ആധുനിക കേരളസൃഷ്ടിക്കു കാരണമായ നവോത്ഥാന പതാകവാഹകരിൽ പല സവിശേഷതകളാലും ഉയർന്നുനിൽക്കുന്ന കർമചൈതന്യമാണ് ഗുരു വാഗ്ഭടാനന്ദൻ. ഉദ്‌ബോധനങ്ങൾക്കപ്പുറമുള്ള ആധ്യാത്മികതയുടെ സാമൂഹികപ്രയോഗം സമൂഹത്തെ എങ്ങനെ പരിവർത്തിപ്പിച്ചു എന്നതും ഒരു നൂറ്റാണ്ടിനിപ്പുറവും ആ മൂല്യങ്ങൾ പുതിയ ആവിഷ്കാരഭാവങ്ങളോടെ സമൂഹസൃഷ്ടിയിലും രാഷ്ട്രനിർമാണത്തിലും എങ്ങനെ ഒളിമങ്ങാതെ പ്രവർത്തിക്കുന്നു എന്നതും പ്രത്യേകം പ്രസക്തമാണ്.അയിത്തമടക്കമുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും ജന്മിത്വത്തിന്റെ ചൂഷണവും അടിച്ചമർത്തലുംകൊണ്ട് മഹാഭൂരിപക്ഷവും നട്ടംതിരിയുന്ന ‘ഭ്രാന്താലയ’കാലത്താണ് 1885 ഏപ്രിൽ 27-ന് വാഗ്ഭടാനന്ദന്റെ പിറവി. വടക്കേമലബാറിലെ പാട്യത്ത് വയലേരി ചീരുവമ്മയും സംസ്കൃതപണ്ഡിതനും കവിയും ഉത്പതിഷ്ണുവുമായിരുന്ന തേനങ്കണ്ടി വാഴവളപ്പിൽ കോരൻ ഗുരിക്കളും മകനിട്ട പേര് കുഞ്ഞിക്കണ്ണൻ. വാഗ്മിയായിവളർന്ന വയലേരി കുഞ്ഞിക്കണ്ണൻ ഗുരിക്കൾ യുവാവായിരിക്കെ കോഴിക്കോട്ടുചെയ്ത ഒരു പ്രസംഗംകേട്ട ബ്രഹ്മാനന്ദശിവയോഗി, ആ വാഗ്ചാതുരിയിൽ വിസ്മയിച്ച്, ഒരു ശ്ലോകം ചമച്ച് വാഗ്ഭടാനന്ദനെന്നു നാമകരണം ചെയ്യുകയായിരുന്നു.
മറ്റ് ആധ്യാത്മികാചാര്യരിൽനിന്നു വ്യത്യസ്തനായി യാഥാസ്ഥിതികത്വത്തോടു പൊരുതാനും മാറ്റം സൃഷ്ടിക്കാനും ജനങ്ങളെ സംഘടിപ്പിച്ചു രംഗത്തിറക്കുകയും അവർക്കു പിന്തുണയ്ക്കായി സ്ഥാപനങ്ങൾ തുടങ്ങുകയുംചെയ്തു എന്നതാണ് ഗുരുവിന്റെ പ്രധാന സവിശേഷത.
മനുഷ്യരെ മനുഷ്യരാക്കുന്നത് അറിവാണെന്ന ദർശനം പ്രയോഗിച്ചത് 1906-ൽ ‘തത്ത്വപ്രകാശിക സംസ്കൃതപാഠശാല’ തുടങ്ങിക്കൊണ്ടാണ്. അക്ഷരം നിഷേധിച്ചിരുന്ന വിഭാഗക്കാർക്കടക്കം വേദംവരെ പഠിക്കാവുന്ന സാർവത്രിക വിദ്യാഭ്യാസത്തിന്റെ കേരളത്തിലെ തുടക്കം.ആത്മീയദർശനത്തിന്റെ വ്യാപനത്തിനും അതിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കുമായി 1917-ൽ അദ്ദേഹം രൂപംനൽകിയ ‘ആത്മവിദ്യാസംഘം’ പരിഷ്കരണപ്രവർത്തനങ്ങളിലാണ് ഊന്നിയത്. ബ്രഹ്മസമാജത്തിന്റെ ‘ശിവയോഗിവിലാസ’ത്തിന്റെ പത്രാധിപരായിരുന്ന വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം പ്രവർത്തകരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ തുടങ്ങിയ പത്രത്തിനു നൽകിയ പേരുതന്നെ ‘അഭിനവകേരളം’ എന്നായിരുന്നു. ജാതിക്കതീതമായ ‘പ്രീതിവിവാഹ’ങ്ങൾക്കും ‘പ്രീതിഭോജന’ത്തിനും ആഹ്വാനംനൽകിയ വാഗ്ഭടാനന്ദൻ വടക്കേമലബാറിൽ മാറ്റത്തിന്റെ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടത്. ഏതുവിധത്തിലുള്ള അയിത്തത്തെയും അദ്ദേഹം സന്ധിയില്ലാതെ എതിർത്തു. സ്ത്രീകൾക്ക് അധമത്വം കല്പിക്കുന്നതും മരണത്തിന്റെപേരിൽ അയിത്തം ആചരിക്കുന്നതുമായ അനാചാരങ്ങളെയും അദ്ദേഹം എതിർത്തു. മാറുമറയ്ക്കാൻ അനുവാദമില്ലാതിരുന്ന ജാതികളിലെ സ്ത്രീകളെ മാറുമറച്ച് ചടങ്ങുകളിൽ പങ്കെടുക്കാൻ ആഹ്വാനംചെയ്തതും അനുയായികൾ നടപ്പാക്കി. ‘രണ്ടില്ല, ഒന്നേയുള്ളൂ, അതു ബ്രഹ്മമാണ്’ എന്ന ആധ്യാത്മികദർശനത്തിനു വിരുദ്ധമായ ദൈവവിശ്വാസങ്ങളെയും വിഗ്രഹാരാധനയെയും എതിർക്കാൻ ‘പ്രതിമോച്ചാടനം’ പോലുള്ള വിപ്പവാത്മകപ്രവർത്തനങ്ങളിൽ അദ്ദേഹം അനുയായികളെ അണിനിരത്തി.
ഇതെല്ലാം ആത്മവിദ്യാസംഘത്തിന്റെ ഇറ്റില്ലമായ കോഴിക്കോട് വടകരയ്ക്കടുത്ത കാരയ്ക്കാടുഗ്രാമത്തിലെ ജാതിമേധാവിത്വത്തെയും അധികാരം കൈയാളിയ ഭൂപ്രഭുത്വത്തെയും അസ്വസ്ഥമാക്കി. അവർ ആത്മവിദ്യാസംഘം പ്രവർത്തകർക്ക് തൊഴിലും വിദ്യാഭ്യാസവും വായ്പയും ജീവിതാവശ്യങ്ങളുമൊക്കെ നിഷേധിച്ച് ഭ്രഷ്ട് ഏർപ്പെടുത്തി. ആത്മവിദ്യാസംഘം അതിനെ നേരിട്ടത് സ്വന്തമായി സ്കൂളൂം വായ്പനൽകാനുള്ള ‘ഐക്യനാണയസംഘ’വും തൊഴിൽനേടാനുള്ള ‘ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘ’വും രൂപവത്കരിച്ചുകൊണ്ടാണ്.ആ ലക്ഷ്യങ്ങൾ പൂർവാധികം ഭംഗിയായി നിർവഹിച്ച് നൂറാണ്ടു പിന്നിടുന്ന ഈ സ്ഥാപനങ്ങളിൽ കൂലിവേലക്കാരുടെ സംഘം ‘ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ (യു.എൽ.സി.സി.എസ്.) എന്ന പേരിൽ ലോകം അറിയുമാറു വളർന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ തൊഴിൽക്കരാർ സംഘം ഗുരുദേവന്റെ കാലാതീതമായ സ്വാധീനത്തിനുള്ള മികച്ചസാക്ഷ്യമാണ്. ‘ഉണരുവിനഖിലേശനെ സ്മരിപ്പിൻ! ക്ഷണമെഴുന്നേൽപ്പിനനീതിയോടെതിർപ്പി൯’ എന്ന ‘അഭിനവകേരള’ത്തിന്റെ മുദ്രാവാക്യമാണ് സൊസൈറ്റിയുടെ ആപ്തവാക്യം. “നാലണ സൂക്ഷിക്കുന്നവൻ മറ്റൊരാളെ പട്ടിണികിടത്തുന്നു. അനവധി ധനം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണികിടത്തുന്നു. അങ്ങനെ മനുഷ്യരുടെ പൊതുവായ ആവശ്യത്തിനുള്ള ധനം സ്വന്തമായി കൂട്ടിവെക്കാൻ ഇവിടെ ആർക്കും അധികാരമില്ല, അവകാശമില്ല. പ്രകൃതിദേവത മനുഷ്യന് അത്യന്താപേക്ഷിതമായ വായുവും വെളിച്ചവും വെള്ളവും ഇവിടെ തുല്യാവകാശത്തോടുകൂടിയാണ് നൽകിയിരിക്കുന്നത്.” ഈ സാമ്പത്തികശാസ്ത്രദർശനത്തിലുണ്ട് ഗുരുവിന്റെ ക്രാന്തദർശിത്വം.ഗുരു ചെയ്തതുപോലെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്ത കാൽനൂറ്റാണ്ടിലേക്കുള്ള പദ്ധതികൾ നിശ്ചയിച്ചാണ് യു.എൽ.സി.സി.എസ്. 2025-ൽ ശതാബ്ദി കൊണ്ടാടാനൊരുങ്ങുന്നത്. കാരക്കാട്ടെയും ഊരാളുങ്കലിലെയും ജനതയും വാഗ്ഭടാനന്ദന്റെ മൂല്യങ്ങൾ ഇന്നും പിന്തുടരുന്നതും ചരിത്രത്തിലെ അപൂർവതതന്നെ.
യു.എൽ.സി.സി.എസ്. ചെയർമാനാണ്
ലേഖകൻ