വേനലവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്നു. അവധിക്കാലത്തെ കളിയും ചിരിയും കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക്.... ഒപ്പം അവരുടെ ഭക്ഷണകാര്യത്തെക്കുറിച്ച് അമ്മമാര്‍ക്ക് വേവലാതിയും തുടങ്ങി. കുട്ടികള്‍ക്കായി ശരിയായ പോഷകമൂല്യമുള്ള ആഹാരം തിരഞ്ഞെടുക്കേണ്ടതായുണ്ട്. സ്‌കൂള്‍ക്കുട്ടികളുടെ ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികനിലയെയും സ്വാധീനിക്കുന്നുണ്ട്.
പ്രഭാതഭക്ഷണം പ്രധാനഭക്ഷണം
ഒരു കുട്ടിക്ക് ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജത്തിന്റെയും മറ്റു പോഷകങ്ങളുടെയും മൂന്നില്‍ ഒന്ന് പ്രഭാതഭക്ഷണത്തില്‍നിന്നു ലഭിച്ചിരിക്കണം. പ്രഭാതഭക്ഷണത്തിന്റെ അളവു കുറയുന്നത് രക്തത്തിലെ പഞ്ചാസാര താഴാന്‍ ഇടയാക്കും. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയമനുസരിച്ച് പ്രഭാതഭക്ഷണം ക്രമീകരിക്കണം. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിനു നല്ലത്. മാംസ്യം കൂടുതലടങ്ങിയ പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റൈറോസിന്‍(അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്തുന്നു.
ലഘുഭക്ഷണം നിര്‍ബന്ധമാക്കുക
സ്‌കൂളില്‍പ്പോകുന്ന കുട്ടിക്ക് ആരോഗ്യദായകമായ ഒരു സ്‌നാക്‌സ് കൊടുത്തുവിടണം. പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, ആവിയില്‍ പുഴുങ്ങിയ ചെറു പലഹാരങ്ങള്‍ എന്നിവ നല്‍കാം.
ഉച്ചഭക്ഷണം
ഒരു ദിവസം വേണ്ട ഊര്‍ജത്തിന്റെയും പ്രോട്ടീനിന്റെയും മൂന്നില്‍ ഒന്ന് ഉച്ചഭക്ഷണത്തില്‍നിന്നു ലഭിച്ചിരിക്കണം. ലഞ്ച് ബോക്‌സില്‍ ചോറ്് നിര്‍ബന്ധമില്ല. പകരം സ്ഫൈഡ് ചപ്പാത്തിയോ സാന്‍വിച്ചോ നല്‍കാം. റൈസ് വിഭവങ്ങളില്‍ പുലാവ്, ഫ്രൈഡ്റൈസ്, തൈര് ചോറ്്, നാരങ്ങാ ചോറ് എന്നിവയില്‍ ഏതുമാകാം. ഇലക്കറികള്‍, മത്സ്യം, പനീര്‍, തൈര്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ വളര്‍ച്ചയെ സഹായിക്കും. ചീര, പിങ്ക് കാബേജ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പപ്പായ, പൈനാപ്പിള്‍) എന്നിവയിലുള്ള കരോട്ടിനും വിറ്റമിന്‍ എ-യും കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നു.
നാലുമണി ആഹാരം
സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുന്ന കുട്ടിക്ക് ലഘുഭക്ഷണം നല്‍കണം. അവല്‍, ഏത്തപ്പഴം, ഇലയട,
പുഴുങ്ങിയ പയര്‍വര്‍ഗങ്ങള്‍, മില്‍ക്ക് ഷെയിക്കുകള്‍, സൂപ്പുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍, ഇതൊക്കെ കുട്ടികള്‍ക്ക് ക്ഷീണമകറ്റി ഉത്സാഹവും പ്രസരിപ്പും നല്‍കാന്‍ സഹായിക്കും.
അത്താഴം:അളവ് ശ്രദ്ധിക്കണം
സ്‌കൂള്‍ക്കുട്ടികളുടെ അത്താഴത്തിന് കൊഴുപ്പു കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായ വിഭവങ്ങള്‍ വേണം. മധുരം, പുളി, എരവ് എന്നിവയും അമിതമായ ഭക്ഷണവും രാത്രി ഒഴിവാക്കണം. ആഹാരശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍ കിടക്കാവൂ.
വെള്ളം
ഒരു ബോട്ടില്‍ വെള്ളം സ്‌കൂള്‍ബാഗില്‍ വെക്കാന്‍ മറക്കരുത്. തിളപ്പിച്ചാറിയ വെള്ളം, ജീരകവെള്ളം, മോരിന്‍ വെള്ളം, നാരങ്ങാവെള്ളം, ഫ്രഷ് ജ്യൂസ് എന്നിവയും നല്‍കാം. പായ്ക്കറ്റില്‍ കിട്ടുന്ന ജ്യൂസുകള്‍, കോള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം.
കുട്ടികളുടെ എല്ലിനും പല്ലിനും ഉറപ്പു ലഭിക്കാന്‍ കാത്സ്യം അത്യന്താപേക്ഷിതമാണ്. പാല്‍, പാലുല്‍പ്പന്നങ്ങള്‍ (തൈര്, മോര്) മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, ചെറിയ മുള്ളോടുകൂടിയ മത്സ്യങ്ങള്‍, റാഗി, അവല്‍ എന്നിവ നല്ലത്. മൈദ ചേര്‍ത്ത ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ എന്നിവ ആരോഗ്യത്തെ നശിപ്പിക്കും. ടി.വി. കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നതു തടയണം.
വ്യായാമം
ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുമ്പില്‍ ചടഞ്ഞിരിക്കാന്‍ അനുവദിക്കാതെ ഓടിക്കളിപ്പിക്കുക. മെനു പ്‌ളാനിങ്ങില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത് അവര്‍ക്ക് ഭക്ഷണത്തോട് താത്പര്യം വളര്‍ത്താന്‍ സഹായിക്കും.
ഉറക്കം
ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറക്കം ലഭിച്ചാല്‍ മാത്രമേ കുട്ടികള്‍ ഉന്മേഷമുള്ളവരായി ഇരിക്കുകയുള്ളൂ. ആരോഗ്യകരമായ ഭക്ഷണരീതിയും ഉന്മേഷം നല്‍കുന്ന ജീവിതശൈലിയും കുട്ടികള്‍ ശീലിക്കണം.
Content Highlights: food for kids, lunch box for kids, food news, food feature kids health