രക്ഷകൻ വരുന്നു, നീതിയായി...


ഫാ. പോൾ തേലക്കാട്ട്

2 min read
Read later
Print
Share

ക്ഷകന്റെ അഥവാ മിശിഹായുടെ വരവിന്റെ സംഭവമാണ്‌ ക്രിസ്മസ്. അതു ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചതും നിരന്തരമായി ചരിത്രത്തിന്റെ ഓർമകളിലൂടെ വീണ്ടുംവീണ്ടും സംഭവിക്കേണ്ടതുമാണ്‌. ക്രൈസ്തവ വിശ്വാസപ്രകാരം. ക്രിസ്തുസംഭവത്തിന്റെ ആവർത്തനം ക്രിസ്തുഭക്തരിലൂടെയാണ് ഉണ്ടാകേണ്ടത്. യഹൂദരിലാണ്‌ രക്ഷകന്റെ വരവിന്റെ പാരമ്പര്യം നിലനിന്നത്. അത് ഒരിക്കൽ മാത്രം സംഭവിക്കുന്ന ചരിത്രമല്ല. ചരിത്രത്തിലൂടെ രക്ഷകൻ വന്നുകൊണ്ടിരിക്കുന്നു. അത് ഒരാളിലോ ഒരു സംഭവത്തിലോ ഒതുക്കപ്പെടുന്നില്ല. രക്ഷകന്റെ വരവിനെക്കുറിച്ചു താത്ത്വികചിന്തകൾ വർത്തമാനകാലത്തിൽ നൽകിയ യഹൂദ ചിന്തകനാണു ഷാക് ദരീദ.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ചരിത്രനിർമിതിയിലാണ്. ചരിത്രം എഴുതുക എന്നാൽ, ചരിത്രം മായ്‌ച്ചെഴുതുകയാണ്. ഈ മായ്‌ച്ചെഴുത്തിന് അദ്ദേഹം നൽകുന്ന പദപ്രയോഗമാണ് അപനിർമാണം (Decontsruction). അപനിർമാണത്തിന്റെ പ്രചോദനവും പ്രേരകവുമാകുന്നത്‌ കീർക്കെഗോർ പറഞ്ഞ ഭ്രാന്താണ്. തീരുമാനത്തിന്റെ നിമിഷമാണു ഭ്രാന്ത്. തീരുമാനം ചരിത്രത്തിലെ ഇടപെടലാണ്. ആ നിശ്ചയത്തിന്റെ പിന്നിലെ പ്രേരകം ഒന്നു മാത്രം നീതി. നീതിയാണു രക്ഷയായി വരുന്നത്. അതാണ്‌ രക്ഷകന്റെ വരവ്; രക്ഷകൻ വന്നുകൊണ്ടിരിക്കുന്നു.

യേശുക്രിസ്തുവിന്റെ സുവിശേഷമെഴുതിയ മത്തായി മനുഷ്യന്റെ അന്ത്യവിധിയുടെ ഏകമാനദണ്ഡമായി പറയുന്നതു നീതിയാണ്. നീതിയും അനീതിയും വേർതിരിയുന്നത്‌ യുഗാന്ത്യത്തിലാണ്. അവസാനവിധിയുടെ ഏകമായ അളവു കോൽ നീതിമാത്രം. അളക്കാനോ തൂക്കാനോ പറ്റാത്ത നീതിയുടെ നടത്തിപ്പ് നിയമത്തിന്റെ രൂപവത്‌കരണത്തിലും അതിന്റെ നടത്തിപ്പിലുമാണ്. നിയമത്തിന്റെ അടിസ്ഥാനം നീതി എന്ന അവർണനീമായ കാവ്യവെളിപാടാണ്. നീതി കാവ്യാത്മകവും പ്രാവാചികവുമായി ഭാഷാവനത്തിൽവന്നു സംഭവിക്കുന്നു. എന്നാൽ, നീതിയാണു നിയമത്തിന്റെ ചക്രവാളം. എല്ലാ അപനിർമാണങ്ങളും ഈ ചക്രവാളത്തിന്റെ പരിപ്രേക്ഷ്യത്തിലാണ്. എന്നാൽ, നീതിയുടെ കണ്ണു തുറക്കുന്നത്‌ നീതി നിരന്തരം സംഭവിക്കാനാണ്. അതിനാണ്‌ പ്രാവാചിക കാവ്യമാനങ്ങൾ നിരന്തരം ശ്രമിക്കേണ്ടത്. ജർമൻ കവിയായ ഹെൽഡർലിൻ കവികളോടു പറയുന്നു: ‘‘ദൈവത്തിന്റെ ഇടിമിന്നലിനെ കൈകളിൽ പിടിച്ചെടുത്തു വാക്കുകളിൽ പൊതിഞ്ഞു ജനങ്ങൾക്കു കൊടുക്കുക.’’ കാവ്യത്തിന്റെ വെളിപാടിൽ നീതിയുടെ കണ്ണുതുറന്നവർക്കാണ് നിയമത്തിന്റെ യുക്തിയിലൂടെ സമൂഹത്തിൽ അപനിർമാണം നടത്താനാവുക. ഭാഷണത്തിൽ സംഭവിക്കുന്ന നീതി ചരിത്രത്തിൽ ഉണ്ടാകണമെന്നില്ല. യേശുക്രിസ്തുവിൽ ദൈവം മനുഷ്യനായി; മനുഷ്യനിൽ ദൈവം പൂർണമായി പിൻവലിഞ്ഞു ശൂന്യനായി. ദൈവം മനുഷ്യനായി, ദൈവമല്ലാതായി, ദൈവമില്ലാതായി.

ഭാഷയുടെ ലോകത്തിൽ നീതി സംഭവിക്കുന്നത്‌ കവികളിലൂടെയും പ്രവാചകരിലൂടെയുമാണ്. അവരാണു ഭാഷ സ്ഥിരം നവീകരിക്കുന്നത്. ഭാഷയിൽനിന്നും സമൂഹത്തിൽനിന്നും നഷ്ടപ്പെട്ടുപോയവരെ കണ്ടെത്തി ഭാഷയിൽ കുടിയിരുത്തുന്നത്‌ കവികളാണ്. അവരാണു വിശുദ്ധഭാഷയുടെ അഭാവത്തെക്കുറിച്ച്‌ വിലപിക്കുന്നവർ. ഭാഷയിൽ നിന്നു ജനങ്ങളെ വെട്ടിനീക്കുകയും അടിച്ചോടിക്കുകയും ചെയ്യുന്നു. വാല്മീകി കേട്ട വിലാപം ക്രൗഞ്ചപ്പക്ഷിയുടെയോ സീതയുടെയോ? നിശ്ശബ്ദമാക്കപ്പെട്ട ശബ്ദത്തിനു കവി മാറ്റൊലി സൃഷ്ടിക്കുന്നു. സരസ്വതിയായിരുന്നു ദേവഭാഷ. ഭാഷയിൽ നീതി സംവിക്കുമ്പോൾ അതു വിശുദ്ധമാകുന്നു. നീതി ഭാഷയിലൂടെ സംഭവിക്കുമ്പോൾ സമൂഹത്തിൽ കൂട്ടായ്മയുണ്ടാകുന്നു. സാഹിത്യം ഉണ്ടാക്കുന്നത് അദൃശ്യമായ ഒരു കമ്യൂണിസമാണ്.

പഴയനിയമ ബൈബിളിൽ ഏശയ്യ പ്രവാചകൻ വിശുദ്ധിയുടെ വരദാനത്തിൽ നിലവിളിച്ചു: ‘‘ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്.’’ ആ പ്രവാചകന്റെ അധരങ്ങളാണ് അഗ്നിശുദ്ധിക്കു വിധേയമാക്കുന്നത്. ഭാഷയിലൂടെ നീതിയുടെ രക്ഷ ഇത്തരം പ്രവാചികകാവ്യ ഇടപെടലിലൂടെ വന്നു ഭവിക്കുന്നു. അപരനിൽ വിശ്വസിക്കാത്ത സമൂഹമില്ല.

കാത്തിരിപ്പ് മനുഷ്യകുലത്തിന്റെ പ്രത്യേകതയാണ്. വരാനിരിക്കുന്നതു നോക്കി പാർത്തിരിക്കുന്നവരാണു നാം. വരാനിരിക്കുന്നതു ശൂന്യമായ ഭാവിയല്ല സാധ്യതകളുടെയും നീതിയുടെയും ഭാവിയാണ്. വരുന്നു എന്നതാണു ഭാവിയുടെ സവിശേഷത. എന്തുവരണം? നീതിയും സമാധാനവും. നീതിയുടെ വരവ് വാഗ്ദാനത്തിന്റെ ഭാഷാഘടനയിലാണ്. വരാനിരിക്കുന്നതിനുവേണ്ടി വാതിൽ തുറന്നിരിക്കുന്നവർക്കു തീർച്ചയായും നീതിയുടെ ആഘോഷത്തിന്റെ വരവുണ്ടാകും. ആ വരവിന്റെ വാഗ്ദാനമാണു പരസ്പരം നൽകാനുള്ളത്. വരവു സംഭവ്യമാണ്. അതു രക്ഷയുടെ വരവാണ്. നീതിയുടെ വരവാണ്‌.

യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ നീതിയുടെ നിതാന്തമായ വരവിനെ രക്ഷകന്റെ വരവായി കാണുന്നു. ഗീതാകാരന്റെ സംഭവാമി യുഗേ യുഗേ എന്ന വാക്യത്തിലും ഈ കാവ്യസംഭവമാണു പിറക്കുന്നത്. ഏതു സാഹിത്യകൃതിയും വാഗ്ദാനത്തിന്റെ ഭ്രാന്തിനു വാതിൽ തുറക്കുന്നു. സമൂഹം കാത്തിരിക്കുന്നു, നീതിയുടെ ക്രിസ്തുസംഭവങ്ങൾക്കായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram