വൈകീട്ട് നാല് മണി കഴിഞ്ഞാല്‍ ആദാമിന്റെ ചായക്കടയില്‍ വന്‍തിരക്കാണ്. വോള്‍ക്കാനിക് ചായയും 'ചക്കിക്കൊത്ത ചങ്കരന്‍' കോമ്പോയുമാണ് പുതിയ താരം.
ആദാമിന്റെ ചായക്കടയിലെത്തി ഒരു വോള്‍ക്കാനിക് ചായ ഓര്‍ഡര്‍ ചെയ്താല്‍, ആദ്യമൊരു മണ്‍ചട്ടിയാണ് നിങ്ങളുടെ മുന്നിലെത്തുക. മൂന്ന് നാല് മണിക്കൂര്‍ കനലില്‍ ചുട്ടെടുത്ത ഒരു മണ്‍ചട്ടി. അതില്‍ നിങ്ങളുടെ കണ്‍മുന്നില്‍, 10- 15 സെക്കന്റിനുള്ളില്‍ വോള്‍ക്കാനോപോലെ ചായ പതഞ്ഞു പൊന്തും. മണ്‍ചട്ടിയില്‍ 'വെന്ത' ഈ ചായയുടെ മണം നിങ്ങളെ മത്ത് പിടിപ്പിക്കും. അതിന്റെ രുചി നിങ്ങളെ വീണ്ടും ഇവിടേക്ക് വരുത്തും.
ചൂടോടെ അടിച്ച്, മേശപ്പുറത്ത് കിട്ടുന്ന ആവി പറക്കുന്ന ചായയേക്കാള്‍ രുചിയിലും ഗുണത്തിലും കേമനാണ് വോള്‍ക്കാനിക് ചായ. തന്തൂരി കോണ്‍സെപ്റ്റില്‍ ഉണ്ടാക്കുന്ന ഈ ചായ കൂടുതല്‍ പ്യൂരിഫൈഡ് ആണ്. മണ്‍പാത്രങ്ങളില്‍ വേവിക്കുന്ന വിഭവങ്ങള്‍ക്കുള്ള ആ വേറിട്ട രുചി വോള്‍ക്കാനിക് ചായയ്ക്കുമുണ്ട്.
'ഇപ്പോള്‍ കേരള സ്‌പൈസസ് എന്ന ഒറ്റ ഫ്‌ളേവറിലുള്ള വോള്‍ക്കാനിക് ചായയാണ് ഇവിടെ നല്‍കുന്നത്. 20 ഫ്‌ളേവറുകള്‍ കൂടി ഉടന്‍ അവതരിപ്പിക്കാനാണ് പ്ലാന്‍,' ആദാമിന്റെ ചായക്കടയുടെ ഉടമ അനീസ് ആദം പറയുന്നു. പരീക്ഷാടിസ്ഥാനത്തില്‍ കോഴിക്കോട്ടെ കടയില്‍ മൂന്ന് ആഴ്ച മുമ്പ് അവതരിപ്പിച്ച വോള്‍ക്കാനിക് ചായക്ക് വലിയ സ്വീകാര്യത ലഭിച്ചു. അതേത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെ ഷോപ്പിലും അനീസ് ഈ ചായ പരീക്ഷിച്ചു. ഇവിടെയും സംഭവം ക്ലിക്കായി. ഗള്‍ഫില്‍ ആദ്യമായി വോള്‍ക്കാനിക് ചായ അവതരപ്പിച്ചതും ആദാമിന്റെ ചായക്കടയിലാണ്.
നാല് മണിക്ക് ചായക്കടയിലെത്തുന്നവര്‍ക്ക് വോള്‍ക്കാനിക് ചായ നല്‍കാനുള്ള ഒരുക്കങ്ങള്‍ കാലത്തുതന്നെ തുടങ്ങും. മൂന്ന് നാല് മണിക്കൂര്‍ നേരം മണ്‍ചട്ടി കനലില്‍ ചുട്ടെടുത്ത് പാകമാക്കണം. ഓരോ ദിവസവും, അന്നത്തേക്കുള്ള ചായപ്പൊടി ഫ്രഷായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുന്നു. അതിന്റെ ഡിക്കോഷന്‍ ദം ചെയ്‌ത് വയ്ക്കുന്നു.
ചക്കിക്കൊത്ത ചങ്കരന്‍ എന്ന കോമ്പോയൊടൊപ്പം വോള്‍ക്കാനിക് ചായ കൂടി കുടിക്കുമ്പോള്‍ അതിന്റെ ഫീല്‍ ഒന്നുവേറെയാണ്. പഴംപൊരി + ബീഫ്/ചിക്കന്‍ റോസ്റ്റ്, ഉന്നക്കായ + മീന്‍ മുളകിട്ട് വച്ചത്, മുളകുവട/ ഉഴുന്നുവട + ചിക്കന്‍/ബീഫ് റോസ്റ്റ്... വ്യത്യസ്തമായ രുചികള്‍ കൂട്ടുകൂടുന്ന ഈ കോമ്പിനേഷനുകളാണ് ചക്കിക്കൊത്ത ചങ്കരന്‍ കോമ്പോയിലുള്ളത്.
ഇപ്പോള്‍ ആദാമിന്റെ ചായക്കടയില്‍ അറേബ്യന്‍ ചായ, ആദിവാസ ചായ, റോസാപ്പൂ ചായ, മുല്ലപ്പൂ ചായ, ഇഞ്ചിപ്പുല്‍ ചായ തുടങ്ങി ഡിഫറന്റായ ചായകള്‍ പലതുണ്ട്. ഈ ഫ്‌ളേവറുകളെല്ലാം വോള്‍ക്കാനിക് ചായയിലും പരീക്ഷിക്കാനൊരുങ്ങുകയാണ് അനീസ്.
ഇനി, പിടുത്തം വിട്ടതും വാരിപ്പിടിച്ചതുമായ രുചികള്‍ മാത്രമല്ല, വോള്‍ക്കാനിക് ചായയുടെ രുചിയും മണവും ആദാമിന്റെ ചായക്കടയിലേക്ക് നമ്മെ ക്ഷണിക്കും. ഓര്‍ക്കുക, കോഴിക്കോടും ദുബായിലും മാത്രമാണ് ആദാമിന്റെ ചായക്കട ഉള്ളത്. ഇതേ പേരില്‍, ഇതേ സെറ്റപ്പില്‍ കാണുന്ന മറ്റ് ചായക്കടകളില്‍ പേരില്‍ മാത്രമേ ആദാമുളളു. നാടന്‍ വിഭവങ്ങളെ ന്യൂജെന്‍ രുചിവിസ്മയങ്ങളാക്കി മാറ്റുന്ന മാജിക്, അനീസ് ആദമിന് ട്രെയ്ഡ്മാര്‍ക്ക് ലൈസന്‍സുള്ള ഒറിജിനല്‍ ആദാമിന്റെ ചായക്കടയിലേ ഉണ്ടാകൂ.
Content Highlights: Volcanic Tea at Adaminte Chayakkada