മരുഭൂമിയിലെ കനലില്‍ കണ്ണീരുപ്പുകലര്‍ന്ന ബിരിയാണിക്കഥ


കെ.രാജേഷ് കുമാര്‍

6 min read
Read later
Print
Share

സന്തോഷത്തിന്റെ മധുരവും വേദനകളുടെയും ചതിയുടെയും എരിവുമസാലകളും ചേര്‍ന്നുള്ള

ലശ്ശേരി ചിറാളക്കണ്ടി ഹസ്സന്റെയും റുഖിയയുടെയും മകന്‍ പാറക്കണ്ടി അലിക്ക് കുഞ്ഞുനാള്‍ മുതല്‍ കൂട്ട് പട്ടിണി മാത്രമായിരുന്നു. ചക്യത്തുമുക്ക് എല്‍.പി.സ്‌കൂളില്‍ നാലാംതരം വരെ അലി പോയത് അടിവയറ്റില്‍നിന്ന് അരിച്ചുകയറുന്ന വിശപ്പ് മാറ്റാന്‍വേണ്ടിമാത്രം. സ്വന്തം വയര്‍ നിറയുമ്പോഴും ഉമ്മയും സഹോദരിമാരായ ജമീലയും കൗലത്തുമുള്ള വീട്ടില്‍ അടുപ്പ് പുകയുന്നില്ലെന്ന് മനസ്സിലാക്കിയ നാള്‍ മുതല്‍ സ്‌കൂള്‍ വിട്ട് ജോലിക്ക് പോയിത്തുടങ്ങി. ദിവസം 50 പൈസ കൂലിക്ക് കടകളില്‍നിന്നു. കല്യാണവീടുകളില്‍ പാത്രം കഴുകി. ഒരു രൂപയും വീട്ടി ലേക്കുള്ള ഭക്ഷണവുമായിരുന്നു അതിന്റെ ആകര്‍ഷണം. ഐസ് മിഠായി വിറ്റുനടന്നു. ഉന്തുവണ്ടി തള്ളി. ചുമടെടുത്തു. 16-ാം വയസ്സ് മുതല്‍ പാചകക്കാര്‍ക്കൊപ്പം സഹായിയായിക്കൂടി. തന്റെ ജീവിതം മാറ്റിമറിച്ച ബിരിയാണിയെ അലി അടുത്തറിഞ്ഞത് അപ്പോഴാണ്. ബിരിയാണിയാണ് പിന്നീട് ഇന്നുവരെ അലിയുടെ ആത്മാവ്. ആ മസാലയും മണവും അലിയെ അറബിനാട്ടിലേക്ക് കടല്‍കടത്തിക്കൊണ്ടുപോയി. എന്നാല്‍, അവിടം അദ്ദേഹത്തിന് കരുതിവെച്ചത് അനുഭവങ്ങളുടെ കരിങ്കടലായിരുന്നു. സന്തോഷത്തിന്റെ മധുരവും വേദനകളുടെയും ചതിയുടെയും എരിവുമസാലകളും ചേര്‍ന്നുള്ള
ആ ബിരിയാണിക്കഥയിതാ...

ദം ബിരിയാണി. അതില്‍ ചേര്‍ക്കുന്ന മസാലയൊക്കെ അലീക്ക പറഞ്ഞുതരും. അതിനെക്കാളും വലുതാണ് കഴിക്കുന്ന മനസ്സിന്റെ തോന്നല്‍- മൊഹബത്ത്. ഓരോ ബിരിയാണിയിലും അതുണ്ടാവണം. മസാലയും കൂട്ടി വിരലിനിടയിലൂടെ അരിമണി ഉരുളുമ്പോള്‍ വയറിനൊപ്പം മനസ്സിലും ആ മൊഹബത്ത് നിറയണം. ആ രുചിയില്‍ എല്ലാം അലിഞ്ഞ് നമ്മള്‍ ഇല്ലാണ്ടാവും. അതാണ് ശരിയായ മൊഹബത്ത്. ആയിരാള്‍ക്കാര്‍ക്ക് ബിരിയാണി ഉണ്ടാക്കുമ്പോള്‍ ഒരാള്‍ക്ക് തൃപ്തിയായില്ലെങ്കില്‍ പോയി. ആള്‍ക്കാരെ മനസ്സിലാക്കി അടുപ്പൊരുക്കുന്നവനാണ് യഥാര്‍ഥ പാചകക്കാരന്‍. ആളുകളുടെ വയറുമാത്രം നിറച്ചാല്‍ പോരാ, മനസ്സും നിറയണം. ന്നാലും കിസ്മത്ത് എന്നൊന്നുണ്ട്, അതാര്‍ക്കും തടുക്കാന്‍ ആവൂല.

ബിരിയാണിക്കുള്ള മസാലയില്‍ ഉള്ളി നല്ലോണം ചേര്‍ക്കണം. ഇഞ്ചിയും മുളകും വെളുത്തുള്ളിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഉള്ളി അലിയും വരെ ഇളക്കി വേവിക്കണം. കുരുമുളക് പൊടികൊണ്ട് മസാലയില്‍ ഒരു പ്രയോഗമുണ്ട്. അതിന്റെ ടൈമിങ്ങാണ് ടൈമിങ്. ആ രഹസ്യം അലിക്ക് സ്വന്തം. മസാലയുടെ രുചിയിലാണ് ബിരിയാണിയുടെ ജീവന്‍ തുടിക്കുന്നത്. ദമ്മിടുമ്പോള്‍ മസാലയുടെ ആവി ചോറിലേക്ക് അരിച്ചരിച്ച് കയറും. ഓരോ അരിയിലും അത് പടരും. ഓരോ വയറിലും മനസ്സിലും മൊഹബത്ത് പോലെ അതെത്തും. ആര്‍ക്കും കുറ്റം പറയാനാകാത്ത അസ്സല്‍ ബിരിയാണി അങ്ങനെ ജനിക്കും.

പണ്ട് മംഗലവീട്ടില്‍ നേരത്തേയെത്തി ബിരിയാണി അരി ചോക്കെ നെയ്യില്‍ വറുക്കും. ഒരുമണിക്കൂറോളം കനലുകൊണ്ട് കണ്ണ് ചോക്കും. അപ്പോള്‍ ബിരിയാണിച്ചെമ്പില്‍നിന്ന് ഒരു മണം ഉയരും. വീശിയടിക്കുന്ന കാറ്റില്‍ നാടുമുഴുവന്‍ പോയി ആ മണം എല്ലാരേം ഒന്നൂടെ കല്യാണം ഓര്‍മിപ്പിക്കും. പിന്നീടുള്ള കാത്തരിപ്പ് ആ മൊഹബത്തിന് മുന്നിലെത്താനാണ്. നാവില്‍ അറബിക്കപ്പലോട്ടവുമായി നാടുമുഴുവന്‍ അടുക്കളയ്ക്ക് ചുറ്റും ഊഴം കാത്തിരിക്കും. അലീക്കയ്ക്ക് തിരക്കൊഴിഞ്ഞൊരു നേരം ഇന്നില്ല. ചെറിയ ഓര്‍ഡറുകള്‍ വീട്ടില്‍നിന്ന് ചെയ്തുനല്‍കും. വലുത് സ്ഥലത്തുപോയി ചെയ്യും. അതിന് കൂട്ടായി മകന്‍ അഷ്ഫാഖുണ്ട്. നൂറില്‍ തുടങ്ങി പതിനയ്യായിരം പേരുടെ വരെ ബിരിയാണി ഓര്‍ഡറുകള്‍ അലിയെ തേടിയെത്തുന്നുണ്ട് ഇപ്പോള്‍.

ചങ്ങായീന്റെ പെങ്ങള്‍

22 വയസ്സായിരുന്നു അന്ന്. മട്ടാമ്പ്രംപള്ളി റഷീദ്ക്കയ്‌ക്കൊപ്പം നാട്ടിലൊരു നിക്കാഹിന് ബിരിയാണിയുണ്ടാക്കാന്‍ പോയതായിരുന്നു അന്ന് അലി. വിറകടുപ്പില്‍ വലിയ കുട്ടകം ചോന്ന് നിന്ന്. ചൂട് നെയ്യില്‍ കിടന്ന് മാനന്തവാടി അരി പുയ്യാപ്ലയെപ്പോലെ ചോത്ത് മിനുങ്ങിത്തുടങ്ങി. ബിരിയാണിച്ചെമ്പില്‍നിന്ന് കണ്ണ് തെറ്റിയൊരു നേരത്താണ് അലീക്ക ആദ്യമായി ആ ഹൂറിയെ കണ്ടത്. ചങ്ങായി കാസീമിന്റെ ഇളയപെങ്ങള്‍ മിസ്രിയ ബീവിയെ. നെഞ്ചില്‍ എന്തോ ഒന്ന് വല്ലാതെ പെടപെടച്ചു. നിക്കാഹും സത്കാരവും കഴിഞ്ഞ് ബിരിയാണിച്ചെമ്പ് കഴുകി കമിഴ്ത്തിവെച്ചെങ്കിലും ഖല്‍ബിനുള്ളിലെ മിടിപ്പ് കൂടിക്കൂടിവന്നു. മറ്റൊന്നും ചിന്തിച്ചില്ല. കാസിമിനോട് ഒറ്റച്ചോദ്യം. അന്റെ പെങ്ങളെ യ് എനക്ക് മംഗലം കയിച്ച് തര്വാ. ദിവസങ്ങള്‍ക്കുള്ളില്‍ അലിക്ക് കൂട്ടായി മിസ്രിയ എത്തി.

കൈക്കാരനില്‍നിന്ന് പാചകക്കാരനിലേക്ക് അലി വളര്‍ന്നു. തലശ്ശേരി ദം ബിരിയാണിയുടെ രുചിയറിയാന്‍ അലീക്കയെ തേടി ജില്ലയ്ക്ക് പുറത്തുനിന്നുപോലും ആളുകളെത്തി. തലശ്ശേരിയിലെ പല ഹോട്ടലുകളും അവര്‍ക്ക് ലഭിക്കുന്ന കല്യാണ ഓര്‍ഡറുകള്‍ അലിയെ വിശ്വസിച്ച് ഏല്‍പ്പിച്ചുതുടങ്ങി. എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ബിരിയാണിയുടെ സുല്‍ത്താനായിമാറി അലി. വീട്ടില്‍ സന്തോഷത്തിന്റെ നാളുകള്‍. അതിനിടയില്‍ ജസ്നീറ, അസ്‌കര്‍, അറഫാത്ത്, അര്‍ഷാദ്, അല്‍ത്താഫ്, അഷ്ഫാഖ് എന്നിങ്ങനെ മക്കള്‍ അവര്‍ക്ക് കൂട്ടായെത്തി.

അക്കരെനിന്നൊരു വിളി

ഒരുനാള്‍ അലിയെത്തേടി തലശ്ശേരി പാരീസ് ഹോട്ടല്‍ ഉടമ അസീസ് ഹാജി അലിയുടെ വിളിയെത്തി. നീയിങ്ങനെ നാട്ടില്‍നിന്നാല്‍ പോരെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയില്‍ തുടങ്ങുന്ന ടോപ്പ് ഫോം ഹോട്ടലിലേക്ക് ബിരിയാണി സ്‌പെഷ്യലിസ്റ്റായി പോകാന്‍ അലിയോട് അസീസ് ഹാജി നര്‍ദേശിച്ചു. നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനായിരുന്നു അലിക്ക് മോഹം. എന്നാല്‍ അസീസ് ഹാജിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനുമുന്നില്‍ അലി പാസ്‌പോര്‍?െട്ടടുത്ത് പറന്നു.

തലശ്ശേരി ദം ബിരിയാണിയുടെ മണം അബുദാബിയിലെ മലയാളികളെയും അറബികളെയും മത്ത് പിടിപ്പിച്ചു. അലിയുടെ കൈപ്പുണ്യം നുകരാന്‍ ആളുകള്‍ കൂട്ടമായി എത്തി. അലിയും ഹൈദരാബാദുകാരന്‍ രാജുവുമായിരുന്നു പ്രധാന പാചകക്കാര്‍. അടുക്കളയിലെ ജീവിതത്തിനിടയില്‍ രാജുവില്‍നിന്ന് ഹിന്ദി പഠിക്കാന്‍ അലി ശ്രമിച്ചു. എന്നാല്‍ അലിയില്‍നിന്ന് രാജു മലയാളം പഠിച്ചതോടെ ആ പഠനം നിലച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയി. അതിനിടയില്‍ അലിയും രാജുവും പലപ്രാവശ്യം നാട്ടില്‍ വന്നുപോയി. ഒരു പെരുന്നാളിന് നാട്ടിലേക്ക് പുറപ്പെട്ട അലിയെ എമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയച്ചു. ഭൂമി കീഴ്മേല്‍ മറിഞ്ഞതുപോലെയാണ് അലിക്ക് തോന്നിയത്. തിരിച്ച് മുറിയില്‍ എത്തിയശേഷം സുഹൃത്തുക്കള്‍ വഴി കാര്യമന്വേഷിച്ചു. ഉപ്പിന്റെയും മുളകിന്റെയും മനക്കണക്കല്ലാതെ എഴുത്തും വായനയും അറിയാത്ത അലിയെ സ്‌പോണ്‍സറായ അറബി പറ്റിച്ചു. അന്നത്തെ 78 ലക്ഷം രൂപ കെട്ടിവെച്ചാല്‍ മാത്രമേ അലിക്ക് രാജ്യം വിടാന്‍ കഴിയൂ എന്ന് മനസ്സിലായപ്പോള്‍ ജീവിതത്തില്‍ അതുവരെ അനുഭവിക്കാത്ത നിരാശയുടെ രുചി അലി അറിഞ്ഞു. സ്‌പോണ്‍സറോട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹം കൈമലര്‍ത്തി. രാജുവും സ്‌പോണ്‍സറുടെ അതേ ചതിയില്‍പ്പെട്ടതായി മനസ്സിലായി. 60 ലക്ഷം രൂപയുടെ ബാധ്യതയാണ് അദ്ദേഹത്തിന്റെ തലയില്‍ വീണത്. കൂട്ടിലകപ്പെട്ട പക്ഷികളെപ്പോലെയായി രണ്ടുപേരും. അബുദാബിയില്‍ ജോലിചെയ്ത് ജീവിക്കാം. എന്നാല്‍, പണം കെട്ടിവെക്കാതെ രാജ്യം വിടാനാകില്ല.

കൂട്ടിലകപ്പെട്ട കിളികള്‍

ഒരായുസ്സ് മുഴുവന്‍ ജോലിയെടുത്താലും തീര്‍ക്കാന്‍ കഴിയാത്ത സാമ്പത്തികബാധ്യതയാണ് രണ്ടുപേരുടെയും തലയിലായിരിക്കുന്നത്. എന്തായാലും മരിക്കും. അതിനുമുമ്പ് എങ്ങനെയെങ്കിലും നാടുവിടണമെന്ന് മാത്രമായി പിന്നീടുള്ള ചിന്ത. ഒരിക്കല്‍ ഷാര്‍ജ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ഒരുശ്രമം നടത്തി. ആയിരം ദിര്‍ഹമാണ് ഒരുസംഘം അതിനായി കൈക്കൂലി ആവശ്യപ്പെട്ടത്. അപ്പോഴേക്കും അലിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. വിമാനം കയറിക്കഴിഞ്ഞാല്‍മാത്രം തുക നല്‍കിയാല്‍ മതിയെന്ന് പറഞ്ഞുറപ്പിച്ച് ആയിരം ദിര്‍ഹം ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഏല്‍പ്പിച്ചാണ് അലി അന്ന് വിമാനത്താവളത്തിലേക്കു പോയത്.

എല്ലാം പറഞ്ഞുറപ്പിച്ചതുപോലെ മുന്നോട്ടുപോയി. എന്നാല്‍ അലി എമിഗ്രേഷന്‍ കൗണ്ടറിലെത്തുന്നതിനു തൊട്ടുമുമ്പ് അതുവരെ ഉണ്ടായിരുന്ന പുരുഷജീവനക്കാരന്റെ സമയം തീര്‍ന്നു. അടുത്തതായി സീറ്റിലെത്തിയ സ്ത്രീയോട് അദ്ദേഹം അലിയുടെ കാര്യം പറഞ്ഞു. എന്നാല്‍, പിടിക്കപ്പെട്ടാല്‍ പണി പോകുന്ന കാര്യം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. ആ വഴി അടഞ്ഞെന്ന് മനസ്സിലാക്കി വീണ്ടും നിരാശയോടെ ഹോട്ടലിലേക്ക് മടങ്ങി. പണം അടയ്ക്കുന്നതിന് മധ്യസ്ഥര്‍വഴി സ്‌പോണ്‍സറെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. വിധിയുടെ നിശ്ചയം മറ്റൊന്നായിരിക്കുമെന്ന് കരുതി അലി നാളുകള്‍ തള്ളിനീക്കി.

നുഴഞ്ഞുകയറ്റം

അലിയുടെയും രാജുവിന്റെയും സങ്കടം അബുദാബിയില്‍ പലരുടെയും മനസ്സലിയിക്കുന്നുണ്ടായിരുന്നു. അവരും അവര്‍ക്കുവേണ്ടി പല വാതിലുകള്‍ മുട്ടിക്കൊണ്ടിരുന്നു. അതിലൊരാളായിരുന്നു പയ്യന്നൂര്‍ സ്വദേശിയും ടാക്‌സിഡ്രൈവറുമായ അഷറഫ്. മസ്‌കറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് അങ്ങോട്ടുപോയി രക്ഷപ്പെടാനുള്ള വഴിയുമായാണ് ഒരുദിവസം അഷറഫ് എത്തിയത്. ധൈര്യമുണ്ടോ എന്ന ഒറ്റച്ചോദ്യം മാത്രമാണ് അഷറഫിന്റെ ഭാഗത്തുനിന്നുണ്ടായത്. അലിക്കുള്ളിലെ തലശ്ശേരിക്കാരന്‍ ഉണര്‍ന്നു. ഒരുപെട്ടിയും കൈയിലുള്ള പണവുമെടുത്ത് ഒരു സന്ധ്യക്ക് അഷറഫിനൊപ്പം ബ്രഹ്മി അതിര്‍ത്തിയിലെത്തി. പോയാല്‍ പോകട്ടെയെന്ന് ഉറപ്പിച്ച് ആയിരം ദിര്‍ഹം അഷറഫിന് കൈമാറി. അത് ആരെയോ ഏല്‍പ്പിച്ച് അഷറഫ് മടങ്ങി. രാത്രി 10 മണിയോടെ ഒരു അറബിയും മറ്റൊരാളും സ്റ്റേഷനറി സാധനങ്ങള്‍ നിറച്ച വാഹനത്തില്‍ അലിക്കടുത്തെത്തി. മറ്റൊന്നും ചിന്തിച്ചില്ല. അതില്‍ കയറിയിരുന്നു. 11 മണിയോടെ ഒരു കുറ്റിക്കാടിനുസമീപം വാഹനം നിര്‍ത്തി. രണ്ടുപേരെയും ഇറക്കി അറബി വാഹനം ഓടിച്ചുപോയി. കുപ്പായം ഊരിപ്പിടിച്ച് കൂരാക്കൂരിരുട്ടിലൂടെ ആ മരുഭൂമിയിലെ ഊടുവഴിയില്‍ മുന്നിലെ ആളുടെ പാദം പിന്തുടര്‍ന്ന് അലി നടന്നു. നുഴഞ്ഞുകയറ്റക്കാര്‍ വെടിയേറ്റ് മരിച്ചതുള്‍പ്പെടെയുള്ള പഴയ വാര്‍ത്തകള്‍ അലിയുടെ ഉള്ളില്‍ ഇരച്ചെത്തിക്കൊണ്ടിരുന്നു. മരണത്തിലേക്കുള്ള വഴിയാണോ ഇതെന്നുപോലും ചിന്തിച്ചുപോയിട്ടുണ്ടെന്ന് അലി. ഒരുമണിക്കൂറിലേറെ നടന്നു. അത് അവസാനിച്ചത് ആദ്യം കണ്ട അറബിയുടെ അതേ വാഹനത്തിനു മുന്നിലായിരുന്നു. അപ്പോഴാണ് അലിക്ക് മനസ്സിലായത് താന്‍ മസ്‌കറ്റില്‍ എത്തിയിരിക്കുന്നുവെന്ന്.

നിയമപ്രകാരം മസ്‌കറ്റിലെത്തി വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുകയെന്ന സത്യമറിഞ്ഞ് അലി വീണ്ടും ഞെട്ടി. ഇടിേെവട്ടറ്റവനെ പാമ്പുകടിച്ച അവസ്ഥ. പണിയറിയുന്നവന് പട്ടിണി കിടക്കേണ്ടിവരില്ല. പരിചയക്കാര്‍ വഴി അല്‍ ഖ്വയറിലെ നൂറുക്കയുടെ ഹോട്ടലില്‍ ജോലിക്ക് കയറി. നുഴഞ്ഞുകയറ്റക്കാരന്റെ ദം ബിരിയാണി ഒന്നരക്കൊല്ലത്തോളം മസ്‌കറ്റ് രുചിച്ചു. അതിനിടയില്‍ അലി മകന്‍ അസ്‌കറിനെ മസ്‌കറ്റിലെത്തിച്ചു. അവനൊരു ജോലിയും തരപ്പെടുത്തി. വേദനയുടെ പ്രളയം ചില നല്ല കാര്യങ്ങളും ജീവിതത്തില്‍ അവശേഷിപ്പിക്കുമെന്ന് വിശ്വസിക്കാനാണ് അലി ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. നാട്ടിലേക്ക് രക്ഷപ്പെടാന്‍ വഴിതേടിയുള്ള യാത്രയില്‍ അലിക്ക് കൂട്ടായി അസ്‌കറും ഒരുപാട് അലഞ്ഞു.

നുഴഞ്ഞുകയറ്റം

അതിനിടയില്‍ യു.എ.ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചതായി വാര്‍ത്തയെത്തി. അതില്‍ പരിഗണിക്കണമെങ്കില്‍ മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ വീണ്ടും അതിര്‍ത്തി നുഴഞ്ഞുകടക്കണം. മീനും ഇറച്ചിയും കൊണ്ടുപോകുന്ന ശീതീകരിച്ച വാഹനത്തില്‍ ഒരു നുഴഞ്ഞകയറ്റക്കാരന്‍ ഐസായി മരിച്ച വാര്‍ത്ത പുറത്തുവന്ന കാലമായിരുന്നു അത്. കയ്പുനീര്‍ കുടിച്ച് മരണഭയം മാറിയ അലിയെ സഹായിക്കാന്‍ ഒരു ഒമാനി തയ്യാറായി. അസ്‌കറോട് യാത്ര പറഞ്ഞ് രാത്രി 10 മണിക്ക് ഒരു വാഹനത്തില്‍ അതിര്‍ത്തിയിലേക്ക്. ഒരുമണിയോടെ മരുഭൂമിയിലെ ഇരുട്ടില്‍ ഇറക്കി ഒമാനി പോയി. സഹായിക്കൊപ്പം ധൈര്യംമാത്രം വെളിച്ചമാക്കി വീണ്ടും മുള്‍വഴികളിലൂടെയുള്ള നടത്തം. ഒരു ഖബര്‍സ്ഥാനിലാണ് ആ നടത്തം അവസാനിച്ചത്. അവിടെ കുറച്ച് വിശ്രമിച്ച് വീണ്ടും നടത്തം. ഒരു പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കാന്‍ സഹായി നിര്‍ദേശിച്ചു. അതിനുശേഷം അദ്ദേഹം മുന്നിലെ ഇരുട്ടിലേക്ക് ടോര്‍ച്ച് തെളിച്ചു. തിരിച്ചും ഒരു വെളിച്ചം തെളിഞ്ഞു. മുന്നില്‍ വഴി തെളിഞ്ഞതിന്റെ സന്ദേശമായിരുന്നു അത്. പുലര്‍ച്ചെ നാലരയോടെ ഒരു മലഞ്ചെരുവിലെത്തി. മറ്റൊരു അറബി വാഹനവുമായി വന്ന് കൂട്ടിക്കൊണ്ടുപോയി അബുദാബിക്കുള്ള ബസ് കയറ്റിവിട്ടു. യാത്രച്ചെലവിനുള്ള പണം നല്‍കിയാണ് അദ്ദേഹം മടങ്ങിയതെന്ന് അലി ഓര്‍ക്കുന്നു.

രാജു ചങ്ങലയില്‍

നേരെപോയത് അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലേക്കായിരുന്നു. രാവിലെത്തന്നെ അവിടെ നാടുപിടിക്കാനുള്ള ആളുകളുടെ വലിയ നിര. പ്രതീക്ഷയോടെ അലിയും അതിലൊരാളായി. ആള്‍ക്കൂട്ടത്തില്‍നിന്ന് മാറി ആ കാഴ്ചകണ്ട് അദ്ദേഹം ഞെട്ടി. അറബിപോലീസുകാര്‍ക്കിടയില്‍ കൈയില്‍ ചങ്ങലയുമായി രാജു. അധികൃതര്‍ക്ക് മുന്നിലെത്തിയാല്‍ തന്റെയും ഗതി അതായിരിക്കുമെന്ന് അലി ഉറപ്പിച്ചു. നിലയുറയ്ക്കാതെ വീഴുമെന്നായപ്പോള്‍ നിരയില്‍നിന്ന് മാറി തലയില്‍ കൈവെച്ച് കുറച്ചുനേരം മണ്ണിലിരുന്നു. ആരൊക്കെയോ നീട്ടിയ വെള്ളം കുടിച്ചെങ്കിലും ദാഹം കൂടിക്കൊണ്ടിരുന്നു. മറ്റൊന്നും ആലോചിച്ചില്ല. പഴയ സുഹൃത്തുക്കളെത്തേടി കണ്ടുപിടിച്ചു. കാണാതായ അലിയെ വീണ്ടും കണ്ട് അവര്‍ ഞെട്ടി. അലി വിളമ്പിയ ബിരിയാണിയുടെ മണത്തിനുപകരം അവരുടെ ഉള്ളില്‍ നിറഞ്ഞത് മറ്റെന്തോ ആയിരുന്നു. കരളലിയിക്കുന്ന അലിയുടെ കഥകേട്ട് എത്രയും പെട്ടെന്ന് അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.

കടല്‍ നീന്തിക്കടന്ന്

എല്ലാ വഴിയും അടഞ്ഞെന്ന് തോന്നിക്കഴിഞ്ഞാല്‍ മുന്നില്‍ തെളിയുന്ന വഴി എത്രമാത്രം ദുഷ്‌കരമായാലും അത് തിരഞ്ഞെടുക്കാന്‍ അലി തീരുമാനിച്ചു. ഗുജറാത്തിലേക്കും തിരിച്ചും സാധനങ്ങള്‍ കടത്തുന്ന ഉരുകളിലെ ബംഗാളികള്‍ക്കിടയിലേക്ക് അന്വേഷണം നീണ്ടു. അങ്ങനെ പാചകക്കാരന്റെ വേഷത്തില്‍ അലി അതില്‍ കയറിക്കൂടി. കടലിന്റെ മടിത്തട്ടിലെ ആ അടുക്കളയില്‍ ദിവസങ്ങളോളം അലി ബിരിയാണി വെച്ചുവിളമ്പി.

തലശ്ശേരി മുഴപ്പിലങ്ങാട്ടെ പാറക്കണ്ടി അലി ബിരിയാണി
പാചകത്തില്‍. ഫോട്ടോ: റിദിന്‍ ദാമു

അറബിക്കടലിലെ കാറ്റ് ആ മണം തലശ്ശേരിയിലുമെത്തിച്ചു. ദുരിതക്കടല്‍ നീന്തിക്കടന്ന് അലി തിരിച്ചുവരികയാണെന്ന് അത് നാട്ടുകാരോടെല്ലാം വിളിച്ചുപറഞ്ഞു. ഗുജറാത്തിന്റെ പുറംകടലില്‍ ചെറുതോണിയിലേക്ക്് അലിയെ ഇറക്കുമ്പോള്‍ പിന്നില്‍നിന്ന് ബംഗാളി വിളിച്ചുചോദിച്ചു- അലീ സാബ്... ആപ് കാ മസാലോം ക മൊഹബത്ത് ക്യാഹേ? ഉപ്പുള്ള കണ്ണീര്‍ അപ്പോള്‍ അലിയുടെ കാഴ്ചമറച്ചു. കലര്‍പ്പില്ലാത്തതുമാത്രം രുചിച്ച നാവ് വാക്കുകള്‍ വരാതെ വിറച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

അരവ് പടിയിറങ്ങി...അരവുകേന്ദ്രങ്ങള്‍ പടി കയറുന്നു

Sep 4, 2019


mathrubhumi

1 min

ഈ മഴക്കാലത്ത് കഞ്ഞി തന്നെയാണ് നല്ലത്

Aug 11, 2019


mathrubhumi

3 min

വാര്‍ധക്യവും ആഹാരക്രമവും

Jan 15, 2019