ശബരിമലതീർഥാടനം അസാധാരണ സാഹചര്യത്തിലാണെന്നു പ്രസിഡൻറ്് പറയുന്നു. മാർച്ചിനുശേഷം മാസപൂജയ്ക്ക് ശബരിമല നടതുറന്നത് തുലാമാസ പൂജയ്ക്കാണ്. ഉത്സവം മുടങ്ങി. വിഷുവിനും ഓണത്തിനും ഭക്തരെ പ്രവേശിപ്പിക്കാനായില്ല. ദേവസ്വംബോർഡാകട്ടെ, സാമ്പത്തിക പ്രതിസന്ധിയിലുമായി. എങ്ങനെയാണ് തീർഥാടനത്തിന് തയ്യാറെടുക്കുന്നത്? പ്രതിസന്ധികളെ നേരിടുന്നത്?
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്നുള്ള സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സംഭവങ്ങൾ, പ്രക്ഷോഭം, പ്രളയങ്ങൾ, ഇപ്പോൾ കോവിഡും. ഇതെല്ലാം ശബരിമല തീർഥാടനത്തെ ബാധിക്കുകയും ദേവസ്വംബോർഡിന്റെ സാമ്പത്തികസ്ഥിതി മോശമാക്കുകയും ചെയ്തിരുന്നു. ദേവസ്വംബോർഡിന്റെയും അതിനുകീഴിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥിതി മെച്ചപ്പെട്ടുവരുമ്പോഴാണ് കേരളത്തെയും കോവിഡ് പിടികൂടിയത്. ലോകത്താകെ വ്യക്തികളെയും സ്ഥാപനങ്ങളെയും സർക്കാരുകളെയുമൊക്കെ കോവിഡ് പ്രതിസന്ധിയിലാക്കിയെങ്കിലും ദേവസ്വംബോർഡിനെ വേറിട്ടുകാണണം. കാരണം ക്ഷേത്രങ്ങളിൽ ഭക്തരുടെ കാണിക്കയും വഴിപാടിനത്തിലെ വരവുമാണ് ദേവസ്വംബോർഡിന്റെ നിലനിൽപ്പിന് ആശ്രയം. ബോർഡിനുകീഴിലുള്ള 1250 ക്ഷേത്രങ്ങളിൽ മിച്ചവരുമാനമുള്ളത് അറുപതെണ്ണത്തിനു മാത്രമാണ്. ശബരിമലയിലേതുൾപ്പെടെയുള്ള പ്രധാനക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനമാണ് ബാക്കിയുള്ള ക്ഷേത്രങ്ങളുടെ പരിപാലനത്തിനുപയോഗിക്കുന്നത്.
കേരളമൊട്ടാകെ വലിയചലനമുണ്ടാക്കുന്ന ശബരിമലതീർഥാടനകാലത്ത് മലചവിട്ടുകയെന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അത് കോവിഡ് വ്യാപനത്തിനിടെയാകുമ്പോൾ തീർഥാടനത്തിന് വലിയകരുതൽ വേണം. സർക്കാരിന്റെയും ബോർഡിന്റെയും മുന്നിൽ ഒട്ടേറെ നിർദേശങ്ങൾ വന്നെങ്കിലും ഹൈക്കോടതിയുടെ ദേവസ്വംബെഞ്ചിന്റെ അനുമതിയോടെമാത്രമേ ഇവ അന്തിമമാക്കാനാവൂ. തീർഥാടനം മുടങ്ങരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോർഡും കൈക്കൊണ്ട നിലപാട്.
പരീക്ഷണമെന്നോണം തുലാമാസപൂജയ്ക്ക് ദിവസവും 250 പേരെ ശബരിമലയിൽ പ്രവേശിപ്പിച്ചു. തീർഥാടനത്തിനും പരമാവധി ഭക്തരുടെ എണ്ണംകുറച്ചാണ് ചീഫ്‌സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയത്. ആളു കുറയുമ്പോൾ ബോർഡിലേക്ക് തീരേ വരുമാനമില്ലാതാകും. എന്താണ് പ്രതിവിധി?
തീർഥാടനകാലത്ത് ഒരുലക്ഷത്തിലേറെപ്പേർ മലകയറിയ ദിവസങ്ങളുണ്ട്. കോവിഡുകാരണം ഇത്തവണ അതുപറ്റില്ല. അതാണ് സാധാരണദിവസങ്ങളിൽ ആയിരംപേരും വാരാന്ത്യങ്ങളിൽ രണ്ടായിരവും മകരവിളക്കുപോലുള്ള ചടങ്ങുകൾക്ക് അയ്യായിരം പേരുമാകാമെന്ന നിർദേശമുണ്ടായത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ലേലയിനത്തിൽ മാത്രം 50 കോടിയിലേറെയാണ് വരുമാനം. അത് ഇത്തവണയുണ്ടാകുമെന്നു തോന്നുന്നില്ല. ഭക്തർ കുറയുമ്പോൾ വരുമാനവും കുറയും. അത്യാവശ്യം കടകളും മറ്റും ഇല്ലാതെപറ്റില്ലല്ലോ. ലേലം നടന്നില്ലെങ്കിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളെ ഉപയോഗിക്കാമെന്നാണ് സർക്കാർ തീരുമാനം. നേരിടുകതന്നെ.
ഭക്തർക്ക് വൈകാരികമായ അനുഭവമാണ് നെയ്യഭിഷേകം. അഭിഷേകം ഇത്തവണ പഴയരീതിയിൽ നടക്കില്ല. എന്താണ് ക്രമീകരണം? പ്രസാദവിതരണം എങ്ങനെ?
ഇത്തവണ നെയ്‌ത്തേങ്ങയും നെയ്യും മേലേതിരുമുറ്റത്തു ശേഖരിക്കും. ആടിയശിഷ്ടം നെയ്യ് നൽകും. ഭക്തർ അഭിഷേകത്തിനെത്തിച്ച നെയ്യ് തന്നെ ആയിരിക്കില്ല അവർക്കുകിട്ടുക. അല്ലാതെ വഴികാണുന്നില്ല. ഓൺലൈനായി പണം അടയ്ക്കുന്നവർക്ക് പ്രസാദക്കിറ്റ് സംസ്ഥാനത്തിനകത്തും പുറത്തും അയച്ചുകൊടുക്കാൻ തപാൽവകുപ്പുമായി കരാറായി. ഒരുടിൻ അരവണ, അഷ്ടോത്തരാർച്ചന പ്രസാദം, ഒരു കവർവീതം വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയശിഷ്ടം നെയ്യ് എന്നിവയുൾപ്പെട്ട പ്രസാദക്കിറ്റിന് തപാൽചാർജുൾപ്പെടെ 450 രൂപയാണ് നിരക്ക്. തപാലിൽ അപ്പം നൽകില്ല. ഇ-കാണിക്ക ഒടുക്കാനും സംവിധാനമുണ്ട്. ഭക്തർക്ക് ശ്രീകോവിലിൽനിന്നു നേരിട്ട് പ്രസാദം സ്വീകരിക്കാമോ എന്നതിന് തീർഥാടനസമയത്തെ സാഹചര്യവും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും നോക്കി തീരുമാനമെടുക്കും. ഇതരസംസ്ഥാന സർക്കാരുകളുമായി വീഡിയോ കോൺഫറൻസിലൂടെ സർക്കാർ ചർച്ച നടത്തിയും മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും ശബരിമലയിലെ സ്ഥിതി മറുനാടൻ തീർഥാടകരെ ബോധ്യപ്പെടുത്തും. തീർഥാടനകാലത്ത് എത്തുന്നവരിൽ മൂന്നിൽരണ്ടും ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനക്കാരാണ്. പരമ്പരാഗതപാതയിലൂടെ തീർഥാടകരെ സന്നിധാനത്തേക്ക് വിടില്ല. പമ്പാനദിയിൽ കുളിക്കാനും അനുമതിയില്ല. കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്‌ട്രേഷനും നിർബന്ധമാണ്. സന്നിധാനത്ത് അന്നദാനവും പഴയതുപോലെ നടക്കില്ല. വിതരണത്തിന് പ്രശ്നങ്ങളുണ്ട്. ഇങ്ങനെയുള്ള പരിമിതികൾ ഒട്ടേറെയുണ്ട്.
ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന മകരവിളക്ക്, മണ്ഡലപൂജ എന്നിവയുടെ നടത്തിപ്പ് എങ്ങനെയായിരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കണമല്ലോ?
അപ്പോഴത്തെ സാഹചര്യം പരിശോധിക്കും. ആചാരങ്ങൾ മുടങ്ങില്ല. വിശേഷ ദിവസങ്ങളിൽ അയ്യായിരം തീർഥാടകരെന്നാണ് സർക്കാർ സമിതി പറയുന്നത്. അതായത്, മകരവിളക്കിന് സന്നിധാനത്ത് തങ്ങാവുന്നത് പരമാവധി അയ്യായിരം പേർക്ക്. തിരുവാഭരണ, തങ്കയങ്കി ഘോഷയാത്രകൾക്ക് പ്രോട്ടോകോൾ പ്രകാരം ആൾക്കൂട്ടത്തെ ഒഴിവാക്കേണ്ടിവരും. സ്വീകരണങ്ങളും കുറയും. ഇതിലും തീരുമാനം പിന്നീടേയുണ്ടാകൂ.
ശബരിമലയിൽ പൂജകളും ചടങ്ങുകളും ഓൺലൈനായി ദൃശ്യമാക്കുന്നതിനെപ്പറ്റി ചർച്ചയായല്ലോ. ബോർഡിന്റെ നിലപാടെന്താണ്?
ദേവസ്വംബോർഡ് ഇതുവരെ ആലോചിക്കാത്ത കാര്യമാണിത്. നമ്മുടെ ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങൾ വ്യത്യസ്തമാണ്. അതേപ്പറ്റി വിശ്വാസികൾക്ക് നല്ലധാരണയുമുണ്ട്. ഓൺലൈൻ ദർശനത്തോട് ഭക്തർക്കെല്ലാം ഒരേ അഭിപ്രായം ഉണ്ടാകില്ല. പൊതുസംവിധാനത്തിലുള്ള തീരുമാനങ്ങളേ പറ്റൂ. ഇതരസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലുള്ള സാഹചര്യമല്ല കേരളത്തിൽ. ശബരിമല കാനനക്ഷേത്രമാണ്, ഒട്ടേറെ പ്രത്യേകതകളുമുണ്ട്. ഓൺലൈൻ സാധ്യത പരിശോധിക്കുന്നില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടകരുടെ ആരോഗ്യസുരക്ഷ പ്രധാനമാണ്. നിർദേശങ്ങൾ എന്തൊക്കെയാണ്?
നിലയ്ക്കലിൽ കോവിഡ് പരിശോധന വേണം. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ആശുപത്രികളുണ്ട്. കോവിഡ് പോസിറ്റീവാകുന്നവരുടെ ചികിത്സ, താമസം, യാത്ര എന്നിവയ്ക്ക് ക്രമീകരണമുണ്ടാകും. സന്നിധാനത്ത് ഒരാൾക്കെങ്കിലും രോഗമുണ്ടായാൽ സ്ഥിതി മോശമാകും. ശബരിമലയിൽ പുറപ്പെടാശാന്തിയാണുള്ളത്. ക്ഷേത്രം അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കിയേ പറ്റൂ.
സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാരുടെ ശമ്പളം ഇതുവരെ മുടങ്ങിയില്ല. ദേവസ്വം ബോർഡിന്റെ ചെലവുചുരുക്കൽ എങ്ങനെയാണ്?
അയ്യായിരം ജീവനക്കാർ, നാലായിരം പെൻഷൻകാർ. ശമ്പളം, പെൻഷൻ എന്നിവയ്ക്കു മാസംതോറും വേണ്ടത് നാൽപ്പതുകോടിയോളം, ക്ഷേത്രങ്ങളിലെ ദൈനംദിനകാര്യങ്ങൾക്ക് പത്തുകോടി. അത്യാവശ്യ മരാമത്ത് പണികൾക്കും വലിയചെലവാണ്. ക്ഷേത്രങ്ങളിൽനിന്ന് ഒരുദിവസത്തെ ശരാശരിവരുമാനം ഒന്നരക്കോടിയാണ് കണക്കാക്കിയിരുന്നത്. അതു നിലച്ചപ്പോഴാണ് പരമ്പരാഗത വരുമാനത്തിനുപകരം ബദൽമാർഗങ്ങൾ തേടിയത്. ഇതിലൊന്നായിരുന്നു പ്രധാനപ്പെട്ട 28 ക്ഷേത്രങ്ങളിൽ വഴിപാടു നടത്തുന്നതിന് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം. ശബരിമലയിൽ ഒന്നുമുതൽ ഒന്നരലക്ഷം രൂപവരെ മാസംതോറും ഈയിനത്തിൽ കിട്ടുന്നുണ്ട്. മറ്റുക്ഷേത്രങ്ങളിലേതിന് പ്രചാരണം കിട്ടുന്നതേയുള്ളു. 500 ക്ഷേത്രങ്ങൾകൂടി ഈ സംവിധാനത്തിലേക്കുവരും.
ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാത്ത സ്വർണം റിസർവ്ബാങ്കിന്റെ ഗോൾഡ് മോണിെറ്റെസേഷൻ സ്‌കീമിലാക്കുമ്പോൾ രണ്ടരശതമാനം പലിശ കിട്ടും. സ്‌കീമിൽ ചേരുന്നതും ഉപയോഗമില്ലാതെ നശിക്കുന്ന വിളക്കുകൾ ലേലം ചെയ്യുന്നതും ഹൈക്കോടതിയുടെ നിർദേശത്തിന് അനുസൃതമായേ നടത്തൂ. ബോർഡിൽ പുതിയനിയമനങ്ങൾ ഒഴിവാക്കി. എസ്റ്റാബ്ലിഷ്‌മെന്റ് ചെലവും കുറച്ചു. ചോർച്ചതടഞ്ഞാൽ ക്ഷേത്രവരുമാനം 25 ശതമാനം കൂട്ടാം. ദേവസ്വംഗ്രൂപ്പുകളിലെ പണംകൂടി ഉപയോഗിച്ചാണ് ഇപ്പോൾ ശമ്പളവും പെൻഷനും നൽകുന്നത്. ഇങ്ങനെ എത്രകാലം മുന്നോട്ടുപോകുമെന്ന് പറയാൻവയ്യ.