കേരളത്തിന്റെ വേറിട്ട വഴി: ചരിത്രവും ഭാവിയും


എം.ബി.രാജേഷ്

7 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കേരളത്തിന് അറുപത്തിനാല് തികയുന്ന അവസരത്തില്‍ ആഹ്ലാദകരമായ ഒരു പിറന്നാള്‍ സമ്മാനം ലഭിച്ചിരിക്കുന്നു. ഡോ.കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ പബ്ലിക്ക് അഫയേഴ്‌സ് സെന്ററിന്റെ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങള്‍ക്കിടയിലെ ഭരണമികവിനുള്ള ഒന്നാം സ്ഥാനം കേരളത്തിനാണെന്ന പ്രഖ്യാപനം ഒക്ടോബര്‍ 30നാണ് ഉണ്ടായത്.

സര്‍ക്കാരിന്റെ കാര്യക്ഷമത, നിയമവാഴ്ച, അഴിമതി തടയല്‍ എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലെയും 13 സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെയും പ്രകടനവും 50 വികസന സൂചികകളിലെ മികവും വിലയിരുത്തിയാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. നീതി ആയോഗിന്റെ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയിലും സ്‌കോര്‍ മെച്ചപ്പെടുത്തി കേരളം ഒന്നാമതെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച Annual Status of Education Report (ASER) ലും കേരളം വിദ്യാഭ്യാസ മികവിന്റെ കാര്യത്തില്‍ ദേശീയ തലത്തിലെ പൊതു സ്ഥിതിയേക്കാള്‍ വളരെ മുമ്പിലാണ്. ആരോഗ്യരംഗത്തും നീതി ആയോഗിന്റെ വിലയിരുത്തലില്‍ കേരളം ഒന്നാമത് നില്‍ക്കുന്നു. കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ടതിനും ദേശീയ ശരാശരിയേക്കാള്‍ മരണനിരക്ക് വളരെ കുറയ്ക്കാനായതിനും അന്തര്‍ദേശീയ- ദേശീയ തലങ്ങളില്‍ കേരളം അംഗീകരിക്കപ്പെടുകയുണ്ടായി. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ മികവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണ സാക്ഷരത, സമ്പുര്‍ണ്ണ വിദ്യാലയ പ്രവേശനം, വിദ്യാഭ്യാസത്തിലെ സ്ത്രീ - പുരുഷ തുല്യത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനന-മരണ നിരക്ക്, കുറഞ്ഞ ശിശു- മാതൃമരണ നിരക്കുകള്‍ എന്നിവയെല്ലാം ലോക ശ്രദ്ധയാകര്‍ഷിച്ചതും ഏറെ പഛനങ്ങള്‍ക്ക് വിഷയമായതുമായ നേട്ടങ്ങളാണ്.

എന്താണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം? വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും ജീവിത ഗുണമേന്മയിലും കേരളം ഇന്ത്യക്ക് വളരെ മുമ്പിലും വികസിത ലോകത്തിന് ഒപ്പവും തല ഉയര്‍ത്തി നില്‍ക്കുന്നത് എന്തുകൊണ്ട്?

പുരോഗതിയുടെ പശ്ചാത്തലം

ഈ മികവ് ഐക്യകേരളം എന്ന ആശയം രൂപപ്പെടുകയും വികസിച്ചു വരികയും ചെയ്ത ചരിത്ര പഥവുമായി അഗാധമായി ബന്ധപ്പെട്ടിരുന്നു. ഐക്യ കേരളത്തിന്റെ പിറവിയും പിന്നീടുള്ള വളര്‍ച്ചയും വേറിട്ട സഞ്ചാര വീഥികളിലുടെയായിരുന്നു എന്നതാണ് പ്രധാനം.

കേരളത്തിന്റെ വേറിട്ട വഴി വെട്ടിയത് ജനകീയ ശക്തിയാണ്. രാജാക്കന്മാരില്‍നിന്ന് സമൂഹത്തിന്റെ നായകത്വം ഏറ്റെടുക്കുകയും ചരിത്രത്തിന്റെ ചാലകശക്തിയായി ഉയര്‍ന്നു വരികയും ചെയ്ത ജനതയാണ് വേറിട്ട വഴി വെട്ടിയത്. പത്തൊമ്പതാം ശതകത്തിന്റെ അവസാന പാദത്തിലും ഇരുപതാം ശതകത്തിന്റെ ആദ്യ പകുതിയിലുമായി വളര്‍ന്നു വന്ന സാമൂഹിക നവോത്ഥാനമാണ് ജനകീയ ഇടപെടലിന്റെ ആധുനിക വഴിതെളിച്ചിട്ടത്.

ആ വഴിയിലൂടെ വര്‍ഗബോധത്തിന്റെ പുതുവെളിച്ചവുമായി മുന്നേറിയ കര്‍ഷകരുടേയും തൊഴിലാളികളുടേയും സംഘടിത ശക്തി സാമൂഹിക നവോത്ഥാനത്തിനും നവകേരളത്തിനും സയുക്തികമായ രാഷ്ട്രീയ തുടര്‍ച്ചനല്‍കി.

മഹാരാഷ്ട്രയും തമിഴ്‌നാടും ഉള്‍പ്പെടെ ഇന്ത്യയില്‍ സാമൂഹിക നവോത്ഥാനം ശക്തമായിരുന്ന പലയിടത്തും ഉണ്ടാവാതെ പോയ ഈ രാഷ്ട്രീയ തുടര്‍ച്ചയും വികാസവും കേരളത്തിലുണ്ടായതാണ് കേരളത്തെ മാറ്റിത്തീര്‍ത്തത്. ഈ രാഷ്ട്രീയ തുടര്‍ച്ചയാണ് 1957ല്‍ ഏഷ്യയില്‍ ആദ്യവും ലോകത്ത് രണ്ടാമതുമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയ പ്രദേശമായി കേരളം മാറാനിടയാക്കിയത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബീജാവാപം സാമൂഹിക നവോത്ഥാനത്തിലും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലുമായിരുന്നു എന്നത് ഈ വളര്‍ച്ചയേയും വികാസ പരിണാമങ്ങളേയും വളരെ സ്വാഭാവികമാക്കി.

വഴിത്തിരിവായ 57

ഐക്യകേരള രൂപീകരണത്തിനു പിന്നാലെ 57-ലെ ഇ.എം.എസ്. ഗവണ്‍മെന്റ് അധികാരത്തിലെത്തിയതോടെ അതുവരെ സാമൂഹിക വികാസത്തിന്റെ ചാലകശക്തിയായി വര്‍ദ്ധിച്ച ജനകീയ ഇടപെടല്‍ ഭരണകൂട (state) ഇടപെടലിന് വഴിയൊരുക്കി. കാരണം, സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കിയ ശക്തികളാണ് അധികാരമേറിയത്.

ems
ഇ.എം.എസ്. നമ്പൂതിരിപ്പാട്

സാമൂഹിക മാറ്റത്തിന്റെ പ്രക്രിയ ആ സര്‍ക്കാര്‍ ഭരണ നടപടികളിലൂടെ മുന്നോട്ടു കൊണ്ടുപോയി. അവയില്‍ ഏറ്റവും നിര്‍ണായകമായ നടപടികള്‍ ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമായിരുന്നു. അവ ജാതിയിലും നാടുവാഴിത്തത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുകയും ആധുനിക കേരളത്തിന്റെ ബദല്‍ പാതയെ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു.

ഭൂപരിഷ്‌കരണം സമ്പത്തിന്റെ വന്‍തോതിലുള്ള പുനര്‍വിതരണത്തിന് കാരണമായി. ഭൂപരിഷ്‌കരണത്തിന് മുമ്പ് ഭൂമിയുടെ ഉടമസ്ഥതയില്‍ സവര്‍ണ്ണ ജന്മിമാരുടെ കുത്തകയായിരുന്നു നിലനിന്നത്. എന്നാല്‍ ഭൂപരിഷ്‌കരണം വന്നതോടെ ഈ സ്ഥിതി മാറി. ഭൂരഹിതരും പിന്നാക്കക്കാരുമായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭൂമിയുടെ ഉടമസ്ഥരായി.

ഇതോടൊപ്പം വിദ്യാഭ്യാസ വ്യാപനം കൂടിയായപ്പോള്‍ അതുവരെ സ്‌കൂളില്‍ പോകാന്‍ അവസരമില്ലാതിരുന്ന ജനവിഭാഗങ്ങളുടെ കുട്ടികള്‍ സ്‌കൂളിലെത്തി. വിദ്യാഭ്യാസം സിദ്ധിച്ച തലമുറ തൊഴില്‍ തേടി ഗള്‍ഫിലേക്ക് കുടിയേറാന്‍ തുടങ്ങി. ഭൂപരിഷകരണത്തിലുടെ ലഭിച്ച ഭൂമി അവര്‍ക്ക് ഒരു ആസ്തിയായി മാറി.

ഭൂവിതരണത്തിലുണ്ടായ മാറ്റവും വിദ്യാഭ്യാസത്തോടൊപ്പം കുടിയേറ്റത്തെ സഹായിച്ച ഘടകമാണ്. ഗള്‍ഫ് കുടിയേറ്റക്കാര്‍ക്ക് താരതമ്യേന ഉയര്‍ന്ന വരുമാനം ലഭിച്ചു.

ഉപഭോഗം, സമ്പാദ്യം, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ദ്ധിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യംതുടങ്ങിയ സാമൂഹികക്ഷേമ രംഗങ്ങളില്‍ വര്‍ദ്ധിച്ച പൊതുമുതല്‍ മുടക്കുമുണ്ടായി. ഇവയുടെയെല്ലാം ഫലമായി നേരത്തേ തന്നെ ഈ രംഗങ്ങളില്‍ താരതമ്യേന മുന്നിട്ടു നിന്ന നാം കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയില്‍ വിസ്മയകരമായ പുരോഗതി കൈവരിച്ചു.

agricultural workers
പ്രതീകാത്മകചിത്രം| Photo: Mathrubhumi

'കൊട്ടാര മഹിമയല്ല'

അതായത്, കേരളത്തിന്റെ അഭിമാനകരമായ സാമൂഹിക പുരോഗതി ചിലര്‍ ഇപ്പോള്‍ വാഴ്ത്തുന്നതു പോലെ രാജവാഴ്ചയുടെ സദ്ഫലവും രാജകൊട്ടാരത്തിന്റെ ഔദാര്യവുമല്ല. ഐക്യകേരള രൂപീകരണത്തിന് മുമ്പും പിമ്പുമായി ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ജനകീയ ഇടപെടലുകളുടേയും പോരാട്ടങ്ങളുടേയും ഫലമാണ്.

1956 നു ശേഷം ഈ മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിച്ചു. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ദുര്‍ബ്ബലമായിരുന്ന മലബാറിന്റെ ആരോഗ്യ-വിദ്യാഭാസ സൂചികകളിലെ വളര്‍ച്ച പ്രധാനമായും ഐക്യകേരള രുപീകരണത്തിനു ശേഷമാണ്. അതിനു മുമ്പ് മലബാര്‍ താരതമ്യേന പിന്നണിയിലായിരുന്നു.

കൊട്ടാര മാഹാത്മ്യ വാദത്തിനൊപ്പം മറ്റൊരു വാദത്തിന്റെ കുടി നിജസ്ഥിതി വിമര്‍ശന പരമായി വിലയിരുത്തേണ്ടതുണ്ട്. കേരളത്തിന്റെ പുരോഗതിയില്‍ 57 നു ശേഷം വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും തുല്യ പങ്കുണ്ട് എന്ന 'നിഷ്പക്ഷ 'വാദമാണത്. അത് അതേ പടി അംഗീകരിക്കുകയെന്നാല്‍ ചരിത്ര വിരുദ്ധവും അരാഷ്ട്രീയവുമാകും.

വിമോചന സമരം മുതലിങ്ങോട്ട് കഴിഞ്ഞ ആറരപ്പതിറ്റാണ്ടായി കേരളത്തിന്റെ ബദല്‍ വികസന പാതയെ തുരങ്കം വെക്കാന്‍ നിരന്തരം നടന്ന വലതുപക്ഷ ഉപജാപങ്ങളെ വിസ്മരിച്ചു കൊണ്ട് നേട്ടങ്ങളില്‍ എല്ലാവര്‍ക്കും തുല്യ പങ്ക് അംഗീകരിച്ചു കൊടുക്കുന്നത് എത്ര വലിയ അനീതിയാണ്?

എന്തിനായിരുന്നു വിമോചന സമരം? ഭൂപരിഷ്‌കരണത്തിലുടെയും വിദ്യാഭ്യാസ നിയമത്തിലൂടെയും ത്വരിതപ്പെടുത്താന്‍ ശ്രമിച്ച സാമൂഹിക പുരോഗതിയുടെ പ്രക്രിയ അട്ടിമറിക്കാനുള്ള കേരളത്തിലെ വലതുപക്ഷത്തിന്റെയാകെ ഏകോപിത ഗൂഢപദ്ധതിയായിരുന്നു അതെന്നും അതിന് സാമ്രാജ്യത്വ പിന്തുണയുണ്ടായിരുന്നു എന്നതും ഇന്ന് തെളിയിക്കപ്പെട്ട ചരിത്ര വസ്തുതകളാണല്ലോ.അന്ന് വലതുപക്ഷ പത്രങ്ങള്‍ നിര്‍മ്മിച്ചു കൊടുത്ത മുദ്രാവാക്യങ്ങള്‍ നോക്കിയാല്‍ വിമോചന സമരത്തിന്റെ സവര്‍ണ്ണ- സമ്പന്ന രാഷ്ട്രീയം വ്യക്തമാകും.
'വിക്കന്‍, ചാത്തന്‍, ചട്ടന്‍
നാടുഭരിച്ചു മുടിച്ചീടുന്നു
വിക്കാ, ഞൊണ്ടീ, ചാത്താ,
നിങ്ങളെ മുക്കിക്കൊല്ലും കട്ടായം 'എന്ന മുദ്രാവാക്യത്തില്‍ ജാതി, ശരീരം എന്നിവയെ മുന്‍നിര്‍ത്തിയുള്ള ആക്ഷേപം മാത്രമല്ല സാമൂഹിക നീതിയും പുരോഗതിയും ലക്ഷ്യമാക്കിയ പരിഷ്‌ക്കാരങ്ങളോടുള്ള അസഹിഷ്ണുതയും കാണാം.

അവയെല്ലാം 'ഭരിച്ചു മുടിക്കലാ'ണവര്‍ക്ക്. വിമോചന സമരം ആധുനിക കേരള നിര്‍മ്മിതിക്ക് അടിത്തറയിട്ട പ്രഥമ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതു വരെ തുടര്‍ന്നു. അപൂര്‍ണ്ണമായ ആ മാറ്റത്തിന്റെ പ്രക്രിയ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 67 ലെ ഇ.എം.എസ്. സര്‍ക്കാരാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആ സര്‍ക്കാരും അട്ടിമറിക്കപ്പെട്ടു.

ഭൂപരിഷ്‌കരണ നടപടികള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പോരാടേണ്ടി വന്നു പിന്നീട്. എണ്‍പതുകള്‍ മുതലാണ് ഒന്നിടവിട്ട് ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത്. അതിനിടയില്‍ വന്ന വലതുപക്ഷ സര്‍ക്കാരുകളോരോന്നും കേരളത്തെ അതിന്റെ വേറിട്ട വഴിയില്‍ നിന്ന് പിന്നാക്കം വലിക്കാന്‍ നിരന്തരം ശ്രമിച്ചവയാണ്.

അധികാരത്തിനു പുറത്തുള്ളപ്പോഴും വലതുപക്ഷം കേരളത്തിന്റെ പ്രതിപ്രയാണം ലക്ഷ്യമാക്കിയുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടേയിരുന്നവരാണ്. അതിപ്പോഴും അതിതീവ്രമായി തുടരുകയും ചെയ്യുന്നു. എന്നാല്‍ അവയെ അധികാരത്തിനകത്തും പുറത്തും നില്‍ക്കുമ്പോള്‍ ജനങ്ങളെ അണിനിരത്തി നിതാന്ത ജാഗ്രതയോടെ ചെറുക്കാന്‍ ഇടതുപക്ഷ നേതൃത്വത്തില്‍ പുരോഗമന ശക്തികള്‍ക്ക് വലിയൊരളവോളം കഴിഞ്ഞിട്ടുണ്ട്.

പ്രത്യേകിച്ച്, തൊണ്ണൂറുകള്‍ക്കു ശേഷം നവലിബറല്‍ ആഗോളവല്‍ക്കരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ വിപണിയുടേയും കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും കടന്നാക്രമണങ്ങളില്‍ നിന്ന് കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളെ സംരക്ഷിച്ചത് ആ ചെറുത്തുനില്പുകളാണ്.

വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരായും മറ്റ് സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റത്തിനുമെതിരായ സമാന പോരാട്ടങ്ങളും ഉദാഹരണം. ഈ ചെറുത്തു നില്‍പുകളുടെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലതുപക്ഷ സര്‍ക്കാരുകള്‍ക്കു പോലും ജനങ്ങളുടെ അവകാശങ്ങളും കൈവരിച്ച നേട്ടങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാതെ അവരുടെ ഔദാര്യമോ അവര്‍ക്കു കൂടി അവകാശപ്പെട്ടതോ ആണ് ആധുനിക കേരളത്തിന്റെ നേട്ടങ്ങള്‍ എന്നല്ല.

കഴിഞ്ഞ ആറരപ്പതിറ്റാണ്ടിനിടയില്‍ കാല്‍ നൂറ്റാണ്ടാണ് ഇടതുപക്ഷം കേരളം ഭരിച്ചത്. ഈ കാലയളവ് ഉടനീളം സാമൂഹിക നീതിയിലധിഷ്ഠിതമായ കേരളത്തിന്റെ ബദല്‍ വികസന മാതൃകയെ നവീകരിക്കാനുള്ള നിരന്തര പരിശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്.

പെന്‍ഷനുകളടക്കം സാമൂഹികക്ഷേമപദ്ധതികളുടെ വിപുലമായ ശൃംഖല, സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം, അധികാര വികേന്ദ്രീകരണത്തെ ജനകീയവും വികേന്ദ്രീകൃതവുമായ ആസൂത്രണ പ്രക്രിയയായി ഗുണപരമായി പരിവര്‍ത്തിപ്പിച്ചത്, പൊതുമേഖലാ സംരക്ഷണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളുടെ നവീകരണം, പരിസ്ഥിതി സൗഹൃദ വികസന സമീപനം, എന്നിവയെല്ലാം പഴയതു മുതല്‍ ഇപ്പോഴത്തേതുവരെയുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനകളാണ്.

സമസ്യകള്‍

നേട്ടങ്ങള്‍ക്കിടയിലും കേരളബദലിന്റെ പരിമിതികളും വെല്ലുവിളികളും അവഗണിക്കപ്പെടരുത്. നാം കൈവരിച്ച പൊതു സാമുഹിക പുരോഗതിക്കൊപ്പം ചില സാമൂഹിക വിഭാഗങ്ങള്‍ എത്തിയിട്ടില്ല എന്നത് പ്രധാന പ്രശ്‌നമാണ്. ആദിവാസികള്‍ ഉദാഹരണം.

കേരളത്തിന്റെ ഉയര്‍ന്ന സാമൂഹിക വികസന നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സമ്പത്തുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയണമെന്നതാണ് മറ്റൊന്ന്. അഭ്യസ്തവിദ്യരുടെ ഉയര്‍ന്ന തൊഴിലില്ലായ്മ എന്ന പ്രശ്‌നം അഭിസംബോധന ചെയ്യുന്നതില്‍ ഊന്നല്‍ ഉണ്ടാവണം. കേരളത്തിന്റെ മനുഷ്യ മൂലധനത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന നവ വ്യവസായങ്ങള്‍ക്കായിരിക്കണം ഊന്നല്‍.

ഐ.ടി, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളുടെ വികാസത്തിന് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതിന്റെ ലക്ഷ്യമിതാണ്. മാത്രമല്ല, ഉയര്‍ന്ന ജനസാന്ദ്രത, ഭൂമിയുടെ ദൗര്‍ലഭ്യം, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ വന്‍കിട വ്യവസായങ്ങള്‍ കേരളത്തിന് വളരെ അനുയോജ്യവുമല്ല.

ഗള്‍ഫ് കുടിയേറ്റത്തിന്റെ സാദ്ധ്യതകള്‍ അടയുന്നതും അവിടെ നിന്നുള്ള മടക്കം വര്‍ദ്ധിക്കുന്നതും ഉയര്‍ത്താവുന്ന സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പ് പ്രധാനമാണ്. രണ്ട് പ്രളയങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക പരിഗണനകള്‍ കര്‍ശനമായി പാലിക്കുന്ന വികസന സമീപനവും ആവിഷ്‌ക്കരിക്കാതെ തരമില്ല.

ബദല്‍ സാദ്ധ്യമാണ്

സാമൂഹികക്ഷേമപദ്ധതികളില്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനകള്‍ പ്രശംസിക്കപ്പെട്ടപ്പോള്‍ തന്നെ ഇന്നലെകളില്‍ ഉയര്‍ന്നിരുന്ന ഒരു വിമര്‍ശനം സാമ്പത്തിക വളര്‍ച്ചക്കും അതിന് വഴിയൊരുക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിലും അത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കാറില്ല എന്നതായിരുന്നു. ആ പ്രശ്‌നം അഭിസംബോധന ചെയ്യാനുള്ള ധീരമായ ശ്രമം ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരുകളാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്നത്തെ ദേശീയ പരിതഃസ്ഥിതിയില്‍ അത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ബാധിക്കാതിരിക്കാന്‍ നൂതനമായ മാതൃക കേരളം ആവിഷ്‌ക്കരിച്ചതാണ് കിഫ്ബി.

ഇതിനകം തന്നെ ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കിഫ്ബി യിലുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലുണ്ടാവുന്ന കുതിച്ചുചാട്ടം കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചക്ക് നല്‍കുന്ന ഉത്തേജനം വലുതായിരിക്കും.

സമ്പത്തുല്‍പ്പാദനവും വരുമാനവും വര്‍ദ്ധിപ്പിച്ചു മാത്രമേ കേരളത്തിന്റെ അഭിമാനനേട്ടങ്ങള്‍ നമുക്ക് നിലനിര്‍ത്താനും മറ്റ് വികസനലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയു. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും പരസ്പര പൂരകമാണ്. വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ നീതിപുര്‍വ്വകമായി വിതരണം ചെയ്യപ്പെടുന്നു എന്നുറപ്പാക്കുന്ന ഭരണ നടപടികളാണ് ഇടതുപക്ഷ സര്‍ക്കാരുകളുടേത്.

ഒരു രാഷ്ട്രസംവിധാനത്തിന്റെ ചട്ടക്കൂടിനകത്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നേ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുള്ളു. ഇന്നാണെങ്കില്‍ ജി.എസ്.ടി. സംസ്ഥാന സര്‍ക്കാരുകളുടെ പരിമിതമായ വിഭവ സ്രോതസ്സുകളും ഇടപെടല്‍ ശേഷിയും കൂടി ഇല്ലാതാക്കിയിട്ടുണ്ട്.

ഈ പ്രതികൂല സാഹചര്യങ്ങളിലും ആശയങ്ങളുടെ സര്‍ഗ്ഗാത്മകതയും രാഷ്ട്രീയമായ ഇഛാശക്തിയും കൊണ്ട് ഇടതുപക്ഷം ബദല്‍ കെട്ടിപ്പടുക്കുകയാണ്. ബദല്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് തെളിയിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ പ്രതാപകാലത്തും ഈ ബദല്‍ കേരളത്തിലെ ഇടതുപക്ഷം കൈവിടാതെ കാത്തവരാണ്.

വേറെ ബദലില്ല എന്ന TINA (There Is No Alternative) വാദങ്ങളുടെ ആ കാലത്ത് ബദലുയര്‍ത്തിയ ഇടതുപക്ഷം വികസന വിരുദ്ധരെന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇന്നാവട്ടെ 'കമ്പോള മുതലാളിത്തത്തിന്റെ ഇന്ദ്രജാല സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു' എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിക്കുകയും നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ നിശിതവിമര്‍ശകരായി, ഒരു കാലത്ത് അതിന്റെ വക്താക്കളായിരുന്ന ജോസഫ് സ്റ്റീഗ്ലിറ്റ്‌സ് നെപ്പോലുള്ളവര്‍ മാറുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ പ്രവിശ്വാധികാരത്തിന്റെ പരിമിതികള്‍ക്കകത്തുള്ള ബദല്‍ വഴി വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു.

കോവിഡ് കാലത്ത് പ്രത്യേകിച്ചും നാം അത് കാണുകയുണ്ടായി. ബദല്‍ വഴി തുറന്ന 1957ല്‍ എന്ന പോലെ ഇന്നും കേരളമാതൃക ലോകം ഉറ്റുനോക്കുകയാണ്. എന്നാല്‍ വിമോചന സമര കാലത്തേക്കാള്‍ പകയോടെ ഇന്നത്തെ വലതുപക്ഷവും എല്ലാ ഭിന്നതകളും ഭേദിച്ച് ഇടതു ബദലിനെ കുഴിച്ചുമൂടാനുള്ള അധാര്‍മ്മിക യുദ്ധത്തിലാണിപ്പോള്‍ എന്നും മറക്കരുത്. ആറു പതിറ്റാണ്ടിലേറെയായി നടക്കുന്ന ആ സംഘര്‍ഷം തീവ്രമായി തുടരുകയാണിന്നും എന്നര്‍ത്ഥം. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക ആ സംഘര്‍ഷത്തിന്റെ ഗതിയായിരിക്കും.

(മുന്‍ എം.പിയും സി.പി.എം. നേതാവുമാണ് ലേഖകന്‍)

content highlights: cpm leader mb rajesh on history and future of kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram