രണ്ടുമക്കളില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട് കിടപ്പില്‍, പരസഹായമില്ലാതെ ഒന്നുംചെയ്യാനാവാത്ത കൊച്ചുമകള്‍, അകാലത്തിലുള്ള ഭര്‍ത്താവിന്റെ മരണം... ഒരു സ്ത്രീക്ക് ഇതൊക്കെ മതി തളര്‍ന്നുപോകാന്‍... എന്നാല്‍ സരോജിനിയമ്മ വിധിയോട് പറഞ്ഞു... മാറിനില്‍ക്ക്. പ്രായം തീര്‍ത്ത അവശതകളൊക്കെ എഴുപതുകാരിയായ സരോജിനിയമ്മയ്ക്കുമുന്നില്‍ തലകുനിച്ചുനിന്നു. തിരക്കുകള്‍ക്കിടയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്തവരെത്തേടി അന്നവുമായെത്തുകയാണ് കാലങ്ങളായി ഈ അമ്മ.
പുലര്‍ച്ചെ 2.30-ന് സരോജിനിയമ്മയുടെ ഒരുദിവസം തുടങ്ങും. എഴുന്നേറ്റ് കുളിച്ച് നേരെ അടുക്കളയിലേക്ക്. ദോശയും ഇഡ്ഡലിയും ചപ്പാത്തിയും പുട്ടും കറികളും ഒന്നൊന്നായി പിറവിയെടുക്കും. ഏഴുമണിയാകുമ്പോഴേക്ക് ഇരുപതോളം പേര്‍ക്കുള്ള പ്രഭാതഭക്ഷണവും ഉച്ചയൂണും ഈ അടുക്കളയില്‍ ഒരുങ്ങും. രാവിലെ ഏഴുമണിയോടെ അന്നം കാത്തിരിക്കുന്നവരുടെ അടുത്തേക്ക്. വെള്ളവസ്ത്രമുടുത്ത് നീങ്ങുന്ന സരോജിനിയമ്മ ചാലപ്പുറത്തുകാര്‍ക്ക് പരിചിതമാണ്. ആദ്യമൊക്കെ നടന്നായിരുന്നു യാത്ര. രണ്ടുവര്‍ഷമായി ഓട്ടോയുമായി കോയക്ക കൂടെയുണ്ട്. രണ്ടുപേരും ചേര്‍ന്ന് പത്തുമണിയോടെ ഭക്ഷണം എത്തിക്കേണ്ടയിടത്തൊക്കെ എത്തിക്കും.
തിരികെയെത്തിയിട്ടുവേണം രാത്രിഭക്ഷണത്തിന്റെ പണി തുടങ്ങാന്‍. അഞ്ചുമണിക്ക് അതുമായി വീണ്ടും വീടുകളിലേക്ക്.
ചാലപ്പുറം മുതല്‍ കല്ലായിവരെയുള്ള പത്തു വീടുകളിലും ഫ്‌ളാറ്റുകളിലും ഭക്ഷണം തയ്യാറാക്കി നല്‍കി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുകയാണിവര്‍. രണ്ടുമക്കളിലൊരാള്‍ അപകടത്തില്‍പ്പെട്ട് കിടപ്പിലായിട്ട് നാളേറെയായി. മകന്റെ ജനനവൈകല്യമുള്ള മകള്‍ക്കും സ്വന്തമായൊന്നും ചെയ്യാനാവില്ല. 30-കാരിയായ അവര്‍ക്കും എല്ലാത്തിനും സരോജിനിയമ്മ വേണം.
''50-ാം വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോഴാണ് സരോജിനിയമ്മ ജോലിയെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നീട് നഗരത്തിലെ പേരുകേട്ട അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോന്റെ വീട്ടില്‍ പാചകക്കാരിയായി ജോലി തുടങ്ങി. രുചികരമായ ഭക്ഷണം വീട്ടുകാര്‍ക്ക് നന്നായി പിടിച്ചു. അവിടെ താമസിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിലെ താമസക്കാര്‍ അവരുടെ പ്രായമായ മാതാപിതാക്കള്‍ക്കുകൂടി ഭക്ഷണമെത്തിക്കാമോയെന്ന് ചോദിക്കുന്നത്. പുതിയൊരു ആശയം പിറവിയെടുക്കുന്നത് അവിടെനിന്നാണ്. പുറത്തേക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുക- പുതിയ വഴികണ്ടെത്തിയ ആ നിമിത്തത്തെക്കുറിച്ച് സരോജിനിയമ്മ ഓര്‍മിക്കുന്നു.
തങ്ങളുടെ അടുക്കളയില്‍ മറ്റുള്ളവര്‍ക്കുംകൂടി ഭക്ഷണമുണ്ടാക്കുന്നതില്‍ വക്കീലിന്റെ വീട്ടുകാരും എതിര്‍പ്പുപറഞ്ഞില്ല. ഭക്ഷണം കഴിച്ചവരിലൂടെ സരോജിനിയമ്മയുടെ കൈപ്പുണ്യം നാടറിഞ്ഞു. ആവശ്യക്കാരും കൂടി. ജോലിയാവശ്യങ്ങള്‍ക്കായി ഒറ്റയ്ക്ക് താമസിക്കുന്നവരും പ്രായമായവരുമാണ് ആവശ്യക്കാരില്‍ കൂടുതല്‍. പ്രത്യേക ചടങ്ങുകള്‍ക്കും ഭക്ഷണം തയ്യാറാക്കി നല്‍കും.
ഇഡ്ഡലി, ദോശ, പുട്ട്, നൂല്‍പ്പുട്ട്, ചപ്പാത്തി ഇവയൊക്കെയാണ് രാവിലെ നല്‍കുക. ഉച്ചയ്ക്ക് ചോറും രണ്ടു കറികളും മോരും പപ്പടവും. രാത്രി ചപ്പാത്തിയോ അപ്പമോ. വാങ്ങുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മെനുവില്‍ മാറ്റം വരുത്താറുണ്ട്. ഊണിന് 50 രൂപയാണ് വാങ്ങുന്നത്. ഇതൊക്കെ ഒരുക്കാന്‍ മരുമകള്‍ ഒപ്പംകൂടും. ഞായറാഴ്ചകളില്‍ ഒരു സഹായിയുമുണ്ട്.
ഭക്ഷണം വാങ്ങുന്നവര്‍ വിളിച്ച് അഭിനന്ദിക്കാറുണ്ട്. പലര്‍ക്കും അറിയേണ്ടത് ഇതെങ്ങനെ ഇത്ര രുചിയോടെ ഉണ്ടാക്കുന്നുവെന്നാണ്. ഭക്ഷണത്തിന്റെ വില കൃത്യം കണക്കാക്കിയുമല്ല ആരും കാശു നല്‍കുന്നത്. 'നല്ല ഭക്ഷണം' എന്നു കേള്‍ക്കുന്നതുതന്നെ സന്തോഷമല്ലേയെന്ന് സരോജിനിയമ്മ ചിരിയോടെ പറയുന്നു.
Content Highlights: Sarojini amma in kozhikode