മരിച്ചാലും മറക്കില്ല...ഈ ചായക്കടയിലിരിക്കുമ്പോൾ മരിച്ചവരുടെ മുഖം മുന്നിൽ തെളിയും


ചായ കുടിക്കാൻ തോമേട്ടന്റെ കടയിലെത്തിയതു തന്നെ നാട്ടിലാരൊക്കെ മരിച്ചു എന്നറിയാനാണ്. ഈ ചായക്കടയിലെ ചുവരിന്റെ ഒരു ഭാഗം മരിച്ചവർക്കുള്ളതാണ്.

ശ്വരാ ഇയാൾ മരിച്ചുപോയോ....’ മൂന്നു വർഷത്തിനുശേഷം വിദേശത്തു നിന്ന്‌ നാട്ടിൽ തിരിച്ചെത്തിയ ആൾ തോമേട്ടനോട് ചോദിച്ചു. തൊട്ടടുത്ത് വീടുണ്ടായിട്ടും ചായ കുടിക്കാൻ തോമേട്ടന്റെ കടയിലെത്തിയതുതന്നെ നാട്ടിലാരൊക്കെ മരിച്ചു എന്നറിയാനാണ്. ഈ ചായക്കടയിലിരിക്കുമ്പോൾ മരിച്ചവരുടെ മുഖം മുന്നിൽ തെളിയും.

ഇതാണ് കിഴക്കേക്കോട്ടയിലെ തോമേട്ടന്റെ ചായക്കട. ’സൗമ്യ’ എന്നാണ് ചായക്കടയ്ക്ക് പേരെങ്കിലും ആ പേരുപറഞ്ഞാൽ ആരുമറിയില്ല. തോമേട്ടന്റെ ചായക്കടയെന്നു തന്നെ ചോദിക്കണം....ഈ ചായക്കടയിലെ ചുവരിന്റെ ഒരു ഭാഗം മരിച്ചവർക്കുള്ളതാണ്. ചുവർ നിറയെ മരിച്ചവരുടെ ചിത്രങ്ങളാണ്.

ഈ ചിത്രങ്ങളിലുള്ളവരെല്ലാം തോമേട്ടന്റെ കടയിൽ നിന്ന് ചായ കുടിച്ചിരുന്നവരോ അവരുടെ വീട്ടുകാരോ ആണ്. തന്റെ കടയിൽ വന്നു പോയിരുന്നവരെ തോമേട്ടന്റെ സ്‌നേഹ മനസ്സ് ഇങ്ങനെ നമിക്കുന്നു. ഒരിക്കൽ കലാഭവൻ മണി തോമേട്ടന്റെ കടയിൽ വന്നു ചായ കുടിച്ചു. മണി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിത്രവും തോമേട്ടന്റെ ചുവരിൽ കയറി. മണിയോടുള്ള ആദരം.

പതിനെട്ടു വർഷമായി കിഴക്കേക്കോട്ടയിലെ സൂര്യ ഗ്രാമത്തിലെ കല്ലേരി വീട്ടിൽ കെ.കെ. തോമസ് മരിച്ചവരെ ഇങ്ങനെ ആദരിക്കാൻ തുടങ്ങിയിട്ട്. ചായക്കട നടത്താൻ തുടങ്ങിയിട്ട് മുപ്പതു വർഷമായി. ഇതിനിടയിൽ എപ്പോഴോ ആണ് സ്ഥിരമായി ചായ കുടിക്കാൻ വന്നിരുന്ന ഒരാളുടെ മരണയറിയിപ്പ് ചുവരിൽ ഒട്ടിച്ചത്. പിന്നെ വരുന്ന അറിയിപ്പുകളിലെ ചിത്രങ്ങളെല്ലാം വെട്ടിയെടുത്ത് ഒട്ടിക്കലായി. മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ മാറ്റി പുതിയ പരേതരെ ചേർക്കും.

രാവിലെ രാഷ്ട്രീയവും ലോക കാര്യവുമെല്ലാം പറയാനെത്തുന്നവർ വെറുതേയെങ്കിലും ചുവരിലേക്കൊന്നു നോക്കും. ഏതെങ്കിലും മരണം അറിയാതെ പോയാലോ... രാവിലെയുള്ള ചർച്ചയിൽ തോമേട്ടനും കൂടും. പക്ഷേ, രണ്ടു മണി കഴിഞ്ഞാൽ നിശ്ശബ്ദനാകും. വൈകീട്ടത്തെ ചായയ്ക്കുള്ള കടിയുണ്ടാക്കുന്ന തിരക്കിൽ ‘പൊരി’യാൻ തുടങ്ങും. ദിവസവും നൂറു കണക്കിനു പേർ വന്നു പോകുന്നയിടമാണിത്. മൂന്നു മണി മുതൽ ആറു മണി വരെ നിന്നു തിരിയാനിടമില്ലാത്ത കട.

സമോവറിലേക്ക് പാൽക്കവറുകൾ ഇടവേളകളില്ലാതെ പൊട്ടിച്ചൊഴിക്കുന്ന രാഘവൻ ഇടക്കൊന്ന് തല പൊക്കിച്ചിരിക്കും. ബാക്കി സഹായികളായ ഉണ്ണിക്കുട്ടനും കുഞ്ഞുമോനും അലക്‌സും അജിയും നിഥിനുമെല്ലാം ഓട്ടത്തോടോട്ടമായിരിക്കും. അത്രയ്ക്കുണ്ട് തിരക്ക്. വലിയ ഗ്ലാസുകളിലാണ് ചായ നൽകാറ്. വൃത്തിയും വലിയ ഘടകമാണ്. തിരക്കിനു കാരണവും മറ്റൊന്നല്ല. ചായക്കടക്കാരൻ മാത്രമല്ല, തോമേട്ടൻ. സ്വന്തമായൊരു ട്രാവൽസ് ഉണ്ട്. അതിനും പേര് സൗമ്യ ട്രാവൽസ്. പതിനഞ്ചു വണ്ടികളുമുണ്ട്. മൂത്തമകൾ സൗമ്യയുടെ പേരാണ് കടയ്ക്കും ട്രാവൽസിനുമിട്ടത്. ബിജിലിയാണ് ഭാര്യ. സ്വപ്‌ന, സാനിയ എന്നിവരാണ് മറ്റുമക്കൾ.

content highlight: thomas's tea shop, thrissur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram