കടുപ്പത്തില്‍ ഒരു ചായ ആയാലോ?


കെ പി അനീഷ്‌കുമാര്‍

3 min read
Read later
Print
Share

വെളുപ്പിന് ചായക്കടയിൽ നിന്നും ആവിപറക്കുന്നൊരു ചായ- ശരാശരി മലയാളിയുടെ പഥ്യങ്ങളിലൊന്ന്. ഇളകിനിൽക്കുന്ന മരബെഞ്ചും ഓലക്കീറിനുള്ളിലൂടെ അരിച്ചെത്തുന്ന വെളിച്ചവും സമാവാറിന്റെ ചൂടും പത്രവായനയുടെ ചൂരുംകലർന്ന ചായപ്പീടിക ഇന്നും നമ്മുടെ ഓർമയിലുണ്ട്

ടുപ്പത്തിലൊരു ചായ മലയാളികളുടെ പതിവു ശീലങ്ങളിൽ ഒന്നായിരുന്നു. കാലം മാറിയപ്പോൾ ചായയും മാറി. ഈ രണ്ടക്ഷരം നമുക്കേവർക്കും ഗൃഹാതുരത്വവുമാണ്‌

കൊച്ചുവെളുപ്പാൻകാലത്ത് വീടിന് വിളിപ്പാടകലെയുള്ള ചായപ്പീടികയിൽനിന്ന്‌ കടുപ്പത്തിലൊരു ചായ-ഏകദേശം ഒന്നരപതിറ്റാണ്ടുമുമ്പുവരെ ശരാശരി മലയാളിയുടെ പതിവുശീലങ്ങളിലൊന്നായിരുന്നു ഇത്. വീട്ടിലെ പഞ്ചസാരഭരണിയിലും ചായപ്പൊടിപാട്ടയിലും ‘ആൾതാമസ’മൊഴിഞ്ഞതുകൊണ്ടായിരുന്നില്ല ഇൗ പ്രഭാതചര്യ.

അതിരാവിലത്തെ ചായയ്ക്കൊപ്പമുള്ള പത്രപാരായണവും രാഷ്ട്രീയംപറച്ചിലും അല്പസ്വല്പം പരദൂഷണവും അത്രമേൽ അലിഞ്ഞുചേർന്നിരുന്നു,മലയാളിരക്തത്തിൽ. കാലക്രമത്തിൽ ചായയുടെയും ചായപ്പീടികയുടെയും ചേരുവയിലും രൂപത്തിലും മാറ്റങ്ങളുണ്ടായി. സമോവർ ‘പിടികിട്ടാപ്പുള്ളി’യായി.

എങ്കിലും ‘ചായ’ എന്ന രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല ചായയുടെ കടുപ്പവും ഉൗർജവും. സ്ട്രോങ്,ലൈറ്റ്, മീഡിയം, വിത്ത്, വിത്തൗട്ട്, അടിച്ചത്, അടിക്കാത്തത്, പൊടി, കട്ടൻ,ഇഞ്ചിക്കട്ടൻ, സുലൈമാനി...ഒന്നോർത്താൽ ഇൗ ചായ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കുടിച്ചുതീർക്കുന്ന പാനീയമെന്ന വിശേഷണം ചായയ്ക്ക് സ്വന്തം.

ചായ ‘ഗൃഹാതുരത്വത്തിന്റെ ഗ്ലാസിൽ’

വീട്ടിൽ വിരുന്നുകാരെത്തുമ്പോൾ ഫ്ലാസ്കും തൂക്കി തൊട്ടടുത്ത ചായക്കടയിലേക്ക് ചായ വാങ്ങാനായി ഓടിയ കാലം ഇന്ന് മുപ്പതുകളിലെത്തിയ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. പാല് നമ്മുടെ അടുക്കളകളിൽ പ്രത്യേക പരിഗണന അർഹിച്ചിരുന്ന കാലത്ത് തേങ്ങാപാലൊഴിച്ചും പഞ്ചസാരയ്ക്ക് ക്ഷാമം നേരിട്ട കാലത്ത് ശർക്കരയോ വെല്ലമോ കടിച്ച് രുചിച്ചും ചായയെ നാം ആഘോഷിച്ചു(വെല്ലം കടിച്ചുകൂട്ടി കുടിക്കുന്ന മധുരമില്ലാത്ത ചായയ്ക്ക് എന്തോന്ന് രുചിയെന്ന് ചോദിക്കാൻ വരട്ടെ.

ഇതിന്റെ രുചി അനുഭവിച്ചുതന്നെ അറിയണമെന്ന് അനുഭവസ്ഥർ പറയും). പാലെഴിക്കാത്ത കട്ടൻചായയെ പണ്ടുതൊട്ടേ നമുക്കറിയാമെങ്കിലും അറബിപ്പൊന്ന് തേടിപ്പോയ ഗൾഫുകാർ തിരിച്ചുനാട്ടിലെത്തിയതോടെയാണ് ‘സുലൈമാനി’ എന്ന പേര് നാട്ടിൽ പച്ചപിടിച്ചത്.

ഒപ്പം നാരങ്ങാനീര് ചേർത്ത കട്ടൻചായയുടെ അനന്തസാധ്യതകളും. വന്നു വന്ന് വൻകിട ടീ ഫാക്ടറികളിൽ ചായ രുചിച്ചുനോക്കി ഗുണമേൻമ വിലയിരുത്തുന്ന ‘ടീ ടേസ്റ്റർ’ എന്ന വൈറ്റ് കോളർ ജോലിവരെ എത്തിനിൽക്കുന്നു ചായയുടെ പെരുമ.

’ചായയെ സിനിമേലെടുത്തു’

ഉദയ, മെറിലാൻഡ് സിനിമകൾതൊട്ട് ഇൗയിടെ പൂയംകുട്ടി വനമേഖലയിൽനിന്നും കാടിറങ്ങിവന്ന ‘പുലിമുരുകനി’ൽവരെയുണ്ട് ചായയ്ക്ക് ‘പിൻനിര’യിലൊരുസീറ്റ്.കഥ ഗ്രാമീണാന്തരീക്ഷത്തിലുള്ളതാണെങ്കിൽ ചായക്കടയുടെ സെറ്റും ചായക്കടയിലെ സംഭാഷണശകലങ്ങളും പടത്തിലുണ്ടാകുമെന്നുറപ്പ്.

മണിരത്നത്തിന്റെ ‘ദിൽസേ’യിൽ പെരുമഴയത്ത് വഴിയരി കിലെ ഉന്തുവണ്ടിയിൽനിന്നും ആവിപറക്കുന്ന ചായ ഉൗതിക്കുടിക്കുന്ന ഷാറൂഖ് ഖാനേയും മനീഷാ കൊയ്‌രാളയേയും എങ്ങനെ മറക്കാനാണ്.

ആറ് മലയാളികൾക്ക് നൂറു മലയാളം എന്ന മട്ടിൽ വിവിധതരം ചായകൾ ഓർഡർചെയ്യുന്ന പത്രക്കാർക്ക് ഒരേ ചായ നൽകി, പരസ്പരം മാറിപ്പോയതാണെന്ന് പറഞ്ഞ് തലയൂരുന്ന ജഗതിയുടെ ചായക്കടക്കാരൻ നമ്മുടെ ചിരിയോർമ്മകളിൽ ആവി പറത്തിനിൽക്കും(ചിത്രം:സ്വ.ലേ.).

ന്യൂജെൻ സിനിമകളിൽ ചായക്കടയ്ക്കുപകരം കാന്റീനുകളും കഫ്ത്തീരിയകളും കോഫിഷോപ്പുകളും സ്ഥാനംപിടിച്ചുവെങ്കിലും പുതിയഗ്ലാസിൽ നിറയുന്നത് നമ്മുടെ ആ പഴയ ചായതന്നെ.

ചായ പല വിധം

രുചിഭേദങ്ങൾ ഏറെയുണ്ട് ചായയ്ക്ക്. കട്ടൻചായ മുതൽ ഗ്രീൻടീ വരെ നീളുന്നു ഇതിന്റെ പട്ടിക. ഏലക്ക,ഇഞ്ചി, ചുക്ക്, ജീരകം,ഗ്രാമ്പൂ തുടങ്ങിയവ വെവ്വേറെ ചേർത്ത് അതാത് രുചിയിലുള്ള ചായ തയ്യാറാക്കാം.

ഇപ്പറഞ്ഞ ചേരുവകൾക്കൊപ്പം കുരുമുളക് ചേർത്ത് തയ്യാറാക്കുന്ന ഒൗഷധച്ചായയും ഉപയോഗത്തിലുണ്ട്. ഇവയ്ക്കു പുറമെയാണ് വാനില ഉൾപ്പെടെയുള്ള വിവിധതരം എസൻസു കൾ ചേർത്തുണ്ടാക്കുന്ന ചായയുടെ വൈവിധ്യം.തേയില ഉണക്കി ആവി കയറ്റി തയ്യാറാക്കുന്ന ഗ്രീൻ ടീയാണ് നിലവിൽ ‘സ്റ്റാർ’.

മറ്റു ചായകൾ പോലെ അധികം സംസ്കരണപ്രവർത്തനങ്ങൾ നടത്താത്ത ഗ്രീൻടീയിൽ ശരീരത്തിന് ഗുണകരമായ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇതാണ് വിപണിയിലും ഗ്രീൻടീയുടെ മൂല്യം ഉയർത്തിയത്.

ചായ; ഗുണമേറെ, ഒപ്പം ദോഷവും

ചായ കുടിക്കാത്ത ഒരാൾക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ കുടിച്ചതുകൊണ്ട് ഗുണമുണ്ട്:ഒപ്പം ദോഷവും. ഹൃദയധമനികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കട്ടൻചായ സഹായകമാണെന്ന് ഗവേഷണങ്ങൾ പറയുന്നു.

കട്ടൻചായയിലുള്ള ഫ്ലേവനോയിഡ് പോലുള്ള ആന്റി ഒാക്സിഡന്റുകൾ ശരീരത്തിന് ഗുണകരമാണ്. ആയുർവേദമനുസരിച്ച് ഇഞ്ചിച്ചായ കുടിച്ചാൽ വാത-പിത്ത-കഫ സംബന്ധമായ ദോഷങ്ങൾ കുറയും.

ചായയിൽ അടങ്ങിയിട്ടുള്ള ടി.എഫ്-2 എന്ന സംയുക്തം അർബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അർബുദസാധ്യത കുറയ്ക്കാൻ കട്ടൻചായയ്ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസം മൂന്നോ നാലോ ഗ്ലാസ് കട്ടൻചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്നും നീർവീക്കം കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷം ചെയ്യുമെന്നതാണ് ഒരു നിരീക്ഷണം. നിദ്രാഭംഗത്തിനും ഉറക്കം കുറയാനും ചായ കാരണമാകുമെന്നും ഗവേഷകർ പറയുന്നു.

ചായയുടെ ഗുണങ്ങളും ദോഷങ്ങളുമൊക്കെ അവിടെ നിൽക്കട്ടെ. ഇത്രയും അടുത്തറിഞ്ഞ സ്ഥിതിക്ക് ഇനി കടുപ്പത്തിലൊരു ചായയാവാം, അല്ലേ.

ചായ- ചരിത്രം

ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു.വാമൊഴി-െഎതിഹ്യപ്രകാരം ചൈനിസ് ചക്രവർത്തിയായിരുന്ന ഷെൻ നൂങ് (shen nung)ആണ് ചായയുടെ തനിനിറം യാദൃശ്ചികമായി തിരിച്ചറിഞ്ഞത്.

ഇദ്ദേഹം കാട്ടിൽ വേട്ടക്കുപോയ സമയത്ത് അൽപം വെള്ളം ചൂടാക്കാൻവെക്കുകയും ഏതോ ചെടിയുടെ ഉണങ്ങിയ ഇലകൾ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു.തവിട്ടുനിറത്തിലായ വെള്ളം രുചിച്ചുനോക്കിയ ചക്രവർത്തി പാനീയം നൽകിയ ഉൻമേഷം അനുഭവിച്ചറിഞ്ഞു.തേയിലയുടേയും ചായ എന്ന അത്ഭുതപാനീയത്തിന്റെയും കഥ ഇവിടെ തുടങ്ങുന്നു.

”ചാ”എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം.ഏതാണ്ടെല്ലാ ഏഷ്യൻഭാഷകളിലും “ചായ്” എന്നാണ് ചായ അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ് സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്.

പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.ഡച്ച് സമൂഹത്തിലെ ഒരു ആഢംബരവസ്തുവായിമാറാനും സ്വർണ്ണത്തേക്കാൾ മൂല്യമുള്ള സാധനമായി മാറാനും ചായക്ക് ഏറെക്കാലം വേണ്ടിവന്നില്ല.എന്തിനധികം,അമേരിക്കൻവിപ്ലവത്തിന് തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടിക്കു നിമിത്തമാകാനും

ഇൗ ഇത്തിരിപ്പോന്ന തേയിലക്കായി കേരളത്തിൽനിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ചായ കൂടുതലായി ഉപയോഗിച്ചുവരുന്നത്.കേരളത്തിലെ ചായയിൽ പാലും വെള്ളവും സമാസമമായിരിക്കുമ്പോൾ തമിഴ്നാട്ടിൽ പാലിന്റെ അളവ് കൂടും.കർണ്ണാടകയിലാവട്ടെ പാലിൽ ചായപ്പൊടിചേർത്ത് കഴിക്കുന്നതാണ് പഥ്യം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

തിരുവിതാംകൂര്‍, തിരുകൊച്ചി, വള്ളുവനാടന്‍ ഓണസദ്യകളെക്കുറിച്ച്

Sep 1, 2017


mathrubhumi

1 min

ചോറ് വാഴയിലയില്‍ പൊതിഞ്ഞ് കഴിച്ചാല്‍ ഗുണങ്ങളേറെ

May 28, 2019


mathrubhumi

1 min

പാലോ പാല്‍പ്പൊടിയോ?

Oct 13, 2018