പൂയംകുട്ടി | ഫോട്ടോ: എൻ.എം. പ്രദീപ് മാതൃഭൂമി
ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലം എത്തിയതോടെ എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു. തിരഞ്ഞെടുപ്പ് ചൂടുകൂടി കഴിഞ്ഞതോടെ ഇവിടേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി.
കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന തട്ടേക്കാടും ഭൂതത്താന്‍കെട്ടും കുട്ടമ്പുഴയുമൊക്കെ വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായിത്തുടങ്ങി. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനം.
പൂയംകുട്ടി, മണികണ്ഠന്‍ചാല്‍ ചപ്പാത്ത്, ആനക്കയം, ഇഞ്ചത്തൊട്ടി തൂക്കുപാലം, നേര്യമംഗലം ആര്‍ച്ച് പാലം, വടാട്ടുപാറ പലവന്‍പടി, തുണ്ടം തുടങ്ങിയിടങ്ങളൊക്കെ ഉണര്‍ന്നു.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്ലാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് കോതമംഗലത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പേര്‍ എത്താന്‍ കാരണം.

പുലിമുരുകന്‍ പോയ വഴി
പുലിമുരുകന്റെ പ്രധാന ലൊക്കേഷനായിരുന്നു പൂയംകുട്ടി. സിനിമ ഹിറ്റായതോടെ ഇവിടം ടൂറിസ്റ്റുകളുടെ ഇഷ്ടതാവളമായി. പൂയംകുട്ടിപ്പുഴയ്ക്ക് കുറുകെയുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്തും ബ്ലാവനയും പരിസരവും ആകര്‍ഷകമാണ്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന പുഴയില്‍ കുളിച്ചുല്ലസിക്കാനായി സഞ്ചാരികളെത്തുന്നു. ചപ്പാത്തിനു താഴെയും കണ്ടംപാറ ഭാഗത്തുമാണ് കൂടുതല്‍ പേരെത്തുന്നത്.

ആടാം പാടാം പാലത്തിലേറാം
പെരിയാറിനു കുറുകെ ഗതാഗതത്തിന് തുറന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം ഇന്ന് ടൂറിസ്റ്റുകളുടെ പാലമാണ്. കുട്ടംപുഴ-കീരംപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. പാലമറ്റത്തിനു സമീപം ചീക്കോട് ഭാഗത്തുനിന്ന് ഇഞ്ചത്തൊട്ടിയിലേക്കാണ് 181 മീറ്ററുള്ള തൂക്കുപാലം. ഇതിനു സമീപത്താണ് കാളക്കടവ് എക്കോ പോയിന്റ്. പുഴയ്ക്കിക്കരെനിന്ന് കൂകിവിളിച്ചാല്‍ അക്കരെ നിന്ന് പ്രതിധ്വനി കാതിലെത്തും.
തുണ്ടം കണ്ട ആനത്താരകള്‍
ഭൂതത്താന്‍കെട്ടില്‍നിന്ന് വടാട്ടുപാറയിലേക്കുള്ള റോഡ് വന്യജീവികളെ നേരിട്ടു കാണാവുന്ന വഴിത്താരയാണ്. ആനത്താരകള്‍ കടന്നുപോകുന്ന റോഡിലൂടെ പകലും രാത്രിയും പോകുന്ന സഹ്യന്റെ മക്കളുടെ നീണ്ടനിര അപൂര്‍വ ദൃശ്യമാണ്. മ്ലാവും മാനും കാട്ടുപോത്തും എല്ലാം നിറഞ്ഞ വനമേഖലയിലൂടെ സഞ്ചരിച്ച് വടാട്ടുപാറ പലവന്‍പടിയില്‍ എത്തിയാല്‍ ഇടമലയാര്‍പ്പുഴയായി. അപകടം നിറഞ്ഞ പുഴയില്‍ ഇറങ്ങുന്നതിന് നിരോധനം ഉണ്ട്. ആനകളെത്തുന്ന സ്ഥലമായതിനാല്‍ പുഴയോരത്ത് അധികനേരം വിശ്രമിക്കുന്നതും ജാഗ്രതയോടെ വേണം.

വര്‍ണക്കുപ്പായമിട്ട് തട്ടേക്കാട്
പക്ഷിനിരീക്ഷണവും വിസ്മയക്കാഴ്ചകളുമാണ് തട്ടേക്കാട് പകരുന്ന അനുഭൂതി. ശലഭക്കൂട്ടവും ദേശാടനപ്പക്ഷികളും കണ്‍മുന്നില്‍ നിറയും. കാട്ടിലൂടെയുള്ള ട്രക്കിങ്ങും ഇവിടെയുണ്ട്. തട്ടേക്കാട് വനംവകുപ്പിന്റെ രണ്ട് ബോട്ടുകളുമുണ്ട്. 20 പേര്‍ക്ക് സഞ്ചരിക്കാം. ഒരു മണിക്കൂര്‍ കാടിന്റെ നിശ്ശബ്ദതയില്‍ ആറു കിലോമീറ്റര്‍ സഞ്ചരിക്കാം. ഒരാള്‍ക്ക് 150 രൂപ.

ശലഭോദ്യാനം, അക്വേറിയം, ഫിഷ് ഫീലിങ് ഏരിയ, വന്യജീവി പുനരധിവാസ കേന്ദ്രം, നക്ഷത്രവനം, ഔഷധ സസ്യോദ്യാനം തുടങ്ങിയവയും സങ്കേതത്തിലുണ്ട്.
Content Highlights: tourist spots in kothamangalam