എൻ.ആർ.സി. വരുമ്പോൾ


എം.കെ. അജിത്‌കുമാർ

4 min read
Read later
Print
Share

പൗരത്വനിയമം ഭേദഗതിചെയ്തതിന് തുടർച്ചയായി ദേശീയതലത്തിൽ പൗരത്വപട്ടിക (എൻ.ആർ.സി.-നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) തയ്യാറാക്കാനുള്ള ഒരുക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, രാജ്യമൊട്ടുക്കും ആശങ്ക പടരുകയാണ്. അസമിൽ നടപ്പാക്കിയതുപോലെയാണ് പൗരത്വപട്ടിക എല്ലായിടത്തും ഒറ്റയടിക്ക് കൊണ്ടുവരുന്നതെങ്കിൽ നോട്ടസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ ദുരിതമാവും അത് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുക. പൗരത്വം തെളിയിക്കാൻ ആളുകൾ പ്രായഭേദമെന്യേ നെട്ടോട്ടമോടേണ്ടിവരും

എന്താണ് എൻ.ആർ.സി.

പൗരന്മാരുടെ പേര്, ജനന-പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയുടെ ഡിജിറ്റൽ രജിസ്റ്റർ. ഈ പട്ടികയ്ക്ക് അടിസ്ഥാനമാക്കുക ഇന്ത്യൻ പൗരത്വ നിയമം.

അസം മാതൃകയാകുമോ?
അസമിലെ മാതൃകതന്നെയാണോ രാജ്യമൊട്ടുക്കും പിന്തുടരുക? ഇതുവരെ വ്യക്തമല്ല. അങ്ങനെയാണെങ്കിൽ 125 കോടി ജനങ്ങളും പൗരത്വത്തിനുവേണ്ടി പുതുതായി അപേക്ഷിക്കുകയും അതിനുള്ള തെളിവുകൾ രേഖാമൂലം ഹാജരാക്കുകയും വേണം. അത്തരമൊരു പ്രക്രിയ രാജ്യത്തുണ്ടാക്കാൻ പോകുന്ന അങ്കലാപ്പും ഭീതിയും അസ്വസ്ഥതയും വലുതായിരിക്കും. അസം മാതൃകയിലാണോ അല്ലയോ എന്ന് അതുമായി ബന്ധപ്പെട്ട ഉത്തരവും വിശദാംശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിക്കുമ്പോൾമാത്രമേ അറിയാനാവൂ.

എൻ.ആർ.സി.യുടെ തുടക്കം
യു.പി.എ. സർക്കാരിന്റെ കാലത്ത് ദേശീയ ജനസംഖ്യാരജിസ്റ്റർ തയ്യാറാക്കാൻ ആഭ്യന്തരമന്ത്രാലയം പച്ചക്കൊടി നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട വിവരശേഖരണം ചിലയിടങ്ങളിൽ തുടങ്ങിയെങ്കിലും പിന്നീട് നിർത്തിവെച്ചു. യു.പി.എ. സർക്കാർ തുടക്കമിട്ട ആധാർ നമ്പർ മോദി കൂടുതൽ ഊർജസ്വലതയോടെ വ്യാപകമാക്കിയതുപോലെയാണ് എൻ.ആർ.സി.യും. പക്ഷേ, അന്ന് നാഷണൽ പോപ്പുലേഷൻ രജിസ്ട്രി നീക്കം ഭ്രൂണാവസ്ഥയിലായിരുന്നു. ഇപ്പോൾ വ്യക്തമായ പ്രത്യയശാസ്ത്രവും കൃത്യമായ അജൻഡയും ഉറച്ച തീരുമാനവുമുള്ള ബി.ജെ.പി. സർക്കാർ ആ ലക്ഷ്യം പൂർത്തിയാക്കുന്നു.

ഇന്ത്യൻ പൗരത്വം
ഇന്ത്യൻ പൗരത്വനിയമം പലതവണ ഭേദഗതിചെയ്തിട്ടുണ്ട്. 1955-ലെ നിയമപ്രകാരം, രാജ്യം പരമാധികാര റിപ്പബ്ലിക്കായി മാറിയ 1950 ജനുവരി 26 വരെയും അതിനുശേഷം 1987 ജൂലായ്‌ ഒന്നുവരെയും രാജ്യത്ത് ജനിച്ചവർ ഇന്ത്യൻ പൗരന്മാരാണ്.
1987 ജൂലായ് ഒന്നിനുശേഷം 2003-ലെ ഭേദഗതിനിയമത്തിനുമുമ്പ് ജനിച്ചവർക്ക്‌ അവരുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കും.
2003-നുശേഷം ജനിച്ചവരും അവരുടെ മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരാണെങ്കിൽ ഇന്ത്യൻ പൗരന്മാരാകും.

അസമും വിദേശികളും
അസമിന്റെ കാര്യത്തിൽ ഇന്ത്യൻ പൗരത്വനിയമം ചില ഇളവുകൾ നൽകിയിട്ടുണ്ട്.
അതിർത്തിസംസ്ഥാനമായ അസമിൽ ബംഗ്ലാദേശിൽനിന്ന് വൻതോതിൽ നുഴഞ്ഞുകയറ്റം നടന്നിരുന്നു. ഇതോടൊപ്പം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റവും. തദ്ദേശീയർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ 1980-കളുടെ തുടക്കത്തിൽ വൻപ്രക്ഷോഭമുണ്ടായി. തുടർന്ന് 1985-ൽ രാജീവ് ഗാന്ധി സർക്കാർ അസം കരാർ ഒപ്പുവെച്ചു. അതനുസരിച്ച് 1971 മാർച്ച് 24 അടിസ്ഥാനതീയതിയായി (1971 ഡിസംബർ ഒടുവിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനും ബംഗ്ലാദേശിന്റെ രൂപവത്കരണത്തിനും തൊട്ടുമുമ്പ് കിഴക്കൻ പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് വൻ അഭയാർഥിപ്രവാഹം നടന്നിരുന്നു) നിശ്ചയിച്ച് അതുവരെ കുടിയേറിയ വിദേശികൾക്ക് പൗരത്വം നൽകാൻ തീരുമാനിച്ചു. എന്നാൽ, കരാറിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കിയില്ല.
അസമിന്റെ കാര്യത്തിൽമാത്രമാണ് പൗരത്വനിയമത്തിൽ ഇളവുള്ളത്. മറ്റുസംസ്ഥാനങ്ങളുടെ കാര്യത്തിൽ, 1950 ജനുവരി 26-നുശേഷം വിദേശത്ത്‌ ജനിച്ചവർ ആവശ്യമായ രേഖകളില്ലാതെ താമസിക്കുന്നുണ്ടെങ്കിൽ അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും. 1946-ലെ വിദേശിനിയമം, പാസ്പോർട്ട്‌ നിയമം തുടങ്ങിയവപ്രകാരം അത്തരക്കാരെ പിടികൂടി നാടുകടത്തും.
(കഴിഞ്ഞദിവസം പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിപ്രകാരം, 2014 ഡിസംബർ 31 വരെ കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് പൗരത്വത്തിന് അപേക്ഷിക്കാം).

അസമും പൗരത്വപട്ടികയും
അസമിൽ നേരത്തേതന്നെ, 1951-ൽ തയ്യാറാക്കിയ പൗരത്വപട്ടിക നിലവിലുണ്ട്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും അതില്ല.
1971 മാർച്ച് 24-നുശേഷമുള്ള കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിയപ്പോൾ, പൗരത്വപട്ടികയിൽ ഇടംപിടിക്കാൻ എല്ലാവരും അപേക്ഷ നൽകണമെന്ന നിബന്ധനവന്നു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരുന്നു പട്ടിക തയ്യാറാക്കൽ. 2013-ൽ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയായി അന്തിമപട്ടിക പ്രസിദ്ധീകരിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-നാണ്.
1971 മാർച്ച് 24-നുമുമ്പ് താമസമുണ്ടായിരുന്നു എന്നതിന് രേഖാമൂലം തെളിവ് ഹാജരാക്കാൻ എല്ലാവരും നിർബന്ധിതരായി. ആ തീയതിക്കുമുമ്പ് തങ്ങളുടെ പിതാമഹന്മാർ അവിടെ താമസക്കാരായിരുന്നു എന്നതിന്റെ തെളിവാണ് ആദ്യം വേണ്ടത്. അവരുമായി അപേക്ഷകനുള്ള ബന്ധം സ്ഥാപിക്കാൻ രേഖാമൂലമുള്ള തെളിവും നൽകണം.
എൻ.ആർ.സി.യിൽ ഇടംപിടിക്കാൻ അപേക്ഷിക്കുന്നവർ രണ്ടുവിഭാഗങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ 20 രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കണം. എൻ.ആർ.സി. അപേക്ഷാഫോമിൽ മതം സംബന്ധിച്ച ചോദ്യമില്ല.
പട്ടിക ‘എ’ (ഈ രേഖകൾ 1971 മാർച്ച് 24-ന് മുമ്പുള്ളതായിരിക്കണം).
1951-ലെ പൗരത്വപട്ടിക 1971 മാർച്ച് 24 വരെയുള്ള തിരഞ്ഞെടുപ്പു വോട്ടർപട്ടിക ഭൂമി, പട്ടയരേഖ പൗരത്വരേഖ സ്ഥിരം താമസരേഖ അഭയാർഥി രജിസ്‌ട്രേഷൻ രേഖ സർക്കാർ നൽകിയ ഏതെങ്കിലും ലൈസൻസോ രേഖയോ സർക്കാർജോലിയുടെ രേഖ, അല്ലെങ്കിൽ തൊഴിൽരേഖ ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് അക്കൗണ്ട് ജനനസർട്ടിഫിക്കറ്റ് സംസ്ഥാന വിദ്യാഭ്യാസബോർഡിന്റെ അല്ലെങ്കിൽ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് കോടതിയിൽനിന്നുള്ള രേഖകൾ
പട്ടിക ‘ബി’: പട്ടിക ‘എ’യിൽ പറഞ്ഞ 1971-ന് മുമ്പുള്ള രേഖകളിലൊന്നും പേരില്ലാത്തവർ ഈ പട്ടികയിലെ എട്ടുരേഖകളിൽ ഏതെങ്കിലും ഒന്നിൽ മാതാപിതാക്കളുടെയോ മുത്തച്ഛൻ, മുത്തശ്ശിമാരുടെയോ പേരുണ്ടെങ്കിൽ അതുകൂടി ഹാജരാക്കി ബന്ധം തെളിയിക്കാം.
ജനനസർട്ടിഫിക്കറ്റ് ഭൂമിയുടെ രേഖ ബോർഡ്, സർവകലാശാലാരേഖ. ബാങ്ക്, പോസ്റ്റോഫീസ്, എൽ.ഐ.സി. രേഖകൾ.
വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ സർക്കിൾ ഓഫീസർ അല്ലെങ്കിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പ് വോട്ടർപട്ടിക റേഷൻ കാർഡ് നിയമസാധുതയുള്ള മറ്റ് ഏതെങ്കിലും രേഖ

അസമിലെ പട്ടികയും പ്രശ്നങ്ങളും
3.3 കോടി അപേക്ഷകരുടെ രേഖകൾ ഒത്തുനോക്കി പരിശോധിച്ച് അന്തിമപട്ടിക ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ അസമിലെ 19 ലക്ഷം ആളുകൾ പുറത്തായി. അപേക്ഷയിൽ മതം രേഖപ്പെടുത്തേണ്ടതില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെടാത്തവർ ഏതൊക്കെ മതക്കാരാണെന്നത് ഔദ്യോഗികമായി അറിയാനാവില്ല. 19-ൽ 14 ലക്ഷം ഹിന്ദുക്കളും ബാക്കി മുസ്‌ലിങ്ങളും ആണെന്നത് പേരുകൾ നോക്കിയുള്ള ഏകദേശ അനൗദ്യോഗികകണക്കാണ്.
പട്ടികയിൽ ഇടംപിടിക്കാത്തവർ വിദേശികൾക്കുവേണ്ടി രൂപവത്‌കരിച്ച ട്രിബ്യൂണലുകളെ സമീപിക്കണം. അസമിൽ പുതുതായി 200
ട്രിബ്യൂണലുകൾ തുറന്നു. ട്രിബ്യൂണൽ വിധിക്കെതിരേ അപ്പിൽപോകാം. പൗരത്വമില്ലാത്തവരെ പാർപ്പിക്കാൻ ആറുകേന്ദ്രങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ട്രിബ്യൂണലിനെ സമീപിച്ചശേഷവും പൗരത്വം തെളിയിക്കാനാവാത്ത 800-ലധികംപേരെ ഈ തടവുകേന്ദ്രങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിബിൽ നിയമമായതോടെ 2014 ഡിസംബർ 31-ന് മുമ്പുള്ള മുസ്‌ലിം ഇതരർക്ക് പൗരത്വം ലഭിക്കും. ഇപ്പോൾ എൻ.ആർ.സി.യിൽനിന്ന് പുറത്തായ വലിയൊരു വിഭാഗം(മുഖ്യമായും ഹിന്ദുക്കൾ)പട്ടികയിൽ ഇടംപിടിക്കും.

ദേശീയതലത്തിൽ എൻ.ആർ.സി. എങ്ങനെയാവും
രാജ്യമൊട്ടുക്കും എൻ.ആർ.സി. കൊണ്ടുവരുമ്പോൾ അടിസ്ഥാനവർഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അസമിൽ അടിസ്ഥാനമാക്കാൻ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തിൽ പട്ടികയില്ല. 2021-ലെ സെൻസസ് പൂർത്തിയാവുമ്പോൾ ദേശീയ ജനസംഖ്യാരജിസ്റ്റർ നിലവിൽവരും. എൻ.ആർ.സി.ക്ക് ഒരുപക്ഷേ അത് അടിസ്ഥാനമാക്കിയേക്കും.
കഴിഞ്ഞദിവസം പാസാക്കിയ പൗരത്വനിയമ ഭേദഗതിക്ക് രാഷ്ട്രപതി അനുമതി നൽകുകയും ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതോടെ അത് നിയമമായി. പൗരത്വത്തിന് എല്ലാവരും അപേക്ഷിക്കേണ്ട സ്ഥിതിവന്നാൽ, മുസ്‌ലിങ്ങളല്ലാത്തവർക്ക് സംഗതികൾ എളുപ്പമാവും.
ദേശീയ എൻ.ആർ.സി. അസം മാതൃകയിലാവുമോ അല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല. തെളിവായി സ്വീകരിക്കുന്ന രേഖകൾ ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്.
ആധാർ നമ്പറും പാൻ നമ്പറും ദേശീയതലത്തിലുള്ള എൻ.ആർ.സി.ക്കുള്ള രേഖയാവാൻ സാധ്യതയില്ല. അസമിലും ആയിരുന്നില്ല. ആധാർ തിരിച്ചറിയൽ കാർഡുമാത്രമായിട്ടാണ് കണക്കാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram