തിരുവനന്തപുരത്ത് നടന്ന ഏകദിന ക്രിക്കറ്റിന്റെ ആദ്യ ഓവറുകളിൽ ഒരു ബിരിയാണിയുടെ വില 100 മുതൽ 150 രൂപ വരെ. വിൻഡീസിന്റെ വിക്കറ്റുകൾ ചറപറാ വീണു തുടങ്ങിയതോടെ ഭക്ഷണത്തിന്റെ വിലയും ഇടിഞ്ഞു തുടങ്ങി.
ശനിയാഴ്ച കാര്യവട്ടത്തു നടന്ന ഏകദിന ക്രിക്കറ്റിൽ വിൻഡീസിന്റെ ബാറ്റിങ് 104-ൽ തീർന്നതോടെ രണ്ടു ബിരിയാണിക്ക് നൂറായി വില. ഇന്ത്യൻ ടീമിൽ ശിഖർ ധവാന്റെ വിക്കറ്റ് വീഴുന്നതുവരെ വിലനിലവാരം ഇതുപോലെ കച്ചവടക്കാർ പിടിച്ചുനിർത്തി. എന്നാൽ, രോഹിത് ശർമയും വിരാട് കോലിയും ചേർന്നു വെടിക്കെട്ടു തുടങ്ങിയതോടെ എങ്ങനെയെങ്കിലും ബാക്കിയുള്ള ഭക്ഷണം വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായി കച്ചവടക്കാർ. അവസാനം അഞ്ച് ബിരിയാണി 100 രൂപയ്ക്കാണ് വിറ്റഴിച്ചത്. കാര്യവട്ടം സ്പോർട്‌സ് ഹബ്ബിലെ ഏകദിനമത്സര ദിവസത്തെ ഗാലറികളിലെ ഭക്ഷണ കച്ചവടക്കാരുടെ അവസ്ഥയായിരുന്നു ഇത്.
പല വമ്പൻ ഹോട്ടലുകളുടെയും സ്റ്റാളുകളിൽ ചായയ്ക്ക് 30 രൂപയും സാൻവിച്ചിന് അൻപത് രൂപയുമായിരുന്നു. പഫ്‌സ് അടക്കമുള്ളവ 30 രൂപയ്ക്കാണ് വിറ്റത്. എന്നാൽ, കളി പകുതിയായതോടെ ചായയുടെയും കടികളുടെയും വില താഴ്ന്ന് പത്തിലെത്തി. സാൻവിച്ച് ഒന്നു വാങ്ങുന്നവർക്ക് രണ്ടായി. പഫ്‌സും സമോസയുമൊക്കെ ഒന്നോ രണ്ടോ എടുത്താലും സന്തോഷം. കളി കഴിയാറായതോടെ ബിരിയാണി നൂറിന് അഞ്ച് എന്നു വിളിച്ചുപറഞ്ഞായിരുന്നു പല ഗാലറികളിലും വില്പന. അവസാനം സൗജന്യമായി വരെ ഭക്ഷണ പദാർത്ഥങ്ങൾ കാണികൾക്കു നൽകിയവരുണ്ട്. ഭക്ഷണവിതരണത്തിനു കരാറെടുത്തവർ നഷ്ടമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്.
പ്രധാന കരാറുകാരായ കുടുംബശ്രീക്ക് പക്ഷേ, നഷ്ടം വന്നില്ല. നാലു ലക്ഷം രൂപയുടെ വരുമാനം നേടാനും കുടുംബശ്രീ യൂണിറ്റുകൾക്കു സാധിച്ചു. കുടുംബശ്രീയുടെ ഭക്ഷണവിതരണത്തിന് സ്റ്റേഡിയത്തിൽ കേന്ദ്രീകൃത അടുക്കള തയ്യാറാക്കിയിരുന്നു. തുടക്കത്തിൽത്തന്നെ കളിയുടെ ഗതി കണ്ട് പാചകം ചെയ്യുന്നതിന്റെ അളവു കുറച്ചതായി ഇവർ പറഞ്ഞു. വിൻഡീസിന്റെ ബാറ്റിങ് തീർന്നതോടെ രാത്രിഭക്ഷണം തയ്യാറാക്കിയതുമില്ല. സാധാരണ ഗാലറികളിലെല്ലാം ഭക്ഷണവിതരണം കുടുംബശ്രീയായിരുന്നു.
ഉച്ചയ്ക്ക് 1.30-ന് തുടങ്ങിയ ഏകദിനമത്സരം രാത്രി പത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണമടക്കമാണ് പല ഹോട്ടലുകളും കാറ്ററിങ്ങുകാരും തയ്യാറാക്കിയിരുന്നത്. എന്നാൽ, ആദ്യ ഓവർ മുതൽ തന്നെ വിക്കറ്റുകൾ നഷ്ടമായ വിൻഡീസിന്റെ ബാറ്റിങ് നാലോടെ അവസാനിച്ചു. പിന്നെ ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വളരെക്കുറച്ചു സമയം മാത്രമേ വേണ്ടിവന്നുള്ളൂ.