അരുണാചൽപ്രദേശിലെ ചങ്‌ലാങ് ജില്ലയിലെ മിയാവോയിലായിരുന്നു 2009-ലെ ക്രിസ്‌മസ്. അന്ന് ക്രിസ്‌മസ് തിരുകർമങ്ങൾക്ക് പോകേണ്ടത് ബംഗ്ലാദേശിൽനിന്ന് കപ്റ്റായ് ഡാമിന്റെ പരിസരങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ട ചക്മ ഗോത്രക്കാർ തിങ്ങിപ്പാർക്കുന്ന, മിയാവോയ്ക്കടുത്തുള്ള ദേവപുരിയിലാണ്. ദേവന്മാരുടെ പുരിയെന്ന പേരുതന്നെ വലിയൊരു വൈരുധ്യം. നാൽപ്പത്തഞ്ച് വയസ്സിനു മുകളിലേക്ക്, വിരലിലെണ്ണാവുന്നവർ മാത്രമേ അവിടെ ജീവനോടെ ഉള്ളൂ. സ്ത്രീകളിൽ നല്ലൊരുഭാഗവും പ്രസവത്തോടുകൂടിയോ അനാരോഗ്യം മൂലമോ അപ്പോഴേക്കും മരിച്ചിട്ടുണ്ടാകും. മലമ്പനിയോ മറ്റേതെങ്കിലും രോഗമോ വന്ന് പുരുഷന്മാരും അവസാനിക്കും. ഇത്രമാത്രം ചൂഷണം ചെയ്യപ്പെടുന്ന ഒരു മനുഷ്യസമൂഹത്തെ ഞാൻ അന്നുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. ഗതികേടുകൊണ്ട് ബംഗ്ലാദേശിൽനിന്ന് ഓടിപ്പോന്നവരാണ് ആ പാവങ്ങൾ. പക്ഷേ, എത്തിച്ചേർന്ന മണ്ണിൽ അവർ ആരാലും പരിഗണിക്കപ്പെടാതെ, ബഹുമാനിക്കപ്പെടാതെ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. അവർക്കറിയാവുന്ന ആകെയുള്ള തൊഴിൽ കൃഷിയാണ്.
ഇടയ്ക്കിടെ അസം റൈഫിൾസിലെ പട്ടാളക്കാർ ആ മലയിടുക്കുകളിലെത്തും. അവരെയെല്ലാം ഭേദ്യം ചെയ്യും. അല്പം കഴിയുമ്പോൾ പതുങ്ങിയിരിക്കുന്ന തീവ്രവാദഗ്രൂപ്പുകളിലുള്ളവർ എത്തും. തങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പട്ടാളത്തിന് കിട്ടിയോ എന്നു സംശയിച്ച് അവരും ഉപദ്രവിക്കും. കൂടാതെ, വന്യമൃഗങ്ങളുടെയും കാലാവസ്ഥയുടെയും അക്രമം. ഇങ്ങനെ എല്ലാ ദിശയിലും നിന്ന് അനീതിമാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരു ജനത.
ഹിമാലയത്തിൽനിന്നുദ്‌ഭവിച്ച് ബ്രഹ്മപുത്രാ നദിയിൽ എത്തിച്ചേരുന്ന ദിഹിങ് നദി കടന്ന് അവിടെയെത്താൻ ഏകദേശം നാല്-അഞ്ച് മണിക്കൂർ എടുക്കും. തോണിക്ക് മുകളിൽ ബൈക്ക് കയറ്റിവെച്ചുവേണം കുത്തൊഴുക്കുള്ള, ആഴമേറിയ ആ നദി മുറിച്ചുകടക്കാൻ. മൺസൂൺ കാലങ്ങളിൽ ആരും അതിന് ശ്രമിക്കാറില്ല. ശ്രമിച്ചവർ ആരും അക്കരെയെത്തിയിട്ടുമില്ല. നദി മുറിച്ചുകടന്ന് ചെറിയൊരു കാട്ടിലൂടെ ഏറെദൂരം സഞ്ചരിച്ചാണ് ദേവപുരിയിലെത്തുന്നത്. അപ്പോഴേക്കും രാത്രിയായി. എന്റെ ബാഗിൽ വിശ്വാസികൾക്ക് നൽകാനുള്ള വി. കുർബാനയുണ്ട്. ഞാൻ വരാൻ വൈകുമെന്ന് അറിഞ്ഞതുകൊണ്ടാകും ദൂരെനിന്നുതന്നെ അവർ ജപമാല ചൊല്ലുന്നത് കേൾക്കാം. 250 ചതുരശ്ര മീറ്റർമാത്രം ചുറ്റളവുള്ള, പനയോലകൊണ്ട് മുകളും വശങ്ങളും മറച്ച ഒരു ചെറിയ ഹാൾ. ഏതാനും പട്ടിക കൂട്ടിയടിച്ച ഒരു ചെറിയ മേശ. ഏതാനും മുളകൊണ്ടുള്ള ബെഞ്ചുകൾ. ഇത്രയുമായാൽ ഒരു ദേവാലയമായി.
അവർ സ്നേഹത്തോടെ സ്വീകരിച്ചു. തേയിലയുടെ പച്ചയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ തന്നു. ഞാൻ ബാഗിൽനിന്ന് തിരുവസ്ത്രങ്ങൾ എടുത്ത് ധരിച്ചു. ശുശ്രൂഷ ആരംഭിച്ചു. എന്റെ മുറിഹിന്ദിയിൽ ക്രിസ്‌മസ് സന്ദേശം നൽകി. ദരിദ്രരും ചൂഷണം ചെയ്യപ്പെട്ടവരുമായ ഈ മനുഷ്യരോട് എന്തു പ്രതീക്ഷയുടെ സന്ദേശമാണ് എനിക്കു പറയാൻ കഴിയുക? തോൽക്കുമെന്ന് എനിക്കുറപ്പുള്ള ആ കളിയിൽനിന്ന് ഞാൻ പിന്തിരിഞ്ഞു.
എല്ലാം കഴിഞ്ഞപ്പോൾ കരുതിവെച്ചിരുന്ന ഒരു കേക്ക് ഞാൻ പുറത്തെടുത്തു. ആദ്യമായി കേക്ക് കാണുന്ന പലരും അതിൽ ഉണ്ടായിരുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ കേക്കിൽ ഭക്ത്യാദരപൂർവം നോക്കി. ഒരു കത്തികൊണ്ടുവരാൻ ആവശ്യപ്പെട്ടു. കുറേനേരം കഴിഞ്ഞപ്പോൾ ഒരാൾ ഒരു മഴുവുമായി വന്നു. ചക്മ വിഭാഗക്കാരുടെ ഇടയിൽ ഈ മഴു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഈ മഴുവാണ് എല്ലാം മുറിക്കാനായി ഉപയോഗിച്ചിരുന്നത്. മഴു ഉപയോഗിച്ച് ഞാൻ കേക്കുമുറിച്ചു.
രാത്രിയിൽ തങ്ങുന്ന ഒരു വീടുണ്ട്. അരിയിട്ട് വറ്റിച്ചെടുത്ത പരുക്കൻ ചോറിലേക്ക് പരിപ്പും പപ്പായയും മുളകുമിട്ട് ഇളക്കിയെടുത്ത് അവർ ഒരു ഇലയിൽ വിളമ്പി. കൂടെ ‘കൊച്ചു’ എന്നുവിളിക്കുന്ന മലച്ചേമ്പും പുഴുങ്ങിവെച്ചിട്ടുണ്ട്. എല്ലാവരും ഭയഭക്തിയോടെ മാറിനിൽക്കുന്നു. കുഞ്ഞുങ്ങൾ ഇന്നെങ്കിലും വയറുനിറയെ കഴിക്കാം എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. ആ ദാരിദ്ര്യത്തിനിടയിലും ആ വീട്ടിലെ നായയോട് അവർ സ്നേഹത്തോടെ പറയുന്നുണ്ട് -നിനക്കുള്ളത് വൈകാതെ തരാം.
രാത്രിയിൽ, മുളകൾ കീറി അടച്ച ഏറുമാടത്തിൽ ആകാശത്തെ നക്ഷത്രങ്ങളെ എണ്ണി കിടക്കുമ്പോൾ ഞാൻ നാട്ടിലെ പാതിരാക്കുർബാനയും ആഘോഷങ്ങളും ബഹളങ്ങളും ഡിന്നറുകളും സമ്മേളനങ്ങളും ഓർത്തു. ഭക്ഷണസാധനങ്ങളുടെ ആധിക്യത്താൽ മേശയിൽ ഇടമില്ലാതെ പോകുന്നത് ഓർത്തു. രാവിലെ എഴുന്നേറ്റ് പോരാനിറങ്ങുമ്പോൾ ആ വീട്ടിലെ കുഞ്ഞ്, ദേബ് എന്നാണവന്റെ പേര്, നദിക്കരെവരെ കൂടെവന്നു. അവൻ എന്നോട് ചോദിച്ചു:
‘‘ഇനിയെന്ന് വരും?’’
‘‘അടുത്ത ക്രിസ്‌മസിന്’’
‘‘അടുത്ത മാസം ക്രിസ്‌മസ് ഉണ്ടാകുമോ?’’
‘‘അയ്യോ ഇല്ല. വർഷത്തിൽ ഒരിക്കൽ മാത്രമേ ക്രിസ്‌മസ് ഉള്ളൂ.’’
‘‘എല്ലാ മാസവും ക്രിസ്‌മസ് ഉണ്ടായിരുന്നെങ്കിൽ അന്നൊക്കെ വയറുനിറയെ ‘കൊച്ചു’ (മലച്ചേമ്പ്) തിന്നാമായിരുന്നു.’’
പത്തുവർഷങ്ങൾക്കിപ്പുറം സമൃദ്ധിയുടെ ഈ ആഘോഷങ്ങൾക്കിടയിൽ മനസ്സിനെ എന്നും നീറ്റുന്ന ഒരോർമയാണ് ദേവപുരി.
ഒരു വാക്കുകൊണ്ട് കാറ്റിനെയും കടലിനെയും ശാന്തമാക്കിയവൻ, അരവാക്കുകൊണ്ട് രോഗത്തെയും ബാധകളെയും ഒഴിപ്പിച്ചവൻ, മരണമെന്ന പ്രതിഭാസത്തെ ഒത്തിരിവട്ടം തോൽപ്പിച്ചവൻ, പരമശക്തനായ ദൈവം. എല്ലാം മറന്ന്, സ്വയം ശൂന്യനായി ഒന്നും സ്വന്തമായി ചെയ്യാൻകഴിയാത്ത ഒരു പിഞ്ചുകുഞ്ഞായി ജന്മമെടുക്കുന്നു. അവൻ നിസ്സാരനായി സ്വയം മാറുന്നു. ഒന്നും ഇല്ലാത്തവനായി അവതരിക്കുന്നു. അതാണ് ക്രിസ്‌മസ്.
ക്രിസ്തു ചെറുതായതിലല്ല അവന്റെ മഹിമ. മറിച്ച് അവൻ ഒരുപാടുപേരെ അതുവഴി ഉയർത്തി എന്നതിലാണ്. അവന്റെ ചെറുതാകൽ പ്രക്രിയയിൽ സ്വയം കത്തിത്തീർന്നവരുണ്ട്. അവന്റെ വരവിനായി സ്വജീവൻ ബലിനൽകിയവരുണ്ട്. പക്ഷേ, അവനുവേണ്ടി മുറിക്കപ്പെട്ടവർക്കും മുറിവേൽപ്പിക്കപ്പെട്ടവർക്കും അതൊരു നഷ്ടമായിരുന്നില്ല. അവരെയെല്ലാം അവൻ ഉയർത്തി, തന്റെ മഹത്ത്വത്തിൽ പങ്കുകാരാക്കി. നിന്റെ ഇന്നത്തെ നന്മകൾക്ക് പിറകിലുള്ളവരെ നീ എങ്ങനെയാണ് ആദരിച്ചത്? നിന്റെ വളർച്ചയിലുള്ള അവരുടെ പങ്കിനെ നീ അംഗീകരിച്ചിട്ടുണ്ടോ? ഉത്തരം ഇല്ല എന്നാണെങ്കിൽ നീ ഇനിയും ക്രിസ്‌മസ് എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല.
ദൈവപുത്രൻ ഇറങ്ങിവന്നത് മനുഷ്യനുമായി സമയം പങ്കിടാനാണ്. 33 വർഷം അവൻ മനുഷ്യനുമായി സഹവസിച്ചു. എല്ലാം പങ്കുവെച്ചു.
അവരിൽ ഒരുവനായി. അവന്റെ ഭാഷയും വേഷവുംമുതൽ അവന്റെ വികാരങ്ങൾപോലും സ്വന്തമാക്കി. പക്ഷേ, നമുക്ക് ചിലപ്പോഴെങ്കിലും കൂടെയുള്ളവരുടെപോലും വികാരങ്ങൾക്ക് വിലനൽകാനാകാതെ പോകുന്നില്ലേ? അവരുടെ കണ്ണീരിനും പുഞ്ചിരിക്കും കൂട്ടിരുന്നിട്ട് എത്ര നാളുകളായി?
ശരിയായിരിക്കാം. നീ ഒത്തിരി വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. പക്ഷേ, നിനക്കാരെയും അകറ്റിനിർത്താനാവില്ല. കാരണം, നിന്റെ ക്രിസ്തു ആരെയും മാറ്റിനിർത്തിയിട്ടില്ല. ആരെയെങ്കിലുമൊക്കെ ഒഴിവാക്കിയാണ് നീ ക്രിസ്‌മസ് ആഘോഷിക്കുന്നതെങ്കിൽ നിനക്ക് ക്രിസ്‌മസ് ഇല്ല.
താഴേക്കിറങ്ങാനുള്ള ഒരു ശ്രമമാകട്ടെ ഈ ക്രിസ്‌മസ്. പുതിയൊരു ക്രിസ്‌മസിലേക്ക്, ചെറുതാകലിലേക്ക്, പങ്കുവെക്കുന്ന അനുഭവത്തിലേക്ക് നമുക്ക് പ്രവേശിക്കാം.
ഈ രാത്രിയിലും നദിക്കരെ നിന്നുകൊണ്ട് ദേബ് ചോദിക്കും ‘ഇനിയെന്നാണ് ക്രിസ്‌മസ്?’.