ഈ ആഴ്ചയിലെ യുഗാണ്‍ഡന്‍ യാത്രാനുഭവമെന്തായിരിക്കണമെന്ന് ഓര്‍ത്തപ്പോഴാണ് എന്റെ എഴുത്ത് മുടങ്ങാതെ വായിക്കുന്ന ചില സുഹൃത്തുക്കളുടെ ആവശ്യം മനസ്സിലുയര്‍ന്നത്. യുഗാണ്‍ഡന്‍ ഭക്ഷണങ്ങളെക്കുറിച്ചും പാചകകലയെക്കുറിച്ചും ഒന്നെഴുതണേ എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
യുഗാണ്‍ഡയില്‍ ഞങ്ങള്‍ക്ക് ആതിഥ്യമരുളിയവരില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെയായിരുന്നു. നാട്ടില്‍നിന്ന് ഏറെയകലെ നമ്മുടെ വിഭവങ്ങളെക്കുറിച്ച് ഗൃഹാതുരത്വം പേറുന്നവര്‍. അതുകൊണ്ടുതന്നെ ചോറും കപ്പയും മീന്‍കറിയും കോഴിക്കറിയും പുട്ടും കടലയും വെള്ളേപ്പവുമൊക്കെയായി തനി കേരളീയ ഭക്ഷണമൊരുക്കിയാണ് എല്ലാവരും ഞങ്ങളെ സ്വീകരിച്ചത്. തൃശ്ശൂര്‍ക്കാരനായ ആര്‍തറും ഭാര്യ ആന്‍സിയുമാണ് യുഗാണ്‍ഡന്‍ ഭക്ഷണവും രീതികളും ഞങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നത്.
മണ്ണുത്തിയിലെ ചിറയത്ത് പ്രിന്റേഴ്സ് ഉടമ ഫ്രാന്‍സിസിന്റെ ബന്ധുവായ ആര്‍തറെക്കുറിച്ച് യുഗാണ്‍ഡയിലെത്തും മുന്‍പേ ഞാനറിഞ്ഞിരുന്നു. കംപാലയില്‍ പലതവണ ഞങ്ങളെ സന്ദര്‍ശിക്കുകയും ദീര്‍ഘസംഭാഷണം നടത്തുകയും ചെയ്ത ആര്‍തര്‍, ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കും കൂട്ടിക്കൊണ്ടുപോയി. ജോലി യുഗാണ്‍ഡയിലാണെന്നതുകൊണ്ടുമാത്രം നാട്ടില്‍നിന്ന് പെണ്ണ് കിട്ടുവാന്‍ ബുദ്ധിമുട്ടിയതും ഒടുവില്‍ തന്നോട് ദയ തോന്നിയതുകൊണ്ടാണ് ആന്‍സി വിവാഹത്തിന് സമ്മതമേകിയതെന്നും ആര്‍തര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ യുഗാണ്‍ഡന്‍ ഭക്ഷണങ്ങളെക്കുറിച്ചറിയണമെന്ന ആഗ്രഹം പങ്കുവെച്ചു. പ്രകൃതിയോടേറെയിണങ്ങിയ ഭക്ഷണരീതികളാണ് ഇവിടത്തുകാരുടേത്. ഒരുപക്ഷേ നമ്മള്‍ മലയാളികള്‍ക്ക് ഇവിടത്തെ വിഭവങ്ങള്‍ അത്ര രുചികരമാവണമെന്നില്ല. കാരണം മസാലക്കൂട്ടുകളും മറ്റും അത്രയധികം ഇവിടത്തെ ഭക്ഷണത്തിലുണ്ടാകില്ല. അതായത് ഉപ്പും മുളകും പുളിയുമൊക്കെ അല്പം കുറവാകുമെന്നര്‍ത്ഥം -ആര്‍തര്‍ വിശദമാക്കി.
മലയാളികള്‍ക്ക് ചോറെന്നപോലെ ഇവിടത്തുകാരുടെ പ്രധാന ഭക്ഷണമാണ് മടോക്കി. പച്ചക്കായ ചതച്ച് വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന വിഭവം. ചിക്കന്‍, ബീഫ്, മീന്‍ എന്നിവയിലേതെങ്കിലും കറികള്‍ ചേര്‍ത്ത് മടോക്കി കഴിക്കുകയാണ് സാധാരണക്കാരന്റെ രീതി. പക്ഷേ ഈ കറികളെല്ലാം നമ്മുടെ നാട്ടിലേതുപോലാണെന്നു കരുതരുത്. എരിവും മസാലയും മറ്റും മിതമായ അളവില്‍ മാത്രമേ ഉണ്ടാകൂ. ധാരാളം തടാകങ്ങളും പുഴകളുമുള്ള ഈ നാട് മത്സ്യസമ്പത്തുകൊണ്ടും സമ്പന്നമാണ്. ആഫ്രിക്കയില്‍വെച്ച് ഏറ്റവും വ്യത്യസ്തമായതും കലര്‍പ്പില്ലാത്തതുമായ ഭക്ഷണം ലഭിക്കുന്നത് യുഗാണ്‍ഡയില്‍ തന്നെയാണ്.
കാരണം ഈ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ തന്നെയാണ് ഇവിടത്തുകാര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് -ആര്‍തര്‍ പറഞ്ഞു.
ആര്‍തറും കുടുംബവും ഞങ്ങളെ അവരുടെ വീടിന് തൊട്ടടുത്തുള്ള ആഫ്രിക്കന്‍ വിഭവങ്ങള്‍ മാത്രം ലഭിക്കുന്ന റസ്റ്റോറന്റിലേയ്ക്ക് കൊണ്ടുപോയി. യുഗാണ്‍ഡയിലെ ഭക്ഷണശാലകളില്‍ ബുഫെ സമ്പ്രദായം വളരെ സാധാരണമാണ്. പോക്കറ്റിന് താങ്ങാവുന്ന വിലയ്ക്ക് ഒട്ടേറെ വിഭവങ്ങള്‍. ഞങ്ങള്‍ പോയ റസ്റ്റോറന്റിലും ബുഫെ സമ്പ്രദായമായിരുന്നു. നീണ്ട ഹാളില്‍ വ്യത്യസ്ത വിഭവങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. അധികവും കായകൊണ്ടുള്ള വിഭവങ്ങള്‍; മടോക്കിയുടെ വ്യത്യസ്ത രൂപങ്ങള്‍. അധികവും ആവിയില്‍ പുഴുങ്ങിയെടുത്തത്. പിന്നെ വ്യത്യസ്ത വിഭവങ്ങള്‍കൊണ്ടുള്ള സ്റ്റ്യൂകള്‍, സൂപ്പുകള്‍, ജ്യൂസുകള്‍...
ഇതിനിടെ പോഷോ എന്നൊരു വിഭവം ആന്‍സി പരിചയപ്പെടുത്തി. ചോളം പൊടിച്ച് ആവി കയറ്റിയുണ്ടാക്കുന്നതാണ് പോഷോ. ഇതിനോടൊപ്പം നിലക്കടല അരച്ചെടുത്ത് തയ്യാറാക്കിയ പേസ്റ്റ്, ബീന്‍സ് എന്നിവയെല്ലാം ചേര്‍ത്താണ് പോഷോ വേവിച്ചെടുക്കുന്നത്. ബീഫും ചിക്കനും മീനും തന്നെയാണ് ഇതിനൊപ്പം ചേരുന്ന കറികള്‍. ചീര അരച്ചുചേര്‍ത്തും പോഷോ വേവിക്കാറുണ്ട്. പോഷോയില്‍ അല്പം ഉപ്പ് ചേര്‍ക്കുമെങ്കിലും മുളക് മസാലക്കൂട്ടുകളിടില്ല.
ഹോട്ടല്‍ മേശപ്പുറത്തെ ഓരോ വിഭവവും ആര്‍തറും ആന്‍സിയും പരിചയപ്പെടുത്തി. ചീര, നിലക്കടല പേസ്റ്റ് ചേര്‍ത്ത പോഷോ, സ്വീറ്റ് പൊട്ടറ്റോ, കസാവ(കപ്പ), ഗ്രീന്‍പീസ്, അവക്കാടോ (വെണ്ണപ്പഴം), സ്റ്റ്യൂകള്‍... അങ്ങനെ വിഭവങ്ങളുടെ വന്‍നിര. ഒടുവില്‍ പാഷന്‍ ഫ്രൂട്ട്, തണ്ണിമത്തന്‍, പൈനാപ്പിള്‍, പപ്പായ എന്നിവ ചേര്‍ത്ത പഴച്ചാറുകളും മേശപ്പുറത്തുണ്ട്.
യുഗാണ്‍ഡയിലെ ഇടത്തരക്കാരന്റെ മേശപ്പുറം ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണക്കാരുടെ ഭക്ഷണത്തില്‍ അധികവും കായകൊണ്ടുള്ള വിഭവങ്ങളും മീനുമാണ്. ശരീരവളര്‍ച്ചയ്ക്കുതകുന്ന ഭക്ഷണരീതിയും മിതശീതോഷ്ണ കാലാവസ്ഥയും ഇവിടത്തെ കുട്ടികളെയും ചെറുപ്പക്കാരെയും കരുത്തരാക്കുന്നു.
കംപാല കാര്‍ണിവലിനിടെ ഒരു റസ്റ്റോറന്റ് സന്ദര്‍ശിച്ചതും ഓര്‍മയിലെത്തി. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുമ്പോള്‍ കണ്ടു തൊട്ടു മുന്നിലെ വലിയ വട്ടമേശയ്ക്കു ചുറ്റും അഞ്ച് കുട്ടികള്‍. മത്സരവേദിയിലെന്നപോലെ അവര്‍ ചിത്രങ്ങള്‍ മത്സരിച്ച് വരയ്ക്കുന്നു. മുന്നില്‍ ചായക്കൂട്ടുകള്‍. മേശയ്ക്കു ചുറ്റും ബലൂണുകള്‍കൊണ്ടും മറ്റും അലങ്കരിച്ചിരിക്കുകയാണ്. കുട്ടികളുടെ കൂടെ അവര്‍ക്ക് നിര്‍ദേശങ്ങളേകി രണ്ട് സ്ത്രീകളുമുണ്ട്.
സംഭാഷണത്തില്‍നിന്ന് അമ്മയെന്ന് തോന്നിച്ച സ്ത്രീയോട് കുട്ടികളുടെ പടമെടുക്കാന്‍ അനുവാദം ചോദിച്ചു. ഭക്ഷണം ഓര്‍ഡര്‍ചെയ്ത ശേഷമുള്ള ഇടവേളയില്‍ കുട്ടികള്‍ക്കായി ഹോട്ടലുകാര്‍ സമ്മാനിക്കുന്നതാണ് ചായക്കൂട്ടുകളും പേപ്പറും മറ്റും. ചിത്രങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായി. അപ്പോഴേയ്ക്കും ഭക്ഷണമെത്തി. പിസയോ ബര്‍ഗറോ ഐസ്‌ക്രീമോ അല്ല. അല്പം ആഫ്രിക്കന്‍ ചിപ്സ്, റൊട്ടി, മാംസവിഭവങ്ങള്‍ പിന്നെ പഴങ്ങളും. കുട്ടികള്‍ സന്തോഷത്തോടെ ചിത്രങ്ങള്‍ മാറ്റിവെച്ച് ഭക്ഷണം കഴിക്കാനൊരുങ്ങി.
ContentHighlights: uganda travel dairies, uganda food culture, uganda foods