-
അരുൺ മിശ്ര, ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചിനുമുമ്പാകെ വീഡിയോ കോൺഫറൻസിങ്ങിലൂടെ വാദം ആരംഭിക്കുന്നു.പ്രശാന്ത് ഭൂഷണുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് വാദം തുടങ്ങിയത്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും പങ്കെടുത്തു.
ദവെ: ഭൂഷൺ കുറ്റക്കാരനാണെന്ന വിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകാൻ പോകുന്ന സാഹചര്യത്തിൽ ശിക്ഷ സംബന്ധിച്ച ഇന്നത്തെ വാദം മാറ്റിവെക്കണം.
ജ. മിശ്ര: കുറ്റക്കാരനാണെന്ന വിധി പുനഃപരിശോധിക്കുകയാണെങ്കിൽ ഇതും (ശിക്ഷ സംബന്ധിച്ച വിഷയം) പുനഃപരിശോധിക്കേണ്ടിവരും.
ദവെ: കുറ്റക്കാരനാണെന്ന വിധി പുനഃപരിശോധിച്ചാൽ ശിക്ഷയുടെ പ്രശ്നം ഉദിക്കുന്നില്ല, അത് അപ്രസക്തമാവും.
ജ.ഗവായ്: മിസ്റ്റർ ദവെ, വിജയ് കുർളെയുടെ (ജഡ്ജിമാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ അടുത്തിടെ ശിക്ഷിക്കപ്പെട്ട അഭിഭാഷകൻ) കേസിൽ ഇത്തരം അപേക്ഷ ഈ കോടതി തള്ളിയിരുന്നു.
ജ. മിശ്ര: ശിക്ഷ വിധിക്കുകയാണെങ്കിൽത്തന്നെ പുനഃപരിശോധനാഹർജിയിൽ തീർപ്പാവുംവരെ അത് അനുഭവിക്കേണ്ടതില്ലെന്ന് ഞങ്ങൾ ഉറപ്പുതരാം. ആശങ്കവേണ്ടാ, ഞങ്ങൾ നിങ്ങളോട് നീതിപൂർവമായിരിക്കും; നിങ്ങൾ തിരിച്ചിങ്ങോട്ട് അങ്ങനെയല്ലെങ്കിലും...
ജ.ഗവായ്: പുനഃപരിശോധനാഹർജി നൽകുമെന്നാണ് ഡോ. ധവാൻ (മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ) ഈമാസം 17-ന് പറഞ്ഞത്. ഇതുവരെ ഫയൽ ചെയ്തില്ലേ? ഈ ബെഞ്ചിലെ ഒരു ജഡ്ജി വിരമിച്ചശേഷം പുനഃപരിശോധനാഹർജി നൽകാനാണ് നീക്കമെന്ന് തോന്നുന്നു. (ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കുന്നത് ഉദ്ദേശിച്ച്).
ദവെ: പുനഃപരിശോധനാഹർജി 30 ദിവസത്തിനകം ഫയൽ ചെയ്യാമെന്നാണ്. ജസ്റ്റിസ് മിശ്ര വിരമിക്കുംവരെ പുനഃപരിശോധനാഹർജി നൽകില്ലെന്ന തോന്നലുണ്ടാക്കാതിരിക്കുകയാണ് നല്ലത്. ജസ്റ്റിസ് മിശ്രയുടെ ഏത് ഉത്തരവിനെതിരേയും പുനഃപരിശോധനാഹർജി നൽകാവുന്നത്, അത് അദ്ദേഹം വിരമിക്കുന്നതിന് മുമ്പാകണമെന്ന് പറയാനാവില്ല. മുപ്പതുദിവസത്തിനകം എന്നാണ് നിബന്ധന.
ജ. മിശ്ര: പുനഃപരിശോധനാഹർജിയിൽ തീർപ്പാവുംവരെ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് ഉറപ്പുനൽകുന്നു.
ദവെ: പുനഃപരിശോധനയിൽ തീർപ്പാവുംവരെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചുവെന്നുകരുതി ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. പുനഃപരിശോധനാഹർജി അതേ ബെഞ്ചുതന്നെ കേൾക്കണമെന്ന് നിയമമൊന്നുമില്ല.
ജ.മിശ്ര: കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിന്റെ തുടർച്ചയാണ് ശിക്ഷ വിധിക്കൽ. മറ്റൊരു ബെഞ്ച് ശിക്ഷ വിധിക്കുന്നത് ശരിയാണോ? അഥവാ ഞാൻ വിരമിക്കുന്നില്ല എന്നിരിക്കട്ടെ, മറ്റൊരു ബെഞ്ച് ശിക്ഷ വിധിക്കുന്നത് ഉചിതമാണോ? ശിക്ഷയിൻമേലുള്ള വാദം മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നില്ല.
ദവെ: വാദം മാറ്റിവെക്കണമെന്ന് ഞങ്ങൾ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കൾക്ക് വേണമെങ്കിൽ തള്ളാം. അത് ഞാൻ അംഗീകരിക്കും. നിയമം അവതരിപ്പിക്കുക എന്നതുമാത്രമേ എനിക്ക് ചെയ്യാനുള്ളൂ.
ജ.ഗവായ്: പുനഃപരിശോധനാഹർജി ഇപ്പോൾത്തന്നെ ഫയൽ ചെയ്യാവുന്നതേയുള്ളൂ.
ദവെ: അതിന് 30 ദിവസത്തെ സമയമുണ്ട്. ഹർജി നൽകുമെന്ന് ഡോ. ധവാൻ പറഞ്ഞിട്ടില്ല.
രാജീവ് ധവാൻ: ഓഗസ്റ്റ് 14-ന് ഞാൻ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. കാരണം, ഞാൻ ആ കേസിലല്ല ഹാജരായത്.
ജ.ഗവായ്: പതിനേഴിന്...
ധവാൻ: പതിനേഴിന് ഞാൻ പറഞ്ഞത് എനിക്ക് വാദിക്കാൻ പോയിന്റ് ഉണ്ടെന്നാണ്.
എ.ജി. കെ.കെ. വേണുഗോപാൽ: ഇതിൽ എനിക്ക് നോട്ടീസുണ്ടായിരുന്നു.
ജ. മിശ്ര: എ.ജി., ശിക്ഷ സംബന്ധിച്ച് അവർ വാദം നടത്തട്ടെ. അത് മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നില്ല.
ദവെ: അറ്റോർണിക്ക് സംസാരിക്കാനുണ്ട്.
ജ.മിശ്ര: ഞങ്ങളെ ഓർമിപ്പിക്കേണ്ട. ഞങ്ങൾക്കതറിയാം. സൗഹാർദാന്തരീക്ഷം നിലനിർത്തൂ. നമുക്ക് കോടതിയുടെ അന്തസ്സ് നിലനിർത്തണം.
ധവാൻ: ശിക്ഷയിൻമേൽ വാദം തുടങ്ങുന്നതിനുമുമ്പ് ഭൂഷണ് ഒരു പ്രസ്താവന നടത്താനുണ്ട്.
ഭൂഷന്റെ പ്രസ്താവന ധവാൻ വായിക്കുന്നു (കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഞെട്ടലും വേദനയുമുണ്ടാക്കി. എനിക്കെതിരേ കോടതിയലക്ഷ്യ കേസെടുക്കാൻ കാരണമായ പരാതിയുടെ കോപ്പി കോടതി എനിക്ക് തന്നിട്ടില്ല. തുറന്ന വിമർശനങ്ങൾ ജനാധിപത്യത്തിന് ആവശ്യമാണ്. എന്റെ കർത്തവ്യമെന്ന് തോന്നിയ കാര്യമാണ് ട്വീറ്റിലൂടെ പറഞ്ഞത്. ഞാൻ ദയ ചോദിക്കുന്നില്ല. ഔദാര്യം ആവശ്യപ്പെടുന്നുമില്ല. കോടതി വിധിക്കുന്ന ഏതുശിക്ഷയും അനുഭവിക്കാൻ തയ്യാറാണ്)
ധവാൻ: കുറ്റകൃത്യത്തിന്റെ സ്വഭാവംകൂടി പരിഗണിക്കണം. അടുത്തകാലത്തായി ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുചർച്ചകൾ നടക്കുന്നുണ്ട്. (തുടർന്ന് ഭൂഷന്റെ കേസിന് ശക്തിപകരുന്ന നിരവധി കേസുകളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നു). ഇതെല്ലാം പരിശോധിച്ചിട്ട് പറയൂ, ഭൂഷൺ കോടതിയെ ആക്രമിക്കുകയായിരുന്നോ എന്ന്. ട്വീറ്റുകൾ അല്പായുസ്സുള്ളവയാണ്. ഓഗസ്റ്റ് 14-ന്റെ വിധി വളരെയധികം വിമർശനമുണ്ടാക്കുന്നതാണ്. അതിലെ 20 പേജുകൾ വിജയ് കുർളെ കേസിൽനിന്ന് പറിച്ചൊട്ടിച്ചവയാണ്.
ജ. മിശ്ര: ആകുലപ്പെടേണ്ടതില്ല ഡോ. ധവാൻ, നല്ല പ്രവർത്തനങ്ങളെ ഞങ്ങൾ അഭിനന്ദിക്കും. എതിർശബ്ദങ്ങളിലും ബാലൻസിങ് വേണം. എന്റെ ജുഡീഷ്യൽ ജീവിതത്തിലൊരിക്കലും ആരെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിട്ടില്ല. ഇനി നിങ്ങൾ ബാലൻസ് കാണിക്കൂ.
ധവാൻ: (ജഡ്ജിമാർക്കെതിരേ വിമർശനമുന്നയിച്ച കേസിൽ മമതാ ബാനർജിയെ വെറുതേവിട്ടുകൊണ്ട് കൽക്കട്ട ഹൈക്കോടതിയിലായിരിക്കെ ജസ്റ്റിസ് മിശ്ര എഴുതിയ വിധി വായിക്കുന്നു). പ്രസ്താവനയിൽ അപമര്യാദയുണ്ടോ എന്ന് കണ്ടെത്തലും മറ്റുമല്ല കോടതിയുടെ ലക്ഷ്യം. മറിച്ച് അത് ജുഡീഷ്യൽ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ എന്നാണ്.
(ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബൈക്കിലിരുന്നതിനെക്കുറിച്ച് ഭൂഷന്റെ ട്വീറ്റ് വായിക്കുന്നു). ചീഫ് ജസ്റ്റിസ് മുഖാവരണം ധരിക്കാത്തതിനെക്കുറിച്ച് അഭിഭാഷകൻ എഴുതിയത് എങ്ങനെയാണ് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുക? പരാതിയുടെ കോപ്പി ചോദിച്ചെങ്കിലും തന്നിട്ടുമില്ല.
ജസ്റ്റിസ് മിശ്ര: കേസെടുത്തത് ട്വീറ്റ് കണ്ടിട്ടാണ്, പരാതിയിലല്ല.
ധവാൻ: ഭൂഷൺ നൽകിയ മറുപടി പരിഗണിച്ചിട്ടില്ല.
ജ.മിശ്ര: മറ്റ് പോയിന്റുകൾ വാദിക്കൂ.
ധവാൻ: സത്യത്തെ പ്രതിരോധമായി ഉപയോഗിക്കാം. അപകീർത്തിക്കേസിലും കോടതിയലക്ഷ്യ കേസിലും സത്യം തീർച്ചയായും പ്രതിരോധമാണ്. (തുടർന്ന് നാല് മുൻ ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുള്ള ഭൂഷന്റെ ട്വീറ്റ് വായിക്കുന്നു)
ജ. മിശ്ര: ആരുടെയും പേര് പറയേണ്ടതില്ല.
ധവാൻ: അതിലാണ് പോയിന്റ്. സത്യം തെളിയിക്കാൻ ഈ ഭാഗങ്ങൾ പ്രസക്തമാണ്. കഴിഞ്ഞ ആറു വർഷം ഈ സ്ഥാപനത്തിന് പ്രയാസമായിരുന്നു.
ജ.മിശ്ര: ഇതെല്ലാം ആവശ്യമില്ലാത്തവയാണ്. ചരിത്രം എന്താണ് കാണിക്കുന്നതെന്ന് നമുക്ക് ഭാവിക്ക് വിടാം. ഇപ്പോൾ പ്രവചിക്കേണ്ടതില്ല, നമ്മളാരും ജോത്സ്യരല്ല.
ധവാൻ: ബാലൻസിങ്ങിനെക്കുറിച്ച് താങ്കൾ പറയുന്നു, ഓരോ വശത്തും എത്ര തൂക്കം വെക്കുന്നു എന്നതനുസരിച്ചാണ് ബാലൻസിങ്.
ജ.മിശ്ര: നിങ്ങൾ പ്രസ്താവനയെ ന്യായീകരിക്കുന്നു. പക്ഷേ, അത് ശരിയോ തെറ്റോ... ഞങ്ങൾ ഭൂഷണെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇനി അറ്റോർണി അതേക്കുറിച്ച് ചിന്തിക്കണം. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് സമയം നൽകണോ വേണ്ടയോ എന്ന്...
എ.ജി: എനിക്ക് പറയാനുള്ളത്...
ജ. മിശ്ര: ഇല്ല, കേസിന്റെ മെറിറ്റിനെക്കുറിച്ച് ഇപ്പോൾ താങ്കളെ കേൾക്കുന്നില്ല. പ്രശാന്ത് ഭൂഷണ് രണ്ടോ മൂന്നോ ദിവസത്തെ സമയം നൽകണോ?
എ.ജി: സമയം നൽകുന്നത് തീർച്ചയായും നല്ലതാണ്.
ജ.മിശ്ര: താങ്കൾക്ക് സമയം തരാം. അത് പരിഗണിക്കൂ. അതേക്കുറിച്ച് ചിന്തിക്കൂ.
ഭൂഷൺ: അക്കാര്യം എന്റെ അഭിഭാഷകരുമായി ചർച്ച ചെയ്യാം. എങ്കിലും എന്റെ നിലപാടിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല.
ജ. മിശ്ര: നിങ്ങൾ ആലോചിക്കൂ, ഞങ്ങൾ രണ്ടുമൂന്നുദിവസം സമയം തരാം.
ധവാൻ: (സമാനമായ മറ്റുകേസുകളിലെ വിധികൾ വായിക്കുന്നു). ട്വീറ്റുകൾ അപകീർത്തികരമാണെന്നതിന് കോടതി കാരണങ്ങൾ പറയുന്നില്ല. ഭൂഷന്റെ ന്യായീകരണങ്ങൾ പരിഗണിക്കാതെയാണ് നിഗമനത്തിലെത്തിയത്. ആയിരക്കണക്കിന് അഭിഭാഷകരും മുൻ ജഡ്ജിമാരും ഭൂഷന്റെ വികാരത്തോടൊപ്പമാണ്. അവരും കോടതിയലക്ഷ്യമാണോ ചെയ്യുന്നത്? (ധവാന്റെ വീഡിയോ തടസ്സപ്പെടുന്നു)
എ.ജി: പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നാണ് എന്റെ അഭിപ്രായം.
ജ. മിശ്ര: കേസ് മുഴുവൻ പരിശോധിച്ച് രണ്ടുമൂന്നുദിവസം കഴിഞ്ഞ് വാദമുന്നയിക്കൂ. അറ്റോർണി പറയുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ല.
ധവാൻ: (ജഡ്ജിമാരെ വിമർശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്ന ഹൈക്കോടതി വിധി വായിക്കുന്നു).
ജ. മിശ്ര: എന്റെ ചോദ്യം അപ്പോൾ സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ചാണ്.
ജ.ഗവായ്: ജുഡീഷ്യറിയെ മൊത്തത്തിൽ ബാധിക്കുന്നതാണ് ട്വീറ്റ് എന്നാണ് വിധിയുടെ അവസാനഭാഗം.
ജ.മിശ്ര: (കോടതിയലക്ഷ്യം നടത്തിയവർ സ്വയം ശുദ്ധീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ വിധി ചൂണ്ടിക്കാട്ടുന്നു).
ധവാൻ: സിവിൽ കോടതിയലക്ഷ്യ കേസുകളിൽമാത്രമേ അത് നടക്കൂ.
ജ. മിശ്ര: മാപ്പുപറയുകയാണെങ്കിൽ ഞങ്ങൾക്ക് ഉദാരസമീപനമായിരിക്കും. നിങ്ങൾചെയ്ത നല്ലകാര്യങ്ങൾ മോശം കാര്യങ്ങളാൽ മൂടപ്പെടരുത് എന്നതുകൊണ്ടാണത്.
ജ.ഗവായ്: ബാറും ബെഞ്ചും തമ്മിൽ പരസ്പരബഹുമാനം വേണം.
എ.ജി: ഭൂഷൺ പറഞ്ഞതുപോലെ, ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ ലിസ്റ്റ് എന്റെ പക്കലുണ്ട്. ഉന്നത ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്ന് പറഞ്ഞ ഒമ്പത് ജഡ്ജിമാരെ എനിക്കറിയാം. ഞാനും 1987-ൽ അത് പറഞ്ഞിട്ടുണ്ട്...
ജ. മിശ്ര: കേസിന്റെ മെറിറ്റിൽ താങ്കളെ ഇപ്പോൾ കേൾക്കുന്നില്ല സർ. (പ്രസ്താവനയെക്കുറിച്ച് ആലോചിക്കാൻ ഭൂഷണ് രണ്ടുദിവസത്തെ സമയം നൽകിക്കൊണ്ട് കോടതി വാദം നിർത്തുന്നു).