ആദ്യം ഭക്ഷണം കഴിക്കും പിന്നെ ബ്ലോഗ്; ഇവര്‍ കൊച്ചിയിലെ ഫുഡ്ഡീസ്


അഞ്ജലി എന്‍ കുമാര്‍

4 min read
Read later
Print
Share

രുദിവസം എത്ര പ്രാവശ്യം പ്രഭാതഭക്ഷണം കഴിക്കാന്‍ സാധിക്കും...? സാധാരണ ഒരാളുടെ ഉത്തരം 'കുറഞ്ഞത് രണ്ട്' എന്നായിരിക്കും. എന്നാല്‍, രണ്ടിലോ മൂന്നിലോ നിര്‍ത്താതെ, വ്യത്യസ്തമായ ഭക്ഷണം തേടി പ്രഭാതഭക്ഷണം പലവട്ടമാക്കി, ഒടുവില്‍ ഉച്ചഭക്ഷണത്തില്‍ എത്തുന്നിടത്താണ് ഒരു 'ഫുഡി' ജനിക്കുന്നത്.

ഇത് ഒരു അതിശയോക്തിയല്ല. ഒരു ദിവസം കുറഞ്ഞത് 19 റസ്റ്റോറന്റുകള്‍ കയറിയിറങ്ങുന്ന 'ഫുഡി'മാര്‍ നമുക്കിടയിലുണ്ട്. ഇതില്‍ ഒരു വിഭാഗം ഭക്ഷണം കഴിക്കുക മാത്രമല്ല, മറ്റുള്ളവരെ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങള്‍ ഏത് വിഷയത്തില്‍ ആരംഭിച്ചാലും ഒടുവില്‍ ഭക്ഷണത്തില്‍ ചെന്നെത്തുന്നു... സ്ഥലം ചോദിച്ചെത്തുന്നവരോട് ഹോട്ടലുകളും മറ്റ് ഭക്ഷണ പോയിന്റുകളും ലാന്‍ഡ്മാര്‍ക്കായി പറയുന്നു... അങ്ങനെ പോകുന്നു ഭക്ഷണത്തോടുള്ള പ്രണയം.

ഭക്ഷണം കഴിക്കുന്നതോടൊപ്പം അവയെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയും എഴുതുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകളുണ്ട് നഗരത്തില്‍. പല പേരുകളില്‍ പല തരത്തില്‍ ഇവര്‍ ഭക്ഷണത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. വ്യക്തികളായും ഗ്രൂപ്പുകളായും ഇവര്‍ ഭക്ഷണത്തിന്റെ കഥകള്‍ വിളമ്പുന്നു. അവരാണ് 'ഫുഡ് ബ്ലോഗര്‍'മാര്‍. 'ഈറ്റ് കൊച്ചി ഈറ്റ്', 'ഹഗ്രി കൊച്ചിന്‍', 'ദ കൊച്ചിന്‍ ഫുഡ് ബ്ലോഗ്, 'സസ്യഭുക്കഡ്' തുടങ്ങി വിവിധ പേജുകളാണ് ഭക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമായുള്ളത്.

എന്നാല്‍, ഈ എണ്ണത്തിന്റെ പതിന്മടങ്ങാണ് ഫുഡ് ബ്ലോഗര്‍മാരുടെ എണ്ണം. ഫെയ്‌സ്ബുക്കില്‍ ആരംഭിച്ച ഈ ട്രെന്‍ഡ് ഇന്ന് ഇന്‍സ്റ്റഗ്രാമിലെ താളുകളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കൊച്ചിയിലെ ഭക്ഷണക്കൂട്ടത്തിന് കാരണക്കാരായ കാഞ്ഞിരപ്പള്ളി സ്വദേശി കാര്‍ത്തിക് മുരളി, രാഹുല്‍ നാരായണന്‍ കുട്ടി, ടിനു ടെറന്‍സ്, ജയ് മേനോന്‍, സല്‍മാന്‍ ഫാരിസ് തുടങ്ങി കൊച്ചിയിലെ ഫുഡ് ബ്ലോഗര്‍മാര്‍ ഓരോ ദിവസവും കൊതിയൂറുന്ന ഭക്ഷ്യവിഭവങ്ങളാണ് ക്ലിക്ക് ചെയ്ത് പോസ്റ്റ് ചെയ്യുന്നത്.

കാഞ്ഞിരപ്പള്ളിക്കാരന്റെ'കൊച്ചി ഗ്രൂപ്പ്'

കാഞ്ഞിരപ്പള്ളിയില്‍നിന്ന് 2012-ല്‍ കൊച്ചിയില്‍ എത്തുന്നതോടെയാണ് കാര്‍ത്തിക് മുരളി ഒരു ഭക്ഷണക്കൂട്ടത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. കൊച്ചിയിലെ ഭക്ഷണസാധ്യതകളറിയാതെ എത്തിയ വ്യക്തിയായിരുന്നു കാര്‍ത്തിക്. കൊച്ചിയിലെത്തുന്ന ഭക്ഷണപ്രിയര്‍ക്ക് ഇതൊരു പ്രശ്‌നമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍, പുതിയൊരു സംഘത്തെ കണ്ടെത്താന്‍ ഒരു ഗ്രൂപ്പ് ആരംഭിക്കാമെന്ന ചിന്തയിലെത്തി. ഇതാണ് 2015-ല്‍ 'ഈറ്റ് കൊച്ചി ഈറ്റ്'എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആരംഭിക്കാന്‍ കാരണമായത്.

നല്ല പൊറോട്ടയും ബീഫും എവിടെ കിട്ടുമെന്ന് ചോദിച്ചാല്‍ കളിയാക്കാതെ കൃത്യമായി വളരെ സീരിയസായി മറുപടി പറയുന്ന, ഏതൊരു നേരത്തും ഭക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്ന ഗ്രൂപ്പായി അത് മാറി. ഏറ്റവും പുതിയ ഹോട്ടലുകളെക്കുറിച്ചും കഴിഞ്ഞ 19 വര്‍ഷമായി രവിപുരത്ത് ഒരേ സ്ഥലത്ത് ഒരേ വിഭവങ്ങളുമായി തട്ടുകട നടത്തുന്ന ചേട്ടനെക്കുറിച്ചും ഈ ഗ്രൂപ്പിലൂടെ ലോകം അറിഞ്ഞു. അതിലൂടെതന്നെ ഓരോരുത്തരും സ്വതന്ത്ര ഫുഡ് ബ്ലോഗര്‍മാരുമായി മാറുകയും ചെയ്തു.

ഫെയ്‌സ്ബുക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്കും 'ഈറ്റ് കൊച്ചി ഈറ്റ്' എത്തി. ഓരോ പോസ്റ്റിന്റെയും വിവരണം എന്തായാലും കാണുന്നവര്‍ക്ക് അതേ സ്ഥലത്തുപോയി ആ ഡിഷ് കഴിക്കാന്‍ സാധിക്കണം. അതുകൊണ്ടുതന്നെ, കൊച്ചി കേന്ദ്രീകരിച്ചാണ് 'ഈറ്റ് കൊച്ചി ഈറ്റ്' നിലകൊണ്ടത്.

വ്യത്യസ്ത സ്വാദുകള്‍...ആശയങ്ങള്‍

'രാഹുല്‍സ് ഫുഡ് സീന്‍സ്' എന്ന ഇന്‍സ്റ്റ പേജിലൂടെ രാഹുല്‍ നാരായണന്‍കുട്ടി നാടന്‍ ഭക്ഷണവും തനി നാടന്‍കടകളും തട്ടുകളും കേന്ദ്രീകരിച്ചപ്പോള്‍ 'സല്‍മാന്‍ ദ ഫുഡി' എന്ന പേരില്‍ സല്‍മാന്‍ ഫാരിസ് സീഫുഡിനെക്കുറിച്ച് വിവരിച്ചു. ജയ് മേനോന്‍ തന്റെ ഇഷ്ടഭക്ഷണമായ ബീഫിനെക്കുറിച്ച് 'ഫുഡി മേനോന്‍' എന്ന പേജില്‍ പോസ്റ്റ് ചെയ്ത് വ്യൂവേഴ്സിന്റെ 'ബീഫ് മേനോനും ബീഫേട്ടനു'മായി.

വെബ്സൈറ്റും ഇന്‍സ്റ്റ പേജുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്താണ് 'ലെറ്റ്സ് സ്റ്റോക്ക് ഫുഡി'ലൂടെ ടീനു ടെറന്‍സ് കടന്നുവന്നത്. ഇവരെല്ലാം ഇന്ന് കൊച്ചിയുടെ സ്വന്തം ഫുഡ് ബ്ലോഗര്‍മാരാണ്. ഭക്ഷണം മാത്രമല്ല ഇവരുടെ ലോകം, ഐ.ടി. ജീവനക്കാരനും വക്കീലും ബിസിനസുകാരും എഴുത്തുകാരുമാണ് ഈ സംഘത്തിലുള്ളത്. എന്നാല്‍, ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഇവര്‍ക്ക് എപ്പോഴും ഉത്തരമുണ്ട്.

ഭക്ഷണംവന്നാല്‍ ആദ്യം ക്ലിക്കണം

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നാല്‍ ആദ്യം കൈ ഫോണിലേക്ക് നീളും. ഇപ്പോള്‍ അത് വളരെ യാന്ത്രികമായി നടക്കുന്ന ഒന്നാണ്. 'ഒരു ഫോട്ടോയെങ്കിലുമെടുക്കാതെ ഇപ്പോള്‍ ഭക്ഷണം കഴിക്കാറേയില്ല' എന്ന് ടിനു പറയുന്നു. ആദ്യമെല്ലാം മറ്റുള്ളവരുടെ കൂടെ ഭക്ഷണംകഴിക്കാന്‍ പോകുമ്പോള്‍ വളരെ ബുദ്ധിമുട്ടായിരുന്നു. 'ഭക്ഷണംവന്ന് കഴിക്കാന്‍ പോകുമ്പോഴായിരിക്കും ഫോട്ടോ എടുക്കാന്‍ തയ്യാറാവുക. വീട്ടുകാരൊക്കെ കണ്ണുരുട്ടാന്‍ തുടങ്ങി... പക്ഷേ, നമ്മള്‍ ഇത് നിര്‍ത്തില്ലെന്നു കണ്ടപ്പോള്‍ അവരും അടങ്ങി. ഇപ്പോള്‍ ഭക്ഷണം വന്നാല്‍ ഇങ്ങോട്ട് ചോദിക്കും ഫോട്ടോ എടുക്കുന്നില്ലേ... എന്ന്' -രാഹുല്‍ പറഞ്ഞു. 'ഇന്ന് അമ്മയാണ് നല്ല ആംഗിള്‍ ഒക്കെ കണ്ടെത്തിത്തരുന്നത്' എന്നും ടിനു കൂട്ടിച്ചേര്‍ത്തു.

'ഓരോ പോസ്റ്റിനും ഏറ്റവും പ്രധാനമായി വേണ്ടത് നമ്മള്‍ പറയാനുദ്ദേശിക്കുന്ന ഡിഷിന്റെ നല്ല ചിത്രമാണ്. കാണുന്നവരെ ആകര്‍ഷിക്കുന്ന തലത്തിലാവണം ചിത്രം വരേണ്ടത്. അതിനായി നല്ല ആംഗിളുകളിലും പശ്ചാത്തലത്തിലും ഫോട്ടോ എടുക്കാന്‍ ശ്രമിക്കും' എന്ന് സല്‍മാന്‍ ഫാരിസ് പറയുന്നു. 'നമ്മള്‍ പറഞ്ഞ ഭക്ഷണം കാണുന്നവര്‍ പോയി കഴിച്ച് അത് നല്ലതായിരുന്നു എന്നു പറയുന്നിടത്താണ് ഈ ചെയ്യുന്നതിന്റെ ത്രില്‍ കിടക്കുന്നത്. അതിലേക്കുള്ള ആദ്യപടിയാണ് ചിത്രം. ചിത്രം എടുക്കുന്നതിനായി നല്ല വെളിച്ചമുള്ള സ്ഥലവും സമയവും ആംഗിളും തിരഞ്ഞെടുക്കാറുണ്ട്'.

റേറ്റിങ്ങും പെയ്ഡ് പ്രൊമോഷനും

എല്ലാവരും പറയും ഫുഡ് ബ്ലോഗര്‍മാര്‍ക്ക്, അല്ലെങ്കില്‍ 'ഈറ്റ് കൊച്ചി ഈറ്റ്' അംഗങ്ങള്‍ക്ക് റസ്റ്റോറന്റുകളില്‍ ഫ്രീ ആണെന്നും ഓഫര്‍ ലഭിക്കുമെന്നുമൊക്കെ. 'ഭക്ഷണം വിലകുറച്ച് തന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ മോശം റേറ്റിങ് തന്ന് റിവ്യൂ എഴുതും' എന്നു പറയുന്നവരും കൊച്ചിയിലുണ്ട്. എന്നാല്‍, ഇതൊന്നുമല്ല യാഥാര്‍ത്ഥ്യം... പെയ്ഡ്‌ െപ്രാമോഷന്‍ ഉണ്ട്. എന്നാല്‍, അവയെല്ലാം ആ പോസ്റ്റില്‍ത്തന്നെ പറഞ്ഞിരിക്കും.

കഴിച്ച് ഇഷ്ടപ്പെട്ടാല്‍ മാത്രമേ, പെയ്ഡ് ആണെങ്കില്‍പ്പോലും, ആ ഹോട്ടലിന്റെ ഭക്ഷണം പോസ്റ്റ് ചെയ്യാറുള്ളൂവെന്ന് കാര്‍ത്തിക് മുരളി പറയുന്നു.

'ഫുഡ് ബ്ലോഗിങ് എന്നുപറയുന്നത് ഒരു പാഷന്‍ ആണ്. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ കണ്ണടച്ച് ഒരു റിവ്യൂ എഴുതാറില്ല' -ജയ് മേനോന്‍ പറഞ്ഞു.

'വളരെ ആത്മാര്‍ഥമായി ഞങ്ങളെ ഫോളോ ചെയ്യുന്ന ആളുകളുണ്ട്. നമ്മള്‍ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചറിഞ്ഞ് അവ കഴിക്കാന്‍ താത്പര്യമുള്ളവര്‍. അവരെ ചതിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഭക്ഷണം ഇഷ്ടപ്പെടാതെ പൈസ തിരികെ കൊടുത്ത അവസ്ഥകളും ഉണ്ടായിട്ടുണ്ട്' -സംഘം പറയുന്നു.

'ഭക്ഷണം എന്നു പറയുന്നത് വ്യക്തികേന്ദ്രീകൃതമായ കാര്യമാണ്. എനിക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍, ഇവിടെ ഇരിക്കുന്ന നാലുപേര്‍ക്കും അത് ഇഷ്ടപ്പെടണമെന്നില്ല... എത്ര നല്ലതാണ് എന്നു പറഞ്ഞാലും അതാണ് സ്ഥിതി. അതുകൊണ്ടുതന്നെ, ഞങ്ങളുടെ ഓരോരുത്തരുടെയും റിവ്യൂ ഒരു റഫറന്‍സ് ആയി മാത്രം കണ്ടാല്‍ മതിയാകും' -ടിനു പറഞ്ഞു.

'ഒരുവട്ടം റസ്റ്റോറന്റിലെ മീന്‍കറിയെക്കുറിച്ച് പോസ്റ്റിട്ടിരുന്നു സല്‍മാന്‍. തൊട്ടടുത്ത ദിവസം ഒരു വ്യക്തി ഇന്‍ബോക്‌സില്‍ നല്ല ചീത്തവിളിയായിരുന്നു, അതേ ഹോട്ടലില്‍നിന്ന് അപ്പവും കറിയും കഴിച്ചു, സ്വാദില്ലെന്നും മോശമാണെന്നും പറഞ്ഞ്. ഞാന്‍ എഴുതിയത് മീന്‍കറിയെ കുറിച്ചാണ്, അല്ലാതെ ആ റസ്റ്റോറന്റിനെക്കുറിച്ചല്ല. ഇത് മനസ്സിലാക്കാതെയാണ് ഓരോരുത്തര്‍ ചീത്തവിളിക്കുന്നത്' -സല്‍മാന്‍ പറഞ്ഞു.

'ഞങ്ങളാരും ഭക്ഷണത്തിന് റേറ്റിങ് നല്‍കാറില്ല. എങ്ങനെയാണ് ഭക്ഷണത്തെ റേറ്റ് ചെയ്യുക എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പലരും അങ്ങനെ ചെയ്തുകണ്ടിട്ടുണ്ട്. എന്നാല്‍, എങ്ങനെയാണ് അത് ചെയ്തതെന്നു ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി കിട്ടാറില്ല. വിവിധ ഘടകങ്ങള്‍ െവച്ച് കൃത്യമായ രീതിയിലാണെങ്കില്‍ ശരി. എന്നാല്‍, പലപ്പോഴും അതൊന്നും ഉണ്ടാകാറില്ല' -രാഹുല്‍ പറയുന്നു.

ഭക്ഷണം ചതിച്ചിട്ടുണ്ടോ...?

'ഭക്ഷണം ജീവനാണ് ഫുഡ് ബ്ലോഗര്‍മാരായ സംഘത്തിന്. എപ്പോഴും തയ്യാറാണ് ഭക്ഷണം കഴിക്കാന്‍. എന്നാല്‍ മോശം ഭക്ഷണം കഴിച്ചിട്ടുമുണ്ട്, പണി കിട്ടിയിട്ടുമുണ്ട്' -ജയ് മേനോന്‍ പറഞ്ഞു. '10 സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ ചിലപ്പോള്‍ രണ്ടുസ്ഥലം വളരെ മോശമായിരിക്കും. മൂന്നുനാല് ദിവസമൊക്കെ അസുഖംവന്ന് കിടന്നിട്ടുണ്ട്. പക്ഷേ, അതൊന്നും ഇതുവരെ ഭക്ഷണം പരീക്ഷിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചിട്ടില്ല.'

ഭക്ഷണത്തോട് പ്രണയം

'എങ്ങനെയാണ് ഇത്രയും ഇഷ്ടം ഭക്ഷണത്തോട്... എന്നു ചോദിച്ചാല്‍ അറിയാന്‍വയ്യ. ജനിച്ചപ്പോള്‍ത്തൊട്ടുള്ള ഒരു ഇഷ്ടമാണിത്...' -ടിനു പറഞ്ഞു.

'കുട്ടിക്കാലത്ത് മതപഠനത്തിന് പോയപ്പോള്‍ നല്ലത് ചെയ്താല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് ഉസ്താദ് പറഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍ പോയാല്‍ മീന്‍ പൊരിച്ചത് കിട്ടുമോ എന്നാണ് ഞാന്‍ ചോദിച്ചത്... അന്നേ തുടങ്ങിയതാണ് ഭക്ഷണത്തോടുള്ള ഇഷ്ടം' -സല്‍മാന്‍ പറഞ്ഞു.

Content Highlights: food bloggers in kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram