കുഞ്ഞുങ്ങളെ പച്ചക്കറിയും, പഴങ്ങളും കഴിപ്പിക്കാന്‍ കഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെ സങ്കടം കേള്‍ക്കാത്ത ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തവയാണ് പച്ചക്കറികളും, പഴങ്ങളും. കുട്ടികളുടെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന എല്ലാ ജീവകങ്ങളും, പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലായ്‌പ്പോഴും വറുത്തതും, പൊരിച്ചതും, ബേക്കറി പലഹാരങ്ങളോടുമാണ് പ്രിയം. ഫാസ്റ്റ് ഫുഡും മറ്റു മാംസാഹാരങ്ങളും പതിവാക്കുകയാണെങ്കില്‍ പിന്നീട് സസ്യാഹാരത്തോടുള്ള അവഗണന സ്വാഭാവികമാണ്.
എന്നാല്‍ മാംസാഹാരത്തെ അപേക്ഷിച്ചു വളരെ അധികം പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടവും എന്നാല്‍ ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് സസ്യാഹാരം. ഇലക്കറികള്‍ കഴിക്കുന്നതുവഴി വളരുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഇരുമ്പിന്റെ (അയണ്‍) അംശം അവര്‍ക്കു കിട്ടുന്നു. ഇലക്കറികളിലാണ് ഏറ്റവും കൂടുതല്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നത്. വളരുന്ന പ്രായത്തില്‍ കുട്ടികളില്‍ ഏറ്റവുമധികം ആവശ്യമായ ഒന്നാണ് അയണ്‍ - കുട്ടികളുടെ വളര്‍ച്ച, പേശി രൂപീകരണം, ചുവന്ന രക്താണുക്കളുടെ രൂപീകരണം, അവരുടെ മസ്തിഷ്‌കത്തിന്റെ വളര്‍ച്ചയ്ക്കും വളരെ അത്യാവശ്യമായ ഒന്നാണ്.
ഇത് കൂടാതെ, കണ്ണുകളിലേക്കുള്ള നാഡികളിലെ രക്തപ്രവാഹം സുഗമമായി നടക്കുന്നതിന് ഇലക്കറികളില്‍ അടങ്ങിയ ജീവകങ്ങള്‍ സഹായിക്കുന്നു. കുട്ടിക്കാലമാണ് ആരോഗ്യകരമായ ഭക്ഷണരീതികള്‍ പരിശീലിപ്പിക്കാന്‍ പറ്റിയ സമയം, 'ചുട്ടയിലെ ശീലം ചുടല വരെ' എന്നല്ലേ! കുട്ടികളെ പച്ചക്കറികളും, ഇലക്കറികളും, പഴങ്ങളും കഴിപ്പിക്കാനുള്ള എളുപ്പവഴി എന്തെങ്കിലും ഉണ്ടോ എന്നതാണ് രക്ഷിതാക്കളുടെ എന്നത്തേയും ചോദ്യം. അങ്ങനെ വിഷമിക്കുന്ന അച്ഛനമ്മമാര്‍ക്ക് പരീക്ഷിക്കാവുന്ന ചില ചെപ്പടിവിദ്യകളും, നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
1. പഴങ്ങള്‍ കാണാവുന്ന വിധത്തിലും, എളുപ്പത്തില്‍ എടുക്കാവുന്ന വിധത്തിലും അടുക്കിവയ്ക്കുക
പല മാതാപിതാക്കളും എല്ലാ ആഴ്ചയും പഴങ്ങളും മറ്റും ആവശ്യത്തിന് വാങ്ങുകയും അത് അടുക്കി വയ്ക്കുകയും ചെയ്യുന്നു. അത് കുട്ടികളുടെ കാഴ്ച്ചയില്‍ എളുപ്പം കാണാന്‍ പറ്റുന്നതും, അവര്‍ക്കു സ്വയം എടുക്കാന്‍ പറ്റുന്നതുമായ ഇടങ്ങളില്‍ ആകുന്നതാണ് ഉത്തമം. കുട്ടികള്‍ സ്‌നാക്ക്‌സ് ആയിട്ടു ബേക്കറി സാധനങ്ങള്‍ കഴിക്കുന്നത് നിര്‍ത്തലാക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം അവര്‍ക്കു വിശക്കുമ്പോള്‍ കഴിക്കുവാനായി കഴുകി, അടുക്കി വച്ചിരിക്കുന്ന വിവിധ നിറങ്ങളിലുള്ള പഴങ്ങള്‍ കൈയെത്തും ദൂരത്തു വയ്ക്കുക എന്നതാണ്. പഴങ്ങളോ, മുന്തിരിയോ, ആപ്പിളോ, ഓറഞ്ചോ ആകട്ടെ അത് അടുക്കള മേശയില്‍ അല്ലെങ്കില്‍ ഡൈനിങ്ങ് റൂമിലെ മേശയില്‍ കഴുകി വൃത്തിയാക്കി ഒരു പാത്രത്തില്‍ കരുതി വയ്ക്കുക.
2. ഒരു നല്ല റോള്‍ മോഡല്‍ ആകുക
അച്ഛനമ്മമാര്‍ ചെയ്യുന്നതെന്തും അതുപോലെ ചെയ്യുക എന്നത് എല്ലാ കുട്ടികളിലും കാണുന്ന ഒരു പ്രവണതയാണ്. എന്റെ ഉദാഹരണം തന്നെ പറയാം, എനിക്ക് കിവി പഴം കഴിക്കാന്‍ വലിയ താത്പര്യമില്ലായിരുന്നു. എന്റെ കുഞ്ഞിന് കിവി പഴം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞ് അത് മാത്രം വേണ്ട എന്ന് പറയുകയും, ബാക്കി പ്ലേറ്റിലുള്ള എല്ലാം തന്നെ കഴിക്കുകയും ചെയ്തു. അടുത്ത പ്രാവശ്യം കിവി പഴം മുറിച്ചു വച്ചതിനു ശേഷം ഞാനും കുഞ്ഞിന്റെ കൂടെയിരുന്ന് കഴിക്കാന്‍ തുടങ്ങി. ഞാന്‍ കഴിക്കുന്നത് കണ്ട് 'അമ്മ ഇത് കഴിക്കുമോ', 'എന്നാല്‍ ഞാനും കഴിച്ചു നോക്കട്ടെ' എന്ന് പറഞ്ഞതിന് ശേഷം കുഞ്ഞും അത് കഴിച്ചു. നിങ്ങള്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതായി കുട്ടികള്‍ കാണട്ടെ. കുട്ടികള്‍ പരസ്പരം തങ്ങളുടെ കൂട്ടുക്കാര്‍ ചെയ്യുന്നത് പകര്‍ത്തുന്ന പ്രവണതയും കാണാറുണ്ട്. പ്ലേയ്‌ഡേറ്റ് നടത്തുമ്പോള്‍ പുതിയതോ അല്ലെങ്കില്‍ പണ്ട് കഴിക്കാന്‍ കൂട്ടാക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ സ്‌നാക്ക് ആയി പരിചയപ്പെടുത്തുകയും ചെയ്യാം.
3. ക്ഷമയോടെ കാത്തിരിക്കുക - ശ്രമിച്ചുകൊണ്ടേയിരിക്കുക
ആദ്യത്തെ തവണ കൊടുക്കുമ്പോള്‍ തന്നെ കുഞ്ഞ് പച്ചക്കറിയോ പഴങ്ങളോ കഴിക്കുമെന്ന് വിചാരിക്കരുത്. പഴങ്ങളും പച്ചക്കറികളും നിരസിക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രധാനമായ രണ്ടു ഘടകങ്ങള്‍ സംഭാവന ചെയ്യാറുണ്ട് - ഒന്ന് നിയോഫോബിയ (neophobia) മറ്റൊന്ന് തിരഞ്ഞെടുത്തു കഴിക്കുന്ന പ്രവണത (picky eating). പുതിയതായി പരിചയപ്പെടുത്തുന്ന എന്തിനോടും തോന്നുന്ന ഒരു പേടിയാണ് നിയോഫോബിയ. തനിക്ക് ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുത്ത് കഴിക്കുന്ന കുഞ്ഞുങ്ങളാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത്. നിങ്ങളുടെ കുട്ടി കൊടുക്കുന്ന ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കുന്നതിനുമുമ്പ് ചിലപ്പോള്‍ 10 മുതല്‍ 15 ശ്രമങ്ങള്‍ വരെ എടുത്തേക്കാം. എല്ലാവര്‍ക്കും വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്, അതിനാല്‍ നിങ്ങളുടെ കുഞ്ഞിനും അവരുടേതായ ഇഷ്ടങ്ങളുണ്ടാകുമെന്ന് മനസിലാക്കുകയും അതേസമയം തന്നെ എങ്ങനെ അവരെ ഒരു പ്രാവശ്യമെങ്കിലും ഒന്ന് കഴിച്ചു നോക്കാന്‍ പ്രേരിപ്പിക്കാന്‍ കഴിയും എന്ന് ക്ഷമയോടെ ശ്രമിക്കുക.
4. കുട്ടികളെ ഉള്‍പ്പെടുത്തുക
പച്ചക്കറി വാങ്ങാന്‍ പോകുമ്പോഴും, വീട്ടിലേക്ക് ആവശ്യമായ മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും കുഞ്ഞുങ്ങളെ കൂട്ടുന്നത് വളരെ ഗുണം ചെയ്യും. ഷോപ്പിംഗ് നടത്തുമ്പോള്‍ അവരുടെഇഷ്ടാനുസരണം ചില പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും ഉള്‍പെടുത്തുക. വാങ്ങിച്ചുകൊണ്ടു വരുന്ന സാധങ്ങള്‍ വേര്‍തിരിക്കാനും, പഴങ്ങള്‍ കഴുകി വയ്ക്കുവാനും അവരെ ഏര്‍പ്പെടുത്തുക. ഈ സമയത്ത് പച്ചക്കറി, ഇലക്കറി എന്നിവ എന്ത് കൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമാണെന്നും, ഓരോ പഴങ്ങളും കഴിക്കുന്നത് കൊണ്ട് ഏത് അവയവത്തിനാണ് ഗുണമുണ്ടാകുന്നതെന്നും രസകരമായ രീതിയില്‍ കുട്ടികളെ മനസിലാക്കിപ്പിക്കുക. പാചകം ചെയ്യാതെ കഴിക്കാന്‍ പറ്റുന്ന സാലഡ് (പച്ചക്കറി/ പഴം എന്നിവ ഉപയോഗിച്ചുള്ള സലാഡ്) എന്നിവ ഉണ്ടാക്കാന്‍ കുട്ടികളെയും കൂടെക്കൂട്ടുകയാണെങ്കില്‍ അവരതു സ്വന്തം അധ്വാനത്തിന്റെ ഫലം എന്നുള്ള സങ്കല്‍പ്പത്തില്‍ കഴിക്കാനും താത്പര്യം കാണിക്കും.
5. ഉറവിടം എന്ത്, എങ്ങനെ?
കുട്ടികള്‍ക്ക് അവരുടെ ആഹാരം എങ്ങനെ ഉണ്ടാകുന്നു, അതില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകള്‍ എന്തൊക്കെ എന്നും, അത് എവിടെ നിന്നും വരുന്നു എന്നും പഠിപ്പിക്കുക. ആഴ്ചതോറും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനു പകരം കഴിയുമെങ്കില്‍ അടുത്ത് കൃഷി ഇടങ്ങളോ, കൂട്ടുകാരുടെ ജൈവ കൃഷി ഇടങ്ങളോ സന്ദര്‍ശിക്കുക. ഒരിക്കലെങ്കിലും അവരെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു സ്ഥലത്തേക്ക് ചെറിയ ഉല്ലാസയാത്രയ്ക്ക് കൊണ്ടു പോകുക. അവരോടു കഴിക്കാന്‍ പറയുന്ന സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ തട്ടില്‍ ഇരിക്കുന്നത് കാണുന്നതിനേക്കാളും അവരുടെ ഉള്ളില്‍ ജിജ്ഞാസ ഉണര്‍ത്തുന്നത് ചെടികളില്‍ തൂങ്ങി കിടക്കുന്നതും കായ്ച്ചു നില്‍ക്കുന്നതും കാണുമ്പോഴാണ്. വീടുകളില്‍ (ഫ്‌ളാറ്റുകളിലും) വെയില്‍ കിട്ടുന്ന സ്ഥലങ്ങളില്‍ ചെടിച്ചട്ടികളില്‍ വരെ വച്ച് പിടിപ്പിക്കാന്‍ പറ്റിയ ചില പച്ചക്കറികളുണ്ട്. സ്ഥലമുണ്ടെങ്കില്‍ മണ്ണില്‍ മുളപ്പിക്കാന്‍ പറ്റിയ തക്കാളിയും തണ്ണിമത്തങ്ങയും ബീന്‍സും വെണ്ടയ്ക്കും പഴവും പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ നട്ടുവളര്‍ത്തുന്നതില്‍ അവരെയും ഉള്‍പെടുത്തുകയാണെങ്കില്‍ തങ്ങളുടെ അധ്വാനത്തിന്റെ ഫലം കുട്ടിയെ മറ്റു പച്ചക്കറികള്‍ കഴിക്കാനും പ്രേരിപ്പിച്ചേക്കാം.
6. സൂപ്പ് നല്ല സൂപ്പ്
പച്ചക്കറികള്‍ തീരെ കഴിക്കാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന വേറൊരു മാര്‍ഗമാണ് സൂപ്പ് ഉണ്ടാക്കി കൊടുക്കുന്നത്. എല്ലാ പച്ചക്കറികളും കുറച്ചു മഞ്ഞളും, ജീരകപൊടിയും ചേര്‍ത്ത് കുക്കറില്‍ ഒരു വിസില്‍ വച്ച് വേവിച്ചെടുക്കുക. ചൂടോടെ കുറച്ച് ഉപ്പും ലേശം കുരുമുളക് പൊടിയും ചേര്‍ത്ത് കൊടുക്കാം. ചിക്കന്‍ ഇതേ രീതിയില്‍ കുക്കറില്‍ വച്ച് വേവിക്കുകയാണെങ്കില്‍ അതിന്റെ ബാക്കി വരുന്ന വെള്ളം (stock) കൂടി വെജിറ്റബിള്‍ സൂപ്പില്‍ ചേര്‍ക്കാം.
7. വിവിധ വര്‍ണത്തിലുള്ള പച്ചക്കറികളും, പഴങ്ങളും നല്‍കുക
കുട്ടികളെ ആകര്‍ഷിക്കുന്ന മറ്റൊരു വസ്തുത വസ്തുക്കളുടെ നിറങ്ങളാണ്. വിവിധ നിറങ്ങളിലുള്ള ഭക്ഷണസാധനങ്ങള്‍ പ്ലേറ്റില്‍ നിരത്തി വച്ചിരിക്കുമ്പോള്‍, അത് അവരെ കഴിക്കാനായി പ്രേരിപ്പിക്കും. മുതിര്‍ന്നവര്‍ സാധാരണയായി രുചികള്‍ കൂട്ടിക്കലര്‍ത്തി കഴിക്കാന്‍ ഇഷ്ടപെടുമ്പോള്‍ കുട്ടികള്‍ക്ക് മിക്കവാറും അത് വേര്‍തിരിച്ച് ഓരോന്നും ആസ്വദിച്ച് കഴിക്കാനാണ് ഇഷ്ടം.
8. പുതിയ ഭക്ഷണം പരിചയപ്പെടുത്താനും, കൊടുക്കാനും 'മുഹൂര്‍ത്തം' - പിന്നെ രസകരമായ പേരും!
നന്നായി വിശന്നിരിക്കുന്ന സമയമാണ് ഏറ്റവും നല്ല മുഹൂര്‍ത്തം. ഡേകെയറില്‍ നിന്ന് വൈകുന്നേരം വിശന്നു വരുമ്പോള്‍ പഴങ്ങളും പച്ചക്കറികളും സ്‌നാക്ക്‌സായി കൊടുത്തു നോക്കിയപ്പോള്‍ മിക്കപ്പോഴും ആ പ്രയത്‌നം വിജയിച്ചിട്ടുണ്ട്. വിശന്നിരിക്കുമ്പോള്‍ കഴിക്കാന്‍ കൊടുക്കുന്നതും വയറു മുഴുവനായി നിറഞ്ഞിരിക്കുമ്പോള്‍ കഴിക്കാന്‍ കൊടുക്കുന്നതും തമ്മില്‍ ഒരുപാടു വ്യത്യാസം ഉണ്ട്. ചെറിയ കുട്ടികള്‍ക്ക് ഇഷ്ടമുള്ള മറ്റൊന്ന് - രസകരമായ പേരുകള്‍ ഉപയോഗിച്ച് പച്ചക്കറികളെയും, പഴങ്ങളെയും വിളിക്കുന്നതാണ്. കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി (Cornell University’s Food and Brand Lab) നടത്തിയ ഒരു ഗവേഷണത്തിന്റെ ഫലം ഇത് സൂചിപ്പിക്കുന്നതാണ്. ഒരു സ്‌കൂളില്‍ കാരറ്റ് നിറച്ച രണ്ട് പ്ലേറ്റുകള്‍ വയ്ക്കുകയും, അതില്‍ ഒന്നില്‍ 'Food of the Day' എന്നും, മറ്റൊന്നില്‍ 'X-Ray Vision Carrots' എന്നുമുള്ള ബോര്‍ഡുകള്‍ വച്ചു. ഭക്ഷണസമയത്ത് കുട്ടികളോട് അവര്‍ക്കിഷ്ടമുള്ള കാരറ്റ് തിരഞ്ഞെടുക്കാന്‍ പറഞ്ഞു. 66 % കുട്ടികളും 'X-Ray Vision Carrots' എന്നെഴുതിയ പ്ലേറ്റില്‍ നിന്നും 32 % കുട്ടികള്‍ 'Food of the Day' എന്നെഴുതിയ പ്ലേറ്റില്‍ നിന്നും കഴിച്ചു.
9. ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം കൊടുക്കുക
ഇഡ്ഡ്‌ലി കഴിക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ പാകം ചെയ്ത പച്ചക്കറികളും ഇലകളും ഇഡ്ഡ്‌ലി ഉണ്ടാക്കുമ്പോള്‍ തന്നെ അതില്‍ സ്റ്റഫ് ചെയ്യാം. ദോശയാണ് ഇഷ്ടമെങ്കില്‍ മസാല ദോശ ഉണ്ടാക്കുക. അതില്‍ ഏറെക്കുറെ പച്ചക്കറികള്‍ ഉള്‍പെടുത്താന്‍ പറ്റും. ഫ്രൈഡ് റൈസ് ആണ് ഇഷ്ടമെങ്കില്‍ കാരറ്റ്, ബീന്‍സ്, കാബേജ്, ചോളം എന്നിവയോടൊപ്പം മറ്റ് ഇലകളും ചേര്‍ത്ത് സാധാരണ ചോറ് കുറച്ചു നെയ്യില്‍ വഴറ്റി എടുക്കുക.
10. ആകര്‍ഷകമായ രീതിയില്‍ പച്ചക്കറിയും, ഫലങ്ങളും ക്രമീകരിക്കുക
പച്ചക്കറികളും പഴങ്ങളും കഴിപ്പിക്കാന്‍ കഷ്ടപ്പെടുന്ന അച്ഛനമ്മമാരെ സഹായിക്കുന്ന മറ്റൊരു ചെപ്പടി വിദ്യയാണ് 'ഫുഡ് ആര്‍ട്ട്'. ബ്രോക്കോളി കഴിക്കാന്‍ മടിക്കുന്ന കുട്ടി, അതൊരു മരമായി പ്ലേറ്റില്‍ വച്ചിരിക്കുന്നത് കണ്ടാലോ? ആപ്പിള്‍ ഒരു കാറിന്റെ ഷേപ്പില്‍ വച്ചിരിക്കുന്നത് കണ്ടാലോ? അത് കഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രൂപത്തിലും ആകൃതിയിലും മറ്റും ഭക്ഷണം ക്രമീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് അത് തീര്‍ച്ചയായും ഇഷ്ടമാകും.
പച്ചക്കറിയും പഴങ്ങളും വില്‍ക്കുന്ന കടയും, അത് വാങ്ങാന്‍ വരുന്ന കുട്ടിയും
ഇതിനായി ഉപയോഗിച്ചിരിക്കുന്നത് :
കട, കുട്ടിയുടെ കൈകള്‍, കാലുകള്‍ - ബ്രഡ്
കടക്കാരന്റെയും, കുട്ടിയുടെയും മുഖം - ആപ്പിള്‍
കടക്കാരന്റെയും, കുട്ടിയുടെയും മുടി - ബ്ലൂബെറി
കടക്കാരന്റെയും, കുട്ടിയുടെയും കണ്ണുകള്‍ - ബ്ലൂബെറിയുടെ തൊലി
കടക്കാരന്റെയും, കുട്ടിയുടെയും ചുണ്ടുകള്‍ - സ്‌ട്രോബെറി
കടക്കാരന്റെയും, കുട്ടിയുടെയും ഷര്‍ട്ട്, കൈകള്‍ - ആപ്പിള്‍
കടയുടെ മുന്‍ഭാഗം - ബ്രെഡും ജാമും
കിളികള്‍ - ആപ്പിള്‍
ചെറിയ ചെടികള്‍ - ബീന്‍സ്, ചോളം, കാരറ്റ്
സൂര്യന്‍ - ഓറഞ്ച്
സൂര്യകിരണം - കാരറ്റ്
കുട്ടിയുടെ ഉടുപ്പ്, ചെരുപ്പ്, ഹെയര്‍ക്ലിപ് - സ്‌ട്രോബെറി
കുട്ടിയുടെ പേഴ്‌സ് - ആപ്പിള്‍
പഴ്‌സിന്റെ ബട്ടണ്‍ - ഗ്രീന്‍ പീസ്
വില്‍ക്കാനായി വച്ചിരിക്കുന്നത് - ചെറുതായി മുറിച്ച മുന്തിരി, കാരറ്റ്, ഗ്രീന്‍ പീസ്, സ്‌ട്രോബെറി, ഉണക്കമുന്തിരി