പ്രിയ ദൈവമേ എന്തൊരു ഗോൾ !


4 min read
Read later
Print
Share

1986-ൽ ലോകകപ്പുനേടിയ അർജന്റീനൻ ടീം ക്യാപ്റ്റനായിരുന്ന ഡീഗോ മാറഡോണ ലോകകപ്പ് ഉയർത്തുന്നു

1986-ലെ മെക്സിക്കോ ലോകകപ്പിൽ ഒരേ കളിയിലാണ് ഡീഗോ മാറഡോണ തന്റെ ഏറ്റവും പ്രശസ്തമായ രണ്ടു ഗോളും നേടിയത്. 90 മിനുട്ടിനുള്ളിൽ ഇതു രണ്ടും സാധിച്ച മറ്റൊരു കളിക്കാരനുണ്ടാവില്ല. മാറഡോണയുടെ കളിയെയും ജീവിതത്തെയും ചുരുക്കിപ്പറഞ്ഞുതന്ന ഒരു മൂഹൂർത്തമായി വേണമെങ്കിൽ അതിനെ കാണാം. ഒരു പങ്ക് കറുപ്പും ഒരു പങ്ക് വെളുപ്പും. ക്വാർട്ടർഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ ദൈവസഹായത്തോടെ നേടിയാതാണെന്ന് ലജ്ജയില്ലാതെ പറഞ്ഞത് വളരെ പ്രശസ്തം. ദൈവം അവിടെ ഇടപെട്ടിട്ടില്ലെന്ന് കരുതുന്നവരാണ് ഒട്ടനവധി പേർ, വിശേഷിച്ചും ഇംഗ്ലീഷുകാർ.

'ഇംഗ്ലണ്ടിന് ഇത് പക്ഷെ ചെകുത്താന്റെ കയ്യായിപ്പോയി' എന്നാണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ബ്രയൻ ഗ്ലാൻവിൽ എഴുതിയത്. അതാണ് സത്യം. കാലുകൾ പക്ഷെ ദൈവം സമ്മാനിച്ചതു തന്നെയാണ്. മറ്റുള്ളവർക്ക് ഒരു പന്തിന് മേൽ കൈകൊണ്ട് ചെയ്യാവുന്ന അതേ കാര്യങ്ങൾ മാറഡോണയ്ക്ക് തന്റെ ഇടതു പാദം കൊണ്ട് ചെയ്യാനാവും. അപ്പോൾ അത് ദൈവം സമ്മാനിച്ചതായിരിക്കണമല്ലോ. കൈയുടെ കാര്യം , ജീവിതത്തിലെ കറുത്ത പങ്കെന്നതു പോലെ സംശയത്തിന്റെ നിഴലിലാണ്. 'രണ്ടാമത്തെ ഗോൾ അത്ഭുതകരം, ഏതാണ്ട് കാല്പനികം. ഡ്രിബ്‌ളിങ് അത്ര മേൽ പ്രചാരത്തിലുണ്ടായിരുന്ന ഏതോ കാലത്ത് ഏതെങ്കിലും സ്‌കൂൾ കുട്ടിയായ ഒരു വീരനായകനൊ അല്ലെങ്കിൽ വിദൂരതയിലുള്ള ഏതോ കൊറിന്ത്യനൊ അടിച്ചേക്കാവുന്ന ഒന്ന്. യുക്തിപൂർണമായ, യുക്തിയാൽ ഭരിക്കപ്പെടുന്ന നമ്മുടേതു പോലുള്ള ഒരു കാലത്തേക്ക് യോജിച്ചതല്ലേയല്ല അത്. റ്റെറോഡക്ടൈൽ എന്ന പറക്കുന്ന ഉരഗത്തെപ്പോലെ ഡ്രിബ്ളർക്ക് ഏതാണ്ട് വംശനാശം വന്നു എന്ന് തോന്നിക്കുന്ന ഒരു കാലം' എന്ന് ഗ്ലാൻവിൽ തന്നെ പ്രശസ്തമായ ആ രണ്ടാം ഗോളിനെക്കുറിച്ചും പറയുന്നു. ആ ഗോളിനെക്കുറിച്ചുള്ള ഒരു റേഡിയൊ വിവരണം നാടകീയവും നിറങ്ങൾ ആവോളം ചാലിച്ചതുമാണ്.

ഒരു പക്ഷെ ഇത്തരം ഒരു വാക്പ്രവാഹത്തിലൂടെയേ അത് വിവരിക്കാൻ കഴിയുമായിരുന്നുള്ളൂ. 'പന്ത് ഇപ്പോൾ ഡീഗോവിന്റടുത്തേക്ക്. ഇപ്പോൾ അയാൾക്കത് കിട്ടിയിരിക്കുന്നു. രണ്ടു പേർ അയാളെ മാർക്ക് ചെയ്യുന്നുണ്ട്. മാറഡോണ പന്തിന് മേൽ കാൽവെക്കുന്നു. ലോക ഫുട്ബോളിലെ ജീനിയസ് വലത്തോട്ട് നീങ്ങുന്നു. അവിടെത്തന്നെ നിന്നു പോയ അവരെ അയാൾ പിന്നിലാക്കിയിരിക്കുന്നു. അതിപ്പോൾ ബൂറൂച്ചാഗയ്ക്ക് പാസ് ചെയ്യും....ഇപ്പോഴും മാറഡോണ തന്നെ. ജീനിയസ്,ജീനിയസ് ...ഗോൾ ഗോൾ....എനിക്ക് കരയാൻ തോന്നുന്നു..പ്രിയ ദൈവമേ എന്തൊരു ഗോൾ. ഡീഗോ മാറഡോണ, ക്ഷമിക്കുക. കണ്ണിൽ കണ്ണീര് നിറയുന്നു. മാറഡോണ അവിസ്മരണീയമായ ഒരു ഓട്ടത്തിൽ, എല്ലാകാലത്തേക്കുമുള്ള ഒരു നീക്കത്തിൽ .....വിരിഞ്ഞ നെഞ്ചുള്ള കോസ്മിക് പ്രതിഭാസം. ഏത് ഗ്രഹത്തിൽ നിന്ന് വന്നാണ് അയാൾ കുറെ ഇംഗ്ലീഷുകാരെ തന്റെ വഴിയിൽ പിന്നിലാക്കിയത്, അർജന്റീന2 -ഇംഗ്ലണ്ട് 0'. അർജന്റീന ടെലിവിഷനിലെ വിക്ടർ ഹ്യൂഗോ മൊറാലെസ് ഇവ്വിധം അത് അടയാളപ്പെടുത്തിയിരിക്കുന്നു. മറുപക്ഷത്തിന് അഥവാ ലോകത്തിന് അത് അംഗീകരിക്കുയല്ലേ വഴിയുള്ളൂ.

ലോകകപ്പ് ടൂർണമെന്റ് കണ്ട് വിലയിരുത്താൻ നിയുക്തരായ, മുൻ താരങ്ങളും പരിശീലകരും അടങ്ങുന്ന ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ് ( ടി എസ് ജി )എന്നു പറയുന്ന സംഘം മാറഡോണയുടെ കളി അടയാളപ്പെടുത്തിയിട്ടുണ്ട്്. ആക്രമിക്കുന്ന മിഡ്ഫീൽഡറെന്ന നിലയിൽ മാറഡോണ സംഭവഗതിയിൽ വലിയ പങ്കു വഹിക്കുന്നുവെന്നും അതിന്റെ താളമെന്തെന്ന് നിശ്ചയിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ടി എസ് ജി വിലയിരുത്തുകയുണ്ടായി.അതായത് മാറഡോണയാണ് മേള പ്രമാണി.

സ്‌പെഷൽ ഇഫക്ടുകൾ

വളരെ വിശദമായിത്തന്നെ അദ്ദേഹത്തിന്റെ കളിയെ കമ്മിറ്റി വിലയിരുത്തുന്നുണ്ട്. വിശദവും സംശയം അവശേഷിപ്പിക്കാത്തതുമായ ഒരു നിരീക്ഷണമായതുകൊണ്ട് അത് എടുത്തെഴുതുന്നതാണ് ഭംഗി. കളിയുടെ രണ്ടു വശങ്ങളുടെ; ഗോളിന് വഴിയൊരുക്കുക, അത് നേടുക എന്നതിന്റെ ആചാര്യനാണ് മാറഡോണ. പ്രതിരോധനിരകൾക്ക് അവരുടെ പ്രയത്നം അദ്ദേഹം ക്ലേശകരമാക്കുന്നു. വേഗം പെട്ടെന്ന് വർധിപ്പിക്കാനുള്ള ശേഷി അപാരമാണ്. അദ്ദേഹത്തിന് കളി പെട്ടെന്ന് മനസ്സിൽ രൂപപ്പെടുന്നു. അതിൽ അൽഭുതത്തിന്റെ അംശങ്ങൾ സദാ ഉണ്ടാവും. ഡ്രിബിൾ ചെയ്യുക വളരെ ഇഷ്ടം. നിർത്തുക, മുന്നേറുക എന്നൊരു രീതി. പന്തിന് മേൽ സ്പെഷൽ ഇഫക്ടുകൾ പ്രയോഗിക്കും. നീണ്ട

പാസ്സുകൾ അപൂർവമാണ്.

പ്രധാനമായും ഇടതു കാൽ കൊണ്ട് നടത്തുന്ന ഡ്രിബ്ളിങ്ങിന്റെ മികവിലാണ് അദ്ദേഹത്തിന്റെ ശക്തി കുടികൊള്ളുന്നത്. എന്നാൽ എതിരാളിയെ പൂച്ച എലിയെ കളിപ്പിക്കുന്നതു പോലുള്ള പരിപാടിയൊന്നുമല്ല അത്. നല്ല വേഗത്തിൽ എതിരാളിയെ മറികടന്ന് പോവുക തന്നെയാണത്. ശരീരത്തോട് പന്ത് ചേർത്തു നിർത്തും. ഡിഫൻഡറുടെ നേർക്ക് അങ്ങോട്ട് ചെല്ലും. പന്തിന്റെ ഗതി മാറ്റാതെ തന്നെ ശരീരത്തിന്റെ മേൽ ഭാഗം കൊണ്ട്് വഴിതെറ്റിക്കാൻ ശ്രമിക്കും. ഏറ്റവും നല്ല പാസ്് എങ്ങോട്ടായിരിക്കുമെന്ന് മണത്തറിയാനുള്ള ബുദ്ധി ശേഷി കൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നു. വേഗതയും ശക്തിയും കൊണ്ട് അദ്ദേഹം എതിരാളിയെ മറികടന്നു പോകുകയാണ്. ഇതെല്ലാം എളുപ്പത്തിലാണെന്ന് നമുക്ക് തോന്നും.

സോൺ ഡിഫൻസിനെതിരെ അദ്ദേഹം സൃഷ്ടിക്കുന്ന ഉയർന്ന കൊട്ടിക്കയറൽ വളരെ പ്രയോജനം ചെയ്യുന്നു. മാൻ ടു മാൻ ഡിഫൻസാണെങ്കിൽ എതിരാളിയും അതേ ടെംപോ സൂക്ഷിക്കാൻ പരിശ്രമിക്കുന്നു. പക്ഷെ സോൺ ഡിഫൻസാണെങ്കിൽ അവർ നിന്നിടത്തു തന്നെ നിൽക്കുന്നതായി തോന്നും. അവരുടെ നീക്കങ്ങൾ മിക്കപ്പോഴും പതുക്കെയാവുന്നു. ഫൗൾ ചെയ്യാതെ പന്ത് പിടിച്ചെടുക്കുക എതിരാളിക്ക് പ്രയാസകരമാവുന്നു. മാറഡോണയാകട്ടെ വേഗത സദാ മാറ്റിക്കൊണ്ടിരിക്കും. ഡിഫൻഡർ അദ്ദേഹത്തിന് ഒപ്പത്തിനൊപ്പമാണെങ്കിൽ മാറഡോണ ഒന്ന് സംശയിച്ചു നിൽക്കുകയും പിന്നെ കാറ്റു പോലെ അയാളെ കടന്നു പോവുകയും ചെയ്യും. സൂത്രപ്പണികൾ, കബളിപ്പിക്കലുകൾ എന്നതിനേക്കാളേറെ വേഗതയുടെയും ഗതിയുടെയും സൂക്ഷ്മമായ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ ഡ്രിബ്ളിങിനെ തടുക്കാൻ കഴിയാത്ത അത്രയും ശക്തമായ ഒരായുധമായി മാറ്റുന്നത്. ഒരു കളിക്കാരനെക്കുറിച്ചാണോ അതോ ഏതെങ്കിലും അതീത ശക്തിയെക്കുറിച്ചാണോ ഇത് പറയുന്നതെന്ന് സംശയം തോന്നാം.

കൈവിട്ട കളികൾ

മാറഡോണ ക്ലബ്ബ് മൽസരങ്ങളിലും ലോകകപ്പ് മൽസരങ്ങളിലും മോശമായി കളിച്ചിട്ടുണ്ട്്. ചിലയിടങ്ങളിൽ മോശമായ പെരുമാറ്റം കാരണം ചീത്തപ്പേര് ധാരാളം കേൾപ്പിച്ചിട്ടുമുണ്ട്. കൊക്കെയ്ൻ ഉപയോഗവും വന്യമായ ജീവിതവും കാരണം എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. മാധ്യമങ്ങളുടെയും ക്ലബ്ബ് ഉടമസ്ഥരുടെയും കാണികളുടെയും നിർബന്ധങ്ങൾക്ക് വഴങ്ങാതെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ജീവിക്കാനുള്ള ത്വര മാറഡോണയ്ക്ക് ഉണ്ടായിരുന്നു എന്ന് അധികൃതരുമായുള്ള സംഘർഷങ്ങൾ വ്യക്തമാക്കുന്നു. ഫുട്ബോളിന്റെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന ഒരാളാണ് മാറഡോണയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും സഹകളിക്കാരനുമായിരുന്ന വൾഡാനോ പറയുകയുണ്ടായി. പക്ഷെ അതെന്തായിരുന്നാലും നിയമരാഹിത്യത്തിന് അത് ന്യായമാവുന്നില്ല എന്നത് വാസ്തവമാണ്.

1982-ലെ ലോകകപ്പിൽ ബ്രസീലുമായുള്ള മൽസരത്തിൽ എതിരാളിയായ ബറ്റീസ്റ്റയെ ചവിട്ടിയതിന് മാറഡോണ പുറത്താക്കപ്പെട്ടു. വാസ്തവത്തിൽ ബ്രസീലിന്റെ മിഡ്ഫീൽഡിൽ നിന്ന് പാസ്സുകൾ സദാ അയച്ചിരുന്ന ഫൽക്കാവോവിനെ ചവിട്ടാനായിരുന്നുവത്രെ ലക്ഷ്യമിട്ടിരുന്നത്.1990-ൽ അർജന്റീന വീണ്ടും ഫൈനലിലെത്തിയെങ്കിലും മാറഡോണയുടെ ശാരീരികസ്ഥിതി അത്ര മെച്ചമായിരുന്നില്ല. ഫൈനലിൽ ഇത് തെളിഞ്ഞു കണ്ടു. 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിനിടെ നിരോധിത വസ്തു ഉള്ളിൽ ചെന്നതായി കണ്ടു പിടിക്കപ്പെട്ടതിനെ തുടർന്ന് മാറഡോണ ടൂർണമെന്റിൽ നിന്നു തന്നെ പുറത്തായി.

(നവംബർ ലക്കം മാതൃഭൂമി സ്പോർട്‌സ്‌ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram