മനുഷ്യനെ ശുദ്ധീകരിക്കുന്ന മാസം


കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ

2 min read
Read later
Print
Share

മനുഷ്യന്റെ സമ്പൂർണമായ വിമലീകരണം റംസാനിലൂടെ അല്ലാഹു ലക്ഷ്യംവെക്കുന്നു. മറ്റു മാസങ്ങളിൽ നിർവഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രതിഫലം, വിശിഷ്ടകാര്യങ്ങൾ ഈ മാസത്തിൽ നിർവഹിക്കുമ്പോൾ ലഭിക്കും

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

വിഖ്യാതനായ അറബി കവി ഇമാം ബൂസൂരിയുടെ ബുർദ എന്ന കാവ്യത്തിൽ വിശ്വാസിയായ ഒരു മനുഷ്യൻ മുഖ്യമായി ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളെ പരാമർശിക്കുന്നു. ശരീരം ഉത്‌പാദിപ്പിക്കുന്ന മോശമായ ആഗ്രഹങ്ങളും പിശാചിന്റെ ബോധനങ്ങളുമാണ് അവ. അവ രണ്ടിനോടും പ്രതിരോധം നടത്തിവേണം വിശ്വാസികൾ നന്മയിലേക്കുള്ള വഴിയേ മുന്നേറാൻ.
വിശുദ്ധ റംസാന്റെ പ്രധാനമായ ലക്ഷ്യവും മനുഷ്യനെ ശുദ്ധീകരിക്കുക എന്നതാണ്. ഖുർആനിൽ അല്ലാഹു ഉണർത്തുന്നുണ്ട്; നിങ്ങൾക്കു മാത്രമല്ല, കഴിഞ്ഞുപോയ സമൂഹങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കിയിരിക്കുന്നു. അതിന്റെ നിമിത്തം നിങ്ങൾ ഭക്തിയുള്ളവരും വിശുദ്ധരും ആവാൻവേണ്ടിയാണ് എന്നാണ്. ഈ ഭക്തി എന്നതിന്റെ വിവക്ഷ ഏറ്റവും മനോഹരമായി ദൈവിക വഴിയിലായി ജീവിക്കലാണ്. ഗോത്രപരമോ അധികാരപരമോ ആയ മഹത്ത്വമോ സ്ഥാനമോ അല്ല, ഒരാളുടെ പരമമായ വിജയത്തെ നിശ്ചയിക്കുന്നത്. പകരം അവരുടെ കളങ്കരഹിതമായ ജീവിതമാണ്.

മദീനയിലെ പള്ളിയിൽ നബി (സ്വ)യും സ്വഹാബതും ഇരിക്കുന്നു. അന്നേരമതാ അപരിചിതനായ ഒരാൾ കടന്നുവരുന്നു. എന്നിട്ട് നബിയുടെ മുന്നിൽ ഇരുന്ന്‌ ചോദിച്ചു: ‘‘എന്താണ് ഇസ്‌ലാം?’’. അവിടുന്ന് പറഞ്ഞു: ‘‘അല്ലാഹുവിലും അവന്റെ ദൂതനായ മുഹമ്മദ് നബിയിലും വിശ്വസിക്കലാണ്. നിസ്കാരം നിലനിർത്തലും സക്കാത്ത് നൽകലുമാണ്. റംസാനിൽ നോമ്പ് നോൽക്കലും സാധ്യമായവൻ ഹജ്ജ് നിർവഹിക്കലുമാണ്’’. ആഗതൻ പറഞ്ഞു: ‘‘താങ്കൾ പറഞ്ഞത് വാസ്തവമാണ്. ഇനി ഈമാനിനെക്കുറിച്ച്‌ എനിക്ക് വിവരിച്ചുതരൂ.’’ നബി പറഞ്ഞു: ‘‘അല്ലാഹുവിലും അവന്റെ മാലാഖമാരിലും വിശുദ്ധഗ്രന്ഥങ്ങളിലും അന്ത്യനാളിലും വിശ്വസിക്കലാണ്. എല്ലാ നന്മയും തിന്മയും അല്ലാഹുവിൽനിന്ന് വരുന്നതാണ് എന്ന വിശ്വാസമാണ്.’’ ‘‘അങ്ങ് പറഞ്ഞത് വാസ്തവമാണ്.’’ -ആഗതൻ പ്രതിവചിച്ചു. ‘‘ഇനി ‘ഇഹ്‌സാനിനെ’ക്കുറിച്ച് വിവരിച്ചു തരൂ’’. ‘‘അല്ലാഹുവിനെ ആരാധിക്കുമ്പോൾ അവൻ നിന്നെ കാണുന്നുവെന്നപോലെ നിർവഹിക്കുക, നീയവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.’’ തുടർന്ന് ചില കാര്യങ്ങൾകൂടി ആരാഞ്ഞശേഷം ആഗതൻ തിരികെപ്പോയി. ആരാണാ വന്നത് എന്ന സന്ദേഹത്തിൽ നിൽക്കുന്ന അനുചരരോട് നബി പറഞ്ഞു: ‘‘ആ വന്നത് ജിബ്‌രീൽ മാലാഖയാണ്. നിങ്ങളെ മതം പഠിപ്പിക്കാൻ വന്നതാണ്.’’

ഒരു വിശ്വാസിയുടെ എല്ലാ ചലനങ്ങളിലും സ്രഷ്ടാവായ അല്ലാഹു നമ്മെ നിരീക്ഷിക്കുന്നു എന്ന വിചാരം വേണം. ഇസ്‌ലാമിക വിശ്വാസത്തിന്റെ സ്വഭാവം മനുഷ്യജീവിതത്തിലെ എല്ലാം മതവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കർമങ്ങൾക്കും നല്ലനിശ്ചയം വേണം. മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് നോമ്പെടുക്കുന്നത് എങ്കിൽ, അതിന്‌ ദൈവികമായ മൂല്യംകിട്ടില്ല. എല്ലാ കർമങ്ങളിലും ആധ്യാത്മികമായ ഒരു മാനം കണ്ടെത്താൻ കഴിയണം. അപ്പോൾ നമ്മുടെ ജീവിതംതന്നെ സഫലമാകും. മനുഷ്യന്റെ സമ്പൂർണമായ വിമലീകരണം റംസാനിലൂടെ അല്ലാഹു ലക്ഷ്യംവെക്കുന്നു. മറ്റു മാസങ്ങളിൽ നിർവഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രതിഫലം, വിശിഷ്ടകാര്യങ്ങൾ ഈ മാസത്തിൽ നിർവഹിക്കുമ്പോൾ ലഭിക്കും.ഇസ്‌ലാമിൽ ആരാധനകൾ നിർബന്ധമായവ, ഐച്ഛികമായവ എന്നിങ്ങനെയുണ്ട്. അഞ്ചുനേരത്തെ നിസ്കാരങ്ങൾ, റംസാനിലെ നോമ്പ് എന്നിവയെല്ലാം നിർബന്ധമുള്ള കാര്യങ്ങളാണ്. എന്നാൽ, അവ നിർവഹിക്കുന്നതോടൊപ്പം, ശ്രേഷ്ഠകരം എന്ന് പരാമർശിക്കപ്പെട്ട മറ്റുകർമങ്ങളും ചെയ്താൽ, അല്ലാഹുവിന്റെ അടുത്ത് ഏറ്റവും പരിഗണന ലഭിക്കുന്ന അവസ്ഥയിലേക്ക് വിശ്വാസിക്ക് മാറാൻകഴിയും.


റംസാൻ അതിനാൽ, സാധാരണ കർമങ്ങൾക്കൊപ്പം ശ്രേഷ്ഠകരം എന്ന് വിവക്ഷിക്കപ്പെട്ട കാര്യങ്ങളും ചെയ്യാൻ വിശ്വാസികൾ തയ്യാറാകണം. സൂഫികൾ എന്ന് നാം വ്യവഹരിക്കുന്ന ഇസ്‌ലാമിക ആധ്യാത്മിക മഹത്തുക്കൾ എല്ലാം, ഇങ്ങനെ ധ്യാനാത്മകമായ, ദൈവിക സ്നേഹത്തിൽ വിലയം പ്രാപിച്ച ജീവിതം നയിച്ചവരാണ്. അത്തരം ജീവിതത്തിന്റെ പരമമായ സൗന്ദര്യത്തെ കണ്ടെത്തുന്നതിനും അനുഭവിക്കാനുള്ള യത്നങ്ങൾക്കും റംസാൻ തുടക്കമിടണം. മൂന്നു കഷണം തുണിയിൽ പൊതിഞ്ഞ ദേഹവുമായി ഖബറിലേക്കു പോകുമ്പോൾ, നമ്മെ അദൃശ്യമായി അനുഗമിക്കാനുണ്ടാകുക ജീവിതകാലത്ത് ചെയ്ത നന്മകൾ ആയിരിക്കും. അതേറ്റവും ഭംഗിയായി റംസാൻ മാസത്തിൽ നിർവഹിക്കാൻ വിശ്വാസികൾക്ക് പറ്റണം.കോവിഡിന്റെ കെടുതി ഇപ്പോഴും തീർന്നിട്ടില്ല. അതിൽനിന്ന് പൂർണമായും മോചിതമാകാൻ പ്രാർഥനകൾ വേണം. നമ്മെക്കൊണ്ട് ഒരാൾക്കും ബുദ്ധിമുട്ടു വരരുത് എന്ന ബോധം വേണം. ഈ ലോകത്തെ ജീവിതം നമ്മുടെ നന്മകൾ അളക്കാനും ആരാധനകളുടെ സൂക്ഷ്മത അറിയാനും ദൈവം നൽകിയതാണ് എന്ന ബോധ്യം വിശ്വാസികളിൽ സദാ സജീവമാകണം. അതിനെല്ലാം റംസാൻ നിമിത്തമാകട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram