തീർഥാടനമെന്ന മഹാസങ്കല്പം


സച്ചിദാനന്ദ സ്വാമി പ്രസിഡന്റ്‌, ശിവഗിരി മഠം

4 min read
Read later
Print
Share

കേവലമൊരു തീർഥയാത്രയെ ആചാരാനുഷ്ഠാനത്തോടെയുള്ള മഹിതമായ ഒരു പ്രസ്ഥാനമായിട്ടായിരുന്നു ഗുരു വിഭാവനം ചെയ്തത്‌

-

ശിവഗിരി തീർഥാടനം സമാഗതമായിരിക്കുന്നു. ഈ സന്ദർഭത്തിൽ തീർഥാടനത്തിലെ പ്രായോഗിക വേദാന്തത്തെക്കുറിച്ച് അല്പം ചിന്തിക്കാം. ശ്രീനാരായണ ഗുരുദേവൻ തികഞ്ഞ അദ്വൈത വേദാന്തി ആയിരുന്നു. അദ്വൈതത്തെ ഒരു പ്രായോഗിക ദർശനമായി വ്യാഖ്യാനിക്കുകയും അത് ഒരു ചിന്താപദ്ധതിയെന്നതിനുമപ്പുറം ജീവിതപദ്ധതിയാക്കി മാറ്റുകയും ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയും തുടർന്ന് ‘ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തെ’ -ഏകലോകവ്യവസ്ഥിതിയെ വിഭാവനം ചെയ്തതും ഇതിന്റെ ഭാഗമാണ്. 1888 മുതൽ 1928 വരെ മഹാസമാധിപര്യന്തം അന്യജീവനുതകി സ്വജീവിതം ധന്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ 40 വർഷം വ്യാപരിച്ചത് അദ്വൈതദർശനത്തിന്റെ ജീവിതഭാഷ്യം ചമയ്ക്കലായിരുന്നു.

ആരില്ലാത്ത കർമം
ശ്രീനാരായണഗുരു ഒറ്റമുണ്ടുടുത്ത് ഒറ്റമുണ്ടു പുതച്ച് ഒരു ഗ്രാമീണനെപ്പോലെ ജീവിച്ച മഹാത്മാവാണ്. ഗുരു സ്കൂളിലോ കോളേജിലോ പോയി പഠിച്ചില്ല. ആധുനികവിദ്യാഭ്യാസം നേടിയിരുന്നില്ല. ഗുരുകുല വിദ്യാഭ്യാസത്തിലൂടെ സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന അപാരപണ്ഡിതനായി ആ മഹാഗുരു പ്രശോഭിച്ചു. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 62 കൃതികളിലൂടെ വെളിവാക്കിയ പ്രായോഗിക വേദാന്ത ജീവിതദർശനം ആരെയും അദ്‌ഭുതപ്പെടുത്താതിരിക്കില്ല. 1400 വർഷംമുമ്പ് ശ്രീശങ്കരാചാര്യർ അവതരിപ്പിച്ച അദ്വൈതവേദാന്ത ദർശനത്തെ ‘ദേശകാലോചിതം കർമ ധർമ മിത്യഭിധീയതേ’ എന്ന ആപ്തവാക്യത്തിന്റെ വെളിച്ചത്തിൽ ഗുരുദേവൻ പുതുക്കി വിലയിരുത്തി. അതിന് കൂടുതൽ കാന്തിയും മൂല്യവും നൽകി അവതരിപ്പിച്ചു. മാത്രമല്ല, ഏതൊരു മഹാമനീഷിയുടെയും ആധുനിക ചിന്തകന്റെയും മുന്നിൽ പതറാതെയും പിഴയ്ക്കാതെയുമായി അദ്വൈതവേദാന്തത്തെ അവതരിപ്പിച്ചുകൊണ്ട് ഗുരുദേവൻ ജന്മകൃത്യം നിർവഹിച്ചു. ശിവഗിരി ധർമസംഘത്തിലെ സന്ന്യാസിമാർക്കുള്ള ജീവിതചര്യയെ വിധിച്ചപ്പോൾ ഗുരുദേവൻ വ്യവസ്ഥചെയ്തു. ‘സന്ന്യാസി എന്നാൽ, ത്യാഗി, പരോപകാരം പ്രയത്നിക്കുന്നവൻ.’ സാധാരണ സന്ന്യാസിമാർക്ക് കർമവിരാഗതയാണ് ഭാരതീയ വേദാന്തശാസ്ത്രം വിധിച്ചിട്ടുള്ളത്. സന്ന്യാസിക്കു കർമമില്ല. ‘കർത്തും അ കർത്തും അന്യഥാകർത്തും വൈദികം ലൗകികം ച കർമഃ’ വൈദികമോ ലൗകികമോ ആയ ഒരു കർമവും സന്ന്യാസി ചെയ്യുകയോ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയോ ചെയ്യേണ്ടതില്ല. കാരണം, കർമം ബന്ധകാരണമാണ്. ഗുരുദേവനാകട്ടെ, സന്ന്യാസി തീർച്ചയായും കർമം ചെയ്യണം എന്നുപറഞ്ഞു, എങ്ങനെ ആരില്ലാത്ത കർമം.

ഒരിക്കൽ ചട്ടമ്പിസ്വാമിയുമായി കണ്ടുമുട്ടുമ്പോൾ ‘എന്താ പ്രവർത്തിയാരുടെ ജോലിയാണല്ലോ’ എന്നുപറഞ്ഞപ്പോൾ ‘പ്രവർത്തിയുണ്ട് ആരില്ല’ എന്നതായിരുന്നു ഗുരുദേവന്റെ പ്രത്യുത്തരം. മഹാകവി ടാഗോർ, വിവേകാനന്ദൻ ഭ്രാന്താലയമായി വിധിച്ച കേരളത്തെ മാറ്റിമറയ്ക്കാൻ ‘അങ്ങ് ഏറെ പ്രവർത്തിച്ചല്ലോ’ എന്നുപറഞ്ഞപ്പോൾ ‘നാം ഒന്നും ചെയ്യുന്നില്ലല്ലോ’ എന്നായിരുന്നു ഗുരുവിന്റെ പ്രത്യുക്തി. അതുകൊണ്ടാണ് ലോകംമുഴുവൻ സഞ്ചരിച്ചിട്ടും ശ്രീനാരായണഗുരുസ്വാമിക്ക് സമശീർഷനായ ഒരു മഹാത്മാവിനെ ഞാൻ കണ്ടിട്ടില്ല എന്ന് ടാഗോർ പ്രഖ്യാപിച്ചത്.വേദാന്തത്തിന് പുതുഭാഷ്യം ചമച്ച ശ്രീനാരായണഗുരു തീർഥാടനചര്യയ്ക്കും ആധുനികമാനം നൽകി. സാധാരണ തീർഥാടനങ്ങളെല്ലാം പാപംപോക്കി പുണ്യം നുകരുന്നതിനുവേണ്ടിയാണ്. എന്നാൽ, ഗുരുദേവനാകട്ടെ അതിനെ ഉൾക്കൊണ്ട് ആ ആശയത്തെ അതിവർത്തിക്കുകതന്നെ ചെയ്തു. തീർഥാടകർ പരമ്പരാഗതമായ ശൈലിയിൽ വ്രതാനുഷ്ഠാനത്തോടെ ശിവഗിരി സന്ദർശിക്കട്ടെ, ആരാധനയിൽ മുഴുകട്ടെ. എന്നാൽ, അതുമാത്രം പോരാ, ജീവിതവിജയത്തിന് ആധാരമായ എട്ട് വിഷയങ്ങൾ വിശദീകരിക്കുകതന്നെ ചെയ്തു. കേവലമൊരു തീർഥയാത്രയെ ആചാരാനുഷ്ഠാനത്തോടെയുള്ള മഹിതമായ ഒരു പ്രസ്ഥാനമായിട്ടായിരുന്നു ഗുരു വിഭാവനം ചെയ്തത്‌.

അഷ്ടാംഗ മാർഗങ്ങൾ പാലിക്കാം
ശിവഗിരിതീർഥാടനം സംബന്ധിച്ച് ഗുരുദേവൻ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ തീർഥാടകർ ഒരു ലോപവും വരുത്താൻ പാടില്ല. 1928-ൽ ഗുരുദേവൻ തീർഥാടനത്തിന് അനുവാദം നൽകി, തീർഥാടന ലക്ഷ്യങ്ങൾ വിഭാവനം ചെയ്തിരുന്നതിൽനിന്നു ലോകത്തിന് ഏറെ മാറ്റം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. എങ്കിലും ഗുരുവിന്റെ തീർഥാടനലക്ഷ്യങ്ങൾ നിത്യപ്രസക്തങ്ങളായിത്തന്നെ പരിശോഭിക്കുന്നു. ഗുരു പ്രായോഗിക വേദാന്തിയായിരുന്നു. തീർഥാടനത്തിന് അനുമതി നൽകിയ വേളയിൽ ഗുരു ഉപദേശിച്ചു. ‘ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് മഞ്ഞവസ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങി വീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം. ഒരു ലക്ഷ്യം. തുടർന്ന് ഗുരു വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാർഗങ്ങൾ ഉപദേശിക്കുകയായി. ഗുരു നൽകിയ ഉപദേശവചസ്സുകൾ പരിപാലിക്കുന്നുവോ എന്ന് ഓരോ തീർഥാടകനും ആത്മപരിശോധന ചെയ്യണം.

ലോകസംഗ്രഹപടുവായ ആ പുണ്യപുരുഷൻ ഉപദേശിക്കുന്നു. ‘‘മേൽപ്പറഞ്ഞ എട്ടു വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയങ്ങളിലും വൈദഗ്‌ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ചു കേൾക്കണം, അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീർഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം.’’ ഗുരുദേവൻ കല്പിച്ച എട്ടു വിഷയങ്ങളിലും വൈദഗ്‌ധ്യം സിദ്ധിച്ചവരെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രശസ്തരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ഓരോവർഷവും ഒന്നിനൊന്ന് മികച്ചസമ്മേളന പരമ്പര നടന്നുവരുന്നു. അതിലൊക്കെ നിറഞ്ഞസദസ്സുമുണ്ട്. എങ്കിലും തീർഥാടകരിൽ നല്ലൊരു ശതമാനവും ഈ സമ്മേളനപരിപാടിയിലൊന്നും അണിചേരാതെ ശിവഗിരിദർശനം കഴിഞ്ഞ് ഒരു ടൂർ പ്രോഗ്രാംപോലെ യാത്രതിരിക്കുന്നു.

തീർഥാടകർ ചെയ്യേണ്ടത്‌
തീർഥാടകർ പീതാംബരധാരികളായി 10 ദിവസത്തെ വ്രതംസ്വീകരിച്ച് ശിവഗിരിയിൽ എത്തണമെന്നാണല്ലോ ഗുരുദേവകല്പന. ‘വെള്ളവസ്ത്രം ഗൃഹസ്ഥന്മാരുടേത്, കാഷായവസ്ത്രം സന്ന്യാസിമാർക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാർക്ക്, ശിവഗിരിതീർഥാടകർക്ക് മഞ്ഞവസ്ത്രം. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതുകൊള്ളാം. നന്നായിരിക്കും... മഞ്ഞവസ്ത്രം എന്നുപറഞ്ഞതിനു മഞ്ഞപ്പട്ടു വാങ്ങിപ്പാൻ ആരും തുനിയരുത്. കോടിവസ്ത്രംപോലും ആവശ്യമില്ല. ഉപയോഗത്തിലിരിക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽമുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കി ഉപയോഗിച്ചുകൊള്ളണം.’ യാത്രാവേളകളിൽ അനുവർത്തിക്കേണ്ട അനുഷ്ഠാനശൈലിയെയും ഗുരു ഉപദേശിക്കുന്നു. ‘‘യാത്ര ആർഭാടരഹിതമായിരിക്കണം. വിനീതമായിരിക്കണം. ഈശ്വരസ്‌തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതു കൊള്ളാം.’’

ഗുരുവിന്റെ ഈ ദിവ്യോപദേശം പാലിക്കുന്ന യഥാർഥ ഗുരുഭക്തന്മാർ ഏറെയുണ്ട്. എന്നാൽ, തങ്ങൾ ഗുരുഭക്തരാണ്, തീർഥാടകരാണ് എന്ന ചിന്തപോലുമില്ലാതെ ചിലർ പ്രവർത്തിക്കുന്നത്‌ കാണുന്നുണ്ട്. അവർ പേരിന് ശിവഗിരിയിലെത്തിയിട്ട് തുടർന്ന് തങ്ങൾക്കിഷ്ടപ്പെട്ട സ്ഥലത്തേക്കു നീങ്ങുന്നു. ഇത് ഗുരുനിന്ദയാണെന്ന് പറയേണ്ടതില്ലല്ലോ. ‘മത്സ്യമാംസങ്ങൾ ഉപയോഗിക്കരുത്, അത് ശവക്കറിയാണ്. മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത്’ എന്നീ ഗുരുസൂക്തങ്ങൾ പത്തുദിവസമെങ്കിലും പരിപാലിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താൻപാടില്ല. തീർഥാടനവേളയിൽ ശിവഗിരിയിൽ ഒരു മഞ്ഞക്കടലിന്റെ പ്രതീതി സൃഷ്ടിക്കാറുണ്ട്. എന്നാൽ, അതിനിടയിൽ ധാരാളം വെള്ളവസ്ത്രധാരികളെയും കാണാം. അവരിൽ പലർക്കും വ്രതാനുഷ്ഠാനങ്ങൾ ഒന്നും കാണുകയില്ല.
ചിലർ പറയും ശ്രീനാരായണഗുരു സാമൂഹിക പരിഷ്കർത്താവാണ്, വിപ്ലവകാരിയാണ്, സ്വതന്ത്രചിന്തകനാണ്, ഗുരു വ്രതാനുഷ്ഠാനം ശീലിക്കാനൊന്നും പറഞ്ഞിട്ടില്ല എന്ന്. അങ്ങനെ ചിന്തിക്കുന്ന പരിഷ്കാരികളോട് തീർഥാടനം സംബന്ധിച്ചുള്ള ഗുരുദേവന്റെ ദിവ്യോപദേശങ്ങൾ ശരിക്കും പഠിച്ചതിനുശേഷം തീരുമാനങ്ങൾ എടുക്കുക എന്നുമാത്രം സാദരം പറഞ്ഞുവെക്കട്ടെ.

ശിവഗിരിതീർഥാടനം പരമഹംസനായി വിരാജിച്ച ഒരു ബ്രഹ്മനിഷ്ഠന്റെ മഹാസങ്കല്പങ്ങളിലൊന്നാണ്. അതിനെ മലിനമാക്കരുത് എന്ന് ഗുരുദേവൻതന്നെ അരുളിച്ചെയ്തിട്ടുണ്ട്. ബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്കൃതിയുടെ ആചാരങ്ങളുമനുഷ്ഠിച്ച് സാഹോദര്യ മന്ത്രവുമേന്തി യൂറോപ്യന്മാരുടെ ആണ്ടു പിറപ്പിന് ഭക്തജനങ്ങൾ ശിവഗിരിയിലെത്തണമെന്നാണ് ഗുരുദേവകല്പന. അത് ഒരു സമന്വയ ദർശനത്തിന്റെ ഉദ്‌ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയിൽ സാമൂഹികജീവിതം പടുത്തുയർത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്തദർശനം ശിവഗിരി തീർഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. അത് നമ്മുടെ ജീവിതദർശനമാകട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram