ആട്ടിറച്ചിക്ക് പകരം പട്ടിയിറച്ചി: ഹോട്ടൽ ഭക്ഷണപ്രിയരേ ജാഗ്രതൈ!


മട്ടൻ ബിരിയാണിയെന്ന പേരിൽ തീൻമേശയിലെത്തുക ചിലപ്പോൾ പട്ടിയിറച്ചി ബിരിയാണി ആയിരിക്കും. മറ്റു ഇറച്ചി വിഭവങ്ങളിലും ഉണ്ടായേക്കാം ഈ മറിമായം.

ചെന്നൈ നഗരത്തിലെ ഹോട്ടലുകളിൽനിന്നും തട്ടുകടകളിൽനിന്നും ബിരിയാണിയും ഇറച്ചിവിഭവങ്ങളും കഴിക്കുന്നവർ ജാഗ്രതൈ. മട്ടൻ ബിരിയാണിയെന്ന പേരിൽ തീൻമേശയിലെത്തുക ചിലപ്പോൾ പട്ടിയിറച്ചി ബിരിയാണി ആയിരിക്കും. മറ്റു ഇറച്ചി വിഭവങ്ങളിലും ഉണ്ടായേക്കാം ഈ മറിമായം.

ശനിയാഴ്ച ചെന്നൈ എഗ്മൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് രണ്ടായിരം കിലോ പട്ടിയിറച്ചിയാണ് പിടിച്ചെടുത്തത്. ഇതോടെ ഹോട്ടലുകളിൽനിന്നും തട്ടുകടകളിൽനിന്നും ആഹാരം കഴിക്കുന്നവർ ആശങ്കയിലായി. സംഭവത്തിൽ പോലീസും ഭക്ഷ്യവകുപ്പും കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇടയ്ക്കിടെ പട്ടിയിറച്ചി ചെന്നൈയിൽ എത്തുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നിലെന്നുള്ള അന്വേഷണവും ആരംഭിച്ചതായി പോലീസ്‌ അറിയിച്ചു.

പിടിച്ചെടുത്ത പട്ടിയിറച്ചി നഗരത്തിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാനായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് എത്തിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. തട്ടുകടകളിലേക്കും പട്ടിയിറച്ചി എത്തിക്കുന്നുണ്ടെന്നും സംശയമുണ്ട്.

രാജസ്ഥാനിൽനിന്നുള്ള ജോധ്പുർ എക്സ്‌പ്രസ് തീവണ്ടിയിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെർമോകോൾ പെട്ടികളിൽ നിറച്ച നിലയിൽ പട്ടിയിറച്ചി കണ്ടെടുത്തത്. എഗ്മൂർ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഇത്. ആദ്യം മാട്ടിറച്ചിയാണെന്നാണ് കരുതിയത്. പരിശോധനയിൽ പട്ടിയിറച്ചിയെന്ന്‌ കണ്ടെത്തുകയായിരുന്നു. ഇറച്ചിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ജോധ്പുരിൽ നിന്ന് മുഹമ്മദ് ഉമർ എന്ന പേരിലാണ് പാർസൽ അയച്ചിട്ടുള്ളത്. എന്നാൽ, സ്വീകർത്താവിന്റെ പേരിന്റെ സ്ഥാനത്ത് എ ഇസെഡ് എന്നു മാത്രമാണ് ഉണ്ടായിരുന്നത്. പാർസൽ അന്വേഷിച്ച് ഏതാനും ഇറച്ചിക്കച്ചവടക്കാർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസിന് സംശയം കനത്തത്. ഇതിനുപിന്നിൽ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും മറ്റും ലഭിക്കുന്ന സ്ഥലമാണ് ചെന്നൈ. തട്ടുകടകളിൽ ഗുണമേന്മ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി നേരത്തേ പരാതികളുണ്ട്. ആട്ടിറച്ചിയുമായി പട്ടിയിറച്ചിക്ക് സാമ്യമുള്ളതിനാൽ തിരിച്ചറിയുക പ്രയാസമാണെന്നാണ് പറയുന്നത്.

ചെന്നൈയിൽ പട്ടിയിറച്ചി പിടികൂടുന്നത് അത്യപൂർവമായ സംഭവമാണ്. നേരത്തേ പൂച്ചയിറച്ചി നഗരത്തിൽ പലയിടങ്ങളിൽനിന്ന് പിടിച്ചെടുത്തിരുന്നു.

content highlight: dog meat in chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram