ഇത്രയും ശ്രവണമധുരമായ വീണാനാദത്തിന് അതിഭീകരമായി പേടിപ്പിക്കാനും കഴിയും എന്ന് മനസ്സിലായത്, മണിച്ചിത്രത്താഴ് എന്ന സിനിമ കാണുമ്പോഴാണ്. അതും എട്ടും പൊട്ടുമില്ലാത്ത വയസ്സില്‍ തീയറ്ററില്‍ പോയി കണ്ടപ്പോള്‍. കരഞ്ഞു നിലവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇന്ന് ആ സിനിമ മനഃപാഠം ആയതുകൊണ്ട്, ഇതില്‍ എന്താണിത്ര പേടിക്കാന്‍ എന്ന് ഇന്ന് ചിന്തിക്കുമെങ്കിലും, അന്ന് ആരെയും ആ സിനിമ കാണാന്‍ ഞാന്‍ സമ്മതിച്ചില്ല എന്നതാണ് സത്യം.
കരഞ്ഞു കൂവിയ എന്നെ ഏതു നേരത്താണ് സിനിമയ്ക്ക് കൊണ്ടുവരാന്‍ തോന്നിയെന്നു പ്രാകിയായിരിക്കണം അച്ഛന്‍ പുറത്തു കടന്നത്. പിന്നെ അച്ഛനെ തീയറ്ററിനകത്തേക്കു പോകാന്‍ ഞാന്‍ സമ്മതിച്ചില്ല. അങ്ങനെ നടക്കുമ്പോള്‍ മൂക്കിലേക്ക് ഒരു സ്വയമ്പന്‍ മണം അടിച്ചു കയറി. അപ്പുറത്ത് നിന്ന് ഒരു ചേട്ടന്‍, കായ ബജ്ജിയും, മുളകു ബജ്ജിയും ഉണ്ടാക്കുന്നു. എന്റെ മനസ്സ് വായിച്ചിട്ടോ അതോ എന്റെ വായ അല്‍പ്പനേരം അടഞ്ഞു കിട്ടുമല്ലോ എന്ന് കരുതിയോ ആവണം, അച്ഛന്‍ അയാളുടെ അടുത്തേക്ക് നടന്നു. കായ ബജ്ജിയോ, മുട്ട ബജ്ജിയോ ഒന്നുമല്ല, എന്റെ കണ്ണ് അതുവരെ കാണാത്ത വലുപ്പമുള്ള മുളകില്‍ ആയിരുന്നു. അതു നടുവെ കീറി മാവില്‍ മുക്കി അങ്ങനെ പൊരിക്കുന്നു. കൂടെ ഉള്ളിയും പുളിയും ചേര്‍ന്ന നല്ല എരിവുള്ള ചമ്മന്തിയും. പിന്നെ ഞാന്‍ അതൊരു ശീലം ആക്കി മാറ്റി. ഇന്നും മണിച്ചിത്രത്താഴ് സിനിമ എന്റെ മുളകു ബജ്ജി ഓര്‍മ്മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പിന്നെ അമ്മ വീട്ടില്‍ ഉണ്ടാക്കി തരാന്‍ തുടങ്ങി. ബജ്ജി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് കൊണ്ടു മാത്രം ആയിരിക്കണം, മൂപ്പര്‍ക്ക് ബജ്ജി മുളക് എന്നു പേരും വീണത്. മുളകാണേലും അതിന്റെ തനിസ്വഭാവം ഒന്നും പുറത്തെടുക്കാത്ത ഒരു പാവം മുളക്. അതു കൊണ്ടൊരു കറി ആണ് ഇന്ന് ലഞ്ച് ബോക്‌സ് സ്പെഷ്യല്‍. കൂടെ പണ്ടത്തെ പരിഷ്‌കാരിയായ കോളിഫ്‌ളവര്‍ കൊണ്ടൊരു മസാലയും.
ബജ്ജി മുളക് കറി
° ° ° ° ° ° ° ° ° °
- ബജ്ജി മുളക് - 6
- കപ്പലണ്ടി - 2 സ്പൂണ്‍
- പൊട്ടുകടല - 2 സ്പൂണ്‍
- മല്ലി - കാല്‍ സ്പൂണ്‍
- നാളികേരം - 4 സ്പൂണ്‍
- ജീരകം - കാല്‍ സ്പൂണ്‍
- പെരുംജീരകം - കാല്‍ സ്പൂണ്‍
- പുളിവെള്ളം - കാല്‍ കപ്പ്
- ഇഞ്ചി, വെളുത്തുള്ളി - പേസ്റ്റ് 1 സ്പൂണ്‍
- ഉലുവ - അല്പം
- മുളകുപൊടി - 1 സ്പൂണ്‍
- മഞ്ഞള്‍പൊടി - ഒരു നുള്ള്
- കടുക് - അല്പം
- വറ്റല്‍ - മുളക് 2
- ഗരം മസാല - അര സ്പൂണ്‍
- ചട്ടി ചൂടാക്കി, കപ്പലണ്ടി, പൊട്ടുകടല, മല്ലി എന്നിവ നല്ലപോലെ ചൂടാക്കുക.
- ഇതിലേക്ക് നാളികേരം കൂടെ ചേര്‍ത്തു ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക
- തണുത്ത ശേഷം നല്ലപോലെ അരച്ചെടുക്കുക
- ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, ഉലുവ, വേപ്പില, ജീരകം, പെരുംജീരകം, വറ്റല്‍ മുളക് എന്നിവ പൊട്ടിക്കുക.
- ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേര്‍ത്തു പച്ചമണം മാറിയാല്‍ പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിച്ചു മുളക് നടുവെ മുറിച്ചു ചേര്‍ത്തു വാട്ടുക, ഉപ്പും ചേര്‍ക്കുക
- അല്പം കഴിഞ്ഞു പുളിവെള്ളം ചേര്‍ത്തു തിളപ്പിച്ച്, അരപ്പ് കൂടെ ചേര്‍ത്ത് ഇളക്കി അടച്ചു വെച്ചു വേവിക്കാം
- എണ്ണ തെളിഞ്ഞു മുളക് വെന്താല്‍ കാല്‍ കപ്പ് വെള്ളം കൂടെ ചേര്‍ത്ത് ഇളക്കി തിളപ്പിച്ച് ഇറക്കാം.
° ° ° ° ° ° ° ° ° ° ° °
- കോളിഫ്ളവര്‍ - അരക്കിലോ
- സവാള - ഒന്ന്
- പച്ചമുളക് - 3
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒന്നര സ്പൂണ്‍
- വേപ്പില - ഒരു തണ്ട്
- തക്കാളി - ഒന്ന്
- മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
- മുളകുപൊടി - ഒരു സ്പൂണ്‍
- മല്ലിപ്പൊടി - അര സ്പൂണ്‍
- കുരുമുളകുപൊടി - അര സ്പൂണ്‍
- ഗരംമസാല - അരസ്പൂണ്‍
- കോളിഫ്‌ളവര്‍ വൃത്തിയാക്കി അല്ലികള്‍ ആക്കി വെള്ളത്തില്‍ ഉപ്പും മഞ്ഞള്‍പൊടിയും ഇട്ട് ഒന്നു തിളപ്പിച്ചു എടുക്കുക.
- ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ വാട്ടി എടുക്കുക. പച്ചമുളകും വേപ്പിലയും കൂടി ചേര്‍ക്കാം.
- ഇതിലേക്ക് സവാള കൂടെ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വാട്ടുക.
- ഇതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് എടുക്കാം.
- ഇനി തക്കാളി അരിഞ്ഞു ചേര്‍ത്ത് അല്പനേരം അടച്ചു വെച്ചു വേവിക്കുക. ഉപ്പ് കൂടെ ചേര്‍ക്കുക.
- തക്കാളി വെന്ത്, എണ്ണ തെളിഞ്ഞാല്‍ കോളിഫ്‌ളവര്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. വെള്ളം ചേര്‍ക്കാതെ അടച്ചു വെച്ചു ചെറിയ തീയില്‍ വേവിക്കുക. ശേഷം തീ കൂട്ടി വെച്ചു ഉലര്‍ത്തി എടുക്കുക.