കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ മടികാണിക്കാറുണ്ടോ? അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഉച്ചഭക്ഷണം ആരോഗ്യകരവും രുചികരവും ആക്കിയാലോ.
സ്പൈസി റൈസ് ബോള്‍സ്
- അരിപ്പൊടി : ഒരു കപ്പ്
- വെള്ളം : ഒന്നേകാല്‍ കപ്പ്
- മുളകുപൊടി : അര ടീസ്പൂണ്‍
- തേങ്ങ ചിരവിയത് : ഒരു ടേബിള്‍സ്പൂണ്‍
- എണ്ണ: ഒരു ടേബിള്‍സ്പൂണ്‍
- കടുക് : ഒരു ടീസ്പൂണ്‍
- ജീരകം : ഒരു ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ് : ഒരു ടീസ്പൂണ്‍
- കായം : ഒരു നുള്ള്
- ഉപ്പ് : ആവശ്യത്തിന്
ഒരു ബൗളില്‍ അരിപ്പൊടി, മുളകുപൊടി, തേങ്ങ ചിരവിയത്, ഉപ്പ് എന്നിവ യോജിപ്പിക്കുക. വെള്ളം തിളപ്പിച്ചശേഷം പൊടിയില്‍ ഒഴിച്ച് സ്പാറ്റുല കൊണ്ട് ഇളക്കുക. തണുക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക. ഇതില്‍നിന്ന് ഉരുളകളെടുത്ത് ആവിയില്‍ 10 മിനിട്ട് വേവിക്കണം. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, ജീരകം, ഉഴുന്നുപരിപ്പ്, കായം എന്നിവയിട്ട് വഴറ്റണം. അതിലേക്ക് ഉരുളകളിട്ട് റോസ്റ്റ് ചെയ്തെടുക്കാം. ചട്ണി അല്ലെങ്കില്‍ സോസിനൊപ്പം കഴിക്കാം.
എഗ്ഗ് പറാത്ത
- നാല് പറാത്തയ്ക്കായി കുഴച്ച മാവ്
- പുഴുങ്ങിയ മുട്ട : രണ്ടെണ്ണം
- പച്ചമുളക് നുറുക്കിയത് : രണ്ടെണ്ണം
- സവാള നുറുക്കിയത് : ഒന്ന്
- മല്ലിയില നുറുക്കിയത് : ഒരു ടേബിള്‍സ്പൂണ്‍
- ഉപ്പ്, എണ്ണ് : ആവശ്യത്തിന്
കടായിയില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, ഉപ്പ്, മല്ലിയില എന്നിവ വഴറ്റുക. അതിലേക്ക് പുഴുങ്ങി ഫോര്‍ക്ക് കൊണ്ടടിച്ച മുട്ട ചേര്‍ത്ത് മാറ്റിവെയ്ക്കുക. പറാത്ത മാവില്‍ നിന്ന് നാല് ഉരുളകള്‍ ഉണ്ടാക്കുക. ഒരു ഉരുള കൈയില്‍വെച്ച് നടുവിലൊരു കുഴിയുണ്ടാക്കുക. അതില്‍ മുട്ടമസാല നിറച്ച് ഉരുളയാക്കുക. കട്ടിയില്ലാതെ പരത്തി, ചുട്ടെടുക്കാം. തക്കാളി ചട്ണിക്കൊപ്പം കഴിക്കാം.
മഷ്റൂം ടക്കാടക്ക്
- കാപ്സിക്കം നുറുക്കിയത് : ഒരു കപ്പ്
- മഷ്റൂം നുറുക്കിയത്: ഒന്നര കപ്പ്
- സവാള നുറുക്കിയത് : ഒരു കപ്പ്
- തക്കാളി നുറുക്കിയത് : ഒരു കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടീസ്പൂണ്‍
- പച്ചമുളക് നുറുക്കിയത് : ഒരു ടീസ്പൂണ്‍
- മുളകുപൊടി : അര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി : അര ടീസ്പൂണ്‍
- മല്ലിപ്പൊടി : ഒരു ടീസ്പൂണ്‍
- ഗരംമസാല : ഒരു ടീസ്പൂണ്‍
- ഒലീവെണ്ണ : ഒരു ടേബിള്‍സ്പൂണ്‍
- ഉപ്പ് : ആവശ്യത്തിന്
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റിയശേഷം സവാള ചേര്‍ക്കണം. സവാള നേര്‍ത്ത ബ്രൗണ്‍ നിറമാകുമ്പോള്‍ പച്ചമുളക്, മഷ്റൂം എന്നിവയിട്ട് നന്നായി ഇളക്കുക. മഷ്റൂം മൃദുവാകുമ്പോള്‍ തക്കാളി, കാപ്സിക്കം എന്നിവയും മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവയും ചേര്‍ക്കാം. നന്നായി ഇളക്കിയശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വീണ്ടുമിളക്കാം.
Content Highlihts: Lunch box for kids