കുന്നംകുളം: സിക്കിമിലെ കൂരി എന്ന അന്തിപ്പലഹാരം രുചിച്ചിട്ടുണ്ടോ? ജാര്‍ഖണ്ഡിലെ സെര്‍ലി സൂപ്പ്, മസാലയും പുളിയും എണ്ണയും പുരട്ടിയ മീന്‍ റവയില്‍ മുക്കിയെടുത്ത ബെങ്കട ഫ്രൈ (ഗോവ), ആന്ധ്രയിലെ ഹെര്‍ബല്‍ ചിക്കന്‍...
വായിക്കുമ്പോള്‍ പോലും വായില്‍ കപ്പലോടിക്കാന്‍ കെല്‍പ്പുള്ള രുചിയുടെ മാമാങ്കമാണ് കുന്നംകുളത്ത് തുടങ്ങിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ രുചിവൈവിധ്യങ്ങളെല്ലാം ഇവിടെയുണ്ട്. ഇവിടെ ചെറുവത്തൂര്‍ മൈതാനത്ത് നടക്കുന്ന ദേശീയ സരസ് മേള ഭക്ഷണമേളയെന്ന പതിവുസങ്കല്‍പ്പത്തില്‍ ഒതുങ്ങുന്നതല്ല.
കുടുംബശ്രീ മിഷന്‍ ഒരുക്കിയ മേളയില്‍ ഹൈദരാബാദി ദം ബിരിയാണിയും ലക്ഷദ്വീപിലെ സമ്പൂര്‍ണ തേങ്ങ ഹല്‍വയും കേരളത്തിന് പരിചിതമാവും. എന്നാല്‍ പുറകേ വരുന്നത് തീറ്റപ്രിയര്‍ക്കുള്ള തൃശ്ശൂര്‍ പൂരമാണ്. എല്ലാം തയ്യാറാക്കുന്നത് അതത് സംസ്ഥാനക്കാരാണ് എന്നതാണ് ഏറ്റവും വലിയ വിശേഷം. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ ഭക്ഷണവൈവിധ്യമാണുള്ളത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാചകസാമഗ്രികളോടെയാണ് പാചകക്കാര്‍ എത്തിയിരിക്കുന്നത്. അവരുടെ നാട്ടിലെ തനത് ഇനങ്ങള്‍ക്കാണ് പ്രാധാന്യം. 30 മുതല്‍ 100 രൂപവരെ ചെലവാക്കി വയറ് നിറയ്ക്കാം.
കുന്നംകുളം നഗരത്തിലെത്തിയാല്‍ മതി, കൊതിയൂറുന്ന മണം ചെറുവത്തൂര്‍ മൈതാനത്തേക്ക് വലിച്ചുകൊണ്ടുപോകും. വെജും നോണ്‍വെജും അതിന്റെ പരമാവധി രുചിയിലാണ് തയ്യാറാക്കുന്നത്. സ്റ്റാളില്‍ തുറന്നയിടത്താണ് പാചകം. 25 സ്റ്റാളുകളിലായി പകലന്തിയോളമുള്ള ഭക്ഷണയിനങ്ങളുടെ കണക്കെടുത്താല്‍ അഞ്ഞൂറോളം വരും. ഏപ്രില്‍ ഏഴിനാണ് സരസ് മേള സമാപിക്കുക.
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റാളുകളില്‍ ചെന്നാല്‍ ഭാഷയറിയാതെ കുഴങ്ങുമോ എന്ന് ഭയക്കേണ്ട. ഓരോ സ്റ്റാളിനു മുന്നിലും ദ്വിഭാഷിയെ നിയോഗിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ഭാഷയും വിഭവങ്ങളുടെ ഉള്ളടക്കവും അറിയുന്ന മലയാളികള്‍.
കേരളത്തിലെ സദ്യ കഴിച്ച് മടുത്തതല്ലേ, അതിന് സമാനമായ വല്ലതും ഉണ്ടോയെന്ന് ചോദിച്ചാല്‍ രാജസ്ഥാനിലെ ദാല്‍ബാട്ടി ചുര്‍മ തയ്യാര്‍. അതാണവിടത്തെ കല്യാണസദ്യയ്ക്ക് സമാനമായ വിഭവം. കേരളത്തിന് പുറത്തെ പായസം വേണമെന്നു പറഞ്ഞാല്‍ മണിപ്പൂരില്‍ മാത്രം വിളവെടുക്കുന്ന ബ്ലാക്ക് റൈസ് കൊണ്ട് തയ്യാറാക്കുന്ന പായസമുണ്ട്. ലഘു ഇനം മതിയെങ്കില്‍ ഛത്തിസ്ഗഢിലെ കൂവപ്പൊടികൊണ്ടുണ്ടാക്കിയ മധുരപലഹാരമായ ടിക്കൂര്‍ ഉണ്ട്; കര്‍ണാടകയിലെ പാനിപൂരിയും.
കേരളവിഭവങ്ങളുടേതാണ് 10 സ്റ്റാള്‍. അട്ടപ്പാടി ദേവഗുണ്ട് ഊരിലെ നഞ്ചി നഞ്ചനും സംഘവും വനത്തില്‍നിന്ന് ശേഖരിച്ച പച്ചമസാല ഇലകളിട്ട് എണ്ണയില്ലാതെ പൊരിച്ചെടുത്ത ചിക്കനാണ് ഏറ്റവുമധികം പേരെ ആകര്‍ഷിക്കുന്നത്.
അട്ടപ്പാടിയിലെ ഹെര്‍ബല്‍ ചിക്കന്‍
അട്ടപ്പാടിയിലെ ദേവഗുണ്ട് ഊരില്‍നിന്നാണ് നഞ്ചി നഞ്ചനും കൂട്ടുകാരികളും എത്തിയത്. അവര്‍ കൈയില്‍ കരുതിയിരുന്നത് കാട്ടില്‍നിന്നും നാട്ടില്‍നിന്നും ശേഖരിച്ച ഇനങ്ങളായിരുന്നു. കാട്ടുജീരകത്തിന്റെ ഇല, പൊതിന, ഇഞ്ചി, മല്ലിയില, വെളുത്തുള്ളി, കാന്താരി, പച്ചക്കുരുമുളക്, ഉപ്പ് എന്നിവ. ഇവിടെയെത്തി കോഴിയിറച്ചി വാങ്ങി അതിലങ്ങ് ഈ ചേരുവകള്‍ ചേര്‍ത്തു. എണ്ണയില്ലാതെ വറുത്തു. ഹെര്‍ബല്‍ ചിക്കന്റെ മണം പരന്നതോടെ ഈ കൗണ്ടറില്‍ ആള്‍ത്തിരക്കായി.
കര്‍ണാടകയിലെ പാനിപൂരി
മൈദ മാവുകൊണ്ട് കൊച്ചുപപ്പടം മാതിരി ഉണ്ടാക്കി ഉണക്കി എണ്ണയില്‍ മുക്കി പൊരിച്ചെടുക്കും. അതാണ് ചെറുപൂരി. കട്ടികൂടിയ ഇത് ചെറിയ പന്തുപോലെയുണ്ടാകും. അതിലൊരു ചെറിയ തുളയിടും. ആ തുളയിലൂടെയാണ് രുചി കൂടിയ പാനി ഒഴിക്കുന്നത്. രസത്തിന്റെ ചേരുവകളുടെ കൂടെ വെണ്ണയും സോസും കൂട്ടിച്ചേര്‍ത്താണ് പാനി നിര്‍മാണം. പച്ചക്കറികള്‍ ചെറുകഷണങ്ങളാക്കി അല്പം മസാല േചര്‍ത്ത് വയ്ക്കും. പാനി നിറച്ച ചെറുപൂരിയുടെ മുകളില്‍ പച്ചക്കറിക്കഷണങ്ങള്‍ വിതറി ഒന്നാകെ വിഴുങ്ങണം. ഇതാണ് കര്‍ണാടകയിലെ പാനിപൂരി.
സിക്കിമിലെ കൂരി
നവധാന്യങ്ങളില്‍ തിനയ്ക്ക് മുന്‍തൂക്കം നല്‍കി പൊടിയുണ്ടാക്കും. അതിലേക്ക് തിളച്ച െവള്ളമൊഴിച്ച് ദോശയുണ്ടാക്കും. ദോശ മടക്കി അതിനുള്ളില്‍ വാല്‍നട്ട് പൊടിച്ച് പൊതിയും. പൊതിയാന്‍ അലൂമിനിയം ഫോയിലാണ് ഉപയോഗിക്കുന്നത്. ഇത്ര ഗുണമുള്ള വിഭവം വേറെയില്ല. അതാണ് സിക്കിമിന്റെ കൂരിയുെട പ്രത്യേകത. ഇടയ്ക്ക് കഴിക്കാവുന്ന ലഘുവിഭവമാണിത്.
ആന്ധ്രയുടെ ചിക്കന്‍ സത്തായ്
ആന്ധ്രയിലുമുണ്ട് ഹെര്‍ബല്‍ ചിക്കന്‍. ഇല്ലിക്കമ്പില്‍ ചിക്കന്‍ കഷണങ്ങള്‍ ചെറുതാക്കി കുത്തിക്കയറ്റും. ഇടയ്ക്കിടെ പച്ചമുളകും പൊതിനയും തക്കാളിയും സവാളയും പുട്ടിന് പീര മാതിരി ചിക്കന്‍ കഷണങ്ങള്‍ക്കിടയില്‍ തിരുകും. എന്നിട്ട് എല്ലാംകൂടി കനലില്‍ വേവിക്കും. മസാലയില്ല, എണ്ണയില്ല. വേവിച്ചത് കമ്പില്‍ പിടിച്ച് കടിച്ചു തിന്നാം. ഇതാണ് ആന്ധ്രയുടെ ഹെര്‍ബല്‍ ചിക്കനായ ചിക്കന്‍ സത്തായ്.
Content Highlights: saras food festival kerala, kudumbashree, herbal chicken, pani puri, Indian food varieties, tribal food