അവല്‍ കുഴയ്ക്കുന്ന തേങ്ങയില്‍ ചെറുചൂടുള്ള പാല്‍ ചേര്‍ത്തു കുഴച്ചാല്‍ അവലിന് രുചിയും മയവും കൂടും. ഉഴുന്നുവട ഉണ്ടാക്കാനുള്ള മാവില്‍ വെള്ളം അധികമായാല്‍ ഇതിലേക്ക് കുറച്ച് അവല്‍ പൊടിച്ചു ചേര്‍ത്ത ശേഷം വട ഉണ്ടാക്കിയാല്‍ മതി.
സലാഡില്‍ വെള്ളം കൂടിപ്പോയാല്‍ രണ്ടോ മൂന്നോ കഷണം ബ്രഡ് ഇട്ടുവച്ചാല്‍ മതി. അധികമുള്ള വെള്ളം ബ്രഡ് വലിച്ചെടുത്തുകൊള്ളും. സവാള വഴറ്റുമ്പോള്‍ എണ്ണ ഉപയോഗിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കുറച്ച് പാല്‍ ചേര്‍ക്കുക. സവാള നന്നായി വഴന്നു കിട്ടാനും കരിയാതെ ഇരിക്കാനും ഇത് സഹായിക്കും.
കറിയ്ക്ക് തേങ്ങാ ചേര്‍ക്കാതെ കൊഴുപ്പു കിട്ടാന്‍ ഉള്ളി അരച്ചു ചേര്‍ത്താല്‍ മതി. അല്ലെങ്കില്‍ തക്കാളി ചൂടുവെള്ളത്തിലിട്ട് തൊലി കളഞ്ഞ ശേഷം അരച്ചു കറിയില്‍ ചേര്‍ത്താലും മതി.
തൈരിന് ദുര്‍ഗന്ധവും ദുര്‍സ്വാദും വരാതെ കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ നാലു കഷണം തേങ്ങാപ്പൂള് തൈരിലിട്ട് വച്ചാല്‍ മതിയാവും. മീന്‍ തോല്‍ പൊളിക്കുന്നതിന് മുമ്പ് ഫ്രീസറില്‍ വയ്ക്കുക. മീനിന്റെ മാംസം നന്നായി ഉറച്ചാല്‍ തോല്‍ പെട്ടെന്ന് ഉരിഞ്ഞുകിട്ടും.
കാച്ചിയ പാലില്‍ നന്നായി കഴുകിയ നാല് നെല്‍മണികള്‍ ഇട്ടാല്‍ പാല്‍ രാവിലെ മുതല്‍ രാത്രി വരെ കേടുകൂടാതെ ഇരിക്കും. മുട്ട ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കണമെങ്കില്‍ അവ കഴുകി നാരങ്ങാവെള്ളമോ കടുകെണ്ണയോ നിറച്ച കണ്ടെയ്‌നറില്‍ സൂക്ഷിക്കുക.
മധുര നാരങ്ങയും ഓറഞ്ചും കേടാകാതെ സൂക്ഷിക്കാന്‍ ബ്രൗണ്‍പേപ്പര്‍ ബാഗിലാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ മതി. ഏകദേശം പതിനഞ്ച് മുതല്‍ ഇരുപത് ദിവസം വരെ ഇത് കേടുകൂടാതെയിരിക്കും.
കറിയ്ക്ക് കൂടുതല്‍ മണവും സ്വാദും കിട്ടാന്‍ കറി അടുപ്പില്‍ നിന്നും വാങ്ങിയ ശേഷം കടുകും ഉഴുന്നു പരിപ്പും മൂപ്പിച്ച് കറിയില്‍ ഇട്ടാല്‍ മതി. നാരങ്ങാവെള്ളത്തിന്റെ സ്വാദ് കൂട്ടാന്‍ അതില്‍ കുറച്ച് ഗ്രാമ്പൂ കൂടി ചേര്‍ത്താല്‍ മതി.