'ചെയ്യണമെന്നുണ്ട്, പക്ഷേ ചെയ്യാനാകുന്നില്ല', ഭക്ഷണ ക്രമീകരണത്തിന്റേയും വ്യായാമത്തിന്റേയും കാര്യത്തില്‍ മിക്ക സ്ത്രീകളുടേയും പരാതിയാണിത്. എന്നാല്‍ അഴകും ആരോഗ്യവും വേണമെന്നുണ്ട് താനും.
കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും കഴിഞ്ഞേ സ്വന്തം കാര്യം നോക്കൂ എന്ന മാനസികാവസ്ഥയിലാണ് പലരും. '' ആരോഗ്യപരിപാലനത്തിന് ധാരാളം സമയവും പണവും ശ്രമവും വേണമെന്നാണ് സ്ത്രീകളുടെ ധാരണ. അതു തെറ്റാണ്. വീട്ടിലെ വിഭവങ്ങള്‍ തന്നെ മതി. ഒന്ന് ക്രമീകരിക്കണമെന്ന് മാത്രം'' - തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് പ്രീതി ആര്‍.നായര്‍ പറയുന്നു. '' ഡയറ്റ് ചെയ്യുക എന്നു പറയുമ്പോള്‍ ആരോഗ്യം സൂക്ഷിക്കുക എന്നതല്ല, തടി കുറയ്ക്കുക എന്നതാണ് പലരുടേയും മനസ്സില്‍. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കി കാര്യം നടത്താന്‍ നോക്കും. അത് അപകടമാണ്. ശരീരത്തിനു വേണ്ട പോഷകങ്ങള്‍ കിട്ടില്ല,''- പ്രീതി ചൂണ്ടിക്കാട്ടി.
വീടിന് പുറത്ത്, ജോലിത്തിരക്കില്‍ കഴിയുന്നവര്‍ക്ക് ഓരോ സമയത്തും ഭക്ഷണം ക്രമീകരിച്ച് കഴിക്കാനാവുമോ എന്നതാണ് സംശയം. മനസ്സുവെച്ചാല്‍ അതിനു വഴിയുണ്ട്. പ്രഭാതഭക്ഷണം വീട്ടില്‍ തന്നെയാവും മിക്കവര്‍ക്കും. അരിഭക്ഷണം വേണ്ടെന്നാണെങ്കില്‍ തലേന്ന് രാത്രിയുണ്ടാക്കുന്ന ചപ്പാത്തി രണ്ടെണ്ണം ബാക്കി വച്ചാല്‍ മതി. പയറോ, പരിപ്പോ കൊണ്ട് ഒരു കറിമാത്രം പുതിയതായി ഉണ്ടാക്കാം. അരിയാഹാരം വേണമെങ്കില്‍ ദോശയോ ഇഡ്ഡലിയോ രണ്ടെണ്ണം കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല.
ഉച്ചഭക്ഷണത്തിന് മുമ്പ് കഴിക്കാന്‍ കക്കിരി, കാരറ്റ്, തക്കാളി എന്നിവ അരിഞ്ഞുണ്ടാക്കി കൊണ്ടുപോവണമെന്നില്ല. ഒരു കാരറ്റ് മുഴുവനായിതന്നെ കൈയില്‍ കരുതാം. തക്കാളിയും ഇതുപോലെ എടുക്കാം. ഒരു ആപ്പിളോ പേരയ്ക്കയോ ആയാലും മതി. ചോറിനൊപ്പം പതിവ് കറികള്‍ കഴിക്കാം, തോരനായാലും കറിയായാലും കഷ്ണങ്ങള്‍ ഉടയുംവരെ വേവരുത്. ഒന്നാമത് പോഷകം കുറയും രണ്ടാമത് ഏത് കഷ്ണം എത്ര നിങ്ങള്‍ കഴിച്ചു എന്നറിയാതെയാവും. ഓരോന്നിനും ഓരോ പോഷകമൂല്യമാണുള്ളത്.
കുറച്ച് ഡ്രൈ ഫ്രൂട്ട്‌സ് ഉണ്ടെങ്കില്‍ ഓഫീസില്‍ എപ്പോഴും കൊണ്ടുവെക്കാം. എടുത്തു കഴിക്കാനും എളുപ്പം. ഉച്ചയ്ക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നവരാണെങ്കില്‍ അതിനും ചില മുന്‍കരുതലുകളാവാം. തോരനും കറികളും ആദ്യം എടുത്തു കഴിക്കൂ. പായസം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആദ്യം കഴിക്കുന്നതാണ് നല്ലത്. വെള്ളവും പിന്നാലെ കുടിക്കൂ, ഇനി നിങ്ങള്‍ എത്ര വിചാരിച്ചാലും ഒരു കപ്പില്‍ കൂടുതല്‍ ചോറുണ്ണില്ല്. നോണ്‍വെജ് പാര്‍ട്ടിയാണെങ്കില്‍ അവിടെയും കാണും സാലഡ്. ആദ്യം അതു കുറച്ച് കഴിച്ച് പിന്നെ മീനോ ഇറച്ചിയോ ഒരു കഷ്ണം കഴിക്കാം. വെള്ളം കുടിച്ച് കുറച്ചുനേരത്തിനു ശേഷം മാത്രം ചോറോ ചപ്പാത്തിയോ മറ്റു വിഭവങ്ങളോ കഴിച്ചാല്‍ മതി.
നാലുമണിപലഹാരങ്ങളില്‍ എണ്ണയുള്ളവ ഒഴിവാക്കാം. ഫ്രൂട്ട് ജ്യൂസ് ആയാല്‍ വളരെ നല്ലത്. രാത്രി ഭക്ഷണം ഏഴരയ്ക്ക് മുമ്പ് കഴിക്കുന്നതും ഗുണം ചെയ്യും. അതിലും അല്‍പം സാലഡ് നല്ലതാണ്. ചപ്പാത്തിക്കൊപ്പം മീന്‍, ഇറച്ചി (കറിവെച്ചത്. ഒരു കഷ്ണത്തില്‍ കൂടുതല്‍ വേണ്ട) മുട്ടവെള്ള കൊണ്ടുള്ള ഓംലെറ്റ്, പയര്‍ കറികള്‍ എന്നിവയും കഴിക്കാം. തൈര് രാത്രി വേണ്ട.
വീട്ടില്‍ പച്ചക്കറി വാങ്ങുന്നതിനൊപ്പം കുറച്ചധികം കാരറ്റും ബീറ്റ്‌റൂട്ടും കക്കിരിയും വാങ്ങിയാല്‍ തീരാവുന്നതേയുള്ളു സാലഡ് ഉണ്ടാക്കാനുള്ള പ്രശ്‌നം. എല്ലാവര്‍ക്കുമായുള്ള മീനും ഇറച്ചിയും മസാല ചേര്‍ക്കും മുമ്പ് മാറ്റിവെച്ച് ഉപയോഗിക്കാനും തടസ്സമില്ല. പിന്നെ ആഴ്ച്ചയില്‍ ആറ് ദിവസം ഡയറ്റ് നോക്കുന്നയാള്‍ക്ക് ഒരു ദിവസം ആഘോഷമായി തന്നെ കഴിക്കാം. അതിനനുസരിച്ച് വരുംദിവസങ്ങളില്‍ ഭക്ഷണത്തില്‍ ഒന്നു പിടിമുറുക്കിയാല്‍ മതി.
വിവരങ്ങള്‍ക്ക് കടപ്പാട്
പ്രീതി ആര്‍.നായര്‍
ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് എസ്.യു.ടി ആശുപത്രി, തിരുവനന്തപുരം
Content Highlights: Simple Tips to Make Your Diet Healthier