മനുഷ്യരെ പോലെ മീനിനുമുണ്ട് ചില പ്രത്യേക സ്വഭാവങ്ങള്‍. അവരും പ്രത്യേക ഡയറ്റിനനുസരിച്ചാണ് കഴിയുന്നത്. ആ സ്വഭാവം കൊണ്ടു മാത്രം അവ ചിലപ്പോള്‍ പെട്ടുപോകും.
കറുത്ത ആവോലിയാണ് മീനുകളിലെ സുഖിയന്‍. ഇത്തിരി തണലു വേണം. കഴിക്കാനും വല്ലതും കിട്ടണം. പിന്നെ അവിടെ തന്നെ അങ്ങു കൂടും. തണിലിന് ആശാന് കണ്ടുപിടിച്ച ഒരു വഴിയുണ്ട്. കടലില്‍ നിര്‍ത്തിയിട്ട ബോട്ടുകള്‍! അതിന്റെ ചുവട്ടില്‍ ആവോലി വിശ്രമിക്കും. ഇതറിയാവുന്ന മീന്‍ പിടിത്തക്കാര്‍ ബോട്ടിന്റെ മുന്നില്‍ വലയിടും. ബോട്ട് വളരെ പതുക്കെ മുന്നോട്ടു നീക്കും. തണലു കിട്ടാന്‍ ആവോലിയും കൂടെ നീങ്ങും. വലയിലാവു വരെ ആവോലിക്ക് കാര്യം മനസ്സിലാവില്ല!
ഒരു ഡയറ്റീഷ്യന്റെ ഉപദേശം കിട്ടിയ പോലെയാണ് പുഴച്ചെമ്പല്ലി ജീവിക്കുന്നത്. ആവശ്യം നോക്കിയേ ഭക്ഷണം കഴിക്കൂ. ശരീരത്തില്‍ നന്നായി കൊഴുപ്പടിഞ്ഞെന്നു മനസ്സിലായാല്‍ പിന്നെ ചെമ്പല്ലി ഇരയെടുക്കില്ല. ചൂണ്ടക്കാര്‍ വലയും. തുലാമാസത്തിലാണ് ഈ മീന്‍ കൊഴുക്കുന്നത്. ഒരു മാസം കഴിയുമ്പോള്‍ കൊഴുപ്പു കുറയും. ചെമ്പല്ലി വീണ്ടും ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ചൂണ്ടയില്‍ കുടുങ്ങുകയും ചെയ്യും! കാളാഞ്ചി എന്ന മീനിനുമുണ്ട് ഈ സ്വഭാവം.
content higjhlight: fish diet