ഭാവി തലമുറയുടെ ആരോഗ്യം, വികാസം, അതിജീവനം എന്നിവയുടെ അടിസ്ഥാനം പോഷകാഹാര ക്രമീകരണമാണ്. പോഷകാഹാര ക്രമീകരണത്തിലെ ന്യൂനതകളാണ് ഇന്ന് രാജ്യത്തെ പൊതു ആരോഗ്യ പ്രശ്നമായി വിദഗ്‌ധർ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാ വ്യക്തികളുടെയും ആരോഗ്യ പൂർണമായ വളർച്ചയ്ക്കും ജീവിതത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യമാണ് പോഷകാഹാര പദ്ധതികൾക്കുള്ളത്.
ഭാരത സർക്കാരിന്റെ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ബോർഡ് എല്ലാ വർഷവും സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ ഒരു പ്രതിപാദ്യ വിഷയത്തോടെ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. ഇക്കൊല്ലം ‘ശിശു പരിപാലന- പരിരക്ഷാ സമ്പ്രദായങ്ങൾ: ഉത്തമ ശിശു ആരോഗ്യം’ എന്നതാണ് പോഷകാഹാരവാരം മുന്നോട്ടു വച്ച സന്ദേശം.
വളർച്ചാ ഘട്ടങ്ങൾക്ക് ആനുപാതികമായി കുഞ്ഞുങ്ങൾക്ക് ആഹാരം ക്രമീകരിക്കുന്നതിന്റെ ആവശ്യകതയും നേട്ടങ്ങളുമാണ് പ്രധാനമായും സന്ദേശത്തിന്റെ ഉള്ളടക്കം. മുലയൂട്ടൽ പോലെ തന്നെ പ്രധാനമാണ് പോഷകാഹാരവും. ആറാംമാസം മുതലാണ് സാധാരണഗതിയിൽ കുഞ്ഞുങ്ങൾക്ക് പോഷകാഹാരങ്ങൾ നൽകി തുടങ്ങുന്നത്.
ഇത് വളർച്ചയ്ക്ക് ആനുപാതികമായി കൃത്യമായ ഇടവേളകളിൽ നൽകേണ്ടതുണ്ട്. മാത്രമല്ല ആഹാരത്തിന്റെ പ്രകൃതവും നൽകുന്ന രീതിയും അതിലേറെ പ്രധാനപ്പെട്ടതാണ്. പന്ത്രണ്ടാംമാസമാകുമ്പോൾ കുട്ടികളിൽ പ്രകടമാകാറുള്ള ഊർജാപചയങ്ങൾ പോഷകാഹാര ലഭ്യതയിലെ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുലയൂട്ടലും പൂരകമായ ആഹാര രീതിയും കുഞ്ഞുങ്ങളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീര വളർച്ചയ്ക്ക് അത്യന്താപേഷിതമായ ധാതുക്കളും പ്രദാനം ചെയ്യുന്നു. ആഹാരം ക്രമീകരിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ആഹാരം നൽകുന്ന ചുറ്റുപാടും. ആരോഗ്യകരമായ രീതിയിൽ വേണം കുഞ്ഞുങ്ങൾക്ക് ആഹാരം നൽകേണ്ടത്.
വൃത്തിയുള്ള പാത്രം മുതൽ നൽകുന്ന രീതി വരെ വളർച്ചയെ സ്വാധീനിക്കും. സ്വയം വിരലുകൾ ഉപയോഗിച്ച് ആഹാരം കഴിക്കാൻ ശീലിപ്പിക്കുകയും വേണം. ആഹാരം നൽകുന്ന ചുറ്റുപാടും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും ഒരു പരിധിവരെ വയറിളക്കം, വയറുകടി പോലുള്ള പകർച്ചാവ്യാധികളിൽനിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കും.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉദാഹരണത്തിന് എണ്ണയിൽ വറുത്തവ, പകുതി വേവിച്ച മാംസാഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ ശീലിപ്പിക്കാതിരിക്കുക. ഓരോ കുഞ്ഞുങ്ങളുടെയും വളർച്ച വ്യത്യസ്തമാണ്.
അവരുടെ ദഹനേന്ദ്രിയങ്ങളുടെ വളർച്ചയ്ക്ക് ആനുപാതികമായി വേണം ഭക്ഷണം ക്രമീകരിക്കുകയും ശീലിപ്പിക്കുകയും ചെയ്യേണ്ടത്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നത് മികച്ച ഭക്ഷണശീലങ്ങളെന്നു മറക്കരുത്.
തയ്യാറാക്കിയത്: എസ്. താരാകുമാരി, ചീഫ് സയന്റിഫിക് ഓഫീസര്‍, സംസ്ഥാന പോഷകാഹാര കാര്യാലയം, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്.