പെൺമക്കളുള്ള അച്ഛനമ്മമാരോട്


ലളിതാംബിക

2 min read
Read later
Print
Share

-

കഴിഞ്ഞ കുറെദിവസമായി നാം കേൾക്കുന്ന പെൺകുട്ടികളുടെ കൊലപാതകങ്ങളും ആത്മഹത്യ എന്നപേരിലുള്ള മരണങ്ങളും എല്ലാ അച്ഛനമ്മമാരുടെ മനസ്സിലും നീറുന്ന വേദനയായിരിക്കുന്നു. വിസ്മയ, അർച്ചന, പ്രിയങ്ക, സുചിത്ര, ഉത്ര ഇങ്ങനെ നീണ്ടുപോകുന്ന കണ്ണികൾ. സാക്ഷരതയിലും വിദ്യാഭ്യാസനിലവാരത്തിലും സ്ത്രീശാക്തീകരണത്തിലുമൊക്കെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഊറ്റംകൊള്ളുന്ന കേരളത്തിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്‌ എന്നത് നമ്മെ ലജ്ജിപ്പിക്കണം. കേരളത്തിലെ മാതൃദായക സമ്പ്രദായത്തെക്കുറിച്ചും പെൺകുട്ടികൾക്ക് കുടുംബസ്വത്തിൽ തുല്യ അവകാശമുണ്ടെന്നും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ നടക്കുന്നതരത്തിലുള്ള സ്ത്രീധനഹത്യകൾ ഇവിടെ സംഭവിക്കാറില്ല എന്നുമൊക്കെ പ്രസംഗിച്ചുനടന്ന ഞാൻ ലജ്ജകൊണ്ട് തലതാഴ്ത്തുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നാം കാര്യമായി ചിന്തിക്കണം. അതനുസരിച്ച് പ്രവർത്തിക്കണം. ഇത് തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. പെൺകുട്ടികളും അവരുടെ അച്ഛനമ്മമാരും മനസ്സിലാക്കേണ്ട പ്രാഥമികപാഠം, വിവാഹം ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമല്ല, ജീവിതത്തിലെ ഒരു ഘട്ടംമാത്രമാണ് എന്ന വസ്തുതയാണ്. ഒരു മകന് വിവാഹം എത്രത്തോളം ആവശ്യമാണോ അതുപോലെമാത്രമേയുള്ളൂ മകൾക്കും. മകൾക്ക് പതിനെട്ടുവയസ്സ് കഴിഞ്ഞാലുടൻ അവൾക്ക് ഒരു വരനെ കണ്ടുപിടിക്കാൻ നെട്ടോട്ടമോടുന്ന പ്രവണത ഇനിയെങ്കിലും അച്ഛനമ്മമാർ അവസാനിപ്പിക്കണം. മകനെപ്പോലെത്തന്നെ മകൾക്കും വിദ്യാഭ്യാസം നൽകി അവളെ സ്വന്തംകാലിൽ നിർത്താനുള്ള ശ്രമമാണ് അച്ഛനമ്മമാർ നടത്തേണ്ടത്.

വിസ്മയയുടെ കാര്യംതന്നെ നോക്കുക. ബി.എ. എം.എസിന് അവസാനവർഷം പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ലക്ഷങ്ങൾ കൊടുത്ത് പഠിത്തത്തിനിടയിൽ കല്യാണം കഴിപ്പിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ? പഠിത്തംകഴിഞ്ഞ് ഒരു ആയുർവേദ ഡോക്ടറായി ജോലിചെയ്തുതുടങ്ങിയാൽ ആ കുട്ടിയെ വിവാഹംചെയ്യാൻ തയ്യാറായി അതേജോലിയുള്ള പുരുഷൻതന്നെ എത്തുമായിരുന്നു. ഇത്ര തിരക്കിട്ട് ലക്ഷങ്ങളല്ല, കോടികൾതന്നെ കൊടുത്ത് നമ്മുടെ മകളെ കുരുതിക്ക് കൊടുക്കണമായിരുന്നോ?

ഒരു സ്ത്രീ ഭാര്യയും അമ്മയും ആകുന്നത് ഒരു പുരുഷൻ ഭർത്താവും അച്ഛനും ആകുന്നതുപോലെത്തന്നെ കണക്കാക്കണം. പെൺകുട്ടിക്ക് ഇരുപത്തഞ്ചോ ഇരുപത്താറോ വയസ്സായി എന്നുകരുതി വേവലാതിപ്പെടേണ്ട കാര്യമില്ല. എന്തെങ്കിലും തൊഴിൽചെയ്ത് സ്വന്തംകാര്യം നോക്കാൻ അവളെ പ്രാപ്തയാക്കുകയെന്നതാണ് അച്ഛനമ്മമാർ ചെയ്യേണ്ടത്. അഥവാ ഭർത്താവിന്റെ വീട്ടിൽ ബുദ്ധിമുട്ടുകളുണ്ടായാൽ, തനിക്ക് അച്ഛനമ്മാരുടെ വീട്ടിലേക്ക്‌ മടങ്ങിവരാൻ സാധിക്കുമെന്ന വിശ്വാസം പെൺകുട്ടികളിൽ ഉണ്ടാക്കണം. സമൂഹം എന്തുകരുതും എന്തുപറയും എന്നാലോചിച്ച് നമ്മുടെ കുട്ടിയുടെ ജീവിതം പാഴാക്കാനുള്ളതല്ല.

യുവാക്കളോട് എനിക്കൊന്ന്‌ ചോദിക്കാനുണ്ട്. സാമാന്യം ഒരു നല്ല ജോലി കിട്ടിക്കഴിഞ്ഞാൽ ഇങ്ങനെ സ്വയം ലേലംവിളിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ? ആത്മാഭിമാനം പൂർണമായും കൈമോശംവന്നോ? ഭാര്യവീട്ടുകാർ ദാനംതരുന്ന മനോഹരഹർമ്യത്തിൽ താമസിക്കുന്നതിനെക്കാൾ അഭിമാനകരമല്ലേ ഭാര്യയോടൊപ്പം കടമെടുത്ത് സ്വന്തമായി ഒരു വീടുപണിയുക എന്നത്. ഭാര്യവീട്ടുകാർ തരുന്ന വിലകൂടിയ കാറിനെക്കാൾ മൂല്യം സ്വന്തം അധ്വാനംകൊണ്ട് വാങ്ങിയ ഒരു സ്കൂട്ടറിേനാ ബൈക്കിനോ ആണെന്ന സത്യം പക്വതയുള്ള ചെറുപ്പക്കാർ മനസ്സിലാക്കുക.

നിയമങ്ങൾ എഴുതിവെച്ചതുകൊണ്ടായില്ല; അവ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം. സ്ത്രീധനനിരോധനനിയമം നിലവിൽവന്നിട്ട് 60 വർഷത്തിലധികമായ നാട്ടിലാണ് ഇന്നും ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നത്. പോലീസിന് സ്വമേധയാ കേസെടുക്കാനുള്ള സാഹചര്യമുണ്ടാകണം. ഇത്തരം കേസുകൾ നീട്ടിക്കൊണ്ടുപോവാതെ കഴിയുന്നത്ര വേഗം കഠിനമായ ശിക്ഷ ഉറപ്പാക്കണം. വധശിക്ഷയോ ജീവപര്യന്തം തടവോ ഒക്കെയാകണം ശിക്ഷ. നമ്മുടെ യുവാക്കൾക്ക് അങ്ങനെയൊരു ഭയമെങ്കിലുമുണ്ടെങ്കിൽ ഇപ്പോഴത്തെസ്ഥിതി കുറച്ചുകൂടി മെച്ചപ്പെടും എന്നാെണന്റെ വിശ്വാസം. സാമൂഹികസേവനപ്രവർത്തകരുടെ കാര്യമായ ഇടപെടൽ ഈ രംഗത്തുണ്ടാകണം. അങ്ങനെ കൂട്ടായ പ്രവർത്തനംകൊണ്ടേ ഇൗ സ്ഥിതിക്ക് മാറ്റംവരൂ.

- മുൻ അഡീഷണൽ ചീഫ്‌ സെക്രട്ടറിയാണ്‌ ലേഖിക

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram