് ദിനമാണ് ചൊവ്വാഴ്ച. എംബസിയില്‍ ആഘോഷവും തുടര്‍ന്ന് ഗംഭീരവിരുന്നുമുണ്ട്. വിരുന്നിനൊടുവില്‍ വിളമ്പാന്‍ ബ്രസീലിയന്‍ ഡെസര്‍ട്ട് എന്ന വിഭവത്തിന് ചക്ക വേണം. അതാണ് ചക്കയ്ക്കായി അവര്‍ നെട്ടോട്ടമോടിയത്. വര്‍ഗീസ് തരകന്റെ ഫാമില്‍ വിളഞ്ഞ 60 കിലോ ചക്ക എംബസിയിലെത്തിക്കഴിഞ്ഞു.
പഴുക്കാറായ ചക്ക പായ്ക്ക് ചെയ്ത് വിമാനമാര്‍ഗം അയച്ചുകൊടുക്കുകയായിരുന്നു. കുറുമാല്‍ക്കുന്നിലെ അഞ്ചേക്കര്‍ സ്ഥലത്താണ് ഫാം. ഇവിടെയുണ്ടായിരുന്ന ആറുമുതല്‍ 12 വര്‍ഷം വരെയായ റബ്ബര്‍ വെട്ടിക്കളഞ്ഞാണ് പ്ലാവ് നട്ടത്. ഇപ്പോള്‍ ആയിരം എണ്ണമുണ്ട്. 365 ദിവസവും ചക്ക കിട്ടും. അധികം പൊക്കത്തില്‍ വളരാത്ത വരിക്ക പ്ലാവുകളാണുള്ളത്. ആയുര്‍ജാക്ക് എന്ന പേരാണ് ഇവയ്ക്കു നല്‍കിയിരിക്കുന്നത്. ഒന്നുമുതല്‍ മൂന്നുവരെ കൊല്ലംകൊണ്ടു കായ്ക്കുന്ന പ്ലാവുകളാണിവ. എല്ലാം വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കുന്നവ.
Content Highlights: Embassy of Brazil in New Delhi collects jackfruit from Thrissur farm for their republic day feast