കുടിവെള്ളം
നിലയ്ക്കൽ 300 ജല കിയോസ്കുകൾ ഉണ്ടാകും. ചുക്കുവെള്ള വിതരണത്തിന് അഞ്ച് കൗണ്ടറുകളും. 25 ലക്ഷം ലിറ്റർ ജലഅതോറിറ്റി ടാങ്കിൽ ദിവസേന നിറച്ചുനൽകും. വേനൽ കനത്താൽ ഏറ്റവും ജലക്ഷാമം നേരിടുന്ന ഇടമാണ് നിലയ്ക്കൽ. ഇവിടെ വെള്ളം മുടങ്ങിയാൽ ശൗചാലയങ്ങൾ അടച്ച് കരാറുകാർ പോകുന്ന മുൻ അനുഭവങ്ങളുണ്ട്. തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂസംഘത്തിന്റെ മേൽനോട്ടം നിലയ്ക്കലിൽ ഉറപ്പാക്കേണ്ടതുണ്ട്. നിലയ്ക്കലിൽ 50 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ പണി തുടങ്ങിയതേയുള്ളൂ.
സീസണ് ഇത് ഉപയോഗിക്കാനാകില്ല.പമ്പയിൽ ജലഅതോറിറ്റിയുടെ കിയോസ്കുകൾ ഉണ്ടാകും. ദേവസ്വംബോർഡിന്റെ മൂന്ന് കിയോസ്ക് പണികൾ വനംവകുപ്പ് തടഞ്ഞു. സ്ഥലത്തർക്കമാണ് കാരണം. പരാതി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് പോയിരിക്കുന്നു. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ഔഷധക്കുടിവെള്ളം വിതരണം ചെയ്യാൻ 40 കൗണ്ടറുകളാണ് തുറക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളിൽ 400 ജീവനക്കാർ സേവനം ചെയ്യും. സന്നിധാനത്ത് ചൂട്, തണുപ്പ്, സാധാരണ വെള്ളം എന്നിവ കിട്ടുന്ന 283 ടാപ്പ് യൂണിറ്റുകളും ദേവസ്വം സജ്ജമാക്കും. ജലഅതോറിറ്റിയുടെ കിയോസ്ക് നവീകരണം പമ്പ മുതൽ സന്നിധാനം വരെ നടക്കുന്നുണ്ട്. സന്നിധാനത്ത് കുന്നാറിൽനിന്നുള്ള ശുദ്ധജലം എത്തിച്ച് 2.65 കോടി ലിറ്റർ കരുതൽ ശേഖരമാക്കിവെക്കും. മകരവിളക്കിനാണിത്.
ശൗചാലയം
നിലയ്ക്കലിൽ 1095 ശൗചാലയങ്ങളാണ് ഒരുക്കിയത്. 60 കുളിമുറികളും. പമ്പയിൽ 290 ശൗചാലയങ്ങൾ ഉണ്ടാകും. പ്രളയത്തിൽ തകർന്ന ശൗചാലയ സമുച്ചയം നീക്കി. 60 ബയോ ശൗചാലയം, 40 ബയോ മൂത്രപ്പുര എന്നിവ ഉണ്ടാകും. വനിതകൾക്കായി 62 ശൗചാലയങ്ങൾ പ്രത്യേകം ഉണ്ടാകും; അവർക്കായി ആറ് കുളിമുറിയും. സന്നിധാനത്ത് 997 ശൗചാലയമാണ് ഒരുങ്ങുക. 100 കുളിമുറികളും.
അന്നദാനം
ഹോട്ടലുകൾ വരില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ദേവസ്വം ബോർഡ് അന്നദാനത്തിന് ഒരുക്കം നടത്തുന്നുണ്ട്. സന്നിധാനത്ത് 40,000 പേർക്ക് ഭക്ഷണം ഒരുക്കാം. നിലയ്ക്കലും പമ്പയിലും 5000 പേർക്കും അന്നദാനസൗകര്യം ഉണ്ടാകും.
മാലിന്യസംസ്കരണം
സന്നിധാനത്ത് അഞ്ചുലക്ഷം ലിറ്റർ പ്രതിദിനം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റുണ്ട്. ഇതിന്റെ നടത്തിപ്പ് കരാറുകാരനെ ഏൽപ്പിക്കാൻ പോകുന്നതേയുള്ളൂ. മുമ്പ് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങൾ കണ്ടെത്തിയ പ്ലാന്റാണിത്.
സന്നിധാനത്ത് ദിവസം 200 കിലോഗ്രാം മാലിന്യം സംസ്കരിക്കാനുള്ള രണ്ട് ഇൻസിനറേറ്റർ സജ്ജമാണ്. 300 കിലോഗ്രാം ശേഷിയുള്ള മറ്റൊരെണ്ണവും ഉണ്ട്. പമ്പയിലെ 3.50 ലക്ഷം ലിറ്റർ സംസ്കരണശേഷിയുള്ള പ്ലാന്റ് സജ്ജമായി. പ്രളയത്തിൽ ഇതിന് തകരാർ വന്നിരുന്നു.
താമസസൗകര്യങ്ങൾ
നിലയ്ക്കൽ പ്രധാന ഇടത്താവളമായതോടെ പോലീസിനും ജീവനക്കാർക്കും താമസിക്കാൻ ബങ്കർ ബാരക്ക് പണി നടക്കുന്നു. 1100 പോലീസുകാർക്കാണ് സൗകര്യം. 200 ജീവനക്കാർക്കും താമസിക്കാം. പമ്പയിൽ താമസസൗകര്യം ഇല്ല. സന്നിധാനത്ത് അതിഥിമന്ദിരം, ഡോണർ ഹൗസുകൾ എന്നിവയും ഓൺലൈൻ വഴി ബുക്കുചെയ്ത് ഉപയോഗിക്കാം. ഇതിന് ദേവസ്വം ബോർഡിന്റെ സൈറ്റിൽ ലിങ്ക് ലഭ്യമാണ്.
പാർക്കിങ്
നിലയ്ക്കൽ മാത്രമാണ് പാർക്കിങ്. കൂടുതൽ സ്ഥലം തെളിച്ചതോടെ 2000 വണ്ടികൾ കൂടി അധികമായി ഇടാം. ശേഷി 11,000 ആയി ഉയരും. വിവിധ സോണുകളിൽ ഇടുന്ന വണ്ടികൾ, കെ.എസ്.ആർ.ടി.സി.യിൽ കയറി മടങ്ങിയെത്തുന്ന അയ്യപ്പൻമാർക്ക് കണ്ടെത്തുക എന്നത് ദുഷ്കരമാണ്. ഇതിന് നമ്പർ രേഖപ്പെടുത്തി നിയന്ത്രണകേന്ദ്രം വേണമെന്ന ആവശ്യം നടപ്പായിട്ടില്ല.
നട തുറക്കുമ്പോൾ അടിസ്ഥാന സൗകര്യം സജ്ജമാകും- നട തുറക്കുമ്പോൾ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാകും. പ്രവൃത്തികൾ നടക്കുന്നുണ്ട്. കുടിവെള്ളം, അന്നദാനം, മാലിന്യസംസ്കരണം എന്നിവ കൃത്യമായിരിക്കും. ആർ. അജിത്ത്കുമാർ, എക്സി. എൻജിനിയർ, ശബരിമല ദേവസ്വം
അടിസ്ഥാന സൗകര്യങ്ങൾ വേണം
അടിസ്ഥാന സൗകര്യങ്ങളാണ് ശബരിമലയിലും പമ്പയിലും നിലയ്‌ക്കലും മറ്റ് ഇടത്താവളങ്ങളിലും ഒരുക്കേണ്ടത്. അയ്യപ്പഭക്തർ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. കല്ലും മുള്ളും കാലിന് മെത്തയാക്കി മലകയറുന്നവർ സുഖ സൗകര്യമല്ല ആഗ്രഹിക്കുന്നത്. കുടിക്കാൻ ശുദ്ധമായ വെള്ളം, നല്ലതും അമിത വിലയില്ലാത്തതുമായ സാധാരണ ഭക്ഷണം. വിരിവെയ്‌ക്കാൻ ഇടം, വൃത്തിയുള്ള ശൗചാലയം, എല്ലാത്തിലുമുപരി അയ്യപ്പനെ കണ്ടു തൊഴാനുള്ള സൗകര്യം.
കുളത്തിനാൽ ഗംഗാധരൻ പിള്ള, തിരുവാഭരണ പേടകവാഹക സംഘം ഗുരുസ്വാമി, പന്തളം
പരിമിതികൾ
നിലക്കൽ പമ്പ അപ്പാച്ചിമേട്
നീലിമല മരക്കൂട്ടം
സന്നിധാനം
നിലക്കൽ പമ്പ
സന്നിധാനം
നിലക്കൽ ഒരേ സമയം 50,000 പേർക്ക്
പമ്പ മണൽപ്പുറം ആഞ്‌ജനേയ ഓഡിറ്റോറിയം ഒരേ സമയം 5000 പേർക്ക്
സന്നിധാനം വലിയ നടപ്പന്തൽ മാളികപ്പുറം നടപ്പന്തൽ പാണ്ടിത്താവളം 1,00,000 പേർക്ക്