ഉണക്കമീൻ വിഭവങ്ങൾ മലയാളിയുടെ തീൻ മേശയിലെ ഒഴിവാക്കനാകാത്ത സാന്നിധ്യമാണിപ്പോൾ. ഏറെ രുചികരവും എളുപ്പത്തിൽ പാചകം ചെയ്യാനാകുമെന്നതുമാണ് ഉണക്കമത്സ്യങ്ങളെ അടുക്കളയിലെ സ്ഥിരവിഭവമാക്കിയത്. പത്ത് രൂപ മുതലുള്ള പാക്കറ്റുകളിൽ പലചരക്ക് കടകളിലും കിട്ടുമെന്നായതോടെ ഉണക്കമീനിന്റെ ഉപയോഗം വൻതോതിൽ വർദ്ധിച്ചു.
കാലഭേദമില്ലാതെ തന്നെ ഉണക്കമീനുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ നാടൻ പുഴ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വരവ് മത്സ്യങ്ങളാണിപ്പോൾ വിപണി കൈയടക്കിയിട്ടുള്ളത്. എങ്കിലും ഉണക്കമീൻ ചോദിച്ചെത്തുന്നവർ ഇപ്പോൾ ഏറെയാണ്. അഞ്ച് വർഷംകൊണ്ട് വില്പന ഇരട്ടിയിലേറെയായിരിക്കുന്നതായി കച്ചവടക്കാരും പറയുന്നു. വിഷം കലർന്ന പച്ചക്കറികൾ കേരളത്തിലെ മാർക്കറ്റുകളിൽ സജീവമായതോടെയാണ് പച്ചമത്സ്യങ്ങൾക്കൊപ്പം തന്നെ ഉണക്കമീനിനും ആവശ്യക്കാർ ഏറിയത്. ഇതോടെ നാടൻ പുഴ മത്സ്യങ്ങൾക്ക് വൻ ഡിമാൻഡും ആയി.
വരവ് മത്സ്യങ്ങളെ അപേക്ഷിച്ച് രുചി കൂടുതലാണെന്നതാണ് ഇതിന് കാരണം. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവയാണ് കേരളത്തിലെ മാർക്കറ്റുകളിൽ ഇടംപിടിച്ച ‘വരവു’കാർ. ഉണക്കമീനുകൾ ഓട്ടേറെയുണ്ടെങ്കിലും, നാടൻ ചെമ്മീനാണ് വിപണിയിലെ സൂപ്പർസ്റ്റാർ. രുചിയിൽ മലയാളികളുടെ പ്രിയപ്പെട്ട മീനാണ് ചെമ്മീൻ. കറിയായും ഫ്രൈയായും ചമ്മന്തിപ്പൊടിയായുമൊക്കെ വിവിധ വിഭവങ്ങളാക്കാം, ഏറെ നാൾ കേടാകാതെ ഉപയോഗിക്കാം എന്നീ ഗുണങ്ങൾ ചെമ്മീനെ അടുക്കളയിലെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാക്കി മാറ്റിയത്.
ചെമ്മീൻ കഴിഞ്ഞാൽ ഇഷ്ടമത്സ്യം നാടൻ കുട്ടനും നാടൻ പല്ലിക്കോരയുമാണ്. നാടൻ കൊഴുവ, നാടൻ നന്തൻ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. വിലയിലും ഒന്നാമൻ നാടൻ പുഴച്ചെമ്മീനാണ്. കിലോയ്ക്ക് 500 മുതൽ 600 രൂപവരെയുണ്ട്. കിള്ളിയെടുത്ത് ഉണക്കിയ പുഴ ചെമ്മീന് കിലോയ്ക്ക് 1000 രൂപ വരെയാണ് വില. നാടൻ പല്ലിക്കോരയ്ക്ക് കിലോയ്ക്ക് 280 രൂപയും നാടൻ കുട്ടന് 240 രൂപയുമാണ് വില. നാടൻ കൊഴുവയ്ക്ക് 480 രൂപവരെ വിലയുണ്ട്. ഉണക്കമീനിലെ ബിപിഎല്ലുകാർ നന്തനും മുള്ളനുമാണ്. 100 മുതൽ 120 വരെയാണ് വില.
rajasekharan.kv@gmail.com