തുടക്കം 2006-ൽ
2006-ലാണ് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് യുവതികൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.
ആദ്യ വഴിത്തിരിവ് 2007-ൽ
2007-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നൽകിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും യുവതികൾക്ക് മാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതിൽ വ്യക്തമാക്കി.
കേസ് മൂന്നംഗ ബെഞ്ചിൽ
2016-ൽ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.
സർക്കാരിന്റെ നിലപാടുമാറ്റം
2016-ൽ സുപ്രീംകോടതിയിൽ ഉമ്മൻചാണ്ടി സർക്കാർ വി.എസ്. സർക്കാരിന്റെ നിലപാടിൽനിന്ന് പിൻവാങ്ങി. ശബരിമലയിൽ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്‌സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. സംസ്ഥാനസർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു.
ഹർജിക്കാരനെതിരേ അധിക്ഷേപം
ഇതിനിടെയാണ് ഹർജിക്കാരായ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനെതിരേ വ്യാപക പ്രചാരണങ്ങളാരംഭിച്ചത്. നൗഷാദിന് സംരക്ഷണം നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.
ഭക്തി പസ്രീജയ്ക്ക് പുറമേ, കേസിലെ പരാതിക്കാരായ ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേമകുമാരി, അൽക്ക ശർമ, സുധ പാൽ എന്നിവർ വൈകാരിക വിഷയമാണ് ശബരിമലയെങ്കിൽ പിൻമാറാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, ഹർജിക്കാർ പിന്മാറിയാലും കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൂന്നംഗ ബെഞ്ചിലെ വാദം
അമിക്കസ് ക്യൂറി രാമമൂർത്തി, ദേവസ്വംബോർഡ്, എൻ.എസ്.എസ്. തുടങ്ങിയവർ യുവതീപ്രവേശത്തെ എതിർത്തും മറ്റൊരു അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രൻ, ഹാപ്പി ടു ബ്ലീഡ് സംഘടന, ഹർജിക്കാർ എന്നിവർ അനുകൂലിച്ചും വാദമുയർത്തി.
വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വംബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. കേസ് അഞ്ചംഗ ബെഞ്ചിലെത്തി.
ഭരണഘടനാ ബെഞ്ചിൽ, നിലപാടുമാറ്റി സർക്കാർ
കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോൾ കേരളത്തിൽ പിണറായി വിജയന്റെ ഇടതുസർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസർക്കാർ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ദേവസ്വംബോർഡ് പഴയ നിലപാടിൽ തുടർന്നു.
2018-ൽ യുവതീപ്രവേശവിധി
സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന തുല്യത, അന്തസ്സ്, മതസ്വാതന്ത്ര്യം തുടങ്ങി ക്ഷേത്രപ്രവേശവിലക്ക് അയിത്തത്തിന് കീഴിൽ വരുമെന്നുവരെ ഹർജിയെ അനുകൂലിക്കുന്നവർ വാദിച്ചു. അതേസമയം, നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങൾ, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി ശക്തമായ എതിർവാദവുമുണ്ടായി. കക്ഷിചേരാനെത്തിയവരെയെല്ലാം കേട്ടശേഷം ബെഞ്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് 2018 സെപ്റ്റംബർ 28-ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ എന്നിവർ അനുകൂലിച്ചും ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തും വിധിയെഴുതി.
പരാതികളുടെ പെരുമഴ
പുനഃപരിശോധനയും റിട്ടുമുൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതിയിലെത്തി. എൻ.എസ്.എസ്., ശബരിമല തന്ത്രി, പ്രയാർ ഗോപാലകൃഷ്ണൻ, ബ്രാഹ്മണ സഭ, പന്തളം രാജകുടുംബം, ഡൽഹി എൻ.എസ്.എസ്., ശബരിമല കസ്റ്റംസ് പ്രൊട്ടക്‌ഷൻ ഫോറം തുടങ്ങിയവരുടെ പുനഃപരിശോധനാ ഹർജികളിൽ 2019 ഫെബ്രുവരി ആറിന് സുപ്രീംകോടതി വാദംകേട്ടു.
Content Highlights: Sabarimala- 13 years of controversy, Sabarimala Malayalam news, Sabarimala supreme court verdict