മണ്ഡലകാലത്തിന്‌ ദിവസങ്ങൾ ബാക്കി ഭക്ഷണം, വഴിപാട് മുടങ്ങുമോ ?


By കെ.ആർ. പ്രഹ്ളാദൻ

3 min read
Read later
Print
Share

മണ്ഡല-മകര വിളക്ക് ആഘോഷത്തിന് നട തുറക്കാൻ ഇനി ഒമ്പതുനാൾമാത്രം. സന്നിധാനത്ത് ഹോട്ടലുകളുൾപ്പെടെ ലേലം പോകാത്തത് ഗുരുതരപ്രതിസന്ധിയായി മാറുമെന്നാണ് ആശങ്ക. ഭക്ഷണമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനും വഴിപാടുകാര്യങ്ങൾ ഭംഗിയായി നടക്കാനും കരാറുകാരുടെ സഹായം അനിവാര്യമാണ്. തീർഥാടനകാലത്തിനുമുമ്പുള്ള മൂന്നാമത്തെ ലേലവും മുടങ്ങിയതോടെ ഉണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റി ഒരവലോകനം

എന്തുകൊണ്ട് ലേലമെടുക്കുന്നില്ല

കഴിഞ്ഞ തീർഥാടനകാലത്ത്‌ ശബരിമലയിലുണ്ടായ അനിഷ്ടസംഭവങ്ങൾ അയ്യപ്പൻമാരുടെ വരവ് കുറച്ചു. ഇതോടെ ഹോട്ടലുകൾ വലിയ തുകയ്ക്ക് ലേലംപിടിച്ചവർ വലിയ സാമ്പത്തികപ്രതിസന്ധിയിലായി. മിക്കവരും കടത്തിലാണ്. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെത്തുടർന്നും കരാറുകാർക്ക് കനത്ത നഷ്ടമുണ്ടായി. പമ്പയിൽ ഹോട്ടലുകൾ തകർന്നു. തൊട്ടടുത്ത മാസങ്ങളിലും അയ്യപ്പൻമാരുടെ വരവ് കുറഞ്ഞതോടെ വഴിപാടുനടത്തിപ്പ് ലേലമെടുത്തവരും പ്രശ്നത്തിലായി. ഇതുകൊണ്ടൊക്കെയാണ് ഈ വർഷം ലേലത്തിൽനിന്ന് കരാറുകാർ കൂട്ടത്തോടെ പിന്മാറുന്നത്. നേരത്തേ പറഞ്ഞതിൽനിന്ന് പത്തുശതമാനം കുറച്ചാണ് ബുധനാഴ്ച ലേലത്തുകവെച്ചതെങ്കിലും വ്യാപാരികൾ ലേലംകൊണ്ടില്ല.

വലിയ തറവാടക

സന്നിധാനത്ത് എത്തുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും നൽകുന്നതിൽ ഹോട്ടലുകൾക്ക് വലിയ പങ്കുണ്ട്. സന്നിധാനത്തും പമ്പയിലും ദേവസ്വംബോർഡിന്റെ അന്നദാനമുണ്ടെങ്കിലും 24 മണിക്കൂറും ഭക്ഷണമുറപ്പാക്കാൻ അത് മതിയാകില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ആ നാട്ടിലെ ഭക്ഷണം നൽകുന്നതിൽ ഹോട്ടലുകൾ ശ്രദ്ധിക്കാറുണ്ട്. പ്രതിദിനം സന്നിധാനത്ത് രണ്ടുലക്ഷം പേർ എത്തിയാൽ 40,000പേരെ അന്നദാനത്തെ ആശ്രയിക്കുന്നുള്ളൂ.
സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ തറവാടകയുള്ള ഇടമാണ് സന്നിധാനം. ജ്യോതിമേടിനുതാഴെ 2.1 കോടിയായിരുന്നു പോയവർഷം ഹോട്ടലിന് തറവാടക; തപാലോഫീസിന് സമീപമുള്ള ഭക്ഷണശാലയ്ക്ക് 1.5 കോടിയും. 75 ലക്ഷം രൂപമുതൽ തറവാടകവരുന്ന ഇടമാണ് കരാറുകാർ ലേലത്തിലെടുക്കുന്നത്. സന്നിധാനത്ത് 10 ഹോട്ടലുകളാണുള്ളത്. പോയവർഷം 2.1 കോടി രൂപനൽകി ലേലംപിടിച്ച വ്യാപാരിക്ക് നഷ്ടം 70 ലക്ഷം രൂപയായിരുന്നു. മറ്റുള്ള കരാറുകാർക്കും ശരാശരി 50 ലക്ഷംവീതം നഷ്ടംവന്നു. പമ്പയിലും പമ്പ-സന്നിധാനം ശരണപാതയിലും തീർഥാടനകാലത്തുപോലും ആളുകയറാതെ ഹോട്ടലുകൾ അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. വൈദ്യുതിക്കൂലിയും തൊഴിലാളികൾക്കുള്ള വേതനവും സാധനമെത്തിക്കാനുള്ള ട്രാക്ടർക്കൂലിയുമൊക്കെയായി വലിയ ചെലവാണ് ഓരോ ദിവസവും വരുന്നത്. തീർഥാടനകാലത്ത് 62 ദിവസവും ഇതര പൂജാസമയങ്ങളിലായി 72 ദിവസവുമാണ് ശബരിമലയിൽ തീർഥാടകർ എത്തുന്നത്. ഈ ദിനങ്ങളിൽ ശരാശരി ആറുലക്ഷം രൂപയെങ്കിലും കച്ചവടംനടന്നാലേ ലേലത്തുക കഴിച്ച് ലാഭമുണ്ടാകൂ. പോയ സീസണിൽ ദിവസം 10,000 രൂപയുടെപോലും കച്ചവടം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.

പുഷ്പാഭിഷേകം വഴിപാട്

സന്നിധാനത്തെ പ്രധാന വഴിപാടാണ് പുഷ്പാഭിഷേകം. 1.48 കോടി രൂപ ലേലത്തുക നൽകി ഇത് എടുക്കുന്നവരാണ് വഴിപാടിനുള്ള പൂവ്, മാല, കിരീടം എന്നിവ എത്തിച്ച് ഭക്തന് നൽകുന്നത്. ദിവസം അഞ്ചുവഴിപാടെങ്കിലും നടക്കുന്നതാണ് പതിവ്. പക്ഷേ, ഭക്തരുടെ വരവ് കുറഞ്ഞാൽ ഇത്രയും ഉണ്ടാകില്ല. ഇത് നേരിട്ടുനടത്താൻ ബോർഡിന് പ്രയാസമുണ്ട്. പൂവ് തമിഴ്‌നാട്ടിൽനിന്ന് കൃത്യസമയത്ത് എത്തിക്കാനും ഒരുക്കാനുമൊക്കെ പരിശ്രമം വേണം.

അരവണയെ ബാധിക്കുമോ?

അപ്പം, അരവണ എന്നിവയ്ക്കുവേണ്ട വസ്തുക്കൾ കരാർ നൽകുന്നത് ലേലത്തിലാണ്. ചുക്ക്, ഏലം, ശർക്കര എന്നിവയെല്ലാം എത്തണം. ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് അരവണ. 20 ലക്ഷം ടിൻ അരവണ നവംബർ പന്ത്രണ്ടിനകം തയ്യാറാക്കുമെന്ന് ബോർഡ് പറയുന്നുണ്ട്. ഇതിനുശേഷം നിർമാണം നടത്താൻ അവശ്യവസ്തുക്കളെത്തണം. ഇതിന് ലേലംകൊള്ളണം.

മറ്റുള്ളവ

നിലയ്ക്കൽ പാർക്കിങ് ഫീസ് പിരിവ് (1.55 കോടി), പമ്പയിൽ ഒരു ഹോട്ടൽ, പ്ലാപ്പള്ളി-പമ്പ റോഡിൽ മൂന്ന് ഹോട്ടലുകൾ എന്നിവയും ലേലംപോയിട്ടില്ല. പമ്പ-സന്നിധാനം പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഒന്നുവീതമൊഴിച്ചുള്ള ഭക്ഷണശാലകളും കരാറെടുത്തിട്ടില്ല.

നാളികേരനീക്കം നിലയ്ക്കും

അയ്യപ്പൻമാർ പതിനെട്ടാംപടിക്കുസമീപം നാളികേരം അടിക്കുന്നത് പവിത്രമായ ആചാരമാണ്. പൊട്ടിയ നാളികേരം അവിടെനിന്ന് അപ്പപ്പോൾ നീക്കുന്ന ചുമതല അത് ലേലംപിടിക്കുന്നവരുടേതാണ്. ആറുകോടി രൂപയ്ക്കായിരുന്നു പോയവർഷം ഇത് ലേലംപിടിച്ചത്‌. സന്നിധാനത്തെ ഏറ്റവും വലിയ ലേലത്തുകവരുന്നതും ഇതിനാണ്. താഴെ തിരുമുറ്റത്തുനിന്ന് നാളികേരം നീക്കിയില്ലെങ്കിൽ വലിയ തിരക്കുള്ള ഇവിടെ വലിയ പ്രയാസമാകും. കഴിഞ്ഞവർഷം, അടച്ച തുകയിൽ മുക്കാൽഭാഗംപോലും ലേലക്കാരന് നാളികേരം വിറ്റ് കിട്ടിയില്ല. അയ്യപ്പൻമാർ കുറവായതുകാരണം നാളികേരവും കുറവായിരുന്നു. 20 തൊഴിലാളികൾ 24 മണിക്കൂറും പ്രവർത്തിച്ചാണ് നാളികേരം നീക്കംചെയ്യുന്നത്. അവർക്ക് കൂലിനൽകുന്നതുപോലും പ്രയാസത്തിലായിരുന്നു. ഇക്കുറി 6.14 കോടിയാണ് ലേലത്തുകവെച്ചത്.

കരാറുകാർ പറയുന്നു

ലേലത്തുക കുറയ്ക്കണം. സന്നിധാനത്തെ സ്ഥിതിയിൽ ആശങ്കയുണ്ട്. നഷ്ടംവന്നവർ ജപ്തിഭീഷണി നേരിടുന്നു. പരിചയസമ്പത്തുള്ള തങ്ങൾക്കല്ലാതെ മറ്റുള്ളവർക്ക് ലേലമെടുത്ത് കാര്യങ്ങൾ ചെയ്യാനാവില്ല. മുൻകടമുള്ളവർക്ക് സാവകാശം നൽകണം.

ദേവസ്വം ബോർഡ് പറയുന്നു

മുൻകാലങ്ങളിൽ ലേലംകൊണ്ടവർക്ക് വലിയ വരുമാനം നേടാനായിട്ടുണ്ട്. അത് മറക്കരുത്. പ്രതിസന്ധിയുണ്ടായപ്പോൾ ബോർഡിനും നഷ്ടംവന്നിട്ടുണ്ട്. ലേലത്തുക 10 ശതമാനംവരെ കുറച്ചിട്ടും ലേലം നടക്കാത്തത് വേദനാജനകമാണ്. ബോർഡ് യോഗം സ്ഥിതി പഠിക്കും. കൺസ്യൂമർ ഫെഡിനെ പരിഗണിക്കും. സന്നിധാനത്ത് ലേലംനടക്കുക ബോർഡിന്റെ സാമ്പത്തികവിഷയംകൂടിയാണ്. ഇനിയും ലേലത്തിന് അവസരംനൽകാൻ ശ്രമിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram