കാറും ബൈക്കും സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ മോഷ്ടിച്ച് കടന്നുകളയുന്നവരെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്നവരെക്കുറിച്ചു കേട്ടിട്ടുണ്ടോ അതും നൂഡില്‍സ് ആയാലോ? കേട്ടതു സത്യമാണ് നൂഡില്‍സ് മോഷ്ടിച്ചു കടന്നുകളഞ്ഞ കള്ളന്മാരുടെ കഥയാണ് വാര്‍ത്തകളില്‍ നിറയുന്നത്. പത്തോ പതിനഞ്ചോ രൂപയുടെ നൂഡില്‍സല്ല എഴുപതു ലക്ഷത്തോളം വിലമതിക്കുന്ന നൂഡില്‍സാണ് മോഷണം പോയത്.
ജോര്‍ജിയ ഹൈവേയിലെ ഷെവ്‌റോണ്‍ സ്റ്റോറില്‍ നിന്നു മൂന്നാഴ്ച്ച മുമ്പാണ് രാമെന്‍ നൂഡില്‍സ് മോഷണം പോയത്. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന അമ്പത്തിമൂന്ന് അടിയുള്ള വാഹനത്തിലാണ് നൂഡില്‍സ് സൂക്ഷിച്ചിരുന്നത്. മൂന്നുലക്ഷത്തില്‍പരം നൂഡില്‍സ് പാക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് കരുതുന്നത്.
വാഹനം ലോക്ക് ചെയ്തിരുന്നുവെന്നും എങ്ങനെ മോഷ്ടിക്കപ്പെട്ടുവെന്ന് അറിയില്ലെന്നും വാഹന ഉടമ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അതിനിടെ നൂഡില്‍സ് മോഷണത്തെ രസകരമായ ട്രോളുകളിലൂടെ അവതരിപ്പിക്കുകയാണ് സമൂഹമാധ്യമത്തിലെ വിരുതന്മാര്‍. നൂഡില്‍സിന് ഇത്രയും വലിയ കരിഞ്ചന്ത ഉണ്ടായിരുന്നുവെന്ന കാര്യം അറിഞ്ഞില്ലല്ലോ എന്നും ഒന്നരവര്‍ഷത്തേക്കുള്ള അത്താഴത്തിനുള്ള നൂഡില്‍സാണല്ലോ മേഷണം പോയതെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights:Georgia thieves escape with nearly 70 lakh of noodles