ശബരിമല തീർഥാടനം വെല്ലുവിളികൾ ചവിട്ടിക്കയറാം


പ്രവീൺ കൃഷ്ണൻ

3 min read
Read later
Print
Share

ഫോട്ടോ: ജി.ശിവപ്രസാദ്

വീണ്ടും ഒരു തീർഥാടനകാലം. മഹാമാരിയുടെ മുറിവുണങ്ങിയിട്ടില്ലെങ്കിലും ഭക്തജനപ്രവാഹത്തിന് മുടക്കമുണ്ടാവില്ലെന്നാണ് കരുതുന്നത്. കോവിഡിന്റെ ഭീതിയൊഴിയാത്ത സംസ്ഥാനത്ത് പുറമേനിന്നെത്തുന്ന അയ്യപ്പഭക്തർക്കുൾപ്പെടെ സുഗമവും സുരക്ഷിതവുമായ ദർശനമൊരുക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവർ. രോഗതീവ്രതയിൽ കഴിഞ്ഞ മണ്ഡല-മകരവിളക്കുകാലം തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇക്കുറി ദിവസം 30,000 പേർക്കാണ് ദർശനാനുമതി. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ്, വെർച്വൽ ക്യൂ തുടങ്ങി വർഷംതോറും മുടങ്ങാതെ അയ്യപ്പദർശനത്തിനെത്തിയിരുന്നവരെ പിന്നോട്ടുവലിക്കാവുന്ന ഒട്ടേറെ കടമ്പകൾ ഇത്തവണയുമുണ്ട്. പ്രതികൂല കാലാവസ്ഥ തീർഥാടനകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ വെല്ലുവിളിതന്നെയാണ്.

ശബരിമലയിൽ വലിയതോതിൽ ഭക്തജനപ്രവാഹം ഉണ്ടാകാനിടയില്ലെന്ന കണക്കുകൂട്ടലിലായിരിക്കാം ഒരുക്കങ്ങളും മന്ദഗതിയിലാണ് മുന്നോട്ടുപോയത്. ശക്തമായ മഴയും ഉരുൾപൊട്ടലുമെല്ലാം തയ്യാറെടുപ്പുകളെ ബാധിച്ചു. തീർഥാടകരുടെ എണ്ണത്തിലെ അവ്യക്തതകൾ കാരണം പ്രാഥമിക സൗകര്യങ്ങൾക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽപ്പോലും മെല്ലെപ്പോക്കുകാണാം. ദേവസ്വം ബോർഡും ജില്ലാഭരണകൂടവും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ടെങ്കിലും തീർഥാടനം തുടങ്ങി കുറച്ചുദിവസം കഴിഞ്ഞാലേ പമ്പയും സന്നിധാനവും പൂർണസജ്ജമാകൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പുതിയനേതൃത്വം ചുമതലയേൽക്കുമ്പോഴാണ് ഇത്തവണ മണ്ഡലകാലം എത്തുന്നത്. ശബരിമലയുടെ ജില്ലയായ പത്തനംതിട്ടയിൽനിന്നാണ് പുതിയ ദേവസ്വംബോർഡ് അധ്യക്ഷൻ കെ. അനന്തഗോപനും ബോർഡ് അംഗം മനോജ് ചരളേലും. ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് സൃഷ്ടിക്കുന്ന പരിമിതികൾ ഇതിനു പുറമേയും. സർക്കാരിന്റെ വലിയ സാമ്പത്തികസഹായത്തിലേ ബോർഡിന് നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകൂ.

യാത്ര

മണ്ഡലകാലം തുടങ്ങുന്ന നവംബർ മധ്യംമുതൽ മകരവിളക്കുത്സവം പൂർത്തിയാകുന്ന ജനുവരി മൂന്നാം വാരംവരെ കാലാകാലങ്ങളായി ദക്ഷിണേന്ത്യയുടെ ഒരു പരിച്ഛേദമായി മാറുമായിരുന്നു തീർഥാടക ജില്ലയായ പത്തനംതിട്ടയും സമീപപ്രദേശങ്ങളും. കോവിഡ് എല്ലാം മാറ്റിമറിച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളിലും ട്രെയിൻ മാർഗവുമാണ് തീർഥാടകർ എത്തുന്നത്. ട്രെയിനിൽ എത്തുന്നവർ ഭൂരിപക്ഷവും ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലിറങ്ങിയാണ് പമ്പയിലേക്ക് തുടർയാത്ര നടത്തുക. കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് അന്തഃസംസ്ഥാന ബസ് സർവീസിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. തമിഴ്‌നാട് സർക്കാരുമായി ചർച്ച നടത്തുമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. തമിഴ്‌നാട് സർവീസ് തുടങ്ങാത്തപക്ഷം അവിടെനിന്നുള്ള ഭൂരിപക്ഷം തീർഥാടകരും സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. എത്രത്തോളം ഭക്തർ എത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും
കെ.എസ്.ആർ.ടി.സി. വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 231 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനു മാത്രം 120 ബസുകൾ ഉണ്ടാകും. തീർഥാടകരെത്തുന്ന വലിയ സ്വകാര്യവാഹനങ്ങൾക്ക് നിലയ്ക്കൽവരെ മാത്രമാണ് അനുമതി. കെ.എസ്.ആർ.ടി.സി. ബസിൽ മാത്രമാണ് പമ്പയിലേക്കുള്ള യാത്ര.

കാനന പാത

ശബരിമല തീർഥാടനത്തിൽ പരമ്പരാഗത കാനനപാത വഴിയുള്ള യാത്ര പ്രധാനമാണ്. ലക്ഷക്കണക്കിനു ഭക്തർ സ്ഥിരമായി ഈ മാർഗത്തിൽ മാത്രം പമ്പയിലേക്ക് എത്തുന്നവരാണ്. എരുമേലിയിൽ ദർശനം നടത്തി പേട്ടതുള്ളി, പേരൂർ തോട്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴിയാണ് പമ്പയിലെത്തുക. പുൽമേടുവഴിയും ലക്ഷങ്ങളാണ് എത്തിയിരുന്നത്. കോവിഡ് വന്നതോടെ മുൻവർഷം ഈ പാതകളിലൂടെ യാത്ര അനുവദിച്ചിരുന്നില്ല. ഇത്തവണ കാനനപാതയിലൂടെ നിയന്ത്രിതമായെങ്കിലും തീർഥാടകരെ അനുവദിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. കാനനപാത വഴി പമ്പയിലേക്ക് എത്തുന്നിടത്തെ ഞുണുങ്ങാർ താത്‌കാലിക പാലം മലവെള്ളപ്പാച്ചിലിൽ രണ്ടുദിവസംമുമ്പ് ഒലിച്ചുപോയിരുന്നു. പെയ്തുകൊണ്ടിരിക്കുന്ന അതിവർഷം അവസാനിച്ചില്ലെങ്കിൽ യാത്ര ദുഷ്കരമാവും.

കയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രം

ഈ മണ്ഡലമകരവിളക്ക് കാലത്തും പമ്പയിൽനിന്നുള്ള മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമായിരിക്കും. ആചാരങ്ങൾ പാലിച്ച് നീലിമല, അപ്പാച്ചിമേടു വഴിയാണ് സാധാരണ മലകയറുന്നത്. കോവിഡ് വന്ന് ഭേദമായവർക്ക് കഠിനമായ മലകയറ്റം ബുദ്ധിമുട്ടാകുമെന്നതും മാസ്‌ക് ധരിച്ച് മല ചവിട്ടുമ്പോൾ ശ്വാസതടസ്സത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നത്.

വിരിവെക്കാൻ അനുമതിയില്ല

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനത്തും പമ്പയിലും വിരിവെക്കാൻ അനുമതിയില്ല. ദർശനം കഴിഞ്ഞ് ഭക്തർ വൈകുന്നേരത്തോടെത്തന്നെ മലയിറങ്ങണം.

അന്നദാനം

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ദേവസ്വം ബോർഡിന്റെ അന്നദാനമുണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തും ഉണ്ടാകും. ഹോട്ടലുകളും മറ്റും കുറവായിരിക്കുന്ന പശ്ചാത്തലത്തിൽ ഭക്തർക്ക് ആശ്വാസമാകുന്നതാണ് അന്നദാനം.

നെയ്യഭിഷേകം

ഇത്തവണത്തെ നെയ്യഭിഷേകവും പരമ്പരാഗത രീതിയിലാവില്ല. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിനു പിന്നിലെ കൗണ്ടറിൽ വാങ്ങിക്കും. ശ്രീകോവിലിൽ അഭിഷേകം നടത്തി പ്രസാദം മാളികപ്പുറത്തെ കൗണ്ടറിൽനിന്ന് ലഭിക്കും. അപ്പം, അരവണ, പുഷ്പാഭിഷേകമുൾപ്പെടെയുള്ള മറ്റു വഴിപാടുകൾ എല്ലാം പഴയതുപോലെത്തന്നെ.

നിലയ്ക്കലിൽ കോവിഡ് പരിശോധന

ആർ.ടി.പി.സി.ആർ., ആർ.ടി. ലാംപ് പരിശോധനാ സൗകര്യം നിലയ്ക്കലിലുണ്ട്. 300 രൂപയാണ് ചാർജ്. തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം റെയിൽവേസ്റ്റേഷനുകളിലും ആർ.ടി.പി.സി.ആർ. പരിശോധന നടത്താം. ഫലമറിയാൻ മൂന്നു മണിക്കൂറെടുക്കും.

പമ്പാസ്നാനത്തിന്‌ താത്‌കാലിക വിലക്ക്‌

കനത്തമഴയിൽ പമ്പയിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ പമ്പാസ്നാനത്തിന് താത്‌കാലിക വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ മാറുന്ന സാഹചര്യത്തിൽ അതിനു മാറ്റമുണ്ടായേക്കും.

സ്‌പോട്ട് ബുക്കിങ് നിർത്തിവെച്ചു

കനത്തമഴയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ സ്പോട്ട് ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്. തിരക്കു നിയന്ത്രിക്കുന്നതിനാണ് ഇത്. വെർച്വൽ ക്യൂ വഴി മാത്രമാണ് തീർഥാടകർക്ക് പ്രവേശനം. സാധാരണക്കാരായ തീർഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് വെർച്വൽ ക്യൂ എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വരാനിരിക്കുകയുമാണ്. വെർച്വൽ ക്യൂവിൽ സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും. നിലയ്ക്കലിൽ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. എരുമേലി, കുമളി എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇടത്താവളങ്ങളിലടക്കം കൂടുതൽ സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് കോടതി നിർദേശം. ബുക്കിങ്ങിന് ആധാർകാർഡ്, വോട്ടർ ഐ.ഡി. എന്നിവകൂടാതെ പാസ്‌പോർട്ടും ഉപയോഗിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram